ബീഹാറില്‍ നടന്ന മാമാങ്കം
സുധീര്‍ നാഥ്
(കേരള ശബ്ദം)
കൊറോണ വൈറസ് വ്യാപകമായി പടരുന്നതിന്നിടയില്‍ ലോകത്തെ ഭരണകൂടങ്ങള്‍ ജന ജീവിതത്തിനു മേല്‍ ഏകാധിപത്യത്തിന്‍റെ ഇരുമ്പു മുഷ്ടി പ്രയോഗിച്ചത് നമ്മള്‍ കണ്ടതാണ്. ഇതിനെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് ഭരണത്തിലുണ്ടായ അമേരിക്കന്‍ പ്രസിഡന്‍റും, ബീഹാര്‍ മുഖ്യമന്ത്രിയും അടിയറവ് പറഞ്ഞിരിക്കുന്നത്. ട്രംപിന്‍റെ വീഴ്ച്ച നരേന്ദ്ര മോദിക്ക് ഞെട്ടലും, നിതീഷിന്‍റെ വീഴ്ച്ച ചിരിയും സമ്മാനിച്ചു. 18 മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ബീഹാറിലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ നിതീഷും, മോദിയും ഒരുമിച്ച് നിന്ന് തൂത്ത് വാരിയ ചിത്രം മാഞ്ഞു പോയിട്ടില്ല. അതേ അങ്കത്തട്ടിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. മുന്നണിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മറ നീക്കി പുറത്ത് വന്നു. അത് തിരഞ്ഞെടുപ്പ് ഫലത്തെ ക്യത്യമായി ബാധിച്ചു.
നിതീഷിനെ ബീഹാറിലെ മുഖ്യമന്ത്രിയാക്കും എന്ന് ബി.ജെ.പി പ്രഖ്യാപിച്ചിരിക്കയാണ്. നിലവിലെ സാഹചര്യത്തില്‍ വലിയ സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവിലാണ് നിതീഷ്. ബി.ജെ.പി നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോള്‍ സാധ്യമല്ല എന്ന് പറഞ്ഞ നിതീഷിന് ബി.ജെ.പി പറയുന്നതൊക്കെ ചെയ്താല്‍ മാത്രമേ മുഖ്യമന്തി ആകുവാന്‍ സാധിക്കൂ. നിതീഷിനെ കൊണ്ട് തന്നെ ബി.ജെ.പി മുഖ്യമന്ത്രി പദം ഏല്‍പ്പിക്കുന്ന സാഹചര്യം ഉണ്ടാക്കുക എന്ന നിലപാടാണ് സ്വീകരിക്കുക. അദ്ദേഹത്തിന്‍റെ സ്വഭാവം വെച്ചിട്ട് അങ്ങിനെ താഴ്ന്ന് കൊടുക്കാന്‍ തയ്യാറാകില്ല. ബി.ജെ.പിയും, ആര്‍.എസ്,എസും ശക്തമായ നിയന്ത്രണങ്ങള്‍ നിതീഷിന് മേല്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല. മുഖ്യമന്ത്രി സ്ഥാനം നിതീഷ് തന്നെ ബി.ജെ.പിക്ക് ഉടനെ നല്‍കുകയോ, കുറച്ച് നാളുകള്‍ക്ക് ശേഷം നല്‍കുകയോ ഉണ്ടാകും. നിതീഷിനെ മുഖ്യമന്ത്രിയാക്കി ഭരണ തുടര്‍ച്ച പ്രഖ്യാപിക്കുക എന്നതാണ് ബി.ജെ.പി കേന്ദ്ര നേത്യത്ത്വത്തിന്‍റെ ലക്ഷ്യം. നിതീഷിനെ കേന്ദ്രത്തില്‍ മന്ത്രിയാക്കി ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനുള്ള സാധ്യതയാണ് കൂടുതല്‍. രാം വിലാസ് പസ്വാന്‍റെ ഒഴിവ് കേന്ദ്രത്തില്‍ ഇപ്പോഴുണ്ട്.
നിതീഷ് വീണതോ, വീഴ്ത്തിയതോ...?
