കൊറോണ കാലത്തെ ഇലക്ഷന്‍ ഗാഥ

കൊറോണ കാലത്തെ ഇലക്ഷന്‍ ഗാഥ
വിജയ് ചൗക്ക് @ 65 @ മെട്രോ വാര്‍ത്ത
സുധീര്‍നാഥ്   

ബീഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് ചൂട് പിടിച്ചിരിക്കുകയാണ്. സാധാരണ ഗതിയില്‍ രണ്ടു പ്രധാന രാഷ്ട്രീയ നേതാക്കളാണ് 1990 മുതല്‍ ബീഹാര്‍ രാഷ്ട്രീയം നിയന്ത്രിച്ചിരുന്നത്.  ലാലു പ്രസാദ് യാദവും, രാംവിലാസ് പസ്വാനും ആയിരുന്നു അവര്‍. രാംവിലാസ് പാസ്വാന്‍ ഏതാനും നാളുകള്‍ക്ക് മുന്‍പാണ് അന്തരിച്ചത്. ലാലുപ്രസാദ് യാദവ് ആകട്ടെ കാലിതീറ്റ അഴിമതി കേസില്‍ പെട്ട് പൊതുയോഗങ്ങളില്‍ പ്രസംഗിക്കുവാന്‍ പോലും സാധിക്കാതെ തടവറയിലാണ്. ഇരുവരുടേയും മക്കള്‍ ബീഹാര്‍ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയ താരങ്ങളാണെന്നത് എടുത്ത് പറയണം.
 
2015 ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. പരസ്പര ചേരികളില്‍ നിന്നിരുന്ന ലാലു പ്രസാദ് യാദവും, നിതീഷ് കുമാറും ഒരുമിച്ചു നിന്ന് മഹാസഖ്യത്തിന് വേണ്ടി പോരാടി എന്നുള്ളതാണ് അതിലെ ഏറ്റവും പ്രത്യേകത. ലാലു പ്രസാദ് യാദവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നുള്ളത് ഒരു വസ്തുതയായിരുന്നു. അതിനുപകരമായി മകന്‍ തേജസ്വി യാദവ് മത്സരരംഗത്ത് ഇറക്കുകയും ചെയ്തു. ബിഹാറില്‍ മഹാസഖ്യം ജയിക്കുകയും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായി.

അഴിമതിയുടെ പേരില്‍ തേജസ്വി യാദവിനെ ഉപേക്ഷിച്ച് നിതീഷ് കുമാ? പഴയ എന്‍ഡിഎ സഖ്യത്തിലേക്ക് പോവുകയും സര്‍ക്കാര്‍ ഉണ്ടാക്കുകയും ചെയ്തത് ബിഹാര്‍ രാഷ്ട്രീയത്തിലെ പ്രധാന ഏടുകളില്‍ ഒന്നാണ്. അന്നുമുതല്‍ ഇരുവരും രാഷ്ടീയ ശത്രുക്കളായി വിലയിരുത്തപ്പെടുന്നു. ഇക്കുറി എന്‍ഡിഎ പക്ഷത്തുള്ള രാം വിലാസ് പസ്വാന്‍റെ മകന്‍ ചിരാഗ് പസ്വാന്‍ നിതീഷിനെതിരെ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. നിതീഷിനെ ബീഹാറിലെ മുഖ്യമന്ത്രി ആക്കില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ചത് ബിജെപിയില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. എന്നാല്‍ ബിജെപിയുടെ പിന്തുണയോടെയാണ് ചിരാഗ് ഇത് പറഞ്ഞതെന്ന സംസാരവും വ്യാപകമാണ്. നിതീഷിനെ ഒതുക്കുക എന്ന ബിജെപി ലക്ഷ്യമാണ് ചിരാഗിലൂടെ നടപ്പിലാക്കുന്നതെന്നാണ്

കോണ്‍ഗ്രസും ആര്‍ജെഡിയും വ്യത്യസ്ത ചേരികളില്‍ നിന്നുകൊണ്ട് എന്‍ഡിഎയെ എതിര്‍ക്കുന്നുണ്ട്. ചിരാഗ് പസ്വാന്‍റെ അപസ്വരം വോട്ടാക്കി മാറ്റുവാന്‍ സാധിക്കുമോ എന്നുള്ളതാണ് ഇരുകൂട്ടരും ഇപ്പോള്‍ ചിന്തിച്ചു കൊണ്ടിരിക്കുന്നത്. നിതീഷ് കുമാറിന് വ്യക്തിപരമായ വെല്ലുവിളി തന്നെയാണ് എന്നതില്‍ സംശയമില്ല.

