അതിര്‍ത്തിയില്‍ പുകയുമ്പോള്‍...

അതിര്‍ത്തിയില്‍ പുകയുമ്പോള്‍...
വിജയ് ചാക്ക്- 58 / മെട്രോ വാര്‍ത്ത
സുധീര്‍ നാഥ്


ഇന്ത്യയുടെ അതിര്‍ത്തികള്‍ പുകയുകയാണ്. ചൈനയുടെ അതിര്‍ത്തി ഇപ്പോള്‍ സംഘര്‍ഷം നിറഞ്ഞതാണ്. പാക്കിസ്ഥാനിന്‍റെ അതിര്‍ത്തിയും സുരക്ഷിതമല്ല. സുരക്ഷിതമെന്ന് നമ്മള്‍ വിശ്വസിച്ചിരുന്ന നേപ്പാളിന്‍റെ അതിര്‍ത്തിയില്‍ വരെ ഭീഷണി ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നു. പാക്കിസ്ഥാനും, നേപ്പാളും ചൈനയുടെ പിന്തുണയോടെ അതിര്‍ത്തികളില്‍ അസ്വാരസ്യം തുടരുകയാണ്. സമാധാനത്തിന്‍റെ ചര്‍ച്ചകള്‍ ലോകം മുഴുവന്‍ നടക്കുന്നു എന്ന പ്രത്യേകതയും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉണ്ട് എന്നത് എടുത്ത് പറയണം. പണ്ടത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ എന്ന് മുന്‍ പ്രതിരോധ മന്ത്രി അന്തരിച്ച അരുണ്‍ ജെറ്റ്ലി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ സൈനിക ശക്തിയായി മാറി കഴിഞ്ഞു. ചൈനയും മോശക്കാരല്ല. അത് കൊണ്ട് ഒരു യുദ്ധം ചിലപ്പോള്‍ കൊറോണ വൈറസിനേക്കാള്‍ ഭീകര രൂപമാകാം.

1962ല്‍ ചൈന ഇന്ത്യയുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ടിമ്പറ്റിലെ ദലൈലാമയ്ക്കും സംഘത്തിനും ഇന്ത്യ 1959ല്‍ അഭയം കൊടുത്തതാണ് ചൈനയെ പ്രകോപിപ്പിച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യയിലെ ഹിമാലയ സാനുക്കളില്‍ ചൈനീസ് സൈന്യം ക്കൈയ്യേറി അവകാശം ഉന്നയിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. അതൊരു അതിര്‍ത്തി തര്‍ക്കമായിരുന്നു. ഇഎംഎസ് അക്കാലത്ത് നത്തെിയ പരാമര്‍ശം ഇന്നും ചര്‍ച്ച ചെയ്യപെടുന്നുണ്ട്. അന്ന് അദ്ദേഹം പറഞ്ഞത്  ڇ ചൈനക്കാര്‍ അവരുടേതെന്നും, ഇന്ത്യക്കാര്‍ ഇന്ത്യയുടേതെന്നും കരുതുന്ന തര്‍ക്ക വിഷയമായ അതിര്‍ത്തി പ്രശ്നം ചര്‍ച്ചകളിലൂടെ വേണം പരിഹരിക്കാന്‍ ڇ മൂന്നാം ലോക രാജ്യങ്ങളായിരുന്ന ഇന്ത്യയും ചൈനയും ഒരു യുദ്ധത്തിലൂടെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്ന് ഇഎംഎസ് പറഞ്ഞത് തന്നെയാണ് ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ എടുത്തിരിക്കുന്ന നിലപാട്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മോസ്ക്കോയില്‍ നടത്തിയ ചര്‍ച്ചകളാണ് പഴയ ഇഎംഎസ് വചനം ഓര്‍മ്മിപ്പിച്ചത്.

