ഇനി തേജസ്വിയുടെ രാഷ്ട്രീയം
വിജയ് ചൗക്ക് @ 68 @ മെട്രോ വാര്‍ത്ത നവംബര്‍ 15
സുധീര്‍നാഥ്
ബീഹര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നരേന്ദ്ര മോദിയുടെ ശക്തമായ ഇടപെടല്‍ മൂലം മാത്രം മുഖം രക്ഷിക്കപ്പെട്ട ഒന്നായി മാറി. ഞായറിഴ്ച്ച എന്‍ഡിഎ മുന്നണി യോഗം ചേര്‍ന്ന് നിതീഷിനെ മുഖ്യമന്ത്രിയാക്കി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ്. മോദിയുടെ രാഷ്ട്രീയ കണക്ക് കൂട്ടല്‍ തന്ത്രം വളരെ ക്യത്ത്യമായി ഫലിച്ചു. ചിരാഗ് പസ്വാനെ ചാവേറാക്കി, നിതീഷ് കുമാര്‍ എന്ന രാഷ്ട്രീയ വന്‍മരത്തിന്‍റെ പല വേരുകളും വെട്ടി. ശക്തനായ നിതീഷിനെ പിഴുതെടുത്ത് ഇല്ലാതാക്കാന്‍ സാധിച്ചില്ല എന്നത് വാസ്ഥവമാണ്. അത്രമാത്രം ശക്തനായിരുന്നു നിതീഷ് ബീഹാറില്‍. നിതീഷിനെ മുഖ്യമങ്ക്രിയാക്കി തുടര്‍ഭരണം നടത്തി ആറ് മാസത്തിനുള്ളില്‍ പുകച്ച് പുറത്തിടും. രാം വിലാസ് പസ്വാന്‍റെ ഒഴിവ് കേന്ദ്രത്തില്‍ നിതീഷിനെ കൊണ്ട് നിരത്തും. ചിരാഗിനെ ബിജെപി സ്വീകരിക്കാനോ, സംരക്ഷിക്കാനോ ഒരു സാധ്യതയും കാണുന്നില്ല.
വിദ്യാഭ്യാസപരമായി തട്ടിച്ച് നോക്കിയാല്‍ എന്‍ജിനിയറായിരുന്ന നിതീഷ് കുമാറിന് ഒന്‍പതാം ക്ലാസ് തോറ്റ തേജസ്വി ഒരിക്കലും പകരക്കാരനാവില്ല. പക്ഷെ രാഷ്ട്രീയത്തില്‍ വിദ്യഭ്യാസത്തിന് വലിയ പ്രസക്തി ഇല്ലെന്നാണ് ബീഹാറികള്‍ കാണിച്ചത്. തേജസ്വി യാദവ് വിളിച്ച പൊതുയോഗങ്ങളില്‍ ആയിരങ്ങള്‍ ഓടി കൂടി. പതിനഞ്ച് മിനിറ്റില്‍ കൂടുതല്‍ പ്രസംഗിക്കില്ലെന്ന് അറിയാവുന്ന ജനങ്ങള്‍ ഈ പതിനഞ്ച് മിനിറ്റുകള്‍ക്കായി കാതു കോര്‍ത്തു. കഴിഞ്ഞ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ 19 പൊതുയോഗങ്ങളിലാണ് തേജസ്വി യാദവ് പ്രസംഗിച്ചത്. ഇത് തന്‍റെ പിതാവ് ലാലു പ്രസാദ് നേടിയ 16 പൊതുയോഗ പ്രസംഗങ്ങളുടെ റക്കോഡ് തിരുത്തുകയായിരുന്നു.
