പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2020 ഒക്റ്റോബര്‍ 01
വട്ടത്തില്‍ നിന്ന് ത്രികോണമായി മാറുകയാണ് നമ്മുടെ പാര്‍ലമെന്‍റ് മന്ദിരം. ത്രികോണ മന്ദിരത്തിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ നിര്‍മ്മാണം ടാറ്റാ പ്രൊജക്റ്റാണ് ഏറ്റെടുത്തിരിക്കുന്നത്. ടാറ്റ പ്രൊജക്റ്റ് 21 മാസങ്ങള്‍ കൊണ്ട് പുതിയ പാര്‍ലമെന്‍റ് മന്ദിരം പൂര്‍ത്തീകരിക്കണം എന്നാണ് കരാര്‍. ഡല്‍ഹിയിലെ നിലവിലെ പഴയ പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപം തന്നെ അതിന്‍റെ പ്രാരംഭ പണികള്‍ ആരംഭിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിനുള്ള ഭൂമി ഒരുക്കുന്ന തിരക്കിലാണ് ടാറ്റ പ്രോജക്ട്സ്. 861.9 കോടി രൂപയ്ക്കാണ് ടാറ്റ പ്രൊജക്റ്റ് ബിഡിങ്ങ് നടത്തിയത്. എല്‍ ആന്‍റ് ടി അടക്കമുള്ള നിര്‍മ്മാണ കമ്പനികളെ പിന്തള്ളിയാണ് കുറച്ച് തുകയ്ക്ക് പുതിയ മന്ദിര നിര്‍മ്മാണം ടാറ്റ സ്വന്തമാക്കിയത്. 1400 അംഗങ്ങള്‍ക്ക് ഇരിക്കുവാനുള്ള സൗകര്യം പുതിയ മന്ദിരത്തില്‍ ഉണ്ടാകും. ഭാവിയില്‍ പാര്‍ലമെന്‍റ് അംഗങ്ങളുടെ എണ്ണം കൂടുകയാണെങ്കില്‍ ഉള്‍ക്കൊള്ളാന്‍ വേണ്ടിയാണ് മുന്‍കൂട്ടി ഇത്തരം തീരുമാനങ്ങള്‍ എടുത്തത്. ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എച്ച്.സി.പി.ടി.പി ഡിസൈനേഴ്സ് ആണ് സെന്‍ട്രല്‍ വിസ്ത ഡെവലപ്മെന്‍റ് പ്രോജക്ട് എന്ന് നാമകരണം ചെയ്ത പദ്ധതി ഡിസൈന്‍ ചെയ്തത്. അതില്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരം കൂടാതെ പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, സര്‍ക്കാര്‍ മന്ത്രാലയങ്ങളും, മന്ത്രിമാരുടെ ഓഫീസും മറ്റും രാജ്പഥിന്‍റെ ഇരുവശത്തും നിര്‍മ്മിക്കുവാനണ് ഉദ്ദേശിക്കുന്നത്. അതില്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരം നിര്‍മ്മിക്കാന്‍ മാത്രമാണ് ഇപ്പോള്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കുമ്പോള്‍ നിലവിലുള്ള കൃഷിഭവന്‍, റെയില്‍ ഭവന്‍, ശാസ്ത്രി ഭവന്‍, ഉദ്യോഗ്ഭവന്‍, വായുസേന ഭവന്‍ എന്നിവ പൊളിച്ചു മാറ്റേണ്ടതായി വരും. 1960 കളിലാണ് ഈ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇപ്പോള്‍ കൂടുതല്‍ സൗകര്യങ്ങളും, ആധുനിക സൗകര്യങ്ങളും ഉള്‍പ്പെടുത്തണം എന്നുള്ളതുമാണ് പുതിയ കെട്ടിടങ്ങള്‍ വരുന്നത് കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
കര്‍ഷക സമരം ശക്തമാകുന്നു