ബീഹാറില്‍ നിതീഷ് കുമാര്‍ വീഴുകയായിരുന്നില്ല. വീഴ്ത്തുകയായിരുന്നു എന്നു വേണം പറയുവാന്‍. കഴിഞ്ഞ തവണ ബിജെപിക്ക് എതിര്‍പക്ഷമായ മഹാസഖ്യത്തിന്‍റെ തണലില്‍ ജയിച്ച് മുഖ്യമന്ത്രിയാകുകയും, പിന്നീട് മഹാസഖ്യം വിട്ട് ബി.ജെ.പി. പിന്തുണയോടെ മുഖ്യമന്ത്രിയായി ബീഹാര്‍ ഭരിച്ച വ്യക്തിയാണ് നിതീഷ്. നല്ല സ്വാദീനം ബീഹാറിലുള്ള വ്യക്തിയാണ് അദ്ദേഹം. മണ്ഠല്‍ രാഷ്ട്രീയ കാറ്റ് പലരേയും സോഷ്യലിസ്റ്റ് ആശയങ്ങള്‍ വഴി അധികാരത്തില്‍ കയറ്റി. അത് ബീഹറില്‍ ശക്തമായ സോഷ്യലിസ്റ്റ് അലകളുണ്ടാക്കിയിരുന്നു. അങ്ങിനെ ഭരണം നേടിയവരിലെ അധികാരത്തില്‍ ബാക്കിയുള്ള ഏക രാഷ്ട്രീയ നേതാവ് നിതിഷ് കുമാര്‍ മാത്രമായിരുന്നു. 2015ല്‍ 71 സീറ്റില്‍ ജയിച്ച നിതീഷിന്‍റെ ജെ.ഡി.യു 43 സീറ്റില്‍ മാത്രമാണ് ജയിച്ചത്. നിതീഷിന്‍റെ പതനത്തോടെ അത് ചരിത്രമായി. വികസനവും സുതാര്യവും സല്‍ഭരണവും എന്ന മാന്ത്രിക വാക്കുകള്‍ വ്യാപകമായി പ്രചരിപ്പിച്ചാണ് നിതീഷ് കഴിഞ്ഞ 15 വര്‍ഷം ബീഹാര്‍ ഭരിച്ചത്.
അധികാര രാഷ്ട്രീയത്തിന്‍റെ കൂടെ നിന്ന് എപ്പോഴും കളം മാറി ചവിട്ടുന്ന അടുത്ത കാലത്ത് അന്തരിച്ച ലോക് ജനശക്തി പാര്‍ട്ടി (എല്‍,ജെ.പി) നേതാവ് രാം വിലാസ് പസ്വാന്‍റെ മകന്‍ ചിരാഗ് പസ്വാന്‍റെ നിലപാടുകള്‍ നിതീഷിന്‍റെ ചുവടുകള്‍ക്ക് വലിയ പ്രഹരമായിരുന്നു. എല്‍.ജെ.പിയെ ഉപയോഗിച്ച് ജെ.ഡി.യു. എം.എല്‍.എമാരുടെ എണ്ണം കുറക്കാന്‍ ബി.ജെ.പി. ശ്രമിക്കുന്നു, ബി.ജെ.പി. പിന്തുണയോടെയാണ് ചിരാഗ് നിലപാടെടുത്തത് തുടങ്ങിയ ആക്ഷേപം വ്യാപകമായി ഉണ്ട്. അത് എതിര്‍ക്കാന്‍ ആരും വന്നിട്ടില്ല. ചിരാഗിനെതിരെ ബി.ജെ.പി. ഒരു അച്ചടക്ക നടപടിയും സ്വീകരിച്ചിട്ടില്ല. ബീഹാറില്‍ നിതിഷ് കുമാറിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതിതോടൊപ്പം ബീഹാറിലും കേന്ദ്രത്തിലും തങ്ങളുടെ പാര്‍ട്ടി ബി.ജ.പിയോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഒപ്പം നില്‍ക്കുമെന്നാണ് ചിരാഗ് പാസ്വാന്‍ പ്രഖ്യാപിച്ച നിലപാട്.
