മനേക, കൊറോണ, സര്‍ക്കസ്
വിജയ് ചൗക്ക് @ 66 @ മെട്രോ വാര്‍ത്ത Dated October 31
സുധീര്‍നാഥ്
ഇറ്റാലിയന്‍ സര്‍ക്കസുകാരനായ ഗ്യുസിപ്പി ചിരാലിനി ബോംബയില്‍ സര്‍ക്കസ് അവതരിപ്പിക്കാന്‍ എത്തി. മികച്ച കുതിര അഭ്യാസിയായിരുന്നു അദ്ദേഹം. ഒരിക്കല്‍ മഹാരാഷ്ട്രയിലെ കുന്ദ് വാലയിലെ രാജാവും, കുതിരാലയ സൂക്ഷിപ്പുകാരനും പരിശീലകനുമായ വിഷ്ണു പന്ത് ഛത്രേയും സര്‍ക്കസ് കാണുവാന്‍ ഉണ്ടായിരുന്നു. തങ്ങളെ പോലെ സര്‍ക്കസ് കളിക്കാന്‍ ഇന്ത്യക്കാര്‍ക്ക് ആകില്ലെന്ന് സര്‍ക്കസ് കാണുവാന്‍ എത്തിയ രാജാവ് ബാലാസാഹിബിനോട് ഗ്യുസിപ്പി ചിരാലിനി വെല്ലുവിളിച്ചു. ഇന്ത്യയില്‍ ഇതുപോലെ അഭ്യാസം കാണിച്ചാല്‍ 1000 പവനും, തന്‍റെ ഒരു കുതിരയെ സമ്മാനിക്കുമെന്നും അദ്ദേഹം രാജാവിനോട് പറഞ്ഞു. വെല്ലുവിളി ഏറ്റെടുക്കാന്‍ രാജാവിനോട് വിഷ്ണു പന്ത് ഛത്രേ അഭ്യര്‍ത്ഥിച്ചു. അങ്ങിനെ വാശിയില്‍ വിഷ്ണു പന്ത് ഛത്രേ സര്‍ക്കസ് പരിശീലനം തുടങ്ങി.
ഇറ്റാലിയന്‍ സര്‍ക്കസുകാരെ വിസ്മയിപ്പിക്കുന്ന പലതും ഛത്രേ തയ്യാറാക്കി. ഇതേസമയം ഇറ്റാലിയന്‍ സര്‍ക്കസ് കമ്പനി തകര്‍ന്നു. അവരുടെ ഉപകരണങ്ങള്‍ ഛത്രേ വാങ്ങി. അങ്ങിനെ ഛത്രേയുടെ നേത്യത്വത്തില്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസ് എന്ന പേരില്‍ 1880 മാര്‍ച്ച് 20ന് ഇന്ത്യയില്‍ ഇന്ത്യക്കാരുടേതായ ആദ്യ സര്‍ക്കസ് അവതരിപ്പിക്കപ്പെട്ടു.
