അമേരിക്കന്‍ പ്രസിഡന്‍റ് മുതല്‍ പഞ്ചായത്ത് പ്രസിഡന്‍റ് വരെ

അമേരിക്കന്‍ പ്രസിഡന്‍റ് മുതല്‍ പഞ്ചായത്ത് പ്രസിഡന്‍റ് വരെ  
വിജയ് ചൗക്ക് @ 67 @ മെട്രോ വാര്‍ത്ത dated November 07
സുധീര്‍നാഥ് 

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പും, ഇന്ത്യയിലെ ബീഹാറില്‍ നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പും, മറ്റ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പും നടന്നു കഴിഞ്ഞു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ 8, 10, 14 തിയതികളില്‍ നടക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. ഇതെല്ലാം സംഭവിക്കുന്നത് കൊറോണക്കാലത്ത് ആണെന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളാണ്. തിരഞ്ഞെടുപ്പ് നടന്ന സ്ഥലത്തെ സ്ഥിതി വിശേഷം ഒന്ന് പരിശോധിക്കുന്നത് നമ്മുടെ ജാഗ്രത വളര്‍ത്തും.

അമേരിക്കയില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആരെത്തുമെന്നത് തര്‍ക്കത്തിലാണ്. അവിടെ ഇപ്പോഴും തര്‍ക്കങ്ങള്‍ പുരോഗമിക്കുകയാണ്. അധികാരത്തര്‍ക്കം അവകാശവാദങ്ങളിലേക്കും നിയമ നടപടികളിലേക്കും തിരിഞ്ഞ് കഴിഞ്ഞു. ലോക രാഷ്ട്രങ്ങള്‍ ശ്രദ്ധ യുഎസ് രാഷ്ട്രീയത്തിലേക്ക് തിരിയുന്നതിനിടെ അമേരിക്കയില്‍ കോവിഡ് പ്രതിസന്ധിയും രൂക്ഷമാവുകയാണ്. വോട്ടെടുപ്പിന് പിറ്റേന്ന് മാത്രം അമേരിക്കയിലെ പുതിയ കോവിഡ് ബാധിതര്‍ ഒരു ലക്ഷത്തി ഇരുപത്തൊന്നായിരത്തില്‍ എത്തിയിരിക്കുന്നു. ഇത് രണ്ടാം തവണയാണ് അമേരിക്കയില്‍ പ്രതിദിന കോവിഡ് ബാധ ഒരു ലക്ഷം പിന്നിടുന്നത്. വരും ദിവസങ്ങളിലെ കണക്ക് വരാനിരിക്കുന്നതേയുള്ളൂ.

അമേരിക്കയില്‍ തെരഞ്ഞെടുപ്പ് പ്രചരണം ഡിജിറ്റലായിട്ടാണ് നടന്നത്. ഡെമോക്രാറ്റിക,് റിപ്പബ്ലിക് പാര്‍ട്ടികള്‍ രണ്ടു ചേരികളിലായി നിന്ന് അമേരിക്കയിലെ ജനങ്ങളോട് സംസാരിച്ചു. നേരിട്ടും അല്ലാതെയും വോട്ടുകള്‍ രേഖപ്പെടുത്തി. ഇമെയില്‍ വഴി പോലും വോട്ട് ചെയ്യാനുള്ള അവസരം അമേരിക്കയിലെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്നു. അമേരിക്കയിലെ ജനസംഖ്യ വളരെ കുറവാണ് എന്നത് കൊണ്ട് തന്നെ പ്രായോഗികമായി നടപ്പിലാക്കാം. ഇത്രയൊക്കെ ഉണ്ടായിട്ടാണ് അവിടെ കോവിഡ് നിരക്ക് കൂടിയ വാര്‍ത്ത നാം വായിക്കുന്നത്.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പുറകില്‍ നില്‍ക്കുന്ന കാഴ്ച നാം കണ്ടു. ഇത് മുന്‍കൂട്ടി കണ്ടാണ് നരേന്ദ്ര മോദി നമസ്തേ ട്രംപ് എന്ന് മാര്‍ച്ച് മാസം നടന്ന മാമാങ്കത്തിന് പേരിട്ടതെന്ന് അസൂയക്കാര്‍ പറയുന്നതില്‍ തെറ്റു കാണാന്‍ പറ്റില്ല. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ അപകടനിലയില്‍ ആണുള്ളത് എന്ന സത്യം രാജ്യം തിരിച്ചറിഞ്ഞുകഴിഞ്ഞു. അപ്രകാരം ഒരു സാഹചര്യം ഉണ്ടാക്കിയതും നരേന്ദ്ര മോദി തന്നെയാണെന്നാണ് അസൂയക്കാര്‍ പറഞ്ഞ് പരത്തുന്നത്. ചിരാഗ് പസ്വാനെ ഇറക്കിയായിരുന്നല്ലോ ബി.ജെ.പി.യുടെ കളി നടന്നത്.

