കര്‍ഷകര്‍ പറഞ്ഞു. ഡല്‍ഹി ചലോ...
വിജയ് ചൗക്ക് @ 70 @ മെട്രോ വാര്‍ത്ത നവംബര്‍ 27
സുധീര്‍നാഥ്
കേന്ദ്ര സര്‍ക്കാര്‍ സെപ്തംബര്‍ 26ന് കൊണ്ടു വന്ന മൂന്ന് കര്‍ഷക ബില്ലിനെതിരെ രാജ്യവ്യാപകമായി കര്‍ഷകര്‍ സമരം തുടങ്ങിയത് അന്നുമുതല്‍ വലിയ ചര്‍ച്ചയായിരുന്നു. സമരത്തിന്‍റെ ശക്തി കൂട്ടി കൊണ്ടാണ് ഇപ്പോള്‍ വടക്കേ ഇന്ത്യയിലെ കര്‍ഷകള്‍ പ്രധാനമായും ഡല്‍ഹി ചലോ സമരവുമായി മുന്നോട്ട് പോകുന്നത്. വടക്കേ ഇന്ത്യയിലെ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് ഇപ്പോള്‍ ഡല്‍ഹി ചലോ സമരത്തില്‍ പങ്കാളിയായി നീങ്ങുന്നത്. അതാണ് ഇന്നത്തെ ദേശിയ രാഷ്ട്രീയത്തിലെ ചര്‍ച്ചാ വിഷയം. കേന്ദ്രം കൊണ്ടു വന്ന മൂന്ന് കര്‍ഷക ബില്ലുകള്‍ പിന്‍ വലിക്കണം എന്നതാണ് സമരക്കാരായ കര്‍ഷകരുടെ ആവശ്യം. വടക്കേ ഇന്ത്യയില്‍ നിന്ന് കര്‍ഷകര്‍ തുടങ്ങിയ സമരം രാജ്യത്തിന്‍റെ എല്ലാ പ്രദേശങ്ങളിലേയ്ക്കും ഇപ്പോള്‍ പടര്‍ന്ന് കയറിയിരിക്കുന്നു. പൗരത്ത്വ ബില്ലിനെതിരെയുള്ള സമരത്തേക്കാള്‍ ശക്തമാകുകയാണ് കര്‍ഷക സമരം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഡല്‍ഹി ചലോ സമരത്തിന് പഞ്ചാബ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ പിന്തുണ നല്‍കുന്നുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നിയന്ത്രണത്തിലുള്ള ഉത്തര്‍ പ്രദേശ് ഹരിയാന സര്‍ക്കാരുകള്‍ കര്‍ഷക സമരത്തിനെ നിര്‍വീര്യമാക്കാന്‍ പരാജയപ്പെട്ടു. ഡല്‍ഹിയിലെ ഒന്‍പത് ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ ജയിലുകള്‍ ആക്കണമെന്ന ആവശ്യം കേന്ദ്രത്തിന് കീഴില്‍ പ്രവ?ത്തിക്കുന്ന ഡല്‍ഹി പോലീസ് ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പക്ഷെ ആംആദ്മി ഭരിക്കുന്ന ഡല്‍ഹി സര്‍ക്കാര്‍ അതിന് അനുമതി നല്‍കിയില്ല.