നിതീഷ് കഴിഞ്ഞ തവണ മോദിയെ മുന്നില്‍ നിര്‍ത്തി ഭരിക്കാന്‍ തയ്യാറായിരുന്നില്ല. സ്വന്തം വ്യക്തിത്ത്വം കൊണ്ട് ബീഹാര്‍ ഭരിക്കാം എന്ന് നിതീഷ് വിശ്വസിച്ചു. എന്നാല്‍ ഇക്കുറി മോദിക്ക് പിന്നില്‍ നിന്നായിരുന്നു നിതീഷിന്‍റെ പ്രചരണം. എല്‍.ജെ.പി ഇത്തവണ ലക്ഷ്യം വെച്ചത് നിതീഷിന്‍റെ പതനമാണ്. പല മണ്ഡലങ്ങളിലും എല്‍.ജെ.പി ക്ക് സ്വാധീനമുണ്ടായിരുന്നത് നിതീഷിന്‍റെ പതനത്തിന് കാരണമായിട്ടുണ്ട്. ബി.ജെ.പിക്കെതിരെ മത്സരമില്ലെന്ന് ചിരാഗ് പാസ്വാന്‍ ഇലക്ഷന് മുന്‍പേ പ്രഖ്യാപിച്ചിരുന്നു. ബീഹാറിലെ സഖ്യത്തില്‍ നിന്ന് എല്‍.ജെ.പി. അകലാന്‍ കാരണക്കാരനായ നിതിഷിനെ തോല്‍പ്പിക്കാന്‍ സ്വന്തം വേട്ടുകള്‍ അവര്‍ എതിര്‍ പക്ഷത്തേക്കു മറിച്ചതായാണ് കണക്കാക്കല്‍. നിതിഷുമായി ഒരേയൊരു സീറ്റിന്‍റെ കുറവില്‍ മത്സരിക്കുന്ന ബി.ജെ.പി. ചിരാഗ് പാസ്വാനെ ഉപയോഗിച്ച് നിതിഷിന്‍റെ സീറ്റുകള്‍ കുറക്കുകയും എന്‍.ഡി.എ ഭൂരിപക്ഷം നേടുമ്പാള്‍ മുഖ്യമന്ത്രിസ്ഥാനത്തിനുള്ള നിതിഷിന്‍റെ അവകാശ ശക്തി കുറക്കുകയും ചെയ്യുക എന്നതാണ്. ലക്ഷ്യമിട്ടത്. അത് അവര്‍ സാധിച്ചെടുക്കുകയും ചെയ്തു. എല്‍ജെപി ഒരു സീറ്റില്‍ മാത്രം ജയിച്ച് ജെ.ഡി.യുവിനെ തകര്‍ത്തതാണ് ഈ തിരഞ്ഞെടുപ്പിലെ അവരുടെ നേട്ടം.
നിതീഷ് ബീഹാറില്‍ ശക്തന്‍ തന്നെ.
സാഹചര്യങ്ങള്‍ പ്രതികൂലമായിരുന്നിട്ടും ബീഹാറില്‍ നീതീഷിനെ തുടച്ച് മാറ്റാന്‍ സാധിച്ചില്ല എന്നതാണ് ഫലം പൂര്‍ണ്ണമായും പുറത്ത് വരുമ്പോള്‍ മനസിലാകുന്നത്. കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലത്ത് നിതിഷ് കുമാര്‍ ഭരിച്ച ബീഹാറില്‍ വികസന പ്രവര്‍ത്തികള്‍ ഒട്ടേറെ നടന്നിട്ടുണ്ട്. രാജ്യത്തെ വളര്‍ച്ച സൂചനകളില്‍ ഏറ്റവും താഴെ കിടന്ന ബീഹാര്‍ പല മേഖലകളിലും രാജ്യത്തെ ശരാശരിയോടാപ്പമോ, അതിനു മുകളിലോ എത്തിയിട്ടുണ്ട്. നല്ല റോഡുകള്‍, വൈദ്യുതി, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എന്നീ മേഖലകളില്‍ എടുത്തു കാണിക്കാവുന്ന നേട്ടം അദ്ദേഹത്തന് അവകാശപ്പെടാം.
