നമ്മുടെ പെണ്‍ മക്കള്‍
വിജയ് ചൗക്ക് @ 62
സുധീര്‍നാഥ്
മേല്‍ജാതി എന്നും കീഴ്ജാതി എന്നുമുള്ള വേര്‍തിരിവ് നമ്മുടെ രാജ്യത്ത് നിന്ന് ഏതാണ്ട് ഇല്ലാതായി കൊണ്ടിരുന്നു. കേരളത്തില്‍ അത്തരം ഒരു വേര്‍തിരുവ് ഇപ്പോള്‍ ഇല്ലെന്ന് തന്നെ പറയാം. എന്നാല്‍ വടക്കേ ഇന്ത്യയിലെ സ്ഥിതി വളരെ ദയനീയമാണ്. ഇപ്പോള്‍ മേല്‍ജാതിയും, കീഴ്ജാതിയും പൂര്‍വ്വാധികം ശക്തിയായി തിരിച്ചു വന്നു എന്നുതന്നെ വേണം കരുതാന്‍. സമീപകാല വാര്‍ത്തകള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന് പ്രഖ്യാപിക്കപ്പെട്ടിട്ട് നാളുകളേറെയായി. ഒട്ടേറെ സംഭവങ്ങള്‍ ഉദാഹരണമായി നമ്മുടെ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നു. ഡല്‍ഹിയില്‍ നടന്ന കൂട്ടബലാല്‍സംഗം ലോക മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. എന്തുമാത്രം പ്രക്ഷോഭമാണ് അന്ന് നടന്നത്. വിജയ് ചൗക്കില്‍ യുവാക്കള്‍ കൂടിയപ്പോള്‍ ഭരണകൂടം വിറച്ചു. സമാന സാഹചര്യമാണ് ഇപ്പോള്‍ നടക്കുന്നത്. പക്ഷെ അടിച്ചമര്‍ത്തല്‍ ഭീകരമായി ഇപ്പോള്‍ നടക്കുന്നു. ഓരോ ദിവസവും വടക്കേ ഇന്ത്യയിലെ ഓരോ സ്ഥലനാമങ്ങള്‍ ഭീകരതയുടെ മുഖമാകുന്നു. ഉന്നാവാ, ഷാജഹാന്‍പൂര്‍, കത്ര, ഹത്രാസ്...
ആഗസ്റ്റ് മാസത്തല്‍ ഉത്തര്‍പ്രദേശിലെ ലക്കിംപൂര്‍ ജില്ലയില്‍ 20 ദിവസത്തിനിടയില്‍ മൂന്ന് പെണ്‍കുട്ടികളാണ് ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ആഗസ്റ്റ് 14ന് 13 വയസുള്ള കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്ത് കരിമ്പ് ക്യഷിയിടത്തില്‍ കൊന്നിട്ടു. കണ്ണ് കുത്തിപ്പൊട്ടിച്ചെന്നും, നാക്ക് മുറിച്ച് മാറ്റി എന്നും ആരോപണങ്ങള്‍ കുട്ടിയുടെ പിതാവ് ഉയര്‍ത്തി. ആഗസ്റ്റ് 25ന് ഇതേ ജില്ലയില്‍ 17 വയസുകാരി കൂട്ടബലാല്‍സംഗം ചെയ്ത് കൊലചെയ്യപ്പെട്ടു. സെപ്റ്റംബര്‍ 4ന് പിഞ്ചു പെണ്‍കുട്ടിയെയാണ് ബലാല്‍സംഘം ചെയ്ത് കൊന്നത്. സെപ്തംബര്‍ 25 മുതല്‍ ഉത്തര്‍ പ്രദേശിലെ കാന്‍പൂരില്‍ കാണാതായ ദളിത് പെണ്‍കുട്ടിയുടെ വിവസ്ത്രയായ മ്യതശരീരം ഒക്ടോബര്‍ 3ന് പാടശേഖരത്ത് കണ്ടെത്തി.