ബീഹാറില്‍ എത്രയോ റാലികളും, പൊതുയോഗങ്ങളും നടന്നു. ജനങ്ങള്‍ കൂട്ടമായി മാസ്ക്കും സാമൂഹ്യ അകലവുമില്ലാതെ സജീവമായി തിരഞ്ഞെടുപ്പില്‍ പ്രചരണത്തിറങ്ങിയത് കണ്ടതാണ്. അവിടെ കോവിഡിന്‍റെ സാഹചര്യം എന്താണ് എന്ന് ഒരു പിടിയുമില്ല. വൈറസ് വ്യാപനം നടന്നിട്ടുണ്ടെന്ന് ആരോഗ്യരംഗത്തുള്ളവര്‍ തീര്‍ത്ത് പറയുന്നു. പ്രചരണരംഗത്ത് ഉണ്ടായ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശില്‍കുമാര്‍ മോദി, ഷാനവാസ് ഹുസൈന്‍, രാജീവ് പ്രതാപ് റൂഡി, ദേവേദ്ര ഫഡ്നാവീസ്, സ്മ്യതി ഇറാനി, തുടങ്ങി പ്രമുഖ നേതാക്കളെല്ലാം കോവിഡ് പോസിറ്റീവായത് ബീഹാറിലെ തിരഞ്ഞെടുപ്പ് ഗോദയില്‍ വെച്ചാണ്.

തിരഞ്ഞെടുപ്പിന്‍റെ അവാസാന വോട്ടെടുപ്പ് നവംബര്‍ 7ന് കഴിഞ്ഞാല്‍ ബീഹാറില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലത്തേക്കാള്‍ നമ്മളെ ഞെട്ടിക്കാന്‍ പോകുന്നത് കോവിഡ് രോഗികളുടെ കണക്കായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. നിലവില്‍ ബീഹാറില്‍ കോവിഡ് പരിശോധന കാര്യമായി നത്തുന്നില്ല. നടത്തുന്നത് തന്നെ പരസ്യപ്പെടുത്തുന്നുമില്ല. കണക്കുകള്‍ തിരഞ്ഞെടുപ്പ് പ്രക്രിയ കഴിയും വരെ ഒളിച്ചു വെയ്ക്കാന്‍ കഴിയും. ശേഷം ഒരു ഞെട്ടലോടെ നമ്മള്‍ അതറിയും.

ഇങ്ങനെയുള്ള സാഹചര്യത്തിലാണ് കേരളത്തില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും പോലെയല്ല തദ്ദേശ തെരഞ്ഞെടുപ്പ് എന്നുള്ളത് എടുത്തുപറയേണ്ട ഒരു വസ്തുതയാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകുന്നു എന്നതും, കേരളം രാഷ്ട്രീയ പ്രബുന്ധരായ ജനങ്ങളാല്‍ സമ്പന്നമാണെന്നതും പ്രത്യാഘാതം വര്‍ദ്ധിപ്പിക്കും.

കേരളത്തില്‍ നടക്കുന്ന മറ്റ് തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, എല്ലാ പ്രവര്‍ത്തകരും അവരുടെ ഗ്രാമങ്ങളില്‍ നടക്കുവാന്‍ പോകുന്ന ഈ തിരഞ്ഞെടുപ്പില്‍ പങ്കാളിയാകും. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് അവര്‍ മത്സരിക്കുന്ന പ്രദേശത്തെ ജനങ്ങളായ വോട്ടര്‍മാരെ പരസ്പരം അറിയാം. ഇത് അവരുടെ ജയിക്കുവാനുള്ള പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി വോട്ടര്‍മാരുടെ സമീപം പല തവണ എത്താന്‍ പ്രേരിപ്പിക്കും. എല്ലാ സ്ഥാനാര്‍ത്ഥികളും ഇത്തരത്തില്‍ അവരുടെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഇറങ്ങിയാല്‍ എങ്ങിനെ ഇരിക്കും...? സ്ഥാനാര്‍ത്ഥി മാത്രമല്ല ഇങ്ങനെ പ്രചരണ രംഗത്ത് ഉണ്ടാകുക. രാഷ്ട്രീയത്തിലെ സജീവമായ പ്രവര്‍ത്തകരും ഇങ്ങനെ പ്രചരണത്തില്‍ സജീവമാകും എന്നതും, വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചരണം ശക്തമായുണ്ടാകും എന്നതും എല്ലാവര്‍ക്കും തര്‍ക്കമില്ലാത്ത കാര്യമാണ്. അറിഞ്ഞുകൊണ്ടായിരിക്കില്ല, അറിയാതെ തന്നെ എവിടെ നിന്നെങ്കിലും കൊറോണ വൈറസ് പ്രചരണത്തിന്‍റെ ഭാഗമായാല്‍ അത് ഉണ്ടാക്കുന്ന ഭവിഷ്യത്ത് ഒന്നാലോചിച്ച് നോക്കൂ...? സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വീടുവീടാന്തരം കയറി ഇറങ്ങുമ്പോള്‍ എത്ര പ്രത്യാഘാതമുണ്ടാക്കും എന്നുള്ളതില്‍ ആശങ്കപ്പെട്ടിരിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍.

