വൈറസ് പോലെ ഭയക്കണം മലിനീകരണത്തേയും.


വൈറസ് പോലെ ഭയക്കണം മലിനീകരണത്തേയും.
വിജയ് ചൗക്ക് @ 63
സുധീര്‍നാഥ്

കോവിഡ് വ്യാപനം ഇന്ത്യയില്‍ ശക്തമായി തുടങ്ങിയ 2020 മാര്‍ച്ച് മാസം മുതല്‍ രാജ്യത്തെ മാലിന്യ തോത് കുറഞ്ഞു വന്നു. രാജ്യത്തെ അന്തരീക്ഷ, ജല, ശബ്ദ മലിനീകരണത്തിന് വലിയ കുറവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായി. ജലന്തറില്‍ നിന്നാല്‍ ഹിമാലയം കാണാമായിരുന്നു. ഡല്‍ഹിയില്‍ കുത്തബ് മീനാറും ലോട്ടസ് ടെബിളും ഒരു ഫ്രൈയിമില്‍ തന്നെ പകര്‍ത്താന്‍ ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ മത്സരമായിരുന്നു. ആപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കാഴ്ച്ചയായിരുന്നല്ലോ അതൊക്കെ. യമുനയിലെ ജലത്തിന്‍റെ നിറം കറുപ്പില്‍ നിന്ന് നീലയായി മാറിയതായി ദേശിയ മാധ്യമങ്ങള്‍ ഫോട്ടോ നല്‍കി പ്രഖ്യാപിച്ചു.

ഇപ്പോള്‍ കോവിഡിന് വ്യാപനം അന്നതേതിലും വര്‍ദ്ധിക്കുകയല്ലാതെ കുറയുകയുണ്ടായില്ല. പക്ഷേ ലോക്കഡൗണ്‍ ഘട്ടം ഘട്ടമായി അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. നിര്‍ത്തി വച്ചിരുന്ന വ്യവസായശാലകള്‍ തുറക്കപ്പെട്ടു. ഓടാതിരുന്ന വാഹനങ്ങള്‍ ഓടിത്തുടങ്ങി പൊതു വാഹനങ്ങളില്‍ ജനങ്ങള്‍ കയറുവാന്‍ അത്ര താല്പര്യം കാണിച്ചില്ല. കൊറോണ വൈറസിനെ ഭയന്നായിരുന്നു അത്. സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുന്നതാണ് ഏറ്റവും സുരക്ഷിതം എന്ന് ജനങ്ങള്‍ മനസിലാക്കി. മോട്ടോര്‍ വാഹനങ്ങള്‍ വാങ്ങാന്‍ സാധിക്കാത്ത തൊഴിലാളികള്‍ യാത്ര സൈക്കിളിലാക്കി. ഡല്‍ഹിയിലെ നിരത്തുകളില്‍ ഇരട്ടിയിലേറെ സൈക്കിളുകള്‍ ഓടുന്നതായി ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൈക്കിളുകള്‍ മാലിന്യം ഉണ്ടാക്കിയില്ലെങ്കിലം, നിരത്തില്‍ അധികമായി ഇറങ്ങിയ വാഹനങ്ങള്‍ മാലിന്യ നിരക്ക് വര്‍ദ്ധിക്കുവാന്‍ ഒരു കാരണമായി മാറി.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ ജനങ്ങള്‍ മാസ്ക്കുകള്‍ ധരിച്ചിരുന്നു. കൊറോണയില്‍ നിന്ന് രക്ഷ നേടാനായിരുന്നില്ല. കൊറോണ വരുന്നതിന് എത്രയോ മുമ്പ് തന്നെ ജനങ്ങള്‍ മാസ്ക്ക് ധരിച്ചത് അന്തരീക്ഷ മാലിന്യങ്ങളില്‍ നിന്ന് രക്ഷ നേടാനാണ്. അന്തരീക്ഷ മാലിന്യങ്ങളില്‍ നിന്ന് ആശ്വാസം നേടുവാന്‍ ആയിരക്കണക്കിന് ആളുകളാണ് അന്ന് ഡല്‍ഹിയില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് മാറ്റിയത്. നല്ല വായു ശ്വസിക്കുക എന്നതായിരുന്നു ലക്ഷ്യം. മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങാം എന്ന പ്രതീക്ഷകള്‍ അവര്‍ക്കുണ്ടായിരുന്നു.