തേജസ്വി യാദവ് നയിച്ച മുന്നണിയുടെ തേരോട്ടം തടയുവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ പാടുപെട്ടു എന്നുതന്നെ വേണം മനസ്സിലാക്കുവാന്‍. മുന്‍പ് നടന്ന തിരഞ്ഞെടുപ്പുകളേക്കാള്‍ വലിയ പ്രവര്‍ത്തനങ്ങള്‍ മോദി കാഴ്ച്ചവെച്ചത് ബീഹാറിലാണ്. ഒരവസരത്തില്‍ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ തോല്‍വി പോലും മണുത്തിരുന്നു മോദി. രാഷ്ട്രീയ കരുനീക്കങ്ങള്‍ പാളി പോയോ എന്ന ചിന്ത രണ്ടാം ഘട്ടമായപ്പോള്‍ ബിജെപിയില്‍ തന്നെ ഉണ്ടായി. ഇരു മുന്നണികള്‍ തമ്മിലുള്ള വോട്ട് വ്യത്യാസം 0.1 ശതമാനം മാത്രമാണ്. പക്ഷെ സീറ്റുകളുടെ വ്യത്യാസം 15 ഉം. 12,270 വോട്ടുകള്‍ മാത്രമാണ് മഹാഗഡ്ബന്ധനെക്കാള്‍ കൂടുതലായി എന്‍ഡിഎയ്ക്ക് ലഭിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ കണക്കുകള്‍ കൊണ്ട് മാത്രമാണ് എന്‍ഡിഎ വിജയിച്ചത്. രാഷ്ട്രീയമായി വിജയിച്ചത് തേജസ്വി യാദവ് നയിച്ച മഹാഗഡ്ബന്ധന്‍ ആണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 130 സീറ്റുകളില്‍ തങ്ങള്‍ ജയിച്ചതായാണ് ഒടുവില്‍ തേജസ്വി യാദവ് പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ കഴിഞ്ഞ ഉടനെ 119 ജയിച്ച സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് തേജസ്വി പുറത്ത് വിട്ടിരുന്നു.
പോസ്റ്റല്‍ ബാലറ്റുകള്‍ വ്യാപകമായി റദ്ദാക്കപ്പെട്ടിരിക്കുന്നു എന്നാണ് തേജസ്വി യാദവ് കുറ്റപ്പെടുത്തുന്നത്. വിദ്യാഭ്യാസവും വിവരവുമുള്ള ആളുകളാണ് ബാലറ്റ് വോട്ടുകള്‍ ചെയ്തിരിക്കുന്നത്. അവര്‍ക്ക് എങ്ങനെ വോട്ട് ചെയ്യാം എന്നറിയാം. തൊള്ളായിരത്തോളം ബാലറ്റ് വോട്ടുകള്‍ അസാധുവായി എന്ന് ഇലക്ഷന്‍ കമ്മിഷന്‍ പ്രഖ്യാപിച്ചതിന് പിന്നില്‍ രാഷ്ട്രീയ കരങ്ങളുണ്ടെന്ന് തേജസ്വി ആരോപിക്കുന്നു. ഹില്‍സ മണ്ഡലത്തില്‍ നിന്ന് ആര്‍ജെഡി സ്ഥാനാര്‍ത്ഥിയായ ആത്രി മുനി തോറ്റത് 12 വോട്ടിനാണ്. ഇവിടെ 551 പോസ്റ്റല്‍ വോട്ടുകളില്‍ 182 എണ്ണമാണ് അസാധുവായി ഇലക്ഷന്‍ കമ്മിഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചില മണ്ഡലങ്ങളില്‍ മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതായി തിരഞ്ഞെടുത്ത കമ്മീഷന്‍ പറയുകയും, അഭിനന്ദിക്കുകയും ഉണ്ടായി. അവരെ അഭിനന്ദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ അവര്‍ തോറ്റതായി പിന്നീട് പറഞ്ഞു. ഇതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ട് എന്നാണ് തേജസ് കുറ്റപ്പെടുത്തുന്നത്. വോട്ടെണ്ണല്‍ നടന്ന നവംബര്‍ 10ന് തന്നെ ഈ ആരോപണം തേജസ്വി ഉയര്‍ത്തുകയും ചെയ്തിരുന്നു.
മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ത്ഥികള്‍ ചെറിയ വോട്ടുകള്‍ക്ക് തോറ്റ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ പോസ്റ്റല്‍ വോട്ടുകള്‍ അസാധു ആയിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടന്ന 243 മണ്ഡലങ്ങളില്‍ 11 ഇടങ്ങളില്‍ വിജയിച്ചത് 1000 വോട്ടുകള്‍ക്ക് താഴെ വോട്ടുകള്‍ക്കാണ്. ഇലക്ട്രോണിക്ക് വോട്ടുകള്‍ എണ്ണുന്നതിന് മുന്‍പായി പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുക എന്നതാണ് രീതി. ബീഹാറിലെ മിക്ക മണ്ഡലങ്ങളിലും നേരെ തിരിച്ചാണ് സംഭവിച്ചിരിക്കുന്നത്. ഏറെ സംശയങ്ങള്‍ക്ക് വഴി തെളിക്കാന്‍ ഇത് കാരണമായി.
