ഇന്ത്യന്‍ കമ്മ്യൂണിസം : നൂറ് വര്‍ഷത്തെ കണക്കെടുത്താല്‍
വിജയ് ചൗക്ക് @ 64 @ മെട്രോ വാര്‍ത്ത
സുധീര്‍നാഥ്
സോവിയറ്റ് യൂണിയനിലെ തഷ്കന്‍റില്‍ 1920 ഒക്ടോബര്‍ 17ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊള്ളുന്നത് അങ്ങിനെയാണ്. എം എന്‍ റോയ്, അബിനി മുഖര്‍ജി, ഹസ്രത്ത് അഹമ്മദ് ഷെഫീക്കും ചേര്‍ന്നാണ് പാര്‍ട്ടി രൂപീകരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് രൂപം കൊണ്ട ഒരു ഇന്ത്യന്‍ രാഷ്ട്രീയ സംഘടനയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ. അതുകൊണ്ട് 1920 ഒക്ടോബര്‍ 17 പാര്‍ട്ടിയുടെ സ്ഥാപക ദിനമായി കണക്കാക്കുവാന്‍ സാധിക്കില്ല എന്നാണ് സിപിഐ വാദിക്കുന്നത്. എന്നാല്‍ സിപിഐ (എം) പാര്‍ട്ടിയുടെ സ്ഥാപക ദിനമായി 1920 ഒക്ടോബര്‍ 17 കണക്കിലെടുത്തിരിക്കുന്നു.
1920 മുതല്‍ ഇന്ത്യയിലെ തൊഴിലാളികളേയും, കര്‍ഷകരേയും സംഘടിപ്പിക്കുവാന്‍ തുടങ്ങിയതോടെ പാര്‍ട്ടിയുടെ വളര്‍ച്ച ആരംഭിച്ചു. ഇന്ത്യയിലെ താഴെ തട്ടിലുള്ള ജനസമൂഹത്തിനിടയിലാണ് കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ആദ്യ കാലങ്ങളില്‍ പ്രചരിപ്പിച്ച് തുടങ്ങിയത്. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഇന്ത്യയില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത് ഞെട്ടലോടെയാണ് ബ്രിട്ടീഷുകാര്‍ കണ്ടത്. നാട്ടു രാജാക്കന്‍മാര്‍ക്കും സമാനമായ ഭയപ്പാടുണ്ടായി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വളർച്ചയെ തടയിടുന്ന പ്രവര്‍ത്തികള്‍ അവര്‍ ചെയ്തു. ശാരീരികമായി കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെ ഉപദ്രവിച്ചു. കായികമായി തന്നെ ശക്തമായ ഒട്ടേറെ തിരിച്ചടികളും ബ്രിട്ടീഷ് സര്‍ക്കാരിനും, നാട്ടു രാജാക്കന്‍മര്‍ക്കും നേരിടേണ്ടി വന്നു എന്നതും പരാമര്‍ശിക്കപ്പെടണം. ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളും കമ്മ്യൂണിസ്റ്റ് ആശയങ്ങളെ പിന്തുണച്ചു. 1925ല്‍ ആദ്യ പാര്‍ട്ടി കോണ്‍ഗ്രസ് കാന്‍പൂരില്‍ നടത്തി. ആദ്യ പോളിറ്റ് ബ്യൂറോയും, പാര്‍ട്ടി നിയമാവലിയും അവിടെയാണ് അംഗീകരിക്കപ്പെട്ടത്.
