പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2020 ഒക്റ്റോബര്‍ 15

ബാങ്ക് വിളിക്ക് വിലക്ക്, കുറ്റവാളിക്ക് സുരക്ഷ
ഹത്രാസിലെ ജില്ലാ മജിസ്ട്രേറ്റും കളക്ടറുമാണ് രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയായ പ്രവീണ്‍ കുമാര്‍ ലക്ഷ്കര്‍. രാജ്യം വരല്‍ചൂണ്ടുന്ന ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ഹത്രാസിലെ കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരോട് യോഗി സര്‍ക്കാര്‍ നല്‍കുന്ന 25 ലക്ഷം രൂപ സ്വീകരിച്ച് മിണ്ടാതിരിക്കാന്‍ പറഞ്ഞത് ഇയാളാണ്.

കോവിഡ് വന്ന് മരിച്ചാല്‍ ഈ തുക കിട്ടുമായിരുന്നോ എന്ന് മനുഷത്ത്വേമില്ലാതെ ചോദിച്ചത് ഇയാളാണ്. മാധ്യമങ്ങള്‍ പോകുമെന്നും, ഒടുവില്‍ ഞങ്ങള്‍ മാത്രമേ കാണുകയുള്ളൂ എന്നും പെണ്‍കുട്ടിയുടെ കുടുംബത്തോട് പറഞ്ഞത് ഇയാളാണ്. പോസ്റ്റ്മാര്‍ട്ടം ചെയ്ത പെണ്‍കുട്ടിയുടെ ശരീരം കുടുംബക്കാര്‍ക്ക് മനോവിഷമം ഉണ്ടാക്കുമെന്ന് ന്യായീകരിച്ചത് ഇയാളാണ്. പുലര്‍ച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ വീട്ടില്‍ ബന്ധിയാക്കി ഏറെ ദൂരമല്ലാത്തടത്ത് ചിതയൊരുക്കി പെട്രോള്‍ ഒഴിച്ച് ദഹിപ്പിച്ചതിന് നേത്യത്ത്വം കൊടുത്തത് ഇയാളാണ്. കുറ്റാരോപിതരായ മുന്ന് മേല്‍ജാതിയായ ഠാക്കൂര്‍ സമുദായത്തിലെ യുവാക്കള്‍ക്ക് അനുകൂല നിലപാടുകള്‍ എടുത്ത് സംരക്ഷിച്ചത് ഇയാളാണ്. എസ്പി ഉള്‍പ്പടെ അഞ്ച് പോലീസുകാരെ സസ്പന്‍റ് ചെയ്തപ്പോഴും മുഖ്യ കഥാപാത്രമായ മജിസ്ട്രേറ്റ് പ്രവീണ്‍ സുരക്ഷിതമായി ഇരുന്നു. അതിന് മറ്റ് ചില നന്ദി സൂചനകൂടിയുണ്ട്. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഹത്രാസിലെ മുസ്ലീം പള്ളികളില്‍ നിന്ന് ബാങ്ക് വിളിക്കുന്നത് നിരോധിച്ച വ്യക്തിയാണ് മജിസ്ട്രേറ്റായ പ്രവീണ്‍. മുസ്ലീം സമുദായത്തിലെ അംഗങ്ങള്‍ ബാങ്ക് വിളി കേട്ടാണ് പ്രാര്‍ത്ഥന തുടങ്ങാറ്. ലോക്ഡൗണില്‍ കൂട്ടം ചേരുന്നതിന് മാത്രം വിലക്കുള്ളപ്പോള്‍, ഈ മറവില്‍ അയാള്‍ ബാങ്ക് വിളി നിരോധിച്ചു. ഒടുവില്‍ ഹൈകോടതി ഇടപെട്ട് മെയ് മാസമാണ് നിരോധനം നീക്കിയത്. തികഞ്ഞ ഹിന്ദു വര്‍ഗീയവാദിയാണ് ഇയാളെന്നത് പരസ്യമായി സ്വയം തെളിയിച്ച വ്യക്തിയാണ് പ്രവീണ്‍ കുമാര്‍ ലക്ഷ്കര്‍.

രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുന്നു.
രാജ്യത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്ന ഞെട്ടിക്കുന്ന കാഴ്ച്ചയാണ് പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ കാണുവാന്‍ സാധിക്കുന്നത്. കര്‍ഷക ബില്ലും, ദളിത് പെണ്‍കുട്ടികളെ തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്ത് കൊല്ലുന്നതും, കൊറോണയുടെ സാഹചര്യങ്ങളും ഇതില്‍ വലിയ ഘടകങ്ങളാണ്. ഒന്നാം എന്‍ഡിഎ സര്‍ക്കാരിനെ തട്ടിച്ച് നോക്കിയാല്‍ അംഗബലം കൊണ്ട് ശക്തമാണെങ്കിലും, പ്രതിരോധിക്കാന്‍ അശക്തരായ വിഭാഗമായി മാറി. രാജ്യം മുഴുവന്‍ വേരോട്ടമുണ്ടെങ്കിലും നിഷ്ക്രീയരായി മാറിയ കോണ്‍ഗ്രസ് നേതാക്കള്‍ ഒരു വശത്ത്. പ്രദേശിക രാഷ്ട്രീയ കക്ഷികള്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ മഹാസഖ്യമുണ്ടാക്കി പലതവണ തകര്‍ന്നടിഞ്ഞത് കണ്ടതാണ് ഇന്ത്യ. പല തരത്തിലുള്ള ശബ്ദങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ വലിയ കോലാഹല ഭൂമിയാക്കിയപ്പോഴാണ് ബിജെപി നേട്ടം കൊയ്തത്. ആദ്യ എന്‍ഡിഎ സര്‍ക്കാര്‍ കുറേ പേരില്‍ പ്രതീക്ഷകളുടെ വെളിച്ചം വീഴ്ത്തി എന്ന് പറയാം. പ്രതിപക്ഷത്ത് മികച്ച നേതാവില്ലാത്തത് ബിജെപിക്ക് വലിയ ഗുണമുണ്ടാക്കി. രണ്ടാമതും കേന്ദ്രത്തില്‍ അധികാരത്തിലേറ്റിയ എന്‍ഡിഎ സര്‍ക്കാരിന് പ്രവര്‍ത്തിച്ച് തുടങ്ങും മുന്‍പ് ഇരുട്ടടി പോലെ കൊറോണ വന്നു. രണ്ടാം എന്‍ഡിയെ  ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുവാന്‍ ശ്രമം തുങ്ങെിയതായിരുന്നു. കൊറോണയാണ് ഈ ശ്രമത്തെ കുറച്ചെങ്കിലും തടഞ്ഞ് നിര്‍ത്തിയത്. പൗരത്ത്വ ബില്ലും, ഡല്‍ഹി കലാപവും, അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും അതിന്‍റെ പടികളായിരുന്നു. രാജ്യത്തെ നിയമവ്യവസ്ഥയെ മുഴുവന്‍ വരിഞ്ഞ് മുറുക്കിയിട്ടുള്ളത് പരസ്യമാണ്.

മാധ്യമങ്ങള്‍ക്ക് സെന്‍സറിങ്ങ്, അടിയന്തിരാവസ്ഥ...?

രാജ്യത്ത് മുന്‍പും അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണോ എന്ന തോന്നല്‍ വ്യാപകമായുണ്ട്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പൗരത്ത്വ ബില്ലുമായി ബന്ധപ്പെട്ട സമരത്തെ അനുകൂലിച്ച എത്രയോ മാധ്യമ പ്രവര്‍ത്തകരെയാണ് കേന്ദ്ര സര്‍ക്കാര്‍ പല കേസുകളിലും പെടുത്തിയത്. ഡല്‍ഹിയില്‍ തന്നെ നടന്ന ആസൂത്രിത കലാപം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കും മറിച്ചല്ല അനുഭവം ഉണ്ടായത്. ഹത്രാസിലെ പെണ്‍കുട്ടി കൊലചെയ്യപ്പെട്ടപ്പോള്‍ ഗ്രാമത്തില്‍ കടക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത് ലോക മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ വര്‍ഷങ്ങളായി പത്രപ്രവര്‍ത്തന രംഗത്തുള്ള വ്യക്തിയാണ് സിദ്ദീക്ക് കാപ്പന്‍. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി യൂണിറ്റിന്‍റെ സെക്രട്ടറിയാണ്. തേജസ്, തത്സമയം തുടങ്ങിയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷം അഴിമുഖം എന്ന വെബ് വാര്‍ത്താ പോര്‍ട്ടലില്‍ ജോലി ചെയ്യുകയാണ് സിദ്ദീക്ക് കാപ്പന്‍ ഇപ്പോള്‍. ഹത്രാസില്‍ റിപ്പോര്‍ട്ടിങ്ങിനായി പോയ സിദ്ദീക്ക് കാപ്പനെ ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. കംപ്യൂട്ടറും മൊബൈലും പിടിച്ചെടുത്തു. പത്രപ്രവര്‍ത്തകര്‍ സിദ്ദീക്ക് കാപ്പന്‍റെ മോചനത്തിനായി സുപ്രീം കോടതിയില്‍ പോയി. മാധ്യമ പ്രവര്‍ത്തകനായ സിദ്ദീക്ക് കാപ്പനെതിരെ യു.എ.പി.എ ചുമത്തിയിരിക്കുന്നു. രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുന്നു. കലാപം ഉണ്ടാക്കാനാണ് കാപ്പന്‍ ഹത്രാസിലേയ്ക്ക് പോയതെന്നാണ് ഉത്തര്‍ പ്രദേശ് പോലീസിന്‍റെ ഭാഷ്യം.