മഹാഗഡ്ബന്ധന്‍റെ തിരഞ്ഞെടുപ്പ് പ്രചരണരംഗത്തേയ്ക്കുള്ള വരവിന് മുന്‍പ് സഖ്യകക്ഷികളെ തിരഞ്ഞെടുക്കുന്നതിലില്‍ രാഷ്ട്രീയമായ പല തെറ്റുകളും സംഭവിച്ചു എന്നാണ് രാഷ്ട്രീയമായ വിലയിരുത്തല്‍. മുസ്ലീം വോട്ടുകള്‍ സമാഹരിക്കാന്‍ ഒവൈസിയെ കൂടെ നിര്‍ത്തണമായിരുന്നു. ഒവൈസിയുടെ നേത്യത്ത്വത്തിലുള്ള ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിം (എ.ഐ.എം.ഐ.എം) പാര്‍ട്ടി മുസ്ലീം വോട്ടുകള്‍ ധാരാളമുള്ള സീമാഞ്ചല്‍ മേഖലയിലാണ് ഇരുമുന്നണികളേയും തോല്‍പ്പിച്ചിരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസിനും, ആര്‍ജെഡിക്കും മുസ്ലീം വോട്ടുകള്‍ കൂടെ നില്‍ക്കുമെന്ന് വലിയ വിശ്വാസമായിരുന്നു. ബീഹാറിലെ ചെറു പാര്‍ട്ടികളെ കൂടെ നിര്‍ത്തി മത്സരിപ്പിച്ചിരുന്നെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു. ചെറു പാര്‍ട്ടികളെ ഒഴിവാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് തേജസ്വി യാദവ് ആയിരുന്നു എന്നത് രാഷ്ട്രീയ പരാജയമാണ്.
2015ല്‍ 41 സീറ്റില്‍ മത്സരിച്ച് 27 സീറ്റില്‍ ജയിച്ച കോണ്‍ഗ്രസിന് വലിയ തിരിച്ചടി തന്നെയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഇത്തവണ 19 സീറ്റ് മാത്രമാണ് ലഭിച്ചത്. 70 സീറ്റുകള്‍ മഹാഗഡ്ബന്ധനില്‍ നിന്ന് വാശി പിടിച്ചാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. ശക്തരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സീറ്റ് കൊടുക്കുന്നതിന് പകരം പ്രമുഖരുടെ മക്കള്‍ക്കും ശുപാര്‍ശയില്‍ വന്നവര്‍ക്കും ലഭിച്ച സീറ്റുകള്‍ വീതിച്ച് നല്‍കി. ശരത് യാദവിന്‍റെ മകള്‍ സുഭാഷിണി യാദവ് കോണ്‍ഗ്രസ് ടിക്കറ്റിലാണ് മത്സരിച്ചത്. അവര്‍ ജെ.ഡി.യുവിനോട് 18,711 വോട്ടിന് തോറ്റു. കോണ്‍ഗ്രസ് ടിക്കറ്റില്‍ തന്നെ മത്സരിച്ച ശത്രുഘ്നന്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹ ബി.ജെ.പിയോട് അടിയറവ് പറഞ്ഞത് 39,000 വോട്ടിനാണ്. രണ്ട് തവണ ശത്രുഘ്നന്‍ സിന്‍ഹയെ പാര്‍ലമെന്‍റില്‍ എത്തിച്ച പട്നസാഹിബ് മണ്ഡലത്തിന്‍റെ ഭാഗമായ ബന്‍കിപ്പൂറില്‍ കന്നി മത്സരത്തില്‍ തന്നെ മകന്‍ ദയനീയമായി പരാജയപ്പെട്ടു.
