കര്‍ഷക ബില്ലും, കര്‍ഷക സമരവും

കര്‍ഷക ബില്ലും, കര്‍ഷക സമരവും
വിജയ് ചൗക്ക് @ 61
സുധീര്‍നാഥ്

രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുകയാണ്. കോവിഡ് വ്യാപനത്തിന്‍റെ ആഘാതം സാമ്പത്തിക പ്രതിസന്ധി ഇരട്ടിയാക്കി എന്നു തന്നെ പറയാം. ഇതിനിടയില്‍ പാര്‍ലമെന്‍റ് സമ്മേളനം കൂടുകയും, ഏഴ് ദിവസം മുന്‍പേ അത് അവസാനിപ്പിക്കുകയും ചെയ്തു. പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അതി പ്രധാനമായ മൂന്ന് കര്‍ഷക ബില്ലുകള്‍ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചിരിക്കയാണ്.

മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമാണെന്ന സംസാരം വ്യാപമായുള്ളത് കാര്‍ഷിക ബില്ലിന്‍റെ പശ്ചാത്തലത്തില്‍ സമൂഹത്തില്‍ സംശയങ്ങളുടെ ആഴം കൂട്ടി എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ വടക്കേ ഇന്ത്യയിലെ കര്‍ഷകരെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയ ബലപരീക്ഷണം നടത്തുകയാണ് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ ചെയ്യുന്നത്. കര്‍ഷക വിരുദ്ധമാണ് പുതിയ ബില്ലുകള്‍ എന്നത് ശക്തമായി കര്‍ഷകരുടെ മനസ്സിലേക്ക് പ്രതിപക്ഷം എത്തിച്ചിരിക്കുന്നു. വടക്കേ ഇന്ത്യയിലെ കര്‍ഷകര്‍ ശക്തമായി തെരുവുകളില്‍ ഇറങ്ങിയിരിക്കയാണ്. കര്‍ഷകര്‍ക്ക് ആശങ്ക ഉളവാക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ പുതിയ ബില്ലില്‍ ഉണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യവുമാണ്.

കാര്‍ഷിക ബില്ലുകള്‍ രണ്ട് തരത്തില്‍ വിലയിരുത്താം. കേരളം പോലുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകരെ അത് കാര്യമായി ബാധിക്കുന്നില്ല. കേരളത്തിലെ കര്‍ഷകര്‍ അവരുടെ വിളകള്‍ നേരിട്ട് തന്നെയാണ് കച്ചവടം നടത്തുന്നത്. ഒളരെ അപൂര്‍വ്വമായി മാത്രമേ ഇടനിലക്കാരുള്ളൂ. പുതുതായി വരുന്ന നിയമം കൂടുതലായി ബാധിക്കുക വടക്കേ ഇന്ത്യയിലെ കര്‍ഷകരെയാണ്. കര്‍ഷകര്‍ക്ക് ഗുണമാണെന്ന് വാദിക്കുന്ന സര്‍ക്കാരിന്‍റെ നീക്കം ഏറ്റവും ഗുണം ചെയ്യുക കാര്‍ഷിക ഉത്പന്നങ്ങളുടെ വിതരണം ഏറ്റെടുത്ത കോര്‍പ്പറേറ്റുകള്‍ക്കാണ്. റിലയന്‍സ്, അദാനി, ബിര്‍ള ഗ്രൂപ്പുകള്‍ക്ക് വന്‍ നേട്ടമാണ് പുതിയ ബില്ലുകള്‍ സമ്മാനിക്കുന്നത്.

എന്തൊക്കെയാണ് മൂന്ന് ബില്ലുകള്‍ എന്ന് ആദ്യം നോക്കാം. കാര്‍ഷികോത്പന്ന വാണിജ്യ ബില്ല് വഴി വടക്കേ ഇന്ത്യയിലെ മൊത്ത വ്യാപാര മേഖലയുടെ കുത്തക ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. എവിടെ വേണമെങ്കിലും കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് ഈ നിയമം പരിരക്ഷ നല്‍കും. കര്‍ഷക ഉത്പന്നങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യാതൊരു നികുതിയും ഈടാക്കാന്‍ സാധിക്കില്ല. ഇത് വാങ്ങുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യും.