പഞ്ചാബിലെ കര്‍ഷകര്‍, ബില്ല് പാസായതിന് പിന്നാലെ ഒക്ടോബര്‍ ഒന്നു മുതല്‍ തുടങ്ങിയ സമരമാണ് റെയില്‍ റുക്കോ (തീവണ്ടി തടയല്‍ സമരം). സമരം രണ്ടു മാസത്തോളമായി റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. പഞ്ചാബ് ഹരിയാന അതിര്‍ത്തിയിലെ ശംബു റെയില്‍വേ സ്റ്റേഷനിലാണ് ശക്തമായ സമരം നടന്ന ഒരു പ്രധാന കേന്ദ്രം. അതിന് കാരണവുമുണ്ട്. ശംബു റെയില്‍വേ സ്റ്റേഷന്‍ കടന്നല്ലാതെ തീവണ്ടികള്‍ക്ക് വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിലേയ്ക്ക് പോകുവാന്‍ സാധിക്കില്ല. മറ്റ് പല സ്റ്റേഷനുകളിലും കേന്ദ്രീകരിച്ച് സമാന സമരങ്ങള്‍ നടന്നു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക നേതാക്കളെ ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചു. ചര്‍ച്ചയ്ക്കെത്തിയ അവര്‍ ഉദ്യോഗസ്ഥരെ മാത്രമാണ് കണ്ടത്. അവര്‍ പ്രതിഷേധിച്ച് ചര്‍ച്ച ബഹിഷ്ക്കരിച്ചു. കേന്ദ്ര മന്ത്രിമാര്‍ പങ്കെടുത്ത് പിന്നീട് നടത്തിയ ചര്‍ച്ചകള്‍ വിജയിച്ചില്ല. നവംബര്‍ മൂന്നാം വാരം അവസാനിച്ചപ്പോള്‍ സമരം ചെയ്യുന്നവരുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ചര്‍ച്ച നടത്തി. പതിനഞ്ച് ദിവസം സമരത്തിന് അവധി നല്‍കാമെന്ന് കര്‍ഷകര്‍ സമ്മതിച്ചതോടെ 23 മുതല്‍ യാത്രാ, ചരക്ക് തീവണ്ടികള്‍ ഓടി തുടങ്ങി. കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരുമെന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. റെയില്‍വേയ്ക്ക് കോടികളുടെ നഷ്ടമാണ് സമരം മൂലം ഉണ്ടായിരിക്കുന്നത്.
മുന്‍പേ തീരുമാനിച്ച സമരമാണ് 26, 27 തിയതികളിലെ ഡല്‍ഹി ചലോ സമരം. അത് നടന്നപ്പോഴാണ് ഡല്‍ഹി അതിര്‍ത്തികള്‍ അടച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധം തീര്‍ത്തത്. ഡല്‍ഹിക്ക് ചുറ്റിനുമുള്ള അതിര്‍ത്തികള്‍ അടയ്ക്കപ്പെട്ടു. സമരവുമായി ഡല്‍ഹി ലക്ഷ്യം വെച്ച് വരുന്ന കര്‍ഷക സമരക്കാരെ തടയാന്‍ യുദ്ധ സന്നാഹമാണ് ഒരുക്കിയത്. ഡല്‍ഹി അതിര്‍ത്തികളില്‍ യന്ത്രത്തോക്കുകളുമായി പട്ടാളം നിറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് കീഴിലെ ഡല്‍ഹി പോലീസും അതിര്‍ത്തികളില്‍ എത്തി. റോഡുകള്‍ മണ്ണുകള്‍ ഇട്ട് അതിര്‍ത്തികളിലുള്ള ഗതാഗതം തടയാന്‍ ശ്രമം നടത്തി. വലിയ ബാരിക്കേഡുകള്‍ വച്ചു. മുള്ളു കമ്പികള്‍ ചുറ്റിയ കോണ്‍ക്രീറ്റ് സ്ലാബുകള്‍ നിരത്തി. ഇത് ഇന്ത്യയുടെ അതിര്‍ത്തി കാക്കുവാന്‍ ആയിരുന്നില്ല എന്നതാണ് ഏറ്റവും രസകരമായത്. ഇന്ത്യന്‍ കര്‍ഷകരുടെ സമരത്തെ തടുക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമമായിരുന്നു അത്. സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ വളരെ ശക്തമായി തന്നെയാണ് പ്രതിഷേധങ്ങളുമായി അതിര്‍ത്തികളില്‍ തങ്ങിയത്. രാത്രി ദേശീയസംസ്ഥാന ഹൈവേകളില്‍ തമ്പടിച്ച് കര്‍ഷകര്‍ സമരം ശക്തമാക്കി. ഏറെനാള്‍ സമരം ചെയ്യുന്നതിനുള്ള സാധനങ്ങളുമായി ഇറങ്ങിത്തിരിച്ച കര്‍ഷകരുടെ സംഘങ്ങളാണ് ഡല്‍ഹിയിലെ എല്ലാ അതിര്‍ത്തികളിലും.
