ജനകീയ ചാണ്ടി, ഉമ്മന്‍ ചാണ്ടി
വിജയ് ചൗക്ക് @ 60
സുധീര്‍നാഥ്
ഉമ്മന്‍ചാണ്ടി എന്നത് വ്യക്തി അല്ല, അദ്ദേഹം ഒരു പ്രസ്ഥാനം തന്നെയാണ് എന്ന് സാധാരണക്കാര്‍ പറഞ്ഞ് നടക്കുന്നു. അവരെ അങ്ങിനെ പറപ്പിച്ചത് പുറമെ നിന്നുള്ള സമ്മര്‍ദ്ദമല്ല. കാരണം അദ്ദേഹം ജനങ്ങളുടെ യഥാര്‍ത്ഥ പ്രതിനിധിയായി മാറിയിരിക്കുന്നു. ജനങ്ങള്‍ക്ക് അത് അനുഭവത്തിലൂടെ തെളിയിക്കപ്പെട്ടു കഴിഞ്ഞ ഒരു വസ്തുതയാണ്. ഒരു നേതാവിന് വേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹത്തില്‍ അവര്‍ കാണുന്നു എന്ന തിരിച്ചറിയുമ്പോഴാണ് അദ്ദേഹം സ്വീകാര്യന്‍ ആവുന്നത്. ജനങ്ങളെ കൊണ്ട് അങ്ങിനെ പറയിക്കുന്നത്.
കോണ്‍ഗ്രസിനുള്ളില്‍ ആദ്യകാലങ്ങളില്‍ ശക്തമായ പക്ഷം ചേര്‍ന്ന ഒരു വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടി എന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. രാഷ്ട്രീയ കുതികാല്‍വെട്ടുകള്‍ക്ക് അദ്ദേഹം പലപ്പോഴും നേതൃത്വം നല്‍കിയിരുന്നു എന്നത് രാഷ്ട്രീയ സത്യമാണ്. അത് മറച്ചു വെയ്ക്കേണ്ടതില്ല. തികഞ്ഞ ആന്‍റണി പക്ഷ വാദിയായിരുന്ന ഉമ്മന്‍ ചാണ്ടി പാര്‍ട്ടിയിലും, ജനങ്ങളിലും സ്വന്തം ഇടം കണ്ടെത്തിയതോടെ സ്വന്തം കാലിലായി നില്‍പ്പ്. ഗ്രൂപ്പുണ്ടെങ്കിലും, ഗ്രൂപ്പിന് അതീതനാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടിയുടെ നിയമസഭയിലെ പ്രവര്‍ത്തനങ്ങള്‍ 50 വര്‍ഷം തികയുന്നു എന്നുള്ളത് ചരിത്രം ആവുകയാണ്. കെ എം മാണി മാത്രമാണ് ഉമ്മന്‍ ചാണ്ടിയേക്കാള്‍ കൂടുതല്‍ വര്‍ഷം നിയമസഭാ അംഗത്വം ഉണ്ടായിട്ടുള്ള വ്യക്തി. പി ജെ ജോസഫും ഏതാണ്ട് അന്‍പത് വര്‍ഷത്തെ നിയമസഭാ അംഗത്ത്വത്തിന് സമീപം തന്നെതാണ്. പൊതുപ്രവര്‍ത്തന രംഗത്ത് ഇത്രയേറെ കാലം കഴിയുക എന്നത് അവരുടെ ജനങ്ങളിലുള്ള വിശ്വാസമാണ് തെളിയിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ കേരളം മുഴുവന്‍ അംഗീകരിക്കുന്നു എന്നതിനേക്കാള്‍ ശ്രദ്ധേയം പുതുപ്പള്ളി എന്ന ഗ്രാമം സ്വന്തമാക്കിയ വ്യക്തിത്ത്വം എന്ന് പറയേണ്ടിയിരിക്കുന്നു.
ജനങ്ങളുടെ ഇടയില്‍ ഇറങ്ങി നിന്ന് പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്വഭാവമുള്ള വ്യക്തിത്വമായി ഉമ്മന്‍ ചാണ്ടി വളര്‍ന്ന് വലുതായി. ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തി കൊണ്ട് രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ച് വിജയം കൈവരിച്ച അപൂര്‍വ്വം ചില നേതാക്കളില്‍ ഒരാളായി അദ്ദേഹം വളര്‍ന്നു. ആള്‍ക്കൂട്ടം ഇല്ലാതെ ഉമ്മന്‍ ചാണ്ടിയെ കാണുവാന്‍ സാധിക്കില്ല എന്നുള്ള സ്ഥിതിയിലേക്ക് വരെ എത്തി. മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ഉമ്മന്‍ ചാണ്ടിയുടെ മുറിയിലേക്ക് ആര്‍ക്കും എപ്പോഴും കടന്നുവരാം എന്നുള്ള ഒരു സ്ഥിതി ഉണ്ടായിട്ടുണ്ട്. ഏതൊരു സാധാരണക്കാരനും സമീപിക്കുവാന്‍ സാധിക്കുന്ന ഒരു രാഷ്ട്രീയ നേതാവായി അദ്ദേഹം മാറി എന്നുള്ളതാണ് അദ്ദേഹത്തിന്‍റെ ജനകീയത.