കര്‍ഷക ഉല്‍പ്പന്നങ്ങള്‍ക്ക് മിനിമം സപ്പോര്‍ട്ട് പ്രെെസ് (എം.എസ്.പി) മുന്‍പ് ഉണ്ടായിരുന്നത് ആശ്വാസമായിരുന്നു. പുതിയ ബില്ലില്‍ എം.എസ്.പിയെ കുറിച്ച് പരാമര്‍ശമില്ല. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്ക് എന്നുള്ളത് ബില്ലില്‍ നിന്ന് അപ്രത്യക്ഷമായത് സ്വാഭാവികമായും ആശങ്കകള്‍ ഉണ്ടാക്കുന്നു. കര്‍ഷകര്‍ക്ക് സംരക്ഷണം ആയ ഒരു നിലപാട് ബില്ലില്ല എന്ന് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് ശക്തി കൂടുന്നത് ഇത് കാരണമാണ്. പൊതു വിപണിയില്‍ കര്‍ഷകരുടെ ഉത്ത്പന്നങ്ങള്‍ എത്ര ശതമാനം കൂട്ടി വില്‍ക്കാം എന്നതിനും ബില്ലില്‍ വ്യവസ്ഥ ഇല്ല. പണ്ടേ ചൂഷണം ചെയ്യപ്പെടുന്ന കര്‍ഷകര്‍ക്ക് വീണ്ടും മറ്റൊരു മേഖലയില്‍ നിന്ന് ചൂഷണം നേരിടും എന്നത് മാത്രമാണ് വ്യത്യാസം.  

കാര്‍ഷിക ശാക്തീകരണ സംരക്ഷ ബില്ലാണ് രണ്ടാമത്തേത്. മോദി സര്‍ക്കാര്‍ വളരെ മുമ്പുതന്നെ കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കുന്നു എന്നുള്ള ആക്ഷേപം നേരിടുന്ന സാഹചര്യം നിലവിലുണ്ട്. ഇങ്ങനെയുള്ള സാഹചര്യം നിലനില്‍ക്കെയാണ് കാര്‍ഷിക ശാക്തീകരണ സംരക്ഷ ബില്ല് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. കര്‍ഷകര്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വാങ്ങുന്നവരുമായി ഒരു കാര്‍ഷിക സീസണ്‍ മുതല്‍ അഞ്ച് വര്‍ഷം വരെ കരാറില്‍ ഒപ്പിടാം എന്ന് ബില്ല് നിഷ്കര്‍ഷിക്കുന്നു. വന്‍കിടക്കാര്‍ ആവശ്യപ്പെടുന്ന ഉത്പന്നം അവര്‍ പറയുന്ന രീതിയില്‍, അവര്‍ പറയുന്ന അളവില്‍ കരാറില്‍ ഏര്‍പ്പെടുന്ന കര്‍ഷകര്‍ ഉത്പാദിപ്പിച്ച് നല്‍കണം.

കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പ് മാത്രമാണ് ഹിമാചല്‍ പ്രദേശിലെ ആപ്പിള്‍ കര്‍ഷകര്‍ക്കിടയില്‍ രാജ്യത്തെ രണ്ട് വന്‍കിട സ്വകാര്യ കോര്‍പ്പറേറ്റ് കമ്പനികള്‍ ആദ്യമായി ഇത്തരത്തില്‍ ആധിപത്യം സ്ഥാപിക്കുന്നത്. അവര്‍ ആപ്പിള്‍ തോട്ടങ്ങള്‍ മൊത്തമായി ഏറ്റെടുത്ത് വിളകള്‍ക്ക് മുന്‍കൂറായി വലിയ വില നല്‍കി. മുന്‍പ് ഈ രംഗത്ത് പ്രവര്‍ത്തിച്ച ഇടനിലക്കാരെ ഇല്ലാതാക്കി. കൂടുതല്‍ പണം ലഭിക്കുന്നതില്‍ കര്‍ഷകര്‍ സന്തോഷിച്ചു എന്നത് വാസ്ഥവമാണ്. മൂന്നാം വര്‍ഷം കോര്‍പ്പറേറ്റുകള്‍ വില നിയന്ത്രിക്കാന്‍ തുടങ്ങിയപ്പോഴാണ് ചതി അവര്‍ തിരിച്ചറിഞ്ഞത്. വിളകള്‍ക്കുള്ള വിലയില്‍ കര്‍ഷകര്‍ക്ക് നിയന്ത്രണമില്ലാത്ത സാഹചര്യം ഉണ്ടായി. ഈ രംഗത്ത് ചുവടുവയ്ക്കുന്നത് വലിയ ലാഭകരമായ ബിസിനസ് ആണെന്ന് തിരിച്ചറിഞ്ഞതോടെ മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങളിലേയ്ക്കും അവര്‍ ചുവടു വെച്ചു. ഹിമാചലില്‍ നടപ്പിലാക്കിയ മാത്യക മുന്നോട്ട് കൊണ്ടു പോകാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് നിയമപരിരക്ഷ കൊണ്ടുവരുക മാത്രമാണ് ഇപ്പോള്‍ പുതിയ നിയമം വഴി നടപ്പിലാക്കിയിരിക്കുന്നത്. ഹിമാചലിലെ കര്‍ഷകരാണ് സമരം ചെയ്യുന്ന മറ്റുള്ളവര്‍ക്ക് പാഠമായിരിക്കുന്നത്. പഞ്ചാബ്, ഹിമാചല്‍, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കര്‍ഷക സമരം ഇപ്പോള്‍ ശക്തമാണ്. അത് പടര്‍ന്നുകൊണ്ടിരിക്കുന്നു.