മുന്‍പ് ദൃശ്യമാധ്യമങ്ങള്‍ സജീവമല്ലാതിരുന്ന കാലത്ത് ജനങ്ങള്‍ക്ക് വിനോദത്തിന് ഒരു ഉപാധിയായിരുന്നു സര്‍ക്കസ്. വര്‍ഷത്തിലൊരിക്കല്‍ ഓരോ പട്ടണത്തിലും വന്നുപോകുന്ന സര്‍ക്കസ് കാണുവാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഇന്ത്യന്‍ സര്‍ക്കസ് തമ്പുകളുടെ എണ്ണം ഓരോ വര്‍ഷവും കൂടി വന്നു. ഒരിക്കല്‍ തലശ്ശേരിയില്‍ സര്‍ക്കസ് എത്തിയപ്പോള്‍ അത് കണ്ട ബി.ബി.എം.പി സ്കൂളിലെ ഡ്രില്‍ മാസ്റ്ററായ കീലേരി കുഞ്ഞികണ്ണന്‍ സര്‍ക്കസില്‍ തത്പരനായി. അദ്ദേഹം പല അഭ്യാസങ്ങളും ശിഷ്യരെ പരിശീലിപ്പിച്ചു. ഇന്ത്യന്‍ സര്‍ക്കസിന്‍റെ വലിയ വളര്‍ച്ചയുടെ തുടക്കമായിരുന്നു അത്. 1907ല്‍ ഗ്രേറ്റ് മലബാര്‍ സര്‍ക്കസ് കമ്പനി അദ്ദേഹത്തിന്‍റെ ശിഷ്യന്‍ പരിയാലി കണ്ണന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ സര്‍ക്കസ് വളര്‍ന്നു. കീലേരി കുഞ്ഞികണ്ണന്‍റെ ശിഷ്യന്‍മാര്‍ പലരും സര്‍ക്കസ് കമ്പനികള്‍ തുടങ്ങി.
കുതിരകള്‍ മാത്രമുണ്ടായ സര്‍ക്കസിലേയ്ക്ക് മറ്റ് മ്യഗങ്ങളും വന്നു തുടങ്ങി. മൃഗശാലകളില്‍ പോയി കാണുന്ന വന്യമൃഗങ്ങള്‍ അനുസരണയോടെ സര്‍ക്കസ് കൂടാരങ്ങളില്‍ റിങ്ങ് മാസ്റ്റര്‍മാരുടെ നിയന്ത്രണത്തില്‍ അഭ്യാസങ്ങള്‍ കാണിക്കുന്നത് കൗതുകത്തോടെ ജനങ്ങള്‍ നോക്കി നിന്നു. സിംഹവും, കരടിയും, കടുവയും, പുലിയും, ആനയും, ഒട്ടകവും, അപൂര്‍വ കാഴ്ചകളില്‍ ഒന്നായിരുന്നു. അത് നേരില്‍ കാണുന്നതിന് വേണ്ടി മാത്രം പലതവണ സര്‍ക്കസിന് ടിക്കറ്റെടുത്തു ജനങ്ങള്‍ കയറി. ഇന്ന് അത് ഓര്‍മ്മകളിലെ ഒരു അപൂര്‍വ നിമിഷം ആയി ജനങ്ങള്‍ കാണുന്നു.
മനേക ഗാന്ധി കേന്ദ്ര മന്ത്രിയായി വന്നതോടു കൂടിയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. വി. പി. സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് മനേക ഗാന്ധി കേന്ദ്രത്തില്‍ മന്ത്രിയാവുകയും വി. പി സിംഗിന്‍റെ രോമതൊപ്പി മാറ്റിക്കുകയും ചെയ്തതോടെ അവര്‍ കളി തുടങ്ങി. ചന്ദ്രശേഖര്‍ പ്രധാനമന്ത്രി ആയപ്പോള്‍ അവരും മന്ത്രിസഭയില്‍ ഉണ്ടായിരുന്നു. വിശ്വാസ വോട്ടിന് ദിവസങ്ങള്‍ക്ക് മുന്‍പ് സര്‍ക്കസിന് നേരെയുള്ള ആദ്യ വാള്‍ വീശി. സിംഹം, കരടി, കുരങ്ങ് പട്ടി മുതലയ മ്യഗങ്ങളെ ഷെഡ്യൂള്‍ എയില്‍ പെടുത്തി സര്‍ക്കസില്‍ നിരോധിച്ച് ഉത്തരവിറക്കി. ഇത് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നിസ്സഹായനായി നോക്കിനില്‍ക്കാനേ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിച്ചുള്ളു.