രാജ്യത്ത് ഒരു ദിവസം പത്ത് ദളിത് പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിന് ഇരയാകുന്നുണ്ടെന്നും, അതില്‍ ഏറ്റവും കൂടുതല്‍ ഉത്തര്‍ പ്രദേശിലാണെന്നും ദേശിയ ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തു വിട്ട രേഖയില്‍ ഉണ്ട്. 1992ല്‍ ബന്‍വാരി ദേവി എന്ന പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ടു. കുറ്റക്കാരായ മേല്‍ജാതിക്കാരെ അറസ്റ്റ് ചെയ്തു. മേല്‍ജാതിയില്‍ പെട്ട ആളുകള്‍ കീഴ്ജാതിക്കാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. കുറ്റം ചെയ്തവര്‍ സ്വതന്ത്രരായി. ദളിത് വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതും, പീഡിപ്പിക്കുന്നവര്‍ മേല്‍ ജാതിയില്‍ പ്പെട്ടവരാണെന്നതും ചര്‍ച്ചയാവണം.
ഡല്‍ഹി സംഭവത്തെ തുടര്‍ന്ന് സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി നിയമം തന്നെ പുതുതായി രൂപം കൊണ്ടു. ഡല്‍ഹിയില്‍ പീഡനം നടത്തിയവരെ തൂക്കിലേറ്റി. എന്നിട്ടും കൂട്ട ബലാല്‍സംഗങ്ങളുടെ എണ്ണം കുറഞ്ഞില്ല. അതിനുശേഷം എത്രയോ പെണ്‍കുട്ടികളാണ് നമ്മുടെ രാജ്യത്ത് പീഡനത്തിന് ഇരയായത്. ഡല്‍ഹിയില്‍ മാത്രമല്ല രാജ്യത്താകമാനവും, എന്തിനേറെ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ കേരളത്തിലെ എത്രയോ പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്... സൂര്യനെല്ലി പെണ്‍കുട്ടി, ജിഷ, സൗമ്യ... എത്രയെത്ര പേരുകള്‍ നമുക്ക് പറയാനുണ്ട്. സ്വന്തം മകളെ പോലും ശാരീരികമായി പീഡിപ്പിച്ച പിതാക്കന്മാര്‍ നമ്മുടെ നാട്ടില്‍ തന്നെ ഉണ്ടെന്നത് എത്രയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. പുരോഹിതന്‍മാര്‍ പീഡകന്‍മാരായത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ആഴ്ച്ച ഡല്‍ഹിയില്‍ ആറ് വയസുകാരിയായ സ്വന്തം മകളെ മലപ്പുറം സ്വദേശിയായ പിതാവ് പീഡിപ്പിച്ചതായി കോട്ടയം സ്വദേശിയായ അമ്മ പരാതിപെട്ട് മാധ്യമങ്ങളുടെ സഹായത്തിനെത്തിയപ്പോള്‍ താഴ്ത്തിയത് ലക്ഷക്കണക്കിന് പ്രവാസി മലയാളികളാണ്.
ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 2017ല്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ നിയമത്തിന്‍റെ മുന്നില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത് കൊന്നത് 2019 ഡിസംബര്‍ മാസത്തിലാണ്. ഉന്നാവോ പീഡനകേസിലെ പെണ്‍കുട്ടിയും കുടുംബവം ഒന്നൊന്നായി ഇല്ലാതായത് 2019ലെ നേര്‍കാഴ്ച്ചയാണ്. ആദ്യം ഇല്ലാതായത് പെണ്‍കുട്ടിയുടെ പിതാവായിരുന്നു. കള്ളകേസില്‍ ജയിലിലായ അദ്ദേഹം ജയിലില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. ഇതിന് സാക്ഷി പറഞ്ഞ വ്യക്തിയും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാളാണ് ഉന്നാവോ ബലാല്‍സംഗക്കേസിലെ കുറ്റക്കാരന്‍. ഇരയായ പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ ആദ്യം അപകടത്തില്‍ പെട്ടു. പെണ്‍കൂട്ടിയുടെ കൂടെയുണ്ടായിരുന്ന അമ്മായിയും, ബന്ധുവും അപകടത്തില്‍ കൊല്ലപ്പെട്ടു. പെണ്‍കുട്ടിയും വാഹനം