പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2020 നവംബര്‍ 01 

ലോക്ഡൗണ്‍ കഴിഞ്ഞിട്ടും കൊറോണ പോയില്ല
കൊറോണ ലോകത്തെ ജനതയെ വീടിനുള്ളിലേയ്ക്ക് ഒതുക്കിയത് മാര്‍ച്ച് മാസമാണ്. ഏപ്രില്‍ അവസാനത്തോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് ജനങ്ങളോട് കൊറോണയോടൊപ്പം ജീവിക്കാന്‍ പഠിക്കണമെന്ന് ആദ്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, പിണറായി വിജയനും, രാഹുല്‍ ഗാന്ധിയും ഇത് തന്നെ ആവര്‍ത്തിച്ചു. നാല് പേരും ഒരേ ആശയം നാല് തരത്തില്‍ അവതരിപ്പിച്ചു എന്നത് മാത്രമാണ് വ്യത്യാസം. കൊറോണ വൈറസ് നമുക്കിടയില്‍ തന്നെ വര്‍ഷങ്ങളോളം ഉണ്ടാകും. അതിനോടൊപ്പം ജീവിക്കാന്‍ സ്വയം പരിശീലിക്കുക എന്നതാണ് മനുഷ്യന് ചെയ്യാന്‍ സാധിക്കുന്നത്. ലോക് ഡൗണിന് ഇളവുകള്‍ നല്‍കുക എന്നത് തന്നെയാണ് അതിനൊരു പ്രതിവിധി. അടച്ചിടല്‍ കൊണ്ട് ഏറെ കാലം നമുക്ക് ജീവിക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് ലോക് ഡൗണ്‍ ഇളവുകള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്നത്. അത് തന്നെയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടതും. ഒടുവില്‍ ഉത്തര്‍ പ്രദേശിലെ സ്ക്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഡല്‍ഹിയിലെ സിനിമാശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നു. മെട്രോ സര്‍വ്വീസുകള്‍ വീണ്ടും ചലിച്ച് തുടങ്ങി. ലോക്ഡൗണ്‍ നീങ്ങിയെങ്കിലും കൊറോണ വൈറസ് പോയിട്ടില്ലെന്ന പ്രധാനമന്ത്രി മോദി രാജ്യത്തെ ജനങ്ങളെ ഓര്‍മ്മപ്പെടുത്തി. കോവിഡ് പ്രതിരോധത്തിലും ജാഗ്രതയിലും അവലംഭാവം കാണിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.  
ബീഹാറും, നിതീഷും, മോദിയുടെ സ്പെഷ്യല്‍ പാക്കേജും
ബീഹാറിര്‍ നിതീഷ് കുമാര്‍ പ്രതിസന്ധിയിലാണ് ആണ്. സ്വന്തം മുന്നണിയില്‍ നിന്ന് തന്നെ ശക്തമായ പ്രതിഷേധങ്ങള്‍ പരസ്യമായി വന്നു കൊണ്ടിരിക്കുന്നു. പസ്വാന്‍റെ മരണത്തോടെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ചെറിയ മാറ്റവും വന്നിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ബീഹാറില്‍ ജനപ്രീയനായ നിതീഷിന്‍റെ ജനപ്രീതി കുറയുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടി കാണിക്കുന്നു. ബിജെപി ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ശക്തമായ പിന്തുണയും, നിലപാടുകളുമായി ഒപ്പമുണ്ടാകുമെന്നാണ് നിതീഷ് കുമാറിന് ഉണ്ടായ പ്രതീക്ഷ. പക്ഷേ, ഇപ്പോള്‍ ബിജെപി സമദൂര രാഷ്ട്രീയ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നിതീഷിനെ പിന്തുണയ്ക്കുന്നതില്‍ മെച്ചമുണ്ടാകില്ലെന്ന് ബിജെപി തിരിച്ചറിഞ്ഞു കഴിഞ്ഞു. 2015ലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നേകാല്‍ ലക്ഷം കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത് രാജ്യം മുഴുവന്‍ ചര്‍ച്ചയായിരുന്നു. 2020ല്‍ വീണ്ടും ബീഹാര്‍ തിരത്തെടുപ്പ് അടുത്തപ്പോള്‍ പ്രഖ്യാപിച്ച ഒന്നേകാല്‍ ലക്ഷം കോടിയുടെ പ്രത്യേക പാക്കേജ് ബീഹാറിലെ ജനങ്ങള്‍ ചോദിച്ചാല്‍ കുറ്റം പറയുവാന്‍ സാധിക്കില്ലല്ലോ. പക്ഷേ, നാളിതുവരെയായി ഈ പ്രത്യേക പാക്കേജ് ബീഹാറിലേക്ക് എത്തില്ല എന്നുള്ളത് കോണ്‍ഗ്രസ് വലിയ ചര്‍ച്ചാവിഷയം ആക്കിയിട്ടുണ്ട്. ഇത് ബിജെപിക്ക് വലിയ തലവേദനയായിരിക്കുകയാണ്.