ഉമ്മന്‍ ചാണ്ടിയുടെ ജനകീയ സ്വഭാവത്തെ അടിസ്ഥാനപ്പെടുത്തി ഒരു കഥ തന്നെ ഉണ്ട്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ കഴിഞ്ഞ് ഉമ്മന്‍ ചാണ്ടി ആദ്യമായി പുതുപ്പള്ളിയില്‍ വരുന്നു. വലിയ സ്വീകരണമാണ് പ്രവര്‍ത്തകരും നാട്ടുകാരും ഒരുക്കിയിരിക്കുന്നത്. കോട്ടയം ഗസ്റ്റ് ഹൗസില്‍ എത്തിയ ശേഷമാണ് പുതുപ്പള്ളിയിലേയ്ക്ക് യാത്ര. ഔദ്യോഗിക വാഹനമായ കേരള സ്റ്റേറ്റ് കാറില്‍ പതിവ് പോലെ പ്രവര്‍ത്തകര്‍ സ്ഥാനം പിടിച്ചു. പൈലറ്റിന് പിന്നാലെ കാറ് പാഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഔദ്യോഗിക കാര്‍ എത്തിയതും മാലപ്പടക്കത്തിന് തീ കൊളുത്തി. കാറില്‍ നിന്ന് പ്രവര്‍ത്തകര്‍ ഇറങ്ങി. പക്ഷെ അതില്‍ ഉമ്മന്‍ ചാണ്ടി ഉണ്ടായിരുന്നില്ല. കാറില്‍ സ്ഥലം കിട്ടാത്ത ഉമ്മന്‍ ചാണ്ടി ടാക്സി പിടിച്ച് പിന്നാലെ എത്തി എന്നാണ് കഥ. അദ്ദേഹത്തിന്‍റെ ഔദ്യോഗിക കാറില്‍ ആളുകളുടെ എണ്ണം കൂടുതലായിരുന്ന ഒരു കാലം ഉണ്ടായിരുന്നു.
വളരെ വേഗം ഒരു കാര്യത്തില്‍ തീരുമാനം എടുക്കുവാന്‍ സാധിക്കുന്നു എന്നുള്ള ഒരു പ്രത്യേകത ഉമ്മന്‍ ചാണ്ടിയില്‍ കണ്ടിട്ടുള്ള സവിശേഷതയാണ്. അതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ വ്യക്തിപരമായ അനധഭവങ്ങളില്‍ നിന്ന് ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.
ഒരിക്കല്‍ വളരെ അടുപ്പമുള്ള ഒരു പ്രവാസിയായ സുഹ്യത്തിനെ ചില ആളുകള്‍ പണം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോയ ഒരു സംഭവം ഉണ്ടായി. അദ്ദേഹത്തെ കണ്ടെത്തുന്നതിന് വേണ്ടി ഒരു ഇടപെടല്‍ ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ ഭാര്യ സുഹൃത്തുക്കളായ ഡല്‍ഹിയിലെ മാധ്യമ രംഗത്തുള്ള ചിലരെ വിളിക്കുകയുണ്ടായി. അങ്ങനെ വിളിക്കപ്പെട്ട ഡല്‍ഹിയിലെ ഞാനടക്കമുള്ള ചില സുഹൃത്തുക്കള്‍ അന്ന് കേരള ഹൗസില്‍ ഉണ്ടായിരുന്ന ഉമ്മന്‍ ചാണ്ടിയെ ചെന്നുകണ്ടു. മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം പരാതി കയ്യില്‍ കിട്ടിയ ഉടനെ തന്നെ പോലീസ് ഉദ്യോഗസ്ഥരെ വിളിക്കുകയും 24 മണിക്കൂറിനുള്ളില്‍ തട്ടിക്കൊണ്ടു പോയ വ്യക്തിയെ തിരികെ വീട്ടില്‍ എത്തിക്കുവാനും സാധിച്ചു എന്നുള്ളത് മറക്കാനാവാത്ത ഒരു അനുഭവമാണ്. ഈ വിഷയത്തില്‍ അദ്ദേഹം ഇടപെട്ടത് ഒരു രാഷ്ട്രീയക്കാരന്‍ സാധാരണ ചെയ്യുന്ന ഒരു കാര്യമാണ്. ഉമ്മന്‍ ചാണ്ടി അങ്ങനെ മാത്രം ചെയ്യുന്ന ഒരു വ്യക്തിയല്ല. അതിന്‍റെ ഫലം എന്താണ് എന്ന് ചോദിച്ചറിയുകയും, ശേഷം ഫലം ലഭിച്ച വ്യക്തിയുമായി പിന്നീട് സംസാരിക്കുകയും ചെയ്യുന്ന സ്വഭാവം അദ്ദേഹത്തിനുണ്ട്. അതു തന്നെയാണ് അദ്ദേഹത്തെ കൂടുതല്‍ ജനങ്ങളിലേക്ക് അടുപ്പിക്കാന്‍ കാരണമായിട്ടുള്ളത്.