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടായ വോട്ടര്‍മാരല്ല കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്. കേരളത്തിലെ വോട്ടവകാശമുള്ള സകല ജനങ്ങളും പോളിംഗ് ബൂത്തിലേക്ക് പോകുന്ന ഒരു സാഹചര്യം ഉണ്ടാകുന്നു എന്നുള്ളതാണ് ഏറ്റവും അപകടകരമായ ഒരു വസ്തുത. ഇലക്ഷന്‍ തിയതി പ്രഖ്യാപിച്ചു കൊണ്ട് കമ്മീഷന്‍ പറഞ്ഞ ഒരു കാര്യം വളരെ ആക്ഷേപഹാസ്യമായിപോയി എന്ന അഭിപ്രായമുണ്ട്. വോട്ടര്‍മാര്‍ക്ക് പി.പി.ഇ. കിറ്റ് നിര്‍ബന്ധമാക്കുവാന്‍ ആലോചന ഉണ്ടെന്നായിരുന്നു പരാമര്‍ശം. ആരാണ് വോട്ട് ചെയ്യുന്നത് എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടാകില്ലേ എന്ന ചോദ്യം വന്നപ്പോള്‍ പി.പിഇ. കിറ്റ് പരാമര്‍ശം പിന്‍വലിക്കപ്പെട്ടു എന്നാണ് പിന്നീട് അറിഞ്ഞത്.

പ്രകടനങ്ങളും പൊതുയോഗങ്ങളും തദ്ദേശ തെരഞ്ഞെടുപ്പ് ഭാഗമായി ഉണ്ടാകില്ല എന്ന് പറയുന്നു. കലാശക്കൊട്ട് ഒഴിവാക്കിയിട്ടുണ്ട് എന്നാണ് മറ്റൊരു അറിയിപ്പ്. പ്രകടനങ്ങളും പൊതുയോഗങ്ങളും ഇല്ലാത്ത ഒരു സാഹചര്യം ഉണ്ടാകുമ്പോള്‍ വോട്ടര്‍മാരെ നേരില്‍ കണ്ടു കഴിവതും അവരുടെ വോട്ട് ഉറപ്പിക്കുവാന്‍ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പാലിക്കും എന്നുള്ള ഒരു അപകടം പതിയിരിപ്പുണ്ട്. വോട്ടര്‍മാരായ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തുക എന്നതാണ് ഒരേ ഒരു മറുമരുന്ന്.

കേരളത്തില്‍ ഇപ്പോള്‍ പ്രതിദിന കോവിഡ് നിരക്ക് ശരാശരി 7000 ആണ്. മരണ നിരക്കും കൂടുന്നുണ്ട്. ആദ്യ കാലത്തെ ജാഗ്രത ആര്‍ക്കും ഇപ്പോഴില്ല എന്നത് ഒരു വസ്തുതയാണ്. കേരളത്തിലെ കോവിഡ് നിരക്കില്‍ ഉണ്ടാകുവാന്‍ പോകുന്ന വര്‍ദ്ധനവ് തടയേണ്ടത് ആവശ്യമാണ്. അതിന് എല്ലാവരും മനസ് വെയ്ക്കേണ്ടത് നാടിന്‍റെ ആവശ്യമാണ്. ബോധവത്ക്കരണം ശക്തമാക്കുക മാത്രമേ സര്‍ക്കാരിന് കഴിയൂ. അത് നല്ല രീതിയില്‍ നടക്കുമെന്ന് പ്രത്യാശിക്കാം.

കേരളത്തില്‍ നടക്കുന്ന മറ്റേതു തെരഞ്ഞെടുപ്പിനെക്കാളും ജനകീയമായ ഒരു ഇടപെടല്‍ നടക്കുന്ന ഒരു തെരഞ്ഞെടുപ്പ് കോവിഡിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കണമെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായമുയര്‍ന്നിരുന്നു. അത് പരിഗണിക്കുക പോലും ചെയ്യാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മുന്നോട്ടുപോകുന്നതില്‍ പ്രതിഷേധിച്ച് മാറി നില്‍ക്കുവാന്‍ അഭിപ്രായം പറഞ്ഞ കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും മുന്നോട്ടു വരുന്നില്ല എന്നുള്ളതും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. അധികാരത്തോടെ ചേര്‍ന്നു നില്‍ക്കുവാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആഗ്രഹിക്കുന്നു.