1962ല്‍ ചൈനാ യുദ്ധകാലത്ത് അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റിന് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു സഹായം അഭ്യര്‍ത്ഥിച്ച് രണ്ട് കത്തുകളാണ് അയച്ചിരുന്നത്. സഹായം അഭ്യര്‍ത്ഥിച്ചാല്‍ നല്‍കാന്‍ തയ്യാറാണെന്ന് അമേരിക്ക അറിയിച്ചത് കൊണ്ടാണ് അന്ന് ഗത്യന്തിരമില്ലാതെ ഇന്ത്യ അമേരിക്കയുടെ സഹായം തേടിയത്. നവംബര്‍ 21ന് ചൈന വെടി നിര്‍ത്തിയത് കൊണ്ട്  മാത്രം അമേരിക്കയുടെ സഹായം മേടിക്കേണ്ടി വന്നില്ല. 1962 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 21 വരെ നീണ്ട ചൈനീസ് ആക്രമണത്തില്‍ ഇന്ത്യക്ക് നഷ്ടമായത് ഏകദേശം 50,000 ചതുരസ്ശ്ര അടി കിലോമീറ്റര്‍ ഭൂപ്രദേശമാണ്. നേഫ, ലഡാക്, സിക്കിം മേഖലകളിലായി നീണ്ടുകിടക്കുന്ന ഈ അതിര്‍ത്തി പ്രദേശങ്ങള്‍ ഇന്നും ചൈനയുടെ പിടിയില്‍ തന്നെയാണ്. യുദ്ധത്തില്‍ ഇന്ത്യയ്ക്ക് മോശമല്ലാത്ത രീതിയില്‍ ആള്‍നാശം ഉണ്ടാവുകയും ചെയ്തു. 1962 ആവര്‍ത്തിക്കും എന്നുള്ള ചൈനയുടെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അന്ന് ഇന്ത്യ ചൈനയെ പോലെ സൈനികമായി ശക്തമായിരുന്നില്ല എന്നത് വസ്ഥുതയാണ്.

ഇന്ത്യയും ചൈനയും തമ്മില്‍ വര്‍ഷങ്ങളായി അതിര്‍ത്തി തര്‍ക്കം നടക്കുന്നുണ്ട്. ചൈനയുമായുള്ള അതിര്‍ത്തികളില്‍ ഏതാണ്ട് ഇരുപത് വ്യത്യസ്ഥ പ്രദേശങ്ങള്‍ തര്‍ക്കഭൂമിയാണ്. ഇത് വിഷയമായി ഒട്ടേറെ നയതന്ത്ര ചര്‍ച്ചകള്‍ ഇരു രാജ്യങ്ങള്‍ തമ്മില്‍ നടന്നിട്ടുണ്ട്.
അതിര്‍ത്തി തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും വ്യത്യസ്ത നിലപാടുകളും ഇന്ത്യയും ചൈനയും തമ്മില്‍ ഉണ്ടായിട്ടും കഴിഞ്ഞ അന്‍പത് വര്‍ഷത്തിലേറെയായി അതിര്‍ത്തിയില്‍ ഒരു വെടിവയ്പ്പ് പോലും നടത്തിയിട്ടില്ല. ഒരാള്‍ പോലും കൊലചെയ്യപ്പെട്ടില്ല. അത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സമാധാന കരാറിന്‍റെ ബലം കൊണ്ടു തന്നെയാണ്.

ഇന്ത്യയില്‍ ചൈന 1955ല്‍ റോഡ് പണിത ചരിത്രമുണ്ട്. അന്ന് റോഡ് നിര്‍മ്മിക്കുന്ന വിവരം ഇന്ത്യന്‍ ട്രേഡ് ഏജന്‍റ് സര്‍ക്കാരിനെ അറിയിച്ചെങ്കിലും അവഗണിക്കുകയായിരുന്നു. അക്സായിചിന്‍ പ്രദേശത്ത് കൂടി ചൈന വലിയ ഒരു റോഡ് നിര്‍മ്മിച്ചു. ഇന്ത്യയുടെ പ്രദേശത്ത് കൂടി റോഡ് പൂര്‍ത്തിയാക്കിയ വിവരം 1957ല്‍  ചൈനയിലെ പത്രങ്ങളില്‍ വന്നപ്പോഴാണ് ഇന്ത്യ വിവരം ഗൗരവമായി എടുത്തത്. അത് പരിശോധിക്കാന്‍ രണ്ട് സംഘങ്ങള്‍ പോയി. രണ്ടാം സംഘത്തെ ചൈനാ പട്ടാളം തടവിലാക്കി. വലിയ നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷമാണ് രണ്ടാം സംഘത്തിനെ മോചിപ്പിച്ചത്.