നവംബര്‍ 27ന് സമരം ശക്തമായി. കര്‍ഷകര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് എറിഞ്ഞു. കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു, ടിയര്‍ ഗ്യാസ് ഉപയോഗിച്ചു, ലാത്തിച്ചാര്‍ജ് നടന്നു. പക്ഷേ കര്‍ഷകര്‍ പിന്തിരിഞ്ഞില്ല. അവരുടെ ട്രാക്ടറുകള്‍ പോലീസ് വലയം തകര്‍ത്തു. ഒടുവില്‍ സമരക്കാരെ ഡല്‍ഹി അതിര്‍ത്തി കടക്കുവാന്‍ ഡല്‍ഹി പോലീസ് സമ്മതിച്ചു. ഡല്‍ഹിയിലെ കൊടുംതണുപ്പിനെ അവഗണിച്ചാണ് കര്‍ഷകര്‍ രാപകല്‍ സമരം നടത്തിയത്. അവരുടെ കര്‍ക്കശമായ നിലപാടുകള്‍ ഭരണകൂടത്തെ വിറപ്പിച്ചു. കാരണം, സമരക്കാരുടെ എണ്ണം കൂടിയതും, സമരം വ്യാപകമായി പടര്‍ന്ന് തുടങ്ങിയതുമാണ്. ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുമടക്കി. വടക്കന്‍ ഡല്‍ഹിയിലെ ബുറാഡിയിലെ നിതം മൈതാനിയില്‍ പ്രതിഷേധം നടത്താന്‍ കര്‍ഷകര്‍ക്ക് പോലീസ് അനുമതി നല്‍കി. ഡിസംബര്‍ 3ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്താമെന്ന് സമ്മതിച്ചിട്ടുണ്ട്.
കര്‍ഷക ബില്ല് നമ്മുടെ കേരളത്തെ കാര്യമായി ബാധിക്കില്ല എന്നാണ് മനസിലാക്കേണ്ടത്. പക്ഷെ ഏക്കറ് കണക്കിന് ഭൂമിയില്‍ ക്യഷി ചെയ്യുന്ന വടക്കേ ഇന്ത്യയിലെ കര്‍ഷകരെ ഇത് കാര്യമായി ബാധിക്കും. കേരളത്തിലെ കര്‍ഷകര്‍ അവരുല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്ത്പന്നങ്ങള്‍ നേരിട്ട് തന്നെയാണ് കച്ചവടം നടത്തുന്നത്. വളരെ അപൂര്‍വ്വമായി മാത്രമേ ഇടനിലക്കാരുള്ളൂ. വടക്കേ ഇന്ത്യയിലെ സ്ഥിതി അതല്ല. കര്‍ഷകര്‍ക്ക് ഗുണമാണെന്ന് വാദിക്കുന്ന സര്‍ക്കാരിന്‍റെ നീക്കം ഏറ്റവും ഗുണം ചെയ്യുക കാര്‍ഷിക ഉത്പന്നങ്ങളുടെ വിതരണം ഏറ്റെടുത്ത കോര്‍പ്പറേറ്റുകള്‍ക്കാണ്. റിലയന്‍സ്, അദാനി, ബിര്‍ള ഗ്രൂപ്പുകള്‍ക്ക് വന്‍ നേട്ടമാണ് പുതിയ ബില്ലുകള്‍ സമ്മാനിക്കുന്നത്. ഇവിടെ ഇക്കാലമത്രയും ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്ന ഏജന്‍റുമാര്‍ക്ക് വന്‍ നഷ്ടം ഉണ്ടാകും.
വടക്കേ ഇന്ത്യയിലെ മൊത്ത വ്യാപാര മേഖലയുടെ കുത്തക ഇല്ലാതാക്കുക എന്നതാണ് പുതുതായി കൊണ്ടു വന്ന മൂന്ന് കാര്‍ഷിക ബില്ലു വഴി സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് ഈ നിയമം പരിരക്ഷ നല്‍കും. കര്‍ഷക ഉത്പന്നങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യാതൊരു നികുതിയും ഈടാക്കാന്‍ സാധിക്കില്ല. ഇത് വാങ്ങുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യും. ഈ ഗുണം കൂടുതലായി ലഭിക്കുക കോര്‍പ്പറേറ്റുകള്‍ക്കാണ്. പരമ്പരാഗതമായുള്ള വടക്കേ ഇന്ത്യയിലെ കര്‍ഷക മാര്‍ക്കറ്റുകളുടെ നിയന്ത്രണം ഇല്ലാതാകുന്നു എന്നത് കര്‍ഷകര്‍ക്കും ആശങ്ക ഉണ്ട്. അത് തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ല.