നിതീഷ് കുമാര്‍ മദ്യനിരാധനം വളരെ ശക്തമായി നടപ്പാക്കിയ സംസ്ഥാനമാണ് ബീഹാര്‍. തന്‍റെ ഭരണ നേട്ടങ്ങളില്‍ വലിയ അഭിമാനമായി നിതിഷ് ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് മദ്യനിരോധനം. 2009 ലെ ലോകസഭാ തെരഞ്ഞെടുപ്പിലും 2010 ലെ അസംബ്ളി തെരഞ്ഞെടുപ്പിലും നരേന്ദ്രമോദിയെ ബീഹാറില്‍ എന്‍.ഡി.എ. വേദികളില്‍ പോലും പ്രസംഗിക്കാന്‍ അനുവദിക്കാതിരുന്ന പ്രതാപമായിരുന്നു നിതിഷിനുണ്ടായിരുന്നത്. നല്ലൊരു ഭാഗം ബീഹാറുകാര്‍ക്കും ഒമ്പതാം കാസ്സ് തോറ്റ തേജസ്വി യാദവിനെ, വിദ്യാസമ്പന്നനും പരിചയസമ്പന്നനുമായ നിതിഷ്കുമാറിന്നു പകരക്കാരനായി കാണാന്‍ പ്രയാസം ഉണ്ട് എന്നത് വലിയ വിഷയം തന്നെയാണ്.
നരേന്ദ്ര മോദി രക്ഷകനായി
മഹാഗഡ്ബന്ധനും, എല്‍.ജെ.പിയുടെ ചിരാഗ് പസ്വാനും നിതീഷ് കുമാറിനെതിരെ ശക്തമായ പ്രചരണം അഴിച്ച് വിട്ടപ്പോള്‍ രക്ഷകനായത് നരേന്ദ്ര മോദിയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ മാജിക്ക് അദ്ദേഹം കാഴ്ച്ചവെച്ചിരിക്കുന്നു. നിതീഷിനെ നിര്‍വീര്യമാക്കി, എന്‍.ഡി.എയെ വിജയിപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലം പിടിച്ചു വാങ്ങി എന്ന ആക്ഷേപം ഒരു ഭാഗത്ത് ഉണ്ട്. കോവിഡ് മഹാമാരിയില്‍ നട്ടം തിരിഞ്ഞ ദിവസ വേതനക്കാരായ തൊഴിലാളികളില്‍ രാജ്യത്ത് പാലായനം ചെയ്ത കാഴ്ച്ച നാം കണ്ടതാണ്. അതില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ എത്തിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് ബീഹാര്‍. വെള്ളപൊക്ക ദുരിതവും, വിലക്കയറ്റവും ഭരണ മുന്നണിക്ക് തിരിച്ചടിയായിരുന്നു. ഇതൊക്കെ മറികടക്കാന്‍ നരേന്ദ്ര മോദിയുടെ പ്രചരണം വഴി സാധിച്ചിട്ടുണ്ട്.
മുസ്ലീം വോട്ടുകള്‍ നിര്‍വീര്യമാക്കിയോ...?
മഹാഗഡ്ബന്ധനും സമാനമായ വന്‍ വോട്ട് ചോര്‍ച്ചയുണ്ടായി. ഒവൈസിയുടെ നേത്യത്ത്വത്തിലുള്ള ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിം (എ.ഐ.എം.ഐ.എം) പാര്‍ട്ടി, ബി.എസ്.പി, രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍.എല്‍.എസ്.പി) എന്നിവരെ കൂട്ടി ഗ്രാന്‍റ് ഡെമോക്രാറ്റിക്ക് സെക്കുലര്‍ മുന്നണി രൂപീകരിച്ചു. ബീഹാറിലെ 233 മണ്ഡലങ്ങളില്‍ ഇരു മുന്നണിക്കും എതിരായി അവര്‍ മത്സരിച്ചിരുന്നു. ആര്‍.ജെ.ഡിക്കും, കോണ്‍ഗ്രസിനും ലഭിക്കേണ്ട മുസ്ലീം, പിന്നോക്ക വോട്ടുകള്‍ ഇവര്‍ സ്വന്തമാക്കിയത് ചുരുങ്ങിയത് 25 മണ്ഡലങ്ങളിലെ മഹാഗഡ്ബന്ധന്‍റ തോല്‍വിക്ക് കാരണമായെന്നാണ് രാഷ്ട്രീയ വിശകലനം. മുസ്ലീം വോട്ടുകള്‍ ധാരാളമുള്ള സീമാഞ്ചല്‍ മേഖലയിലാണ് ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിം പാര്‍ട്ടി ഇരുമുന്നണികളേയും തോല്‍പ്പിച്ചിരിക്കുന്നത്.