പക്ഷെ ഇപ്പോള്‍ സ്ഥിതി മാറി. ലഡാക്കിലെ പാങ്കോംഗ് തടാകത്തിനും സിക്കിമിലെ നാഥു ലാ ചുരത്തിനും സമീപമാണ് 2020 മെയ് മാസം 5 മുതല്‍ ഇരു രാജ്യങ്ങളുടെ സൈനികര്‍ അതിര്‍ത്തിയിലെ സ്ഥലങ്ങളില്‍ ആക്രമണാത്മക നടപടികളിലും മുഖാമുഖങ്ങളിലും ഏറ്റുമുട്ടലുകളിലും ഏര്‍പ്പെട്ടിരുന്നത്. 2020 ജൂണ്‍ 16 ന് നടത്തിയ പോരാട്ടത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല ചെയ്യപ്പെട്ടു. 43 ചൈനീസ് സൈനികര്‍ മരണമടഞ്ഞിട്ടുണ്ടെന്നാണ് ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയതിട്ടുള്ളത്. അതേസമയം 1962 ലെ ചൈന ഇന്ത്യാ യുദ്ധത്തിന് കാരണമായ കിഴക്കന്‍ ലഡാക്കിലെ സ്ഥലങ്ങളില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. ഗാല്‍വാന്‍ നദിയോട് ചേര്‍ന്ന് ഇന്ത്യന്‍ പ്രദേശത്തിനുള്ളില്‍ ഇന്ത്യ നിര്‍മ്മിക്കുന്ന റോഡ് നിര്‍മ്മാണത്തെ ചൈനീസ് സൈന്യം എതിര്‍ത്തിരിക്കയാണ്.

അതിര്‍ത്തികളില്‍ എന്ത് നടക്കുന്നു എന്ന് മാധ്യമങ്ങള്‍ പല കഥകളാണ് എഴുതി പിടിപ്പിക്കുന്നത്. ഓരോ മാധ്യമങ്ങളിലും വ്യത്യസ്ഥ വീക്ഷണങ്ങള്‍ കാണുന്നു. അത് തന്നെ ഏറെ ദുരൂഹത സമൂഹത്തില്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നത് തന്നെയാണ്. മാധ്യമ വിലക്ക് കര്‍ശനമാക്കി ഇരിക്കുകയാണ് എന്നത് പുറത്ത് വന്ന വിവരമാണ്. അപ്പോള്‍ ചില മാധ്യമങ്ങളില്‍ മാത്രം വരുന്ന വാര്‍ത്തകള്‍ അവിശ്വസനീയമാണ്. റിപ്പോര്‍ട്ടുകള്‍ക്ക് ഭാവന കൂടുന്നു.

ചൈനയുടെ ആപ്പുകള്‍ക്ക് ഇന്ത്യയില്‍ തുടര്‍ച്ചയായി നിരോധനം ഏര്‍പ്പെടുത്തി സാമ്പത്തിക ആക്രമണമാണ് നടത്തുന്നത്. 130 കോടി ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇന്ത്യയാണ് ചൈനയുടെ പ്രധാന സാമ്പത്തിക ശ്രോതസ്. അതാണ് അടയ്ക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയെ പിന്തുടര്‍ന്ന് മറ്റ് രാജ്യങ്ങളും സമാനമായ തീരുമാനം എടുത്തിട്ടുണ്ട്. ഇന്ത്യയ്ക്ക് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണ ലഭിച്ചതോടെ വിഷയം ഏറെ ഗൗരവപ്പെടുകയും ലോക ശ്രദ്ധ നേടുകയും ചെയ്തു.

കോവിഡ് 19 മാഹാമാരിക്ക് കാരണം ചൈനയാണെന്ന വ്യാപകമായ കുറ്റപ്പെടുത്തലുകള്‍ ലോകത്തിന്‍റെ എല്ലാ ഭാഗത്ത് നിന്നും ഉണ്ടാകുന്നു. ഇത് ചൈനയില്‍ തന്നെ വലിയ അഭ്യന്തിര പ്രശ്നമായി മാറിയിട്ടുണ്ട്. ഇതിനൊക്കെ മറയിടുവാനാണ് ഇപ്പോള്‍ ചൈന നടത്തുന്ന ശ്രമങ്ങളെന്ന വിലയിരുത്തല്‍ വ്യാപകമായി ഉണ്ട്. അങ്ങിനെ ആകുവാനുള്ള സാധ്യത തള്ളികളയുവാന്‍ സാധിക്കില്ല.