ഇന്ത്യയില്‍ ആന്ധ്രാപ്രദേശിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ശക്തമായ പിന്തുണ ലഭിക്കുന്നത്. തീവ്രത കൂടിയ കമ്മ്യൂണിസ്റ്റുകളാണ് നക്സല്‍ പ്രസ്ഥാനങ്ങള്‍ക്ക് അവിടെ തുക്കെം കുറിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ വലിയ തടസങ്ങള്‍ ഉണ്ടാക്കി. ചിരിത്രം പരിശോധിച്ചാല്‍ സ്വാതന്ത്ര്യം ലഭിച്ച ശേഷം കോണ്‍ഗ്രസും ബ്രിട്ടീഷുകാര്‍ക്ക് പിന്തുണയ്ക്കുന്ന പ്രവര്‍ത്തി തന്നെയാണ് ചെയ്തത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചതും മറ്റും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നൂറ് വര്‍ഷം പൂര്‍ത്തീകരിച്ചു എന്ന യാഥാര്‍ത്ഥ്യത്തോടൊപ്പം അതിന്‍റെ വളര്‍ച്ച എവിടെ എത്തി നില്‍ക്കുന്നു എന്നു കൂടി സമാന്തരമായി ചര്‍ച്ച ചെയ്യപ്പെടുക തന്നെ വേണം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആശയങ്ങള്‍ കൊണ്ട് സംമ്പന്നമാണെങ്കിലും അത് എന്തുകൊണ്ട് ഇന്ത്യയില്‍ ശക്തി പ്രാപിച്ചില്ല എന്നത് വലിയ ചോദ്യ ചിഹ്നമാണ്. കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി മുന്നോട്ടു പോകുന്നതിനു വേണ്ടി ജനങ്ങളെ നയിക്കുവാനുള്ള നേതൃത്വത്തിന്‍റെ കഴിവു കുറവാണോ, അതോ ആശയങ്ങള്‍ ജനങ്ങളിലേയ്ക്ക് വ്യക്തമായി എത്തപ്പെടാത്തതാണോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. രാഷ്ട്രീയ നിരീക്ഷകരും, വിശകലനം ചെയ്യുന്നവരും വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പലപ്പോഴായി രേഖപ്പെടുത്തിയിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ പറയുന്ന പ്രകാരമുള്ള ഉള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇന്ത്യയില്‍ വളരുവാന്‍ തടസമായത് എന്ന് പറയുന്നവരുണ്ട്. എന്നാല്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് വളരെ അടുത്തുനില്‍ക്കുന്ന പ്രവര്‍ത്തനം കാഴ്ചവച്ച ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരം പിടിച്ചടക്കി എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. കോണ്‍ഗ്രസിനെയും ബിജെപിയെയും നിഷ്പ്രയാസം തകര്‍ത്തെറിഞ്ഞ് ഡല്‍ഹി സമൂഹം ആം ആദ്മി പാര്‍ട്ടിയെ അധികാരത്തിലേറ്റി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വര്‍ഷങ്ങളായി പറഞ്ഞത് തന്നെയാണ് അവരും ജനങ്ങളോട് പറഞ്ഞത്.
രാഷ്ട്രീയ അടിത്തറയോ പാരമ്പര്യമോ ഇല്ലാത്ത ആം ആദ്മി പാര്‍ട്ടിക്ക് വിജയം കൈവരിക്കാന്‍ സാധിക്കുന്നിടത്ത് ആശയപരമായി സമ്പന്നരായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇന്ത്യയില്‍ വിചാരിച്ച വളര്‍ച്ച ഉണ്ടാക്കിയില്ല എന്നത് സമ്മതിക്കണം. എന്തുകൊണ്ട് ഇടതു പക്ഷത്തിനു ജനമനസില്‍ ഇടം നേടാന്‍ ദേശിയ തലത്തില്‍ സാധിക്കുന്നില്ല എന്നുള്ള ചോദ്യം വളരെ പ്രസക്തമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളരെ ശക്തമായ ബംഗാളിലും ആന്ധ്രയിലും കേരളത്തിലും സ്ഥിതി എന്താണെന്ന് സമകാലീന രാഷ്ട്രീയ വിശകലനങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ത്രിപുരയിലും മണിപ്പൂരിലും തുടങ്ങി വേരോട്ടം ഉണ്ടായിരുന്ന പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആശയങ്ങള്‍ ഇല്ലാതാകുന്നത് ഞെട്ടലുളവാക്കുന്ന കാര്യമാണ്.
