പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2020 ഡിസംബര്‍ 01 

ബീഹാര്‍ വിദ്യാഭ്യാസ മന്ത്രി മൂന്നാം നാള്‍ രാജിവെച്ചു
വിദ്യഭ്യാസ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മേവ്ലാല്‍ ചൗധരി ദേശിയഗാനം തെറ്റിച്ച് പാടുന്ന വീഡിയോ രാഷ്ട്രീയ ജനതാ ദള്‍ ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയത് നിതീഷ് കുമാറിന്‍റെ പ്രതിഛായയ്ക്ക് വലിയ മങ്ങലേറ്റു. വീഡിയോ വ്യാപകമായി വൈറലായത് ബിജെപിയേയും ക്ഷീണിപ്പിച്ചു. പല തവണ അഴിമതി ആരോപിതനായ ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി മേവാലാല്‍ ചൗധരിക്ക് ദേശീയഗാനവും അറിയില്ല എന്ന് വ്യാപക പ്രചരണമുണ്ടായി. അല്‍പം നാണം ബാക്കിയുണ്ടോ നിതീഷ് എന്ന് വീഡിയോടൊപ്പം ആര്‍ജെഡി ട്വിറ്റ് ചെയ്തു. വീഡിയോ എന്നാണ് റെക്കോഡ് ചെയ്തെന്ന് അറിയില്ല. എന്തായാലും മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉണ്ടായതോടെ ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റതിന്‍റെ മൂന്നാംനാള്‍ മന്ത്രിക്ക് രാജിവെയ്ക്കേണ്ടി വന്നു. ബിജെപി ശക്തമായി രാജിവെയ്പ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാണ് സംസാരം. നിതീഷിനെ കൊട്ടുവാന്‍ കിട്ടിയ ആദ്യ അവസരം ബിജെപി തന്ത്രപൂര്‍വ്വം നടപ്പിലാക്കി. നിതീഷിന്‍റെ 14 അംഗ മന്ത്രിസഭയിലെ അംഗമായിരുന്ന മേവ്ലാല്‍ ചൗധരിക്കാണ് രാജിവെയ്ക്കേണ്ടി വന്നത്. നിതീഷിന്‍റെ ഏറ്റവും മടുപ്പക്കാരനായിരുന്നു അദ്ദേഹം. ഏറെ നാളായി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ് മേവ്ലാല്‍ ചൗധരി. മേവ്ലാലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ആര്‍ജെഡി നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അഴിമതി ആരോപണം നേരിടുന്ന ഒരാളുടെ സാന്നിധ്യം സര്‍ക്കാരിന്‍റെ പ്രതിശ്ചായയെ ബാധിച്ചേക്കുമെന്ന സംസാരം തുടക്കം മുതല്‍ ഉണ്ടായിരുന്നു. കഴിഞ്ഞ മന്ത്രിസഭയില്‍ ചട്ടവിരുദ്ധമായി അസി. പ്രൊഫസറെയും ജൂനിയര്‍ സയന്‍റിസ്റ്റിനെയും നിയമിച്ചെന്ന് കണ്ടെത്തിയിരുന്നു. 2017ല്‍ ഇതുസംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവം വിവാദമായതോടെ മേവ്ലാലിനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍റ് ചെയ്തിരുന്നു. ഇന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബീഹാര്‍ ഗവര്‍ണറായിരുന്ന സമയത്താണ് വിചാരണയ്ക്ക് അനുമതി നല്‍കിയത്. കേസില്‍ അന്വേഷണം നടന്നെങ്കിലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