സുപ്രീം കോടതി ഇടപെട്ടാണ് നായ അടക്കമുള്ള മ്യഗങ്ങള്‍ക്കുള്ള വിലക്ക് നീക്കിയത്. വാജ്പെയ് സര്‍ക്കാരില്‍ വീണ്ടും മന്ത്രിയായി എത്തിയ മനേക വീണ്ടും സര്‍ക്കസിനെതിരെ തിരിഞ്ഞു. സര്‍ക്കസ്സുകളില്‍ നിന്ന് വന്യമൃഗങ്ങളെ പൂര്‍ണ്ണമായും നീക്കം ചെയ്യുന്ന നിയമം കേന്ദ്രത്തില്‍ കൊണ്ടുവന്നത് സര്‍ക്കസിനെ ജനങ്ങളില്‍നിന്ന് അകറ്റുവാന്‍ മുഖ്യകാരണമായി. ഇതിനിടയില്‍ ദ്യശ്യമാധ്യമ രംഗത്ത് വലിയ മാറ്റങ്ങള്‍ വന്നു.
ടെലിവിഷന്‍റെ വരവോടെ ജനങ്ങള്‍ക്ക് വിനോദത്തിന് മറ്റൊരു മാര്‍ഗ്ഗം ലഭിച്ചു. വന്യമ്യഗങ്ങള്‍ ഇല്ലാതായതോടെ സര്‍ക്കസ് കാണുവാനുള്ള ജനങ്ങളുടെ താത്പര്യം കുറഞ്ഞു. 300 തമ്പുകള്‍ ഉണ്ടായ ഇന്ത്യന്‍ സര്‍ക്കസ് രണ്ടക്കത്തിലേയ്ക്ക് ചുരുങ്ങി. ഒടുവില്‍ മുപ്പതോളം സര്‍ക്കസ് തമ്പുകള്‍ മാത്രമായി ഇന്ത്യയില്‍. ഒരു കാലത്ത് വിദേശ സര്‍ക്കസുകളെ പോലും വിസ്മയിപ്പിച്ച ഇന്ത്യന്‍ സര്‍ക്കസിന് വിദേശത്ത് വലിയ സ്വീകാര്യതയായിരുന്നു. വികസിത രാജ്യമായ ഇന്ത്യയില്‍ സര്‍ക്കസുകളിലെ മ്യഗങ്ങളെ നിരോധിച്ചപ്പോള്‍ വികസ്വര രാജ്യങ്ങളിലെ സര്‍ക്കസുകളില്‍ മ്യഗങ്ങളെ അവതരിപ്പിക്കുന്നതില്‍ തടസമില്ലായിരുന്നു.
രാജ്യത്തെ എല്ലാ പോലീസിലും നായകളുടെ പ്രത്യേക സേനയുണ്ട്. നായകളെ പരിശീലിപ്പിക്കുന്നുണ്ട്. രാഷ്ട്രപതി ഭവനില്‍ കുതിരപട്ടാളവും, ഒട്ടക പട്ടാളവും ഉണ്ട്. അവിടേയും പരിശീലനം നടക്കുന്നുണ്ട്. രാജസ്ഥാനിലെ തെരുവുകളില്‍ ഒട്ടകവും, വടക്കേ ഇന്ത്യയിലെ പല ഗ്രാമങ്ങളിലും കാളകളും, കുതിരകളും വണ്ടി വലിക്കുന്നത് ഇപ്പോഴും നിത്യകാഴ്ചയാണ്. വടക്കേ ഇന്ത്യയിലെ വിവാഹങ്ങളില്‍ കുതിരയും ആനയും ഉണ്ട്.
നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മനേക വീണ്ടും മന്ത്രിയായി. സര്‍ക്കസില്‍ നിന്ന് എന്നല്ല എല്ലാ പ്രദര്‍ശനങ്ങളില്‍ നിന്നും ആനയെ വിലക്കിയിരിക്കുകയാണ് അവര്‍. ആനയും, കുതിരയും, പട്ടിയും പോലും സര്‍ക്കസില്‍ നിന്ന് മാറ്റണമെന്ന് അവരുടെ നിര്‍ബന്ധബുദ്ധിക്ക് സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. ഒടുവില്‍ മൃഗങ്ങള്‍ ഇല്ലാതെ സര്‍ക്കസ് രാജ്യത്തിന്‍റെ പല പട്ടണങ്ങളിലും പ്രദര്‍ശനം തുടര്‍ന്നു. തത്തകളും, മനുഷ്യരും മാത്രമുള്ള സര്‍ക്കസ് വ്യവസായം തകരുന്ന കാഴ്ച്ച ജനങ്ങള്‍ കണ്‍മുന്‍പില്‍ കണ്ടു. ത്യശ്ശൂര്‍ പൂരത്തിന് ആനകള്‍ക്കായി പൂര പ്രേമികള്‍ കോടതി കയറേണ്ടി വന്നു.
സര്‍ക്കസ് എന്ന കലാരൂപം വളരെ ദയനീയ അവസ്ഥയില്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് കൊറോണ വൈറസ് കടന്നുവന്നത്. അത്യാസന്ന നിലയില്‍ ഉണ്ടായ സര്‍ക്കസ് തമ്പുകള്‍ നിശ്ചലമായി. സര്‍ക്കസ് എന്ന കലാരൂപം നിശ്ചലമായി. നിത്യേനയുള്ള പരിശീലനം കൊണ്ട് മാത്രമാണ് സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് ജനങ്ങള്‍ക്കുമുമ്പില്‍ മികച്ച പ്രകടനം കാഴ്ച വെക്കുവാന്‍ സാധിച്ചിരുന്നത്. കഴിഞ്ഞ എട്ട് മാസമായി പരിശീലനമില്ല. സര്‍ക്കസിലെ പലരും പല ജോലികള്‍ ചെയ്ത് നിത്യ ചിലവ് കണ്ട് തുടങ്ങി.
സര്‍ക്കസ് പരിശീലനം വീണ്ടും തുടങ്ങുന്നതിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ട്. അത് വേഗത്തില്‍ സാധിക്കുകയുമില്ല. വരുമാനം ഇല്ലാത്ത വ്യവസായമായി സര്‍ക്കസ് മാറിയതോടെ ഒരു പരീക്ഷണത്തിന് ആരും തയ്യാറുമല്ല. സാമ്പത്തികബാധ്യത ഏറ്റെടുക്കുവാന്‍ നിലവിലുള്ള സര്‍ക്കസ് ഉടമകള്‍ തയ്യാറാകുന്നില്ലെന്നത് ഈ കലാരൂപം അവസാനിക്കുന്നതായി കണക്കാക്കാം.
നൂറോളം കുടുംബങ്ങളാണ് ഒരു സര്‍ക്കസ് തമ്പിനെ ആശ്രയിച്ച് കഴിഞ്ഞിരുന്നത്. മൃഗങ്ങള്‍ കൂടിയുണ്ടായിരുന്ന അവസരത്തില്‍ ഓരോ മൃഗത്തെയും സൂക്ഷിക്കുന്നതിന് പ്രത്യേക പരിശീലകനും, ഒരു സഹായിയും ഉണ്ടായിരുന്നു. അപ്പോള്‍ ജീവനക്കാരുടെ എണ്ണം ഇതിലുമെത്രയോ കൂടുതലായിരുന്നു. രാജ്യത്ത് നിലവിലുണ്ടായിരുന്ന മുപ്പതോളം തമ്പുകള്‍ കഴിഞ്ഞ കഴിഞ്ഞ എട്ട് മാസത്തോളമായി നിശ്ചലമായി ഇരിക്കുന്നു എന്നുള്ളത് ഒരു സ്മരണികയായി മാറിയിരിക്കുന്നു. സര്‍ക്കസ് എന്ന കലാരൂപം കൊറോണക്ക് ശേഷം നമ്മുടെ രാജ്യത്ത് ഉണ്ടാകില്ല എന്ന് വളരെ വേദനയോടെ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