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൊത്തവ്യാപാരത്തില്‍ ഇപ്പോള്‍ മറ്റു ചില കമ്പനികള്‍ കൂടി താത്പര്യം കാണിക്കുകയാണ്. ഇത്തരം കോര്‍പ്പറേറ്റ് കമ്പനികളുടെ സംരക്ഷണമാണ് പുതിയ ബില്ല് വഴി ഔപചാരികമായി നിയമപരിരക്ഷ നല്‍കി സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത് എന്നാണ് പ്രതിപക്ഷ ആരോപണം. വടക്കേ ഇന്ത്യയിലെ മൊത്ത കച്ചവടക്കാര്‍ക്ക് വിതരണം ചെയ്തിരുന്ന കര്‍ഷക ഉല്‍പന്നങ്ങളില്‍ ഇനി കോര്‍പ്പറേറ്റുകള്‍ നേരിട്ട് ഇടപെടും. അവരുടെ ഉത്പന്നങ്ങള്‍ക്ക് എവിടെ വേണമെങ്കിലും വില്‍ക്കാം. കൂടുതല്‍ വില എവിടെ കിട്ടും എന്ന് കണ്ടെത്തി കച്ചവടം നടത്താന്‍ സാധാരണ കര്‍ഷകന് അനുമതി ഉണ്ടെങ്കിലും അത് പ്രായോഗികമല്ല.

നിസഹായരായ കര്‍ഷകര്‍ കോര്‍പ്പറേറ്റുകളുടെ കൈപ്പിടിയില്‍ ആകുമെന്ന ആശങ്ക അകറ്റുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന തുകയുടെ എത്രയോ ഇരട്ടിയാണ് വില്‍പ്പന കേന്ദ്രങ്ങളില്‍ കോര്‍പ്പറേറ്റുകള്‍ വാങ്ങുക എന്നത് സത്യമാണ് ലാഭത്തിന്‍റെ ഒരു വിഹതം കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണ്. അത് അവര്‍ക്ക് ഉറപ്പ് വരുത്തുക എന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം. അതിന് സര്‍ക്കാരുകള്‍ക്ക് സാധിച്ചാല്‍ മാത്രമേ പുതിയ ബില്ലുകള്‍ സ്വീകാര്യം ആകുകയുള്ളൂ എന്നാണ് വിലയിരുത്തല്‍.

വടക്കേ ഇന്ത്യയിലെ കര്‍ഷകരുടെ വിപണി നിയന്ത്രിച്ചിരുന്നത് അവിടുത്തെ ഭൂപ്രഭുക്കന്‍മാരായ ഏജന്‍റാണ്. അത് പൂര്‍ണ്ണമായും ഒഴിവാക്കുന്നു എന്നതാണ് പുതിയ ബില്ലിന്‍റെ പ്രത്യേകത. ഏജന്‍റായി പ്രവര്‍ത്തിച്ച പതിനായിരക്കണക്കിന് ആളുകള്‍ ഇനി കോര്‍പ്പറേറ്റുകളുടെ ഏജന്‍റായി മാറും. അവര്‍ക്ക് മുന്‍പ് ലഭിച്ചിരുന്ന വരുമാനം ലഭിക്കണമെന്നില്ല.

മൂന്നാമത്തേത് അവശ്യസാധന ഭേദഗതി ബില്ലാണ്. പെട്ടന്ന് നശിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് 50 ശതമാനവും, അല്ലാത്തത് 100 ശതമാനവും വിലവര്‍ദ്ധനവ് ഉണ്ടായാല്‍ മാത്രമമേ സര്‍ക്കാരിന് ഇടപെടാന്‍ സാധിക്കൂ എന്നതാണ് ബില്ലിലെ വ്യവസ്ഥ. വല വര്‍ദ്ധനവ് ഉണ്ടായാലും സര്‍ക്കാര്‍ ഇടപെടണമെങ്കില്‍ ബില്ലിലെ വ്യവസ്ഥയിലുള്ള ശതമാനം വരെ എത്തണം.  വിലക്കയറ്റത്തില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നിയമപരമായി നിയന്ത്രിക്കുക വഴി പ്രയാസത്തിലാകുന്നത് ഉപഭോക്താക്കളാണ്. ഇത് കേരളത്തേയും വല്ലാതെ ബാധിക്കും.