ഓര്‍ക്കുക പിഴ തുക 2000 രൂപയാണ്
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്. പൊതു സ്ഥലങ്ങളില്‍ തുപ്പിയാല്‍, പൊതുസ്ഥലങ്ങളില്‍ പുകവലിച്ചാല്‍, പൊതുഇടത്തില്‍ മാസ്ക്ക് ധരിക്കാതെ നടന്നാല്‍, സാമൂഹ്യ അകലം പാലിക്കാതെ കൂട്ടമായി നിന്നാല്‍, പിഴ 2000 രൂപയാണ്. ഡല്‍ഹിയില്‍ പലരും സ്വകാര്യ വാഹനങ്ങള്‍ ഓടിക്കുന്നത് താടിയില്‍ മാസ്ക്ക് ധരിച്ചാണ്. ചിലര്‍ വായ മൂടുമെങ്കിലും മൂക്കിനെ സ്വതന്ത്രരാക്കുന്നു. ഇനി ഇത്തരം പ്രവര്‍ത്തികള്‍ ഡല്‍ഹിയില്‍ അപകടമാണെന്ന് ജനങ്ങളെ ബോധവത്ക്കരിക്കാന്‍ പിഴ വര്‍ദ്ധിപ്പിക എന്നല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. ഇതു വഴി ലഭിക്കുന്നതുക കോവിഡ് ബോധവത്ക്കരണത്തിനാണ് ഉപയോഗിക്കുന്നത്. ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ജനങ്ങള്‍ വ്യാപകമായി തെരുവുകളില്‍ ഇറങ്ങുന്നു. മാര്‍ക്കറ്റുകള്‍ ജനങ്ങളെ കൊണ്ട് തിങ്ങി നിറയുന്നു. ഈ സാഹചര്യത്തിലും ജനങ്ങളില്‍ മിക്കവരും അനാസ്ഥ കാണിക്കുന്നത് കോവിഡ് വ്യാപനം വര്‍ദ്ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. 500 രൂപ പിഴയുണ്ടായിരുന്നത് 2000 രൂപ പിഴയായി ഉയര്‍ത്തുന്നത് ഈ സാചര്യത്തിലാണെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി പറയുന്നത്.  ഡല്‍ഹിയിലെ പൊതു ഇടങ്ങളില്‍ മാസ്ക്കുകള്‍ സൗജന്യമായി വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി എല്ലാ പാര്‍ട്ടി നേതാക്കളോടും, സന്നദ്ധസംഘടനകളോടും അഭ്യര്‍ത്ഥിച്ചു. കോവിഡ് വ്യാപനം തടയുവാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഡല്‍ഹിയിലെ മാര്‍ക്കറ്റുകളില്‍ ഏര്‍പ്പെടുത്തും. കച്ചവട സ്ഥാപനങ്ങള്‍ സാനിറ്റസറും, മാസ്ക്കുകളും കരുതി വെയ്ക്കണം. സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. മാര്‍ക്കറ്റുകളില്‍ പ്രവേശിക്കുന്നവര്‍ മാസ്ക്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. കടകള്‍ക്ക് മുന്നില്‍ പൊതു ഇടങ്ങളില്‍ വില്‍പ്പന വസ്തുക്കള്‍ നിരത്തി വെയ്ക്കുന്നത് ഒഴിവാക്കി സാമൂഹ്യ അകലത്തിന് ഉപഭോക്താക്കള്‍ക്ക് അവസരം കൊടുക്കണം. പൊതു നിരത്തില്‍ അലക്ഷ്യമായി തുപ്പുന്നവര്‍ക്കും പിഴയുണ്ട്. രാജ്യ തലസ്ഥാനത്ത് കോവിഡ് വ്യാപനം കൂടിയതാണ് ഇത്തരം നടപടിയിലേയ്ക്ക് കര്‍ശനമായി നീങ്ങുവാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്. ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ അനുമതി കൂടി ലഭിച്ചതോടെ ആരോഗ്യ വകുപ്പ് വിജ്ഞാപനം ഇറക്കി.