എ.ഐ.എം.ഐ.എം അഞ്ച് സീറ്റിലും, ബി.എസ്.പി രണ്ടു സീറ്റിലും ജയിച്ചു. ഇത് ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രമായിരുന്നു എന്ന ആക്ഷേപം ഇല്ലാതില്ല. മുസ്ലീം വോട്ടുകള്‍ ബി.ജെ.പിക്ക് എതിരാകും എന്നത് വളരെ വ്യക്തമാണ്. മഹാഗഡ്ബന്ധന്‍റ സ്ഥാനാര്‍ത്ഥികള്‍ക്ക് മുസ്ലീം വോട്ടുകള്‍ ലഭിക്കാതിരിക്കാനുള്ള ബി.ജെ.പി തന്ത്രമാണ് ഗ്രാന്‍റ് ഡെമോക്രാറ്റിക്ക് സെക്കുലര്‍ മുന്നണിയെ മത്സരിപ്പിക്കുക വഴി നടന്നത് എന്നാണ് സംസാരം.
ബി.ജെ.പിക്ക് മൂന്ന് സഖ്യമോ...?
ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മൂന്ന് സഖ്യങ്ങളുണ്ടാക്കി മത്സരിച്ചു എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം. അങ്ങിനെ സംശയിക്കാവുന്ന കാരണങ്ങള്‍ ഉണ്ട് താനും. ഔദ്യോഗികമായി ജെ.ഡി.യു പങ്കാളിയായ എന്‍.ഡി.എയാണ് ഏറ്റവും മുന്നില്‍. ബി.ജെ.പി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഈ മുന്നണിയുടെ ഭാഗമായി നിന്നാണ്. നിതീഷ് കുമാറിനെ നിര്‍വീര്യമാക്കാന്‍ ചിരാഗ് പസ്വാനെ ചാവേറാക്കി ബീഹാറില്‍ ഇറക്കി വലിയ ആശങ്ക ഉണ്ടാക്കി. ഇതിന് പിന്നില്‍ ബി.ജെ.പിയുടെ കരങ്ങളായിരുന്നു എന്നാണ് സംസാരം. മുസ്ലീം വോട്ടുകള്‍ നിര്‍വീര്യമാക്കാനാണ് ഒ.വൈ.സിയെ മുന്നില്‍ നിര്‍ത്തി ബീഹാറിലെ മൂന്നാമതൊരു സഖ്യം രഹസ്യമായി ബി.ജെ.പി ഉണ്ടാക്കിയതെന്നും സംസാരമുണ്ട്.
തേജസ്വി യാദവിന്‍റെ മുന്നേറ്റം
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസംഖ്യത്തിന്‍റെ മുന്‍നിരയില്‍ ലാലുപ്രസാദ് യാദവിന് പകരക്കാരനായി നിന്ന തേജസ്വി യാദവിനെ നിര്‍ത്തിയപ്പോള്‍ പയ്യന്‍ എന്നാണ് വിശേഷിപ്പിച്ചത്. അഞ്ച് വര്‍ഷം കഴിഞ്ഞ് തേജസ്വി യാദവ് കരുത്തനായതായി കാണാം. 2015 ലെ മഹാഗഡ്ബന്ധനില്‍ ഉണ്ടായിരുന്ന ഉപേദ്ര കൂശവാഹയാണ് തേജസ്വിയുടെ നേതൃത്വം സ്വീകരിക്കാനാവില്ല എന്ന നിലയില്‍ ശബ്ദമുയര്‍ത്തിയത്. അപക്വമതിയായ ചെറുപ്പക്കാരന് മുന്നണിയെ ജയിപ്പിക്കാനാവില്ല എന്ന വാദമാണ് അദ്ദേഹമുയര്‍ത്തിയിരുന്നത്. അദ്ദേഹം ഒവൈസിയോടൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഗ്രാന്‍റ് ഡെമോക്രാറ്റിക്ക് സെക്കുലര്‍ മുന്നണിയില്‍ ചേര്‍ന്ന് മത്സരിച്ചു. അദ്ദേഹത്തിന്‍റെ പാര്‍ട്ടി മത്സരിച്ച എല്ലാ സീറ്റിലും ദയനീയ പരാജയമാണുണ്ടായത്.