ഉത്തര്‍പ്രദേശിലെ പ്രശസ്തമായ അയോധ്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈപ്പിടിയില്‍ ആയിരുന്നു ഏറെ വര്‍ഷക്കാലം. ഇന്ന് സ്ഥിതി മറിച്ചാണ.് അവിടെ ഒരു തെരഞ്ഞെടുപ്പ് വന്നാല്‍ കെട്ടിവെച്ച കാശ് ലഭിക്കുന്ന സാഹചര്യം തന്നെ ഇല്ലാതായിരിക്കുന്നു. എന്ത് കൊണ്ടാണ് ഈ സ്ഥിതി വിശേഷം ഉണ്ടായത് എന്ന് പരിശോധിക്കേണ്ട സമയം കൂടിയാണ് ഇത്. കമ്മ്യൂണിസ്റ്റ് ഇതര രാഷ്ട്രീയ ആശയങ്ങള്‍ മേല്‍ക്കൈ നേടുന്ന സ്ഥിതി വിശേഷം ഉണ്ടാകുന്നത് ജനങ്ങളില്‍ എതിര്‍ വിഭാഗം കൂടുതല്‍ സ്വാദീനം ചെലുത്തുന്നത് കൊണ്ടല്ലേ...?
കേരളത്തിലാണ് ഇന്ത്യയില്‍ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് രണ്ടു വര്‍ഷം കൊണ്ട് അധികാരത്തിന് പുറത്തുപോകേണ്ടി വന്നു എന്നുള്ളത് രാഷ്ട്രീയപരമായ ഒരു ഞെട്ടലാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളരെ ശക്തമായി പിന്നേയും വളര്‍ന്നു കൊണ്ടിരിക്കുന്നു. ആശയപരമായി പാര്‍ട്ടിയുട സ്ഥാനം ഇപ്പോള്‍ എവിടെയാണ് എന്നത് പല സന്ദര്‍ങ്ങളിലും ചോദ്യം ചെയ്യപ്പെടുന്നുണ്ട് എന്നുള്ളത് വസ്തുതയാണ്.
പാര്‍ട്ടിക്കുള്ളില്‍ ചേരി തിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ തളര്‍ത്തിയതല്ലാതെ വളര്‍ത്തിയില്ല എന്ന ആക്ഷേപവുമുണ്ട്. പാര്‍ട്ടി രണ്ടായി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ആശയപരമായി ഏതാണ്ട് ഒന്നു തന്നെ എങ്കിലും പ്രവര്‍ത്തിയില്‍ പലപ്പോഴും വ്യത്യസ്ഥത നിഴലിക്കുന്നത് അണികളില്‍ ആശങ്ക ഉളവാക്കുന്നു. പാര്‍ട്ടിയുടെ രൂപീകരണത്തില്‍ പോലും വ്യത്യസ്ഥ നിലപാടുകള്‍ സ്വീകരിച്ചത് തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ വളരുന്നതിന് തടസമാകുന്നതിന്‍റെ കാരണമായി ചിലര്‍ ചൂണ്ടി കാണിക്കുന്നു.
കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയെ വളരെ ദയനീയമായി ബാധിച്ചിട്ടുണ്ട് എന്നുള്ളത് നൂറ് വര്‍ഷത്തില്‍ എത്തിയ ഈ അവസരത്തില്‍ വിശകലനം ചെയ്യുമ്പോള്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്. രാഷ്ട്രീയപരമായ ഒട്ടേറെ സാധ്യതകള്‍ നിലനില്‍ക്കുന്ന രാഷ്ട്രമാണ് ഇന്ത്യ. ഇവിടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വളരുവാന്‍ സാധിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ ബോധം ജനങ്ങളില്‍ ഉണ്ട് എന്നുള്ളത് തിരിച്ചറിയാതെ പോകുന്നു. ഇവിടെയാണ് നൂറ് വര്‍ഷം പൂര്‍ത്തീകരിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നില്‍പ്പ്.