ഡല്‍ഹി തണുത്ത് വിറച്ച് തുടങ്ങി
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പതിവില്‍ നിന്ന് വിപരീതമായി ഇത്തവണ നേരത്തേ തണുപ്പ് ശക്തമായിരിക്കുകയാണ്. 7.4 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയില്‍ നവംബര്‍ മൂന്നാം വാരം രേഖപ്പെടുത്തിയ കുറഞ്ഞ താപനില. നാലാം വാരമായപ്പോള്‍ അത് 7 ഡിഗ്രിയേക്കാള്‍ താഴെയായി.  2019 നവംബര്‍ മാസം ഇന്ത്യയിലെ ഇതിലെ വടക്കേ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ താപനില പതിനൊന്നര ഡിഗ്രി ആയിരുന്നു. 2006 സമാനമായ ഒരു സാഹചര്യം ഉണ്ടായിരുന്നതായി ശാസ്ത്രജ്ഞന്മാര്‍ പറയുന്നു 7.3 ഡിഗ്രി സെല്‍ഷ്യസ് ആയി കുറഞ്ഞ ചരിത്രമുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ മാസം വടക്കേ ഇന്ത്യയിലെ കുറഞ്ഞ താപനില 17.2 ഡിഗ്രി ആയിരുന്നു. ഇത് കഴിഞ്ഞ 58 വര്‍ഷത്തിനിടയില്‍ ആദ്യമായി സംഭവിച്ചതാണ്. സാധാരണഗതിയില്‍ ഡിസംബര്‍ മാസമാണ് ഇത്തരത്തിലുള്ള ഒരു വടക്കേ ഇന്ത്യയില്‍ വടക്കേ ഇന്ത്യയില്‍ ശൈത്യകാലം വളരെ നേരത്തെ എത്തിയതായിട്ടാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പകല്‍ സമയങ്ങളെക്കാള്‍, രാത്രികാലങ്ങളില്‍ തണുപ്പ് ക്രമാതീതമായി കൂടാറുണ്ട് എന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. കാലാവസ്ഥാ വ്യതിയാനത്തിന് പരിണിതഫലം ആയിട്ടാണ് ഇത്തരത്തില്‍ തണുപ്പ് വളരെ നേരത്തേ സംഭവിച്ചത് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു ശൈത്യകാലം വളരെ നേരത്തെ ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞന്മാര്‍ വളരെ മുന്‍കൂട്ടിത്തന്നെ പ്രവചിക്കുകയും ഉണ്ടായിട്ടുണ്ട്. കോവിഡിന്‍റെ തുടക്ക സമയത്തുണ്ടായ ലോക് ഡൗണ്‍, അന്തരീക്ഷ മാലിന്യം കുറച്ചിരുന്നു. ശൈത്യകാലം വളരെ നേരത്തെ ആക്കുന്നതിന് ഒരു കാരണമായി ആയി ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2019 ല്‍ ഡല്‍ഹിയിലെ വായു മലിനീകരണം അതിരൂക്ഷമായിരുന്നു. 2020 ല്‍ വായു മലിനീകരണം അപകടാവസ്ഥയില്‍ തന്നെയാണുള്ളത്. വായു നിലവാര സൂചിക പൂജ്യത്തിനും അന്‍പതിനും ഇടയിലാണ് ഉണ്ടാകേണ്ടത്. നല്ല വായു നിലവാരം എന്ന് അപ്പോഴാണ് പറയുക. ഡല്‍ഹിയില്‍ ഇപ്പോള്‍ 250 ഉം 300 ഉം ആണ് നവംബര്‍ അവസാനത്തെ കണക്ക്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ് എന്നത് മാത്രമാണ് ആശ്വാസമായുള്ളത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എടുത്ത നടപടികളാണ് അല്‍പമെങ്കിലും ആശ്വാസം നല്‍കുന്നത്. ഇതിനിടയില്‍ സോണിയാ ഗാന്ധി അടക്കമുള്ള പല പ്രമുഖരും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹിയില്‍ നിന്ന് കുറച്ച് നാളുകള്‍ മാറി താമസിച്ചിരിക്കുന്നു. ഡല്‍ഹിയിലെ മോശം കാലാവസ്ഥ സോണിയയുടെ ആസ്ത്മയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നവംബര്‍ 30 വരെ പടക്കം പൊട്ടിക്കുന്നത് ഡല്‍ഹിയില്‍ സുപ്രീം കോടതി നിരോധിച്ചിരുന്നെങ്കിലും പലയിടത്തും നിയമം തെറ്റിച്ച് ജനങ്ങള്‍ പടക്കം പൊട്ടിച്ചു. അന്തരീക്ഷമാലിന്യത്തിന് കുറവ് വരുത്താന്‍ ഡല്‍ഹിയിലെ മരങ്ങളിലും ചെടികളിലും വെള്ളം തെളിക്കുന്ന തിരക്കിലായിരുന്നു ഫയര്‍ എന്‍ജിനുകള്‍. ഏതാണ്ട് 75 ലക്ഷം ലിറ്റര്‍ വെള്ളമെങ്കിലും ഇത്തരത്തില്‍ ഡല്‍ഹിയില്‍ തെളിച്ചിട്ടുണ്ട്.