കോണ്‍ഗ്രസും ഉപേദ്ര കൂശവാഹയെ പോലെ സമാന അഭിപ്രായം ആദ്യം ഉന്നയിച്ചിരുന്നെങ്കിലും മഹാസഖ്യത്തില്‍ നിന്ന് പോയില്ല. തേജസ്വീ യാദവിന്‍റെ പ്രചാരണ യോഗങ്ങളിലെ ജനക്കൂട്ടം മഹാഗഡ്ബന്ധനില്‍ ആത്മവിശ്വാസം വളര്‍ത്തി. മഹാഗഡ്ബന്ധന്‍ ബീഹാര്‍ ഭരിക്കും എന്ന തേജസ്വി യാദവിന്‍റെ പ്രഖ്യാപനം അണികളില്‍ ആവേശം ഉയര്‍ത്തിയിരുന്നു. തങ്ങള്‍ ജയിച്ചു വന്നാല്‍ 10 ലക്ഷം ഗവണ്‍മെന്‍റ് ഉദ്യോഗങ്ങള്‍ ചെറുപ്പക്കാര്‍ക്കു നല്‍കുന്ന ഫയലിലാണ് ആദ്യം ഒപ്പിടുക എന്നുള്ള തേജസ്വിയുടെ പ്രഖ്യാപനത്തെ തെരഞ്ഞെടുപ്പു റാലികളില്‍ ആരവത്തോടെയാണ് ജനങ്ങള്‍ എതിരേല്‍ക്കുന്നത്. ബീഹാറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലികളില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കൂടിയതും തേജസ്വീ യാദവിന്‍റെതിലാണ്. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ 75 സീറ്റ് നേടി തേജസ്വി യാദവ് ആര്‍.ജെ.ഡിയെ ഏറ്റവും വലിയ ഒറ്റക്ഷിയാക്കി.
അടി തെറ്റിയ വമ്പന്‍മാര്‍.
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശരത് യാദവിന്‍റെ മകള്‍ സുഭാഷിണി യാദവ് കോണ്‍ഗ്രസ് ടിക്കറ്റിലാണ് മത്സരിച്ചത്. അവര്‍ ജെ.ഡി.യുവിനോട് 18,711 വോട്ടിന് തോറ്റു. കോണ്‍ഗ്രസ് ടിക്കറ്റില്‍ തന്നെ മത്സരിച്ച ശത്രുഘ്നന്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹ ബി.ജെ.പിയോട് അടിയറവ് പറഞ്ഞത് 39,000 വോട്ടിനാണ്. രണ്ട് തവണ ശത്രുഘ്നന്‍ സിന്‍ഹയെ പാര്‍ലമെന്‍റില്‍ എത്തിച്ച പട്നസാഹിബ് മണ്ഡലത്തിന്‍റെ ഭാഗമായ ബന്‍കിപ്പൂറില്‍ കന്നി മത്സരത്തില്‍ തന്നെ ദയനീയമായി പരാജയപ്പെട്ടു. ലാലു പ്രസാദ് യാദവിന്‍റെ മകന്‍ തേജ് പ്രതാപ് യാദവിന്‍റെ ആദ്യ ഭാര്യ ഐശ്വര്യയുടെ പിതാവ് ചന്ദ്രിക റായ് ജെഡിയുവിന്‍റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോറ്റു. പപ്പു യാദവ് 15,000 വോട്ടുകള്‍ക്ക് തോറ്റു. മൂന്നാം സ്ഥാനമാണ് പപ്പു യാദവിന് ലഭിച്ചത്. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായ ജയ് കുമാര്‍ സിങ് തോറ്റ് മൂന്നാം സ്ഥാനത്തായി. ജെഡിയു മുന്‍നേതാവ് വിനോദ് ചൗധരിയുടെ മകളാണ് പുഷ്പ പ്രിയം ചൗധരി ബീഹാറിനെ യൂറോപ്പിന് സമാനമാക്കും എന്ന പ്രഖ്യാപനത്തോടെ പുതിയ പാര്‍ട്ടി രൂപീകിച്ച് മത്സരത്തിനിറങ്ങിയതാണ്. ലണ്ടനില്‍ നിന്ന് തിരിച്ചെത്തി ബീഹാറിലെ അരവിന്ദ് കേജരിവാളാകാന്‍ ശ്രമിച്ച അവര്‍ക്ക് 5189 വോട്ടുകള്‍ മാഃമ്രാണ് ലഭിച്ചത്. ഇങ്ങനെ വന്‍ നിര പ്രമുഖരാണ് ഈ തിരഞ്ഞെടുപ്പില്‍ തോറ്റിരിക്കുന്നത്.