നീതി ദേവതയ്ക്ക് പക്ഷപാതം
നീതി വ്യവസ്ഥയോടുള്ള ഇന്ത്യന്‍ ജനതയുടെ വിശ്വാസം ഓരോ ദിവസം ചെല്ലുംതോറും തകര്‍ന്നു കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഇതിനെ സാധൂകരിക്കുന്ന നടപടികള്‍ ഉണ്ടാകുന്നു എന്നത് ഞ്ഞെട്ടലുണ്ടാക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. രാജ്യത്ത് ബിജെപിയെ അനുകൂലിക്കുന്നവര്‍ കേസുകളിലോ, പരാതിയിലോ പെടുകയാണെന്നില്‍ പകല്‍ വെളിച്ചത്ത് നടക്കുന്ന ഇടപെടല്‍ ചോദ്യം ചെയ്യപ്പെടുന്നില്ല. ടിആര്‍പി തട്ടിപ്പില്‍ റിപ്പബ്ലിക്ക് ടിവി പെട്ടപ്പോള്‍ അര്‍ണബ് ഗോസ്വാമി നിയമ കുരുക്കില്‍ വീണതായിരുന്നു. അര്‍ണബിന്‍റെ രക്ഷകനായിട്ടാണ് കേസ് സിബിഐ ഏറ്റെടുത്തത് എന്നത് ആര്‍ക്കാണ് അറിയാത്തത്. പരസ്യ വരുമാനം വര്‍ധിപ്പിക്കുന്നതിനായി റിപ്പബ്ലിക്ക് ടിവി, ഫക്ത് മറാത്തി, ബോക്സ് സിനിമ ചാനലുകള്‍ റേറ്റിങ്ങില്‍ കൃത്രിമം കാണിച്ചെന്നായിരുന്നു മുംബൈ പൊലീസിന്‍റെ എഫ്ഐആര്‍. കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ക്ലീന്‍ ചീട്ട് നല്‍കിയപ്പോള്‍ ഞെട്ടിയത് ഞനങ്ങളാണ്. 2019 നവംബറില്‍ അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല സമ്മേളനത്തില്‍ പി ആര്‍ കമ്പനി മാനേജരായ സ്മിതാ മേനോനെ കേന്ദ്ര മന്ത്രി മുരളീധരന്‍ പ്രത്യേക താത്പര്യത്തില്‍ പങ്കെടുപ്പിച്ചത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നായിരുന്നു പരാതി. പരാതിയില്‍ കഴമ്പില്ല, പ്രോട്ടോക്കോള്‍ ലംഘനം നടന്നിട്ടില്ല എന്ന എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പരാതി തീര്‍പ്പാക്കുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നത്. മുരളീധരന്‍ രക്ഷപെട്ടു. ഹത്രാസിലെ പെണ്‍കുട്ടി താന്‍ ബലാല്‍സംഗത്തിന് ഇരയായി എന്ന് മൊഴി നല്‍കിയാണ് മരണത്തിന് കീഴടങ്ങിയത്. സുപ്രീം കോടതിയില്‍ ഉത്തര്‍ പ്രദേശ് പോലീസ് സത്യവാങ്ങ് മൂലം പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയയിട്ടില്ലെന്ന് അറിയിച്ചു. അലിഗഡിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജ് ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോക്ടര്‍ അസീം മാലിക്ക് പരസ്യമായി പറയുന്നു. പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായിരുന്നു എന്ന്. 11 ദിവസത്തിന് ശേഷം നടത്തിയ പരിശോധനാ ഫലത്തിനെ വിശ്വസിക്കേണ്ടതില്ലെന്ന ഡോക്ടറുടെ പ്രസ്ഥാവന പലരുടേയും മുഖം ചുവപ്പിച്ചിട്ടുണ്ട്. അതിന്‍റെ ഫലം പിന്നീട് ഡോക്ടര്‍ അറിഞ്ഞു. അലിഖഡ് മെഡിക്കല്‍ കോളേജിലെ സേവനം അവസാനിപ്പിക്കാന്‍ ഉത്തരവ് കിട്ടി. ഇത്തരത്തില്‍ നിയമം പോലും നിയന്ത്രിക്കപ്പെടുന്ന സാഹചര്യം അപകടകരമാണ്.