എല്ലാ പാര്‍ട്ടികളും അവരവരുടെ ആരുടെ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് മുകളില്‍ കോരിച്ചൊരിഞ്ഞു കൊണ്ടിരിക്കുന്നു. ജനങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും ആകര്‍ഷകമായ വാഗ്ദാനം സൗജന്യ വാക്സിന്‍ നല്‍കുക എന്നതാണ്. രാജ്യത്തെ പ്രമുഖരായ എല്ലാ പാര്‍ട്ടികളും ബിഹാറിലെ ജനങ്ങള്‍ക്ക് സൗജന്യ വാക്സിന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ ആരു ജയിച്ചാലും ബിഹാറിലെ ജനങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ ലഭിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ബീഹാറിലെ വാഗ്ദാന പെരുമഴ കണ്ടത് കൊണ്ടാകണം, വരാന്‍ ഇരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു തമിഴ്നാട്, മധ്യപ്രദേശ് സര്‍ക്കാരുകള്‍ സൗജന്യ വാക്സിന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. മധ്യപ്രദേശില്‍ വലിയ വിമത ശല്യം നേരിടുന്നതിനാണ് ചൗഹാന്‍ വാക്സിന്‍ തന്ത്രം പയറ്റിയതെന്ന് കരുതാം. സമാനമായ രീതിയില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ എല്ലാം പ്രഖ്യാപനമുണ്ടാകുമെന്നാണ് മനസ്സിലാക്കേണ്ടത്.

തെരഞ്ഞെടുപ്പുകാലത്ത് സാധാരണഗതിയില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും വാഗ്ദാനങ്ങള്‍ നല്‍കുന്നത് പതിവായ സാഹചര്യത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വാഗ്ദാനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുവാന്‍ നേതാക്കള്‍ ബാധ്യസ്ഥരാണ്. മുന്‍ കാലങ്ങളിലെ പോലെ അല്ല ഇപ്പോള്‍. പറഞ്ഞതിന്‍റെ ദ്യശ്യങ്ങള്‍ പല പാര്‍ട്ടികളുടേയും ഉത്തരം മുട്ടിക്കുന്നുണ്ട്. ഭരണപക്ഷത്തെ വെട്ടിലാക്കാന്‍ കഴിഞ്ഞ കുറേ നാളുകളായി പ്രതിപക്ഷം പല സംസ്ഥാനങ്ങളിലും ചോദിച്ചു കൊണ്ടിരിക്കുന്നത് വാഗ്ദാനങ്ങള്‍ എത്ര നടപ്പാക്കി എന്നാണ്. അധികാരത്തിലേറിയ ശേഷം വാഗ്ദാനങ്ങള്‍ പാലിച്ചോ എന്നുള്ളത് ചോദിക്കുവാനുള്ള വോട്ടര്‍മാരുടെ അവകാശമാണ് ഇപ്പോള്‍ പ്രതിപക്ഷം കയ്യില്‍ എടുത്തിരിക്കുന്നത്.

2015ലെ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് റാലിയില്‍ ഒന്നേകാല്‍ ലക്ഷം കോടിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അഞ്ചുവര്‍ഷമായി അത് ബീഹാറില്‍ എത്തിയില്ലല്ലോ എന്ന് പ്രതിപക്ഷം ചോദിക്കുമ്പോള്‍ അതിന് കൃത്യമായ ഉത്തരത്തിനായി ജനങ്ങള്‍ കാത്തിരിക്കുകയാണ്. ഇതിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീണ്ടും വാഗ്ദാനങ്ങളുമായി പൊതുയോഗങ്ങളില്‍ നേരിട്ട് എത്തിയിരിക്കുന്നത്.