ഓടിച്ചിരുന്ന അവരുടെ വക്കീല്‍ മഹേന്ദ്ര സിങ്ങും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. ഉന്നാവില്‍ ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ സുരക്ഷയ്ക്ക് വീട്ടില്‍ ഏഴു പൊലീസുകാരെയും യാത്രയില്‍ അകമ്പടിക്ക് മൂന്ന് പോലീസുകാരേയും നിയമിച്ചിരുന്നു. അപകംെ നന്നെപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നു. അപകടം വരുത്തിയ ട്രക്കിന്‍റെ രജിസ്ട്രേഷന്‍ നമ്പര്‍ മറച്ചിരുന്നത് ദുരൂഹത വര്‍ദ്ധിപ്പിച്ചു. പെണ്‍കുട്ടിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ എംഎല്‍എ അയല്‍ വീടിന്‍റെ ചുമരില്‍ സിസിടിവി സ്ഥാപിച്ചത് പോലീസ് കണ്ടെത്തി. ഒടുവിലാണ് പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊന്നത്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. പരാതിക്കാരെ ഇല്ലാതാക്കുന്ന നടപടികള്‍ വടക്കേ ഇന്ത്യയിലെ സ്വാധീനമുള്ളവരുടെ സ്ഥിരം ഏര്‍പ്പാടാണ്. ജീവന് കൊതിയുള്ളവര്‍ പരാതി പറയാതെ ജീവിക്കുന്ന നാട് കൂടിയാണ് ഇന്ത്യ എന്ന ഓര്‍മ്മിക്കല്‍ കൂടിയാണ് ഈ സംഭവം. ജീവിച്ചിരിക്കണമെങ്കില്‍ തനിക്കെതിരായ മൊഴി തിരുത്തണമെന്ന് എംഎല്‍എ തന്നെ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. പരാതിയുമായി സ്റ്റേഷനില്‍ ചെന്നപ്പോള്‍ എംഎല്‍എയുമായി സംസാരിച്ച് കേസ് ഒത്തുതീര്‍പ്പാക്കാനാണ് പൊലീസ് നിര്‍ദ്ദേശിച്ചത്. അദ്ദേഹം എംഎല്‍എയാണ്, ബിജെപി നേതാവാണ്. നിങ്ങള്‍ ഒത്തുതീര്‍പ്പിന് തയ്യാറാകൂ, ഞങ്ങളുടെ ജോലി പോകുന്ന കേസാണെന്ന് പറഞ്ഞതയും അമ്മാവന്‍ ആരോപിച്ചു. ഈ ആരോപണം പ്രഥമവിവര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2018 ഏപ്രില്‍ മാസം വലിയ പ്രക്ഷോപം ഉണ്ടായതിനെ തുടര്‍ന്നാണ് കുല്‍ദീപ് സിങ് സെന്‍ഗാള്‍ അറസ്റ്റിലായത്. പല പാര്‍ട്ടികളുടെ പ്രതിനിധിയായാണ് ഒടുവില്‍ അയാള്‍ ബിജെപിയിലെത്തിയത്. ബിജെപിയില്‍ നിന്ന് കുല്‍ദീപ് സിങ് സെന്‍ഗാളിനെ പുറത്താക്കിയതായി പത്രകുറിപ്പ് ഇറങ്ങിയിട്ടുണ്ട്. അയാള്‍ ഇപ്പോള്‍ ഡല്‍ഹിയിലെ തീഹാര്‍ ജയിലില്‍ തടവിലാണ്. പക്ഷെ പീഡിപ്പിച്ചവരും, കൊല നടത്തിയവരും നിയമത്തിന്‍റെ സംരക്ഷണയിലാണ്. മേല്‍ജാതിയില്‍ ഉള്‍പ്പെട്ട അവരെ സംരക്ഷിക്കുന്നതിന് ഭരണകൂടം ശ്രമിക്കുന്നത് പകല്‍ വെട്ടത്തിലാണ്.
ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരിലെ സ്വാമി സുക്വേദാനന്ദ് കോളേജിലെ നിയമവിദ്യാര്‍ത്ഥിനി കോളേജ് നടത്തിയിരുന്ന കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്‍മയാനന്ദന്‍ തന്നെയും ഒട്ടേറെ പെണ്‍കുട്ടികളേയും പീഡിപ്പച്ചതായി സാമൂഹ്യ മാധ്യമത്തില്‍ പരസ്യപ്പെടുത്തി. ഒന്നിലേറെ തവണ ചിന്‍മയാനന്ദ് തന്നെ ഉപദ്രവിച്ചതായി സാമൂഹ്യ മാധ്യമത്തില്‍ വീഡിയോയില്‍ പെണ്‍കുട്ടി തെളിവുകള്‍ നിരത്തി പറഞ്ഞു. പെണ്‍കുട്ടിക്കെതിരെ സ്വാമിയും പരാതി നല്‍കി. പെണ്‍കുട്ടി തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണ് എന്നാണ് പരാതി. നീതിയും നിയമവും ആരുടെ കൂടെ ഉണ്ടാകും എന്ന് പറയേണ്ടതില്ലല്ലോ.
ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും എന്താണ് നടക്കുന്നത് എന്ന് എല്ലാവരും ചോദിക്കുന്നു. രാജസ്ഥാനിലും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ടില്ലേ എന്ന ചോദ്യമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. കക്ഷി രാഷ്ട്രീയമല്ല ഇവിടെ വിഷയം. പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിന് ഇരയാകുന്നു. ദളിത് പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച മേല്‍ജാതിക്കാര്‍ ഇപ്പോഴും വിലസുകയാണ്. ഇത് രാജ്യത്തിന് അപകടമാണ്.
ഉത്തര്‍പ്രദേശിലെ ഹത്രാസിലെ 19 വയസ്സുള്ള ഒരു ദളിത് പെണ്‍കുട്ടിയെ മേല്‍ജാതിയായ താക്കൂര്‍ സമുദായത്തിലെ നാല് യുവാക്കള്‍ മ്യഗീയമായി കൂട്ട ബലാല്‍സംഗം ചെയ്തു. അതിക്രൂരമായ പീഡനത്തിനിടയില്‍ അവളുടെ നാക്ക് മുറിച്ചു. ഒരാഴ്ച്ച ഉത്തര്‍ പ്രദേശിലെ സാധാരണ സര്‍ക്കാര്‍ ആശുപത്രിയില്‍ മരണത്തോട് മല്ലടിച്ചു. വിഷയം ഗൗരവമായപ്പോള്‍ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ച് അവര്‍ സെപ്തംബര്‍ 30ന് മരണപ്പെട്ടു. ചലനമറ്റ ശരീരം പോലീസുകാര്‍ ഒക്ടോബര്‍ 1ന് പുലര്‍ച്ചെ 2.30ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ വീട്ടില്‍ പൂട്ടി ഇട്ട്, അവരെ ഒരു നോക്ക് കാണിക്കാതെ പെട്രോള്‍ ഒഴിച്ച് മ്യഗീയമായി ചാരമാക്കി. തെളിവുകള്‍ പൂര്‍ണ്ണമായും നശിപ്പിച്ചു. അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാന്‍ അനുവദിച്ചില്ല. ബന്ധുക്കളെ ബന്ധികളാക്കിയാണ് സംസ്ക്കാരം നടത്തിയത്. ഒരു ശവശരീരത്തോട് കാണിക്കേണ്ട സാമാന്യ മര്യാദയാണ് യൂണിഫോമിട്ട നിയമപാലകര്‍ പുലര്‍ച്ചെ തെറ്റിച്ചത്.
പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായില്ല എന്നാണ് ഔദ്യോഗികമായി സര്‍ക്കാര്‍ വ്യത്തങ്ങള്‍ പറയുന്നത്. മാധ്യമങ്ങളെ പെണ്‍കുട്ടിയുടെ ഗ്രാമത്തിലേയ്ക്ക് കടത്തിവിടാതെ രണ്ട് ദിവസം തടഞ്ഞു നിര്‍ത്തി. കോവിഡിന്‍റെ പശ്ചാത്തലം ചൂണ്ടി കാട്ടിയാണ് മാധ്യമങ്ങളെ 144 പ്രഖ്യാപിച്ച് ഗ്രാമത്തില്‍ നിന്ന് തന്നെ അകറ്റിനിര്‍ത്തിയത്. ഇതേസമയം ഹത്രാസിലെ മറ്റൊരിടത്ത് നൂറ് കണക്കിന് മേല്‍ ജാതിക്കാര്‍ യോഗം ചേര്‍ന്ന് കുറ്റാരോപിതര്‍ക്ക് അനുകൂലമായ പ്രമേയങ്ങള്‍ പാസാക്കി.