കോണ്‍ഗ്രസിന്‍റെ പതനവും, ഇടതിന്‍റെ മുന്നേറ്റവും.
ബീഹാര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പതനവും, ഇടത്പക്ഷ പാര്‍ട്ടികളുടെ മുന്നേറ്റവും ഏറെ ശ്രദ്ധേയമായി. മഹാഗഡ്ബന്ധന്‍റെ ഭാഗമായിരുന്നു രണ്ടും. 243 സീറ്റില്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന്‍റെ വിജയം 19 സീറ്റുകളില്‍ മാത്രമാണ്. 2015ല്‍ 41 സീറ്റില്‍ മത്സരിച്ച് 27 സീറ്റില്‍ ജയിച്ച കോണ്‍ഗ്രസിന് വലിയ തിരിച്ചടി തന്നെയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. മഹാഗഡ്ബന്ധനില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ച് വാങ്ങിയതാണ് 70 സീറ്റുകള്‍ എന്നിടത്താണ് പരാജയത്തിന്‍റെ ശക്തി കഠിനമാകുന്നത്. പരമ്പരാഗത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തി പുതുതായി കുപ്പായം ഇട്ട സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതില്‍ തുടക്കം മുതല്‍ ബീഹാറില്‍ നീരസം ഉണ്ടായിരുന്നതായി മനസിലാക്കാം. പരാജയ കാരണങ്ങളില്‍ ഇതും ഒരു കാരണമായി ചൂണ്ടികാട്ടാം.
സി.പി.ഐ.എം.എല്‍, സി.പി.ഐ.എം, സി.പി.ഐ എന്നീ ഇടത്പക്ഷം മത്സരിച്ച 29ല്‍ 16 സീറ്റിലും വിജയിച്ചാണ് വന്‍ മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്. ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ നിയമസഭാ സീറ്റില്‍ മൂന്ന് എം.എല്‍.എമാര്‍ മാത്രം ഉണ്ടായ സി.പി.ഐ.എം.എല്‍, മത്സരിച്ച 19 സീറ്റില്‍ 12 സീറ്റുകളില്‍ വിജയിച്ചു. ഒരു സീറ്റിലും ജയിക്കാതിരുന്ന സി.പി.ഐ.എം നാല് സീറ്റിലും, സി.പി.ഐ ആറ് സീറ്റിലുമാണ് മത്സരിച്ചത്. ബീഹാറിലെ രാഷ്ട്രീയ പൊതുയോഗങ്ങളില്‍ താരമായ കനയ്യകുമാറിന്‍റെ പ്രചരണം വലിയ സ്വാധീനമാണ് ഉണ്ടാക്കിയിരുന്നത്.
മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഇടത് പക്ഷത്തിന് ലഭിച്ച സീറ്റുകള്‍ പരിശോധിച്ചാല്‍ ഇടത് പക്ഷമുന്നേറ്റം വ്യക്തമാകും. 2005ല്‍ വെറും അഞ്ച് സീറ്റില്‍ ജയിച്ച സി.പി.ഐ.എം.എല്‍ 2010ല്‍ ഒരിടത്ത് പോലും ജയിച്ചില്ല. 2015ല്‍ മൂന്നടത്ത് ജയിച്ച അവര്‍ ഇപ്പോള്‍ 12 മണ്ഡലങ്ങളില്‍ ചെങ്കൊടി പാറിച്ചു. സി.പി.ഐ 2005ല്‍ മൂന്നും, 2010ല്‍ ഒന്നും സീറ്റ് നേടിയിരുന്നു. 2015ല്‍ ഒരു സീറ്റും നേടാത്ത അവര്‍ രണ്ടിടത്താണ് ജയിച്ചിരിക്കുന്നത്. സി.പിഎം 2005ല്‍ ഒരു സീറ്റ് നേടിയിരുന്നു. പിന്നീട് രണ്ട് സീറ്റ് ലഭിക്കുന്നത് ഇപ്പോഴാണ്.
മഹാ ഗഡ്ബന്ധന്‍റെ ഭാഗമായതിനെ കുറിച്ച് സിപിഐഎം.എല്‍ (ലിബറേഷന്‍) ന്‍റെ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ നടത്തിയ പ്രതികരണം. ഈ അവസരം ഞങ്ങള്‍ നഷ്ടപ്പെടുത്തിയാല്‍ ജനാധിപത്യം അതിജീവിക്കില്ല എന്നായിരുന്നു. ഇടതുപാര്‍ട്ടികളെ എഴുതി തള്ളുന്നത് തെറ്റെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് നടന്നതെന്നതായിരുന്നു ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പ്രതികരണം. കോണ്‍ഗ്രസിന് നല്‍കിയ 70 സീറ്റാണ് മഹാഗഡ്ബന്ധന്‍റ പരാജയത്തിന് കാരണമെന്ന സംസാരമുണ്ട്. ഇടത് പക്ഷത്തിന് കൂടുതല്‍ സീറ്റുകള്‍ നല്‍കേണ്ടിയിരുന്നു എന്ന വിലയിരുത്തലിന് ഭാവിയില്‍ ശക്തിപകരുന്ന വിജയമാണ് ബീഹാറില്‍ ഉണ്ടായിരിക്കുന്നത്.
കോണ്‍ഗ്രസും, ആര്‍.ജെ.ഡിയും കോടതിയിലേയ്ക്ക്.
ബീഹാര്‍ തിരഞ്ഞെടുന്നിന്‍റെ വോട്ടെണ്ണലില്‍ വലിയ ക്രിത്യമം ചിലയിടങ്ങളില്‍ നടന്നതായി പരാതി ഉയര്‍ന്ന് കഴിഞ്ഞു. ജയിച്ചതായി പ്രഖ്യാപിച്ച മൂന്ന് ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥികള്‍ തോറ്റതായി പിന്നീട് പ്രഖ്യാപിച്ചത് വലിയ ബഹളത്തിന് കാരണമായി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റില്‍ വിജയിച്ചതായി രേഖപ്പെടുത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥികളോടാണ് നിങ്ങള്‍ പരാജയപ്പെട്ടു എന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. ഉദ്യോഗസ്ഥരെ വ്യാപക തിരഞ്ഞെടുപ്പ് ക്രമക്കേടിനായി ഉപയോഗിച്ചതായുള്ള സൗരവമായ ആരോപണം വരും ദിവസങ്ങളില്‍ ശക്തി പ്രാപിക്കും.
തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ട വിവിധ മണ്ഡലങ്ങളില്‍ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നതായി ആരോപിച്ച് ആര്‍.ജെ.ഡിയും കോണ്‍ഗ്രസും സി.പി.ഐ.എം.എല്ലും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കയാണ്. 119 സീറ്റുകളില്‍ മഹാഗഡ്ബന്ധന്‍ വിജയിച്ചതായി തേജസ്വി യാദവ് പ്രഖ്യാപിച്ചത് ലിസ്റ്റ് പുറത്ത് വിട്ടാണ്. വരും ദിവസങ്ങളില്‍ ബീഹാര്‍ തിരഞ്ഞെടുപ്പ് വലിയ നിയമ പോരാട്ടത്തിന്‍റെ ഭാഗമാകും എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.