രാഹുല്‍ ഗാന്ധി മാത്രമാണ് കോണ്‍ഗ്രസിന്‍റെ മുഖ്യ പ്രചാരകനായി എത്തിയത്. കോണ്‍ഗ്രസിന് കൂടുതല്‍ ആത്മവിശ്വാസമുണ്ടായതായി രാഹുല്‍ ഗാന്ധിയുടെ പ്രചരണ സമയഞ്ഞെ പല സംഭാഷണങ്ങളിലും വ്യക്തമായിരുന്നു. പക്ഷെ കോണ്‍ഗ്രസിന്‍റെ താഴെ തട്ടിലുള്ള പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പരക്കെ അസംത്യപ്തരായിരുന്നു. അത് തോല്‍വിക്ക് കാരണമായി. ശക്തമായ പ്രചരണം കാഴ്ച്ചവെയ്ക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. കോണ്‍ഗ്രസിന് 70 സീറ്റ് കൊടുത്തതില്‍ ശക്തമായ വിമര്‍ശനം തന്നെയാണ് ഉയര്‍ന്നിരിക്കുന്നത്. സി.പി.ഐ.എം.എല്‍, സി.പി.ഐ.എം, സി.പി.ഐ എന്നീ ഇടത്പക്ഷ പാര്‍ട്ടികള്‍ മത്സരിച്ച 29ല്‍ 16 സീറ്റിലും വിജയിച്ചാണ് വന്‍ മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്. സി.പി.ഐ.എം.എല്‍, മത്സരിച്ച 19 സീറ്റില്‍ 12 സീറ്റുകളില്‍ വിജയിച്ചു. ഒരു സീറ്റിലും ജയിക്കാതിരുന്ന സി.പി.ഐ.എം നാല് സീറ്റിലും, സി.പി.ഐ ആറ് സീറ്റിലുമാണ് മത്സരിച്ചത്. ഇരു പാര്‍ട്ടികളും രണ്ടിടത്താണ് വിജയിച്ചിരിക്കുന്നത്.
ബീഹാറില്‍ നിതീഷ് കുമാറിനെ ഇല്ലാതാക്കുകയായിരുന്നു എന്ന് പറയുന്നതിനൊപ്പം മഹാഗഡ്ബന്ധന്‍റെ തകര്‍ച്ചയും ബിജെപി വെച്ച കെണി കൊണ്ടാണെന്ന സംസാരം ഉണ്ട്. ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മൂന്ന് സഖ്യങ്ങളുണ്ടാക്കി മത്സരിച്ചു എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം. ഔദ്യോഗികമായി ജെ.ഡി.യു പങ്കാളിയായ എന്‍.ഡി.എയാണ് ആദ്യ മുന്നണി. ചിരാഗ് പസ്വാനെ ചാവേറാക്കി ബീഹാറില്‍ ഇറക്കി രണ്ടാമത്തെ മുന്നണി ഉണ്ടാക്കി. മുസ്ലീം വോട്ടുകള്‍ നിര്‍വീര്യമാക്കാനാണ് ഒ.വൈ.സിയെ മുന്നില്‍ നിര്‍ത്തി മൂന്നാമതൊരു മുന്നണി ഉണ്ടാക്കിയത്. ഇത് മഹാഗഡ്ബന്ധന്‍റെ വോട്ടുകളാണ് നിര്‍വീര്യമാക്കിയത്. ബീഹാറില്‍ നല്ല സ്വാദീനമുള്ള വ്യക്തിയാണ് നിതീഷ് കുമാര്‍. മണ്ഠല്‍ രാഷ്ട്രീയം വഴി സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉയര്‍ത്തി ദേശിയ നേതാക്കളായി അധികാരത്തിലേറിയ ശേഷിക്കുന്ന നേതാവാണ് നിതീഷ് കുമാര്‍. 2015ല്‍ 71 സീറ്റില്‍ ജയിച്ച നിതീഷിന്‍റെ ജെ.ഡി.യു 43 സീറ്റില്‍ മാത്രമാണ് ജയിച്ചത്. നിതീഷിന്‍റെ പതനത്തോടെ അത് ചരിത്രമായി.
തേജസ്വി യാദവ് ചെറുപ്പമാണെന്നും, ബീഹാറിന്‍റെ ഭാവിയാണെന്നും ബിജെപി നേതാവ് ഉമാഭാരതി പറഞ്ഞു കഴിഞ്ഞു. വരാനിരിക്കുന്ന ബീഹാര്‍ രാഷ്ട്രീയത്തില്‍ ശക്തനായ വ്യക്താവായി തേജസ്വി മാറിയിരിക്കുന്നു. തേജസ്വി ഇല്ലാതെ ബീഹാര്‍ രാഷ്ട്രീയം ഇനി വായിക്കപ്പെടില്ല. തേജസ്വിയായി തേജസ്വി യാദവ് 2020 ലെ ബീഹര്‍ തിരഞ്ഞെടുപ്പില്‍ തിളങ്ങി എന്ന് രാഷ്ട്രീയ വ്യത്തങ്ങള്‍ വിലയിരുത്തി കഴിഞ്ഞു. വിദേശ മാധ്യമങ്ങള്‍ പോലും തേജസ്വി യാദവ് എന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നേതാവിന്‍റെ പേര് പരാമര്‍ശിക്കുന്നു.