വിവിഐപി വിമാനം വന്നേ...
കോവിഡ് മഹാമാരിക്കിടയില്‍ രാജ്യത്തെ ജനങ്ങളുടെ നികുതി പണത്തിലെ 8000 കോടി ചിലവാക്കി വിവിഐപി വീമാനം വാങ്ങിയത് അറിയണം. അമേരിക്കയിലെ ടെക്സസില്‍ നിന്ന് വാങ്ങിയ ബി777 ബോയിങ്ങ് വിമാനത്തില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് മാത്രമായിരിക്കും യാത്ര ചെയ്യാന്‍ സാധിക്കുക. അവര്‍ നിശ്ചയിക്കുന്നവര്‍ക്ക് അവരോടൊപ്പം യാത്ര ചെയ്യാം. അമേരിക്കന്‍ പ്രസിഡന്‍റിന് യാത്ര ചെയ്യാന്‍ ആഡംബര വിമാനമുണ്ട്. അതുപോലൊന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ആഗ്രഹിച്ചാല്‍ കുറ്റം പറയുവാന്‍ സാധിക്കില്ല. മിസൈലുകളെ തടയുവാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയും, ആധുനിക വാര്‍ത്താ വിനിമയ സൗകര്യങ്ങളും വിമാനത്തിലുണ്ട്. ആഡംബര കിപ്പ്െ മുറികളും, പത്ര സമ്മേളനമോ മീറ്റിങ്ങോ നടത്തുവാനുള്ള മുറിയും, ചെറിയ ആശുപത്രിയും വിമാനത്തിലുണ്ട്. ഇത്രയേറെ സൗകര്യങ്ങളുള്ള വിമാനം ആദ്യമായാണ് ഇന്ത്യ സ്വന്തമാക്കുന്നത്.

സൈക്കിള്‍ മോഷണം വ്യാപകം
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വടക്കേ ഇന്ത്യയില്‍ സൈക്കിള്‍ മോഷണം വ്യാപകമായിരിക്കുന്നു. കോവിഡ് സ്വയം തടയുവാന്‍ സ്വന്തം വാഹനമാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് ജനങ്ങള്‍ മനസിലാക്കി. തൊഴിലിടങ്ങളിലേയ്ക്ക് എത്താന്‍ സൈക്കിള്‍ ആശ്രയിക്കുന്നവരുടെ എണ്ണം കൂടി. ചെറിയ തൊഴിലെടുത്ത് ജീവിക്കുന്നവര്‍ പത്തും പതിനഞ്ചും കിലോമീറ്റര്‍ സൈക്കിളില്‍ യാത്ര ചെയ്യാന്‍ തുടങ്ങി. തെരുവുകളില്‍ സൈക്കിളുകള്‍ ഇരട്ടിയിലതികമായെന്നാണ് ഡല്‍ഹി ട്രാഫിക്ക് പോലീസ് വ്യത്തങ്ങള്‍ പറയുന്നത്. ഇതിനിടയില്‍ സൈക്കിളുകളുടെ ആവശ്യക്കാര്‍ ഏറി. ഇത് സൈക്കിള്‍ മോഷണങ്ങളില്‍ എത്തിച്ചു. ഇരുചക്ര മോട്ടോര്‍ വാഹന മോഷണത്തിലും സുരക്ഷിതമായ ഒന്നായി സൈക്കിള്‍ മോഷണം മാറി. രജിസ്ട്രേഷനില്ല. ലൈസന്‍സ് വേണ്ട. ഇന്‍ഷ്വറന്‍സ് വേണ്ട. ലോക്ഡൗണ്‍ കാലത്ത് ഡല്‍ഹിയില്‍ മാത്രം ആയിരകണക്കിന് സൈക്കിള്‍ മോഷണം നടന്നതായാണ് റിപ്പോര്‍ട്ട്.