പഞ്ചാബ്, ഹരിയാന,  രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൃഷിക്കാര്‍ കത്തിക്കുന്നത് വലിയ ഒരു ഭീഷണിയാണ്. ഡല്‍ഹിയില്‍ മാത്രം 700 ഹെക്ടര്‍ കൃഷി ഭൂമി ഉണ്ട് എന്നാണ് ഡല്‍ഹി സര്‍ക്കാര്‍ കണക്ക്. എന്നാല്‍ ഡല്‍ഹിക്ക് ചുറ്റുമുള്ള സംസ്ഥാനങ്ങളില്‍ പതിനായിരക്കണക്കിന് ഹെക്ടര്‍ ഭൂമിയിലാണ് കൃഷിയിടമുള്ളത്. അടുത്ത കൃഷിയിറക്കുന്നതിന് മുന്‍പുള്ള മാലിന്യങ്ങള്‍ നശിപ്പിക്കുന്നതിനായി കൃഷിക്കാര്‍ വ്യാപകമായി ഒക്ടോബര്‍ മാസം പരമ്പരാഗതമായി കത്തിക്കുന്ന രീതിയാണുള്ളത്. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോത് കൂടുന്നതിനുള്ള മുഖ്യകാരണമായി ഇങ്ങനെ തീയിടുന്നതിനെ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. നിയമപരമായി കൃഷിയിടങ്ങളില്‍ ഇത്തരം തീയിടല്‍ നിരോധിച്ചിട്ടുണ്ടെങ്കിലും വളരെ വ്യാപകമായി തന്നെ ഇത് നടക്കുന്നു. ഇതിനെതിരെ നടപടി എടുക്കുന്നതില്‍ എപ്പോഴും സര്‍ക്കാര്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.

കൃഷിയിടത്തില്‍ നിന്നും ഉണ്ടാകുന്ന മാലിന്യങ്ങള്‍ കത്തിക്കാതെ തന്നെ മരുന്നുകള്‍ ഉപയോഗിച്ച് നശിപ്പിക്കാമെന്ന് പൂസാ കേന്ദ്ര കൃഷി ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിട്ടുണ്ട്. അവര്‍ വികസിപ്പിച്ചെടുത്ത പ്രത്യേക ലായിനി കൊണ്ട് മാലിന്യങ്ങള്‍ ദ്രവിപ്പിച്ച് വളമാക്കി മാറ്റാമെന്നാണ് കണ്ടെത്തല്‍. അവര്‍ വികസിപ്പിച്ച ലായിനി സംസ്ക്കരിച്ച് ഗുളിക രൂപത്തില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനായി നടപടി തുടങ്ങി കഴിഞ്ഞു. ഡല്‍ഹിയിലെ 700 ഹെക്റ്റര്‍ ഭൂമിയില്‍ ക്യഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ സൗജന്യമായി പൂസ വികസിപ്പിച്ച ഗുളികകള്‍ വിതരണം ചെയ്യും. സര്‍ക്കാര്‍ ഒക്ടോബര്‍ 15 മുതല്‍ കര്‍ഷകരില്‍ ഇത് എത്തിക്കുമെന്ന്  മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു.

വ്യവസായശാലകളില്‍ നിന്നുള്ള അന്തരീക്ഷവായു മാലിന്യങ്ങള്‍ പഴയതു പോലെ വരുന്നത് വലി ഭീഷണി തന്നെയാണ്. ചെറുകിട വ്യവസായശാലകള്‍ പതിനായിരക്കണക്കിനാണ് ഡല്‍ഹിയിലും, അയല്‍ പ്രദേശങ്ങളിലുമായി ഉള്ളത്. ഇതില്‍ നിന്നുള്ള മാലിന്യ തോത് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കുന്നില്ല എന്നത് ഗൗരവകരമാണ്. ഇതിന്‍റെ നടത്തിപ്പുകാര്‍ നാടിന്‍റെ നന്‍മയെ മുന്നില്‍ കണ്ട് സഹകരിക്കുന്നില്ല എന്നാണ് പറയുന്നത്. ഡല്‍ഹിയെ ശ്വാസംമുട്ടിച്ചു കൊണ്ട് പുകമഞ്ഞിന് പുറമെ ശബ്ദ മലിനീകരണങ്ങള്‍ ഉണ്ടാകുന്നതും സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഡല്‍ഹിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് സബ്സിഡിയും, പാര്‍ക്കിങ്ങിന് വലിയ ഇളവും നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്.