കേന്ദ്ര ബില്ലിനെതിരെ സംസ്ഥാന ബില്ല്
കേന്ദ്രം നടപ്പാക്കാന്‍ ശ്രമിക്കുന്ന കര്‍ഷക ബില്ലിനെതിരെ പഞ്ചാബ് സര്‍ക്കാര്‍ നാല് ബില്ലുകള്‍ പാസാക്കി പ്രതിരോധം തീര്‍ത്തിരിക്കുന്നു. ബിജെപി ഒഴിച്ചുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടേയും പിന്തുണയും ബില്ലുകള്‍ക്ക് ലഭിച്ചു എന്നത് എടുത്ത് പറയണം. ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ഫെസിലിറ്റേഷന്‍ ആക്ട്, ഫാര്‍മേഴ്സ് എഗ്രിമെന്‍റ് ആന്‍ഡ് ഫാം സര്‍വീസസ് ആക്ട്, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട്, സിവില്‍ പ്രൊസീജ്യര്‍ കോഡ് എന്നിവ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെടുന്നതാണ് ബില്ലുകള്‍. കാര്‍ഷിക കരാര്‍ പ്രകാരമുള്ള ഏറ്റവും കുറഞ്ഞ താങ്ങുവിലയില്‍ താഴെ വിലയില്‍ ഗോതമ്പോ അരിയോ വാങ്ങുകയോ വില്‍ക്കുകയോ ചെയ്താല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിയമപ്രകാരം മൂന്ന് വര്‍ഷത്തില്‍ കുറയാത്ത തടവും പിഴയും ശിക്ഷയായി ഉണ്ടാകും. പ്രമേയത്തിന്‍റെ പകര്‍പ്പുകള്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി കൈമാറിയതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. നിയമസഭ ഒറ്റകെട്ടായി പാസാക്കിയ പ്രമേയം ഗവര്‍ണറും, അവിടുന്ന് രാഷ്ട്രപതിയും അംഗീകരിക്കണം. ഇത് ഉണ്ടാകുവാനുള്ള സാധ്യതകള്‍ വിരളമാണ്. പക്ഷെ നിയമപരമായ പരിരക്ഷ പ്രമേയത്തിന് ഉണ്ടാകുമെന്നാണ് നിയമപണ്ഡിതര്‍ പറയുന്നത്. പഞ്ചാബിനെ പിന്തുടര്‍ന്ന് ചത്തിസ്ഖഡ്, രാജസ്ഥാന്‍ തുങ്ങെിയ സംസ്ഥാനങ്ങള്‍ സമാനമായ ബില്ലുകള്‍ പാസാക്കാന്‍ ഒരുങ്ങുകയാണ്. ബിജെപി ഇതര സര്‍ക്കാരുകള്‍ എല്ലാം സമാന നിലപാട് സ്വീകരിക്കാന്‍ സാധ്യത റണ്ടെന്നാണ് കരുതുന്നത്.   