പഞ്ചാബിലെ റെയില്‍ റുക്കോ സമരം
കേന്ദ്ര സര്‍ക്കാര്‍ സെപ്തംബര്‍ 26ന് കൊണ്ടു വന്ന മൂന്ന് കര്‍ഷക ബില്ലിനെതിരെ പഞ്ചാബില്‍ കര്‍ഷകര്‍ റെയില്‍ ഗതാഗതം തടസപ്പെടുത്തി റെയില്‍ റുക്കോ സമരം തുടങ്ങിയത് ഒക്ടോബര്‍ ഒന്നു മുതലാണ്. സമരം രണ്ടു മാസത്തോളമായി റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. പഞ്ചാബ് ഹരിയാന അതിര്‍ത്തിയിലെ ശംബു റെയില്‍വേ സ്റ്റേഷനിലാണ് ശക്തമായ സമരം നടക്കുന്ന ഒരു പ്രധാന കേന്ദ്രം. അതിന് കാരണവുമുണ്ട്. ശംബു റെയില്‍വേ സ്റ്റേഷന്‍ കടന്നല്ലാതെ ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ജമ്മു കാശ്മീര്‍ സംസ്ഥാനങ്ങളിലേയ്ക്ക് തീവണ്ടികള്‍ക്ക് കടന്നു പോകാന്‍ സാധിക്കില്ല. പഞ്ചാബിലെ കര്‍ഷകരുടെ സമരം അവസാനിപ്പിക്കാന്‍ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ കേന്ദ്ര മന്ത്രിമാര്‍ പങ്കെടുക്കാത്തതിനാല്‍ കര്‍ഷക നേതാക്കള്‍ ചര്‍ച്ച ബഹിഷ്ക്കരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഈ സംഭവത്തിന് ശേഷം എല്ലാ ചര്‍ച്ചകളിലും കേന്ദ്ര മന്ത്രിമാര്‍ പങ്കെടുക്കാറുണ്ട്. പക്ഷെ ഒരു പരിഹാരവും ഉണ്ടായില്ല. നവംബര്‍ മൂന്നാം വാരം അവസാനിച്ചപ്പോള്‍ സമരം ചെയ്യുന്നവരുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ചര്‍ച്ച നടത്തി. പതിനഞ്ച് ദിവസം സമരത്തിന് അവധി നല്‍കാമെന്ന് കര്‍ഷകര്‍ സമ്മതിച്ചതോടെ 23 മുതല്‍ യാത്രാ, ചരക്ക് തീവണ്ടികള്‍ ഓടി തുടങ്ങി. കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരുമെന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. റെയില്‍വേയ്ക്ക് കോടികളുടെ നഷ്ടമാണ് സമരം മൂലം ഉണ്ടായിരിക്കുന്നത്. നവംബര്‍ 26, 27 തിയതികളില്‍ ഡല്‍ഹി ചലോ എന്ന പേരില്‍ അവര്‍ സമരം നടത്തുകയും, പ്രതിഷേധം അറിയിക്കുകയും ചെയ്തു. ആയിരകണക്കിന് കര്‍ഷകരാണ് കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിലും പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. 


പാര്‍ലമെന്‍റിലെ ശീതകാല സമ്മേളനം ഇല്ല
ഡല്‍ഹിയില്‍ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം വേണ്ടെന്ന് വെച്ചു.