മൂന്നു ബില്ലുകളാണ് കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ നരേന്ദ്ര മോദിയുടെ ബിജെപി ഗവണ്‍മെന്‍റ് ഇരുസഭകളിലും അംഗീകരിപ്പിച്ച് പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെതിരെ രാജ്യത്താകമാനം കര്‍ഷകര്‍ തെരുവിലിറങ്ങി കഴിഞ്ഞു. ബില്ല് രാജ്യസഭയില്‍ വന്ന സമയത്ത് പ്രതിഷേധിച്ച എട്ട് അംഗങ്ങളാണ് പുറത്താക്കിയത്. വടക്കേ ഇന്ത്യയില്‍ നിന്നാണ് കര്‍ഷക സമരം ശക്തമായി തെരുവുകളില്‍ തുടങ്ങിയിരിക്കുന്നത്. ഇത് മറ്റു സംസ്ഥാനങ്ങളിലേക്ക് വളരെ വേഗം വ്യാപിക്കും എന്നുള്ള കാര്യത്തില്‍ സംശയമില്ല. കര്‍ഷക സമരം ശക്തമായി കഴിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാരിന് നിലനില്‍പ്പിന് തന്നെ പ്രശ്നമാകും എന്നാണ് മനസ്സിലാക്കേണ്ടത്. ഘടക കക്ഷികളും, ബിജെപിക്കുള്ളിലും അമര്‍ഷം പരസ്യമായി കഴിഞ്ഞിരിക്കുന്നു. അത് നരേന്ദ്ര മോദി സര്‍ക്കാരില്‍ നിന്ന് ക്യഷി വകുപ്പ് മന്ത്രി ഹര്‍ഷിത്ത് കൗര്‍ ബാഡല്‍ അടക്കം പലരും രാജിവെച്ച പിന്തിരിഞ്ഞത് വളരെ ഗൗരവത്തോടുകൂടി ആണ് കാണേണ്ടത് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇടനിലക്കാരെ ഒഴിവാക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്നത്. അതിനായാണ് പുതിയ മൂന്ന് ബില്ലുകള്‍ കൊണ്ടു വന്നത് എന്നാണ് ന്യായീകരണം. എന്നാല്‍ ഇപ്പോള്‍ തിടുക്കത്തില്‍ കൊണ്ടുവന്നിരിക്കുന്ന നിയമം കോവിഡില്‍ തകര്‍ന്നിരിക്കുന്ന കോര്‍പറേറ്റുകളെ സഹായിക്കുന്നതിന് വേണ്ടിയാണെന്നാണ് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നത്. നോട്ടു നിരോധനവും ജി.എസ് .ടിയും നടപ്പിലാക്കിയതോടുകൂടി ഇന്ത്യയുടെ സാമ്പത്തിക രംഗം ദുര്‍ബലപ്പെട്ടു പോയ വ്യാപക പ്രതിഷേധത്തിന് ഇട നല്‍കിയിരിക്കുകയാണ്. കോവിഡ് കാരണം സാമ്പത്തിക രംഗത്തുള്ള ആഘാതം ഭരണകൂടത്തെ മാത്രമല്ല കോര്‍പ്പറേറ്റുകളേയും തളര്‍ത്തിക്കളഞ്ഞു എന്നത് യാഥാര്‍ത്ഥ്യമാണ്. കോര്‍പ്പറേറ്റുകളുടെ രക്ഷയ്ക്ക് വേണ്ടിയിട്ടാണ് കര്‍ഷകരുടെ പേരില്‍ മൂന്ന് ബില്ലുകള്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത് എന്നാണ് വിമര്‍ശകര്‍ വ്യാപകമായി ചര്‍ച്ച ചെയ്യുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് കര്‍ഷകരുടെ മേല്‍ കൂടുതല്‍ ആധിപത്യം ഉണ്ടാകുന്ന സാഹചര്യമാണ് പുതിയ ബില്ല് വഴി ഉണ്ടാകുക എന്ന ഭയമാണ് ചുറ്റിനും. രാജ്യത്തെ കാര്‍ഷിക വിളകളുടെ ആകെ നിയന്ത്രണാവകാശം കോര്‍പ്പറേറ്റുകളുടെ അധീനയിലാകുമ്പോള്‍ കീടനാശിനികള്‍, വള്ളം, താങ്ങുവില, തുടങ്ങിയ സബ്സിഡി കര്‍ഷകര്‍ക്ക് നഷ്ടമാകും. ഇടത്തരക്കാര്‍ ഇല്ല എന്നുള്ള ഉള്ള ന്യായമാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്നില്‍ നിരത്തുന്നത്. പക്ഷേ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ നേരിട്ട് കര്‍ഷകരുടെ നിയന്ത്രണം ഏറ്റെടുക്കില്ലേ എന്ന സംശയത്തിന് വ്യക്തമായ ഉത്തരം ലഭിക്കുന്നില്ല എന്ന് ദുരൂഹതയാണ്. കൊറോണ വൈറസ് പടരുന്നതിനേക്കാള്‍ വേഗത്തിലാണ് ഈ കോവിഡ് കാലത്ത് കര്‍ഷക സമരം രാജ്യത്ത് പടര്‍ന്ന് കൊണ്ടിരിക്കുന്നത്. കര്‍ഷകരുടെ ജീവന്‍ മരണ പോരാട്ടമാണ് അത്. ഇത് ഭാവിയില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
പിഎം കെയര്‍ ഫണ്ട്
രാജ്യം കോവിഡിന്‍റെ ഭീതിയില്‍ ഭയപ്പെട്ടിരുന്ന സമയത്താണ് പി എം കെയര്‍ ഫണ്ട് എന്ന പുതിയ ഒരു സംവിധാനം പ്രധാനമന്ത്രി നടപ്പിലാക്കിയത്. പ്രധാനമന്ത്രി ദുരിതാശ്വാസ ഫണ്ട് നിലവില്‍ ഇരിക്കുകയാണ് പി എം കെയര്‍ ഫണ്ട് എന്ന പുതിയ സംവിധാനം രൂപം കൊണ്ടത് എന്നുള്ളത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായി. കോവിഡ് കാലമായതിനാല്‍ പ്രതിഷേധം അത്രകണ്ട് ശക്തമായി ഇല്ല എന്നുള്ളത് ഇത് നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. പ്രധാനമന്ത്രിയുടെ ഓഫീസും ധനകാര്യമന്ത്രിയുടെ ഓഫീസും നേരിട്ട് ഇടപെട്ടാണ് രാജ്യത്തെ എല്ലാ പൊതുമേഖലാസ്ഥാപനങ്ങളോടും അവരുടെ സിഎസ്ആര്‍ ഫണ്ട് പി എം കെയര്‍ ഫണ്ടില്‍ പൂര്‍ണ്ണമായും നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടത്. പി എം കെയര്‍ ഫണ്ടിലേക്ക് നാല് ദിവസം കൊണ്ട് സ്വരൂപിച്ചത് മൂവായിരത്തി എഴുപത്താറ് കോടി അറപത്തി രണ്ട് ലക്ഷം രൂപയാണ്. 2020 മാര്‍ച്ച് 31ന് ആയിരുന്നു പിഎം കെയര്‍ ഫണ്ട് നിലവില്‍ വന്നത്. ഇപ്പോള്‍ ഐഐടി, ഐഐഎം, കേന്ദ്ര സര്‍വ്വകലാശാലകള്‍, സ്കൂളുകള്‍ തുടങ്ങിയവ പി എം കെയര്‍ ഫണ്ടിലേയ്ക്ക് സംഭാവനകള്‍ നല്‍കണമെന്നാണ് പുതിയ ഉത്തരവ് വന്നിരിക്കയാണ്. പി എം കെയര്‍ ഫണ്ടില്‍ എത്തി ചേരുന്ന പണത്തെക്കുറിച്ച് നാളിതുവരെയായി കണക്കുകള്‍ പരസ്യം ചെയ്തിട്ടില്ല എന്നുള്ളത് ദുരൂഹത ഉളവാക്കുന്ന. പി എം കെയര്‍ ഫണ്ട് സ്വരൂപിക്കുന്ന പണം എന്തിനു വേണ്ടി ഉപയോഗിക്കുന്നു എന്ന് പോലും വ്യക്തമാക്കപ്പെട്ടിട്ടില്ല. വിവരാവകാശ നിയമത്തിന് അതീതമാണ് പി എം കെയര്‍ ഫണ്ട് എന്നാണ് ഔദ്യോഗികമായി നല്‍കുന്ന മറുപടി. രാജ്യത്തിന്‍റ സ്വത്ത് സ്വന്തമാക്കുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ നടപടിയാണ് പി എം കെയര്‍ ഫണ്ട് വഴി നടപ്പിലാക്കുന്നതെന്ന് ഏറെ നാളുകളായി പ്രതിപക്ഷം പറയുന്നു. ഇതിനെ സാധൂകരിക്കുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നുള്ളത് വളരെ ഗൗരവത്തില്‍ കാണേണ്ടതാണ്.