വടക്കേ ഇന്ത്യ ഭയക്കുന്ന പുകമഞ്ഞ് വരുന്നു
രാജ്യത്തെ കഴിഞ്ഞ കാലങ്ങളില്‍ വേട്ടയാടിയ പുകമഞ്ഞ് ഇക്കുറിയും ഉണ്ടാകും. പഞ്ചാബിലും ഹരിയാനയിലും രാജസ്ഥാനിലും ഇത്തവണയും ക്യഷി നടന്നിരുന്നു. ഏക്കറ് കണക്കിനുള്ള ക്യഷിയിത്തിലെ കറ്റകള്‍ക്ക് തീയിടുന്ന കാലമാണ് വരുന്നത്. അടുത്ത ക്യഷിക്കിയി നിലം തയ്യാറാക്കുന്നതിനാണ് അവര്‍ മുന്‍ത്തെ ക്യഷി അവശിഷ്ടങ്ങള്‍ കത്തിക്കുന്നത്. ഡല്‍ഹിയിലെ പൂസ കാര്‍ഷിക ഗവേഷണ കേന്ദ്രം ക്യഷി അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് പകരം വളമാക്കുവാന്‍ ശാസ്ത്രീയമായി ഒരു ലായിനി കണ്ടു പിടിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ 700 ഹെക്റ്റര്‍ ക്യഷി ഭൂമിയില്‍ കര്‍ഷകര്‍ക്ക് ഈ ലായിനിയില്‍ ഉണ്ടാക്കിയ കാപ്സ്യൂളുകള്‍ സൗജന്യമായി വിതരണം ചെയ്യും. ഇതിന് 20 ലക്ഷം രൂപയാണ് ചിലവ്. വയലുകളില്‍ തീ രുന്നെത് ചിലയിടങ്ങളില്‍ തുടക്കവുമായിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി മറ്റ് സര്‍ക്കാരുകള്‍ ഏറ്റെടുത്താല്‍ അന്തരീക്ഷമലിനീകരംം ഗണ്യമായി കുറയും. ക്യഷിയിടത്തിലെ മാലിന്യം കത്തിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ഒരു തടസവും കൂടാതെ അത് നടക്കുന്നു. പുകമഞ്ഞ് എന്നാല്‍ വായു മാലിന്യം എന്നാണ്. ജനങ്ങളില്‍ അസഹ്യമായ ശ്വാസം മുട്ട് ഉണ്ടാക്കും. കൊറോണ കാരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വ്യാവസായ ശാലകള്‍ അടച്ചിട്ടിരുന്നു. അന്ന് വായു, ജല മലിനീകരണം വന്‍ തോതില്‍ കുറഞ്ഞിരുന്നു. അത് പതിയെ പഴയ തലത്തിലേയ്ക്ക് പോകുന്ന കാഴ്ച്ച കണ്ടില്ലെന്ന് നടിക്കുവാന്‍ സാധിക്കില്ല. പുകമഞ്ഞ് വലിയ ഭീഷണിയായി ജനങ്ങള്‍ക്ക് മുന്നില്‍ കൊറോണയോടൊപ്പം വന്നാലുണ്ടാകുന്ന ഭീകരമായ അന്തരീക്ഷ മാലിന്യ പ്രശ്നം ഒരു വിഷയം തന്നെയാണ്. ഇതിന് നമ്മള്‍ സര്‍ക്കാരുകളെ മാത്രം പഴിച്ചാല്‍ പോര. നമ്മള്‍ നമ്മെ തന്നെ പഴിക്കണം.