ചുവന്ന ലൈറ്റില്‍ എഞ്ചിന്‍ ഓഫ്
ഡല്‍ഹിയില്‍ അതിരൂക്ഷമായ അന്തരീക്ഷ മാലിന്യം ഉണ്ടാകുന്നു എന്നത് കഴിഞ്ഞ വര്‍ഷത്തെ ഭീകരാന്തരീക്ഷത്തെ ഓര്‍മ്മിപ്പിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളിലെ വയലുകളിലെ കൃഷിക്ക് ശേഷമുള്ള അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് പതിവ് പോലെ ഇക്കുറിയും തുടങ്ങിയിട്ടുണ്ട്. നിയമം മൂലം അത് തടയപ്പെട്ടിട്ടുണ്ടെങ്കിലും സംസ്ഥാനങ്ങള്‍ അത് ഗൗരവത്തിലല്ല എടുത്തിരിക്കുന്നത്. ക്യഷിയിങ്ങെളിലെ തീയിടല്‍ തടയുവാന്‍ ഡല്‍ഹിയോട് ചേര്‍ന്ന സംസ്ഥാന സര്‍ക്കാരുകള്‍ താത്പര്യം കാണിക്കുന്നില്ല. ഇതിന്‍റെ പ്രത്യാഘാതം രാജ്യ തലസ്ഥാനത്താണ് കൂടുതലായി ഉണ്ടാക്കുന്നത്. പുകമഞ്ഞ് കൊണ്ട് ഡല്‍ഹി മൂടുവാന്‍ തുടങ്ങിയിട്ടുണ്ട്. ഡല്‍ഹിക്ക് ചുറ്റുമായി രണ്ടായിരത്തിലേറെ ഇഷ്ടിക ചൂളകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ വ്യവസ്ഥകള്‍ ധിക്കരിച്ചാണ് ശ്വാസം മുട്ടുന്ന അവസ്ഥയിലേയ്ക്ക് കഴിഞ്ഞ തവണ പോയിരുന്നു. ഡല്‍ഹിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളാണ് ഡല്‍ഹി സര്‍ക്കാര്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കാന്‍ സര്‍ക്കാരുകള്‍ കാര്യമായി ശ്രമിക്കുന്നുണ്ട്. അതിന്‍റെ ഭാഗമായി ഡല്‍ഹിയിലെ ആയിരക്കണക്കിനുള്ള സിഗിനലുകളില്‍ വാഹനങ്ങള്‍ ഓഫാക്കിയിടണം എന്ന ആഹ്വാനമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിനുള്ള കാമ്പേയിനുകള്‍ നടക്കുകയാണ്. പ്രശ്നം ഇക്കുറി എത്ര ഗുരുതരമാകുമെന്ന ആശങ്ക ജനങ്ങളിലും ഉണ്ട്. കൊറോണ വൈറസ് പോലെ മലിനീകരണവും ഡല്‍ഹി ജനങ്ങള്‍ക്ക് മുന്നിലെ ഭീഷണിയാണ്.

എച്ച്ബിഒയും ഡബ്ലിയുബിയും ഇന്ത്യ വിടുന്നു
രാജ്യത്ത് മികച്ച ഇംഗ്ലീഷ് സിനിമകള്‍ സമ്മാനിച്ച എച്ച്ബിഒയും ഡബ്ലിയുബിയും ഇന്ത്യയിലെ സേവനം ഡിസംബര്‍ 15 മുതല്‍ നിര്‍ത്തുകയാണ്. വര്‍ണര്‍ മീഡിയ ഇന്‍റര്‍നാഷ്ണലിന്‍റെ ഉടസ്ഥതയിലാണ് രണ്ട് ചാനലുകളും. ഇന്ത്യയില്‍ വലിയ സ്വീകാര്യതയായിരുന്നു ഈ രണ്ട് ചാനലുകള്‍ക്കും ഉണ്ടായിരുന്നത്. മലയാള സിനിമാ പ്രവര്‍ത്തകരുടെ പ്രിയ ചാനലുകളായിരുന്നു രണ്ടും. ലോകത്തെ മികച്ച ക്ലാസിക്ക് സിനിമകളാണ് ഇരു ചാനലുകളിലൂടെ പ്രക്ഷേപണം ചെയ്തിരുന്നത്. ഇവരുടെ തന്നെ കുട്ടികളുടെ ചാനലുകളായ കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്കും പോഗോയും പ്രക്ഷേപണം തുടരും.