വിദ്യാഭ്യാസ കലണ്ടറുകള്‍ മാറുന്നു
രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് വലിയ നഷ്ടമാണ് കോവിഡ് മൂലം സംഭവിച്ചത്. ഒട്ടേറെ ദിവസത്തെ അദ്ധ്യായങ്ങളാണ് കോവിഡ് മൂലം നഷ്ടപ്പെട്ടത്. ഓണ്‍ ലൈനിലൂടെ പല സ്ഥാപനങ്ങളും പാഠ്യ വിഷയങ്ങള്‍ കുട്ടികളിലേയ്ക്ക് നല്‍കുവാന്‍ ശ്രമിച്ചിരുന്നു. ഇത് ഒരു ദുരന്ത കാലത്തിലുണ്ടായ വിടവ് നികത്തുവാന്‍ ചിലയിടത്ത് സഹായകമായി എന്നത് മാത്രമാണ് ആശ്വാസം. ഇന്ത്യയിലെ ഭൂരിപക്ഷം വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ഇത് വിജയിച്ചില്ല. കാരംം, ഇന്‍റര്‍ നെറ്റ് ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും എത്തിയിട്ടില്ല. വൈദ്യുതി പോലും എല്ലായിടത്തും എത്തിയിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. വൈദ്യുതി എത്തിയ പല ഗ്രാമങ്ങളും വേള്‍ട്ടേജ് ക്ഷാമം നേരിടുന്നുമുണ്ട്. മതു കൊണ്ട് തന്നെ നഷ്ടപ്പെട്ട ദിനങ്ങള്‍ വീണ്ടെടുക്കുന്നത് എങ്ങിനെ എന്ന ചോദ്യം അവശേഷിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ അതാണ് പ്രായോഗിക പരിഹാരം എന്ന് തീര്‍പ്പ് കല്‍പ്പി1പ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസ രംഗത്തെ നഷ്ടപ്പെട്ട ദിനങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള ചര്‍ച്ച സജീവമായി ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ അതെ വിദ്യാഭ്യാസ കലണ്ടറുകളുടെ തീയതികളില്‍ മാറ്റം വരുത്തി പ്രശ്നം പരിഹരിക്കുക എന്നുള്ളതാണ് ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനമെന്നറിയുന്നു. നവംബര്‍ ഒന്നാം തീയതി അധ്യയന വര്‍ഷം ആരംഭിക്കുകയും ഒന്നാം സെമസ്റ്റര്‍ പരീക്ഷ മാര്‍ച്ച് മാസം നടത്തുകയും ചെയ്യുക എന്നുള്ളതാണ് ഇപ്പോള്‍ ധാരണയിലായിരുന്നത്. ഇതിന് സമാനമായി മറ്റ് സെമിസ്റ്ററുകള്‍ ക്രമീകരിക്കുന്നതിനാണ് സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദ്ദേശം കൊടുക്കാന്‍ യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മിഷനും, കേന്ദ്ര വിദ്യാഭ്യാസ വകുപ്പും തീരുമാനിച്ചിരിക്കുന്നത്. രണ്ട് വിദ്യാഭ്യാസ വര്‍ഷങ്ങള്‍ തമ്മിലുള്ള അവധികള്‍ വെട്ടിച്ചുരുക്കി വരുന്ന കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് നഷ്ടപ്പെട്ട അദ്ധ്യായന ദിവസങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കും എന്നുള്ള ഉള്ള ഒരു ധാരണ ചര്‍ച്ചയില്‍ ഉടലെടുത്തു എന്നറിയുന്നു. യു ജി സി യുടെ നേതൃത്വത്തില്‍ നടത്തുന്ന പരിഷ്കാരങ്ങള്‍ മറ്റു വിദ്യാഭ്യാസ മേഖലകളിലേക്ക് ആവിഷ്കരിക്കും എന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.
സുധീര്‍ നാഥ് / 9968996870 (വാട്ട്സ്അപ്പ്/ ടെലിഗ്രാം)