ഡല്‍ഹിയിലെ നിര്‍ഭയ ക്രൂരമായ കൂട്ടബലാല്‍സംഗത്തിന് ഇരയായി മരണപ്പെട്ടത് യുപിഎ ഭരണ കാലത്താണ്. അന്ന് രാജ്യം മുഴുവന്‍ പ്രതിഷേധം നടന്നു. ആരും തടഞ്ഞില്ല. വ്യത്യസ്ഥ പാര്‍ട്ടികളിലെ നേതാക്കള്‍ ഇരയുടെ കുടുംബാംഗങ്ങളെ കണ്ട് സമാധാനിപ്പിച്ചു. ആരും തടഞ്ഞില്ല. പ്രതിഷേധിച്ചവരെ രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി കണ്ടു. വിഷയം ചര്‍ച്ച ചെയ്തു. ഒന്നും മറച്ചു വെയ്ക്കപ്പെട്ടില്ല. 1977ല്‍ ബീഹാറിലെ ബെല്‍ച്ചിയില്‍ ഒരു ദളിതരെ മേല്‍ജാതിക്കാര്‍ കൂട്ടകൊല ചെയ്ത സംഭവം ഉണ്ടായി. അന്ന് ബീഹാര്‍ സര്‍ക്കാരോ, കേന്ദ്രം ഭരിച്ചിരുന്ന ജനതാ സര്‍ക്കാരോ ഗ്രാമത്തില്‍ എത്തിയില്ല. നീതി നിഷേധിക്കപ്പെട്ടു. അന്ന് ഭയത്തോടെ കഴിഞ്ഞ ഗ്രാമീണരുടെ അടുത്ത് ഇന്ദിരാ ഗാന്ധി ആനപ്പുറത്തിരുന്നാണ് എത്തിയത്. അന്ന് പ്രക്യതിയുടെ തടസങ്ങളുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ മാധ്യമ വിലക്കുണ്ട്. കോണ്‍ഗ്രസ്സ് നേതാക്കളായ രാഹുലിനേയും പ്രിയങ്കയേയും ഡല്‍ഹി ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ ആദ്യ ശ്രമത്തില്‍ തടഞ്ഞു. രണ്ടാമത് അഞ്ച് പേര്‍ക്ക് അനുമതി നല്‍കി. 35 പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് ഉത്തര്‍ പ്രദേശില്‍ കടക്കുവാന്‍ കഴിഞ്ഞില്ല. പോലീസ് വന്‍മതില്‍ ഒരുക്കി. മാധ്യമങ്ങളെ ഹത്രാസിലെ ഗ്രാമത്തിലേയ്ക്ക് പ്രവേശിപ്പിച്ചു. പക്ഷെ രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രവേശനം നല്‍കിയിട്ടില്ല. 1977ലെ ഇന്ദിരയുടെ യാത്രയും, രാഹുലും പ്രിയങ്കയും പോയ യാത്രയും കൂട്ടി വായിക്കാം.
ഉത്തര്‍പ്രദേശിലെ ബല്‍റാം പൂറില്‍ ഈ സംഭവത്തിന് തൊട്ടുപിന്നാലെ സെപ്തംബര്‍ 29ന് മറ്റൊരു കൂട്ട ബലാല്‍സംഗത്തിന് പെണ്‍കുട്ടി ഇരയായി. ബലാല്‍സംഗത്തിനു ശേഷം വിഷം കുത്തിവച്ചാണ് അവളെ കൊന്നത്. ഈ രണ്ടു കേസിലും കുറ്റാരോപിതര്‍ മേല്‍ജാതിക്കാരാണ് എന്നുള്ളത് ഇവിടെ എടുത്തു പറയേണ്ട കാര്യമാണ്. കുറ്റാരോപിതരെ സംരക്ഷിക്കുന്ന നിലപാടുകളാണ് അവിടുത്തെ പഞ്ചായത്തുകള്‍ കൈക്കൊണ്ടിരിക്കുന്നത്. ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കുന്ന കാര്യമല്ല ഇതൊന്ന് നിസംശയം പറയാം. രാജ്യത്തിന്‍റെ നിയമ വ്യവസ്ഥിതിയില്‍ ജനങ്ങള്‍ക്ക് സംശയം വര്‍ദ്ധിച്ചു വരുന്നത് ഒരു പക്ഷേ ഇതൊക്കെ കൊണ്ടായിരിക്കും. വടക്കേ ഇന്ത്യയില്‍ കൂടുതലായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ആശങ്ക ഉണ്ടാക്കുന്നതാണ്.