കര്‍ഷക ഉല്‍പ്പന്നങ്ങള്‍ക്ക് മിനിമം സപ്പോര്‍ട്ട് പ്രെെസ് (എം.എസ്.പി) മുന്‍പ് ഉണ്ടായിരുന്നത് ആശ്വാസമായിരുന്നു. പുതിയ ബില്ലില്‍ എം.എസ്.പിയെ കുറിച്ച് പരാമര്‍ശമില്ല. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്ക് എന്നുള്ളത് ബില്ലില്‍ നിന്ന് അപ്രത്യക്ഷമായത് സ്വാഭാവികമായും ആശങ്കകള്‍ ഉണ്ടാക്കുന്നു. കര്‍ഷകര്‍ക്ക് സംരക്ഷണം ആയ ഒരു നിലപാട് ബില്ലില്ല എന്ന് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് ശക്തി കൂടുന്നത് ഇത് കാരണമാണ്. പൊതു വിപണിയില്‍ കര്‍ഷകരുടെ ഉത്ത്പന്നങ്ങള്‍ എത്ര ശതമാനം കൂട്ടി വില്‍ക്കാം എന്നതിനും ബില്ലില്‍ വ്യവസ്ഥ ഇല്ല. പണ്ടേ ചൂഷണം ചെയ്യപ്പെടുന്ന കര്‍ഷകര്‍ക്ക് വീണ്ടും മറ്റൊരു മേഖലയില്‍ നിന്ന് ചൂഷണം നേരിടും എന്നത് മാത്രമാണ് വ്യത്യാസം.
കാര്‍ഷിക ശാക്തീകരണ സംരക്ഷ ബില്ലാണ് രണ്ടാമത്തേത്. കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ നിലപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്നതായി ആക്ഷേപം വ്യാപകമാണ്. ഇങ്ങനെയുള്ള സാഹചര്യം നിലനില്‍ക്കെയാണ് കാര്‍ഷിക ശാക്തീകരണ സംരക്ഷ ബില്ല് വിമര്‍ശനത്തന് വിധേയമാകുന്നത്. കര്‍ഷകര്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വാങ്ങുന്നവരുമായി ഒരു കാര്‍ഷിക സീസണ്‍ മുതല്‍ അഞ്ച് വര്‍ഷം വരെ കരാറില്‍ ഒപ്പിടാം എന്ന് ബില്ല് നിഷ്കര്‍ഷിക്കുന്നു. വന്‍കിടക്കാര്‍ ആവശ്യപ്പെടുന്ന ഉത്പന്നം അവര്‍ പറയുന്ന രീതിയില്‍, അവര്‍ പറയുന്ന അളവില്‍ കരാറില്‍ ഏര്‍പ്പെടുന്ന കര്‍ഷകര്‍ ഉത്പാദിപ്പിച്ച് നല്‍കണം. ഇത് ഈരംഗത്തെ വന്‍കിടക്കാര്‍ക്കായി എഴുതപ്പെട്ടതാണെന്ന് കര്‍ഷകര്‍ വാദിക്കുന്നു. കര്‍ഷകര്‍ക്കുള്ള സ്വാതന്ത്ര്യമാണ് ഇവിടെ ഹനിക്കപ്പെടുന്നത് എന്ന ആശങ്ക അവര്‍ക്കുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന മൂന്ന് കര്‍ഷക ബില്ലിനെതിരെ പഞ്ചാബ് സര്‍ക്കാര്‍ പ്രത്യേക യോഗം ചേര്‍ന്ന് കേന്ദ്ര നിയമത്തെ എതിര്‍ത്തിരുന്നു. കാര്‍ഷിക രംഗത്ത് പഞ്ചാബിലെ കര്‍ഷകര്‍ക്ക് കേന്ദ്ര നിയമം ബാദകമല്ല എന്ന നിയമം പാസാക്കി. ഹരിയാനയിലെ കര്‍ഷകരും ഇങ്ങനെ ഒരു നിയമത്തിനായി സര്‍ക്കാരിനെ സമീപിച്ചിരുന്നു. പക്ഷെ അവര്‍ക്ക് അനുകൂല മറുപടി ലഭിച്ചില്ല. ഹരിയാന സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന പല പാര്‍ട്ടികളുടെ നിലപാടുകള്‍ വരും ദിവസങ്ങളില്‍ സര്‍ക്കാരിന്‍റെ പതനത്തിന് കാരണമാകും എന്ന സംസാരവും ഉണ്ട്.