രാജ്യം ഭരിക്കുന്ന എന്‍ഡിഎയെ വിമര്‍ശിക്കുന്നവരും, ചോദ്യം ചെയ്യുന്നവരും രാജ്യത്തിന്‍റെ പുരോഗതിക്ക് തടസ്സം നില്‍ക്കുന്നവരും രാജ്യദ്രോഹികളും ആണെന്ന് ബിഹാറില്‍ നടന്ന പൊതുയോഗത്തില്‍ നരേന്ദ്രമോദി പറഞ്ഞത് ഇപ്പോള്‍ ഏറെ വിവാദമായിരിക്കുകയാണ്. വിമര്‍ശിക്കുന്നവര്‍ എല്ലാം രാജ്യദ്രോഹികള്‍ ആണെന്നുള്ള ആവര്‍ത്തിച്ച് പ്രധാനമന്ത്രി പറയുന്നത് ഒരു ഏകാധിപതിയുടെ ശബ്ദമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടാണ് ബീഹാറിലെ തെരഞ്ഞെടുപ്പ് റാലികളില്‍ ജനങ്ങളോട് വോട്ട് ചോദിക്കുന്നത്. ആയിരകണക്കിന് ജനങ്ങള്‍ പൊതുയോഗങ്ങളില്‍ മോദിയെ കേള്‍ക്കാന്‍ എത്തുന്നു. പന്ത്രണ്ട് ഇലക്ഷന്‍ റാലികളില്‍ ആണ് അദ്ദേഹം ബീഹാറില്‍ പങ്കെടുക്കുക. ഒക്ടോബര്‍ 23, 28, നവംബര്‍ 3 എന്നീ തീയതികളിലാണ് ബീഹാറിലെ വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ പ്രധാനമന്ത്രി പ്രസംഗിക്കുക. ഇക്കുറി ബിജെപിയുടെ മോദി തന്നെയാണ് ശക്തനായ വ്യക്താവായി ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.

രാഷ്ട്രീയ ജനതാദള്‍ നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിശേഷിപ്പിക്കുന്ന തേജസ്വി യാദവ് റാലികളില്‍ ആയിരങ്ങളെ ആകര്‍ഷിക്കുന്നു എന്നുള്ളത് ഇത്തവണത്തെ ഒരു പ്രത്യേകതയാണ്. തേജസ്വിയുടെ പിതാവ് ലാലു പ്രസാദ് യാദവ് ജനങ്ങളെ ആകര്‍ഷിക്കുന്ന മികച്ച പ്രസംഗം നടത്തിയിരുന്നു. പ്രസംഗത്തിലുടനീളം തമാശകള്‍ പറഞ്ഞ് ലാലുപ്രസാദ് യാദവ് ജനങ്ങളെ കയ്യിലെടുത്തിരുന്നു. പക്ഷേ അദ്ദേഹത്തിന്‍റെ മകന്‍ വളരെ കുറച്ചു മാത്രം സംസാരിച്ചു ജനങ്ങളെ കൈവീശി കാണിച്ചു ജനങ്ങളെ ആകര്‍ഷിക്കുന്ന രീതിയാണ് പിന്തുടരുന്നത്.

ഭരിക്കാന്‍ അവസരം തന്നാല്‍ ആദ്യദിവസം ഒപ്പുവെക്കുന്ന ഉത്തരവ് ബീഹാറിലെ 10 ലക്ഷം ജനങ്ങള്‍ക്ക് ജോലി നല്‍കുന്ന ഫയലില്‍ ഒപ്പിടുക എന്നാണ് തേജസ്വി യാദവ് പൊതു യോഗങ്ങളില്‍ ജനങ്ങളോട് പറയുന്നത്. ലക്ഷോപലക്ഷം തൊഴില്‍ രഹിതരായ ബീഹാറിലെ വോട്ടര്‍മാര്‍ക്ക് ആശ്വാസം പകരുന്ന ഒരു വാഗ്ദാനമായി വേണം ഇതിനെ കണക്കാക്കാന്‍. ഇത് നടപ്പാകുമോ എന്നുള്ള കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കും സംശയമില്ലാതില്ല.

ഇതിനിടയില്‍ വ്യാപകമായി നേതാക്കള്‍ക്ക് കോവിഡ് പോസിറ്റീവ് ആയത് ആശങ്കയുളവാക്കുന്ന ഒരു കാര്യമാണ്. ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി അടക്കമുള്ളവര്‍ക്ക് കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചു. മുന്‍ കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈന്‍, രാജീവ് പ്രതാപ് റൂഡി, കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവും നാല്  തവണ മുസാഫര്‍പൂര്‍ എംഎല്‍എയുമായ വിജയേന്ദ്ര ചൗധരി കോവിഡ് പോസിറ്റീവായി സ്വയം പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ബിഹാറില്‍ വ്യാപകമായി ആയി റാലികളും മറ്റു പ്രചാരണ പരിപാടികളും ആള്‍ക്കൂട്ടത്തിലെ സാന്നിധ്യത്തില്‍ നടക്കുന്നു എന്നുള്ളത് കോവിഡ് പശ്ചാത്തലത്തില്‍ ഏറെ ആശങ്ക ഉളവാക്കുന്ന ഒന്നാണ്.