ഡല്‍ഹിയില്‍ താമസിക്കുവാന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ ഉള്ളതായി ആരോഗ്യ പ്രവര്‍ത്തകര്‍ പരസ്യമായി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. സമാന സാഹചര്യമുണ്ടായത് ഇത് വളരെ ഗൗരവത്തോടെയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വളരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമ്പോഴാണ് ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ കൊറോണ വയറസ് ആക്രമണമുണ്ടായത്. അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും രക്ഷ നേടുന്നതിന് വേണ്ടി മാസ്ക് ധരിച്ച ഡല്‍ഹി ജനത കൊറോണയില്‍ നിന്ന് രക്ഷ നേടുന്നതിനായി ആയി മാര്‍ച്ച് മാസം മുതല്‍ മാസ്ക്ക് ധരിക്കുന്നു. ഇപ്പോള്‍ ഡല്‍ഹിയിലെ അന്തരീക്ഷ മാലിന്യ നിരക്ക് വളരെ വേഗതയില്‍ ഉയരുന്നതായി കാണുന്നു. ഇത് വളരെ അപകടകരമായ തലത്തിലേക്ക് നവംബര്‍ ആദ്യവാരത്തോടെ എത്തുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ കണക്ക് കൂട്ടി പറയുന്നത്. അങ്ങനെയുള്ള സാഹചര്യം തടയുവാനുള്ള നടപടികള്‍ ആണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോള്‍ ആവിഷ്കരിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഒക്ടോബര്‍ 15 മുതല്‍ ഡല്‍ഹിയില്‍ ജനറേറ്ററുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഡല്‍ഹിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളാണ് സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തുന്നത്. പരിസ്ഥിതിവകുപ്പിന്‍റെ പ്രത്യേക ചട്ടപ്രകാരം ആയിരിക്കണം ഇനി മുതലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. ജനങ്ങളെ കൂടുതല്‍ പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് വേണ്ടി പ്രേരിപ്പിക്കുന്ന നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മെട്രോ സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും തീരുമാനമായി. ഇത് പ്രശ്നപരിഹാരം ആകുമോ എന്നുള്ള എന്നുള്ള സംശയം ഇല്ലാതെ ഇല്ല. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ സ്വയം സുരക്ഷ ഉറപ്പ് വരുത്തുകയാണ്. പൊതുഗതാഗതം പഴയതുപോലെ കാര്യക്ഷമമല്ല എന്നുള്ള ഒരു യാഥാര്‍ത്ഥ്യം ഈ അവസരത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ജനങ്ങളില്‍ വലിയ ഭീതിയാണ് കോവിഡ് മൂലം ഉണ്ടാക്കിയിരിക്കുന്നത്. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക ആവശ്യത്തിന് സ്വന്തം വാഹനങ്ങള്‍ കഴിവതും ഉപയോഗിച്ചുമാണ് ജനങ്ങള്‍ ഇപ്പോള്‍ പുറത്തിറങ്ങുന്നത്.

വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഓഡ് ഈവണ്‍ പദ്ധതി നടപ്പിലാക്കുക എന്നുള്ള ചര്‍ച്ച വളരെ ഗൗരവമായാണ് ഡല്‍ഹിയില്‍ നടക്കുന്നത്.് അതുപോലെ തന്നെ സംസ്ഥാനത്തിന് പുറമേയുള്ള ഡീസല്‍ വാഹനങ്ങള്‍ ഡല്‍ഹിയിലേക്ക് കടക്കാതിരിക്കാന്‍ നടപടി ഗൗരവമായി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് നടപ്പിലാക്കി വിജയിച്ചതാണ്. ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങളുടെ വിലക്കും പരിഗണനയിലാണ്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനെതിരെ ഇതിനിടയില്‍ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹിസര്‍ക്കാര്‍ വന്നിരിക്കുകയാണ്. ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലെ താപനിലയങ്ങള്‍ മലിനീകരണ നിയന്ത്ര ബോര്‍ഡിന്‍റെ വ്യവസ്ഥകള്‍ ലംഘിക്കുന്നു. ഇത് വളരെ  നിശബ്ദമായി നോക്കിയിരിക്കുകയാണ് ഉത്തരവാധിത്ത്വപ്പെട്ടവര്‍ എന്നുള്ളതാണ് ആരോപണം. കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും നിര്‍ദേശിച്ചിട്ട് പോലും ഒരു ഡസനിലേറെ കല്‍ക്കരി അധിഷ്ഠിത ഊര്‍ജ്ജ നിലയങ്ങള്‍ മലിനീകരണ നിയന്ത്രണ സാങ്കേതിക വിദ്യകള്‍ ഇപ്പോഴും ഉപയോഗിച്ചു തുടങ്ങിയിട്ടില്ല എന്നുള്ളത് വളരെ ഗൗരവമായി കാണേണ്ട ഒന്നാണ്.

ഡല്‍ഹിക്ക് ചുറ്റുമായി രണ്ടായിരത്തിലേറെ ഇഷ്ടിക ചൂളകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ വ്യവസ്ഥകള്‍ ധിക്കരിച്ചാണ്  ഇതൊക്കെ പ്രവര്‍ത്തിക്കുന്നത്. വടക്കേ ഇന്ത്യയിലെ കൃഷിയിടങ്ങളില്‍ വ്യാപകമായി കര്‍ഷകര്‍ തീ ഇട്ട് തുടങ്ങിയത്  അതാത് സംസ്ഥാനത്തെ മലിനീകരണ മന്ത്രാലയം തടയുന്നില്ല. സംസ്ഥാന സര്‍ക്കാരുകള്‍ നിയന്ത്രിക്കുന്നവര്‍ തന്നെയാണ് ക്യഷിയിടത്തിലെ ഭൂ ഉടമകള്‍ എന്നതാണ്  പരാജയപ്പെടുന്നതിന്‍റെ കാരംം എന്ന് വിലയിരുത്തപ്പെടുന്നു.

ഡല്‍ഹിയിലെ അന്തരീക്ഷ നില മോശമായി തുടങ്ങിയതോടെ മലിനീകരണ തോത് നിരീക്ഷിക്കാന്‍ യുദ്ധമുറകള്‍ ഡല്‍ഹി സര്‍ക്കാര്‍ തയ്യാറായിരിക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടി, നാസയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് അന്തരീക്ഷ മലിനീകരണം പിടിച്ചു കെട്ടാന്‍ യുദ്ധത്തിന് തന്നെ തയ്യാറാക്കിയിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര്‍ റൂമില്‍ പരിശീലനം ലഭിച്ച ഒരു ഡസനിലേറെ ഉദ്യോഗസ്ഥര്‍ ഒരേസമയം നിരീക്ഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. വടക്കേ ഇന്ത്യയിലും ഡല്‍ഹിയുടെ പരിസരങ്ങളിലും മലിനീകരണ തോത് കൂടിയാല്‍് നാസയുടെ സഹായത്തോടെ കണ്ടെത്തുകയും റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ഡല്‍ഹി സര്‍ക്കര്‍ ഏര്‍പ്പാടാക്കി. അടിയന്തിര പരിഹാരം കാണുന്നതിന് മറ്റൊരു ടീമിനേയും നിയമിച്ചു കഴിഞ്ഞു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം കുറച്ചു കൊണ്ടു വരികയാണ് യുദ്ധമുറിയുടെ പ്രവര്‍ത്തനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഗ്രീന്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പരാതികളില്‍ സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ കൂടി പരിഹാരം കണ്ടെത്തുന്നതിനുള്ള പ്രത്യേക സെല്ലുകളും രൂപീകരിച്ചിട്ടുണ്ട്.