മറ്റൊരു സംഭവം കൂടി പങ്കുവെക്കേണ്ടത് ഉണ്ട്. മുന്‍ പ്രധാനമന്ത്രി വി പി സിംഗ് എഴുതിയ കവിതകള്‍ വിവര്‍ത്തനം ചെയ്യാന്‍ എനിക്കാണ് അവസരം ലഭിച്ചത്. അത് പുസ്തക രൂപത്തില്‍ ആക്കിയപ്പോള്‍ പ്രകാശന ചടങ്ങിലേക്ക് അദ്ദേഹത്തെ വിളിക്കുകയുണ്ടായി. രാഷ്ട്രീയമായി വലിയ തിരക്കുള്ള മുന്‍ പ്രധാനമന്ത്രിയായ വി പി സിംഗ് ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ അദ്ദേഹം പ്രകാശന ചടങ്ങില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചു. എന്നാണ് പ്രകാശനം എന്ന് ചോദിച്ചു. അദ്ദേഹം സമ്മതിച്ചു എന്നുള്ളത് ഒരു ഞെട്ടലോടെ തന്നെയാണ് പ്രസാധകന്‍ ഉള്‍ക്കൊണ്ടത്. പുസ്തക പ്രകാശന രംഗത്ത് ഗ്രീന്‍ ബുക്സിന്‍റെ തുടക്കമായിരുന്നു. വലിയ ചിലവ് വഹിക്കാന്‍ അവര്‍ക്ക് പ്രയാസം. വിഷയം പ്രൊഫസര്‍ കെ വി തോമസ് ഏറ്റെടുത്തു.
പ്രൊഫസര്‍ കെ വി തോമസ് മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയുടെ മുന്നില്‍ വിഷയം അവതരിപ്പിച്ചു. അപ്പോള്‍ തന്നെ ഒരു കടലാസില്‍ ഒരു കത്ത് എഴുതിച്ചു. കത്ത് ക്കൈമാറിയ ഉടനെ അതേ കടലാസില്‍ സ്റ്റേറ്റ് ഗസ്റ്റ് ആയി അംഗീകരിച്ചു കൊണ്ട് അദ്ദേഹം ഉത്തരവിട്ടു. അത് ഒരിക്കലും മറക്കുവാന്‍ സാധിക്കുന്നതല്ല. മുന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ ഇതില്‍ ഒരു ചര്‍ച്ചയ്ക്ക് സ്ഥാനമില്ലെന്ന് അദ്ദേഹം അന്ന് പറയുകയുണ്ടായി. രാഷ്ട്രീയപരമായി എതിര്‍ ചേരിയില്‍ ആണെങ്കില്‍ പോലും സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യുവാനുള്ള അദ്ദേഹത്തിന്‍റെ ഇച്ഛാശക്തി പ്രശംസനീയം തന്നെ.
തനിക്ക് ശരിയാണെന്ന് തോന്നുന്ന കാര്യങ്ങള്‍ക്ക് മറ്റൊരാളുടെ അഭിപ്രായം ചോദിക്കാതെ നടപടിയെടുക്കുന്ന ഒരു നേതാവാണ് ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിയായിരുന്ന സമയത്ത് പോലും ക്ഷണിക്കാത്ത പല യോഗങ്ങളിലും അദ്ദേഹം ഓടി കയറുന്നത് സാക്ഷിയായ വ്യക്തിയാണ് ലേഖകന്‍. നാടക ആചാര്യനായ ഓംചേരി എന്‍ എന്‍ പിള്ളയെ ആദരിക്കുന്നതിന് വേണ്ടി തിരുവനന്തപുരം വിജെടി ഹാളില്‍ ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന ഒരു പരിപാടി നാടക പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുകയുണ്ടായി. അതില്‍ പങ്കെടുക്കുവാന്‍ ആയിരുന്നു തിരുവനന്തപുരത്തെത്തിയത്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സെക്രട്ടറി കൂടിയായിരുന്ന സമയമായതിനാല്‍ മുഖ്യമന്ത്രിയുമായി കാര്‍ട്ടൂണ്‍ അക്കാദമി വിഷയം സംസാരിക്കുന്നതിന് വേണ്ടി സെക്രട്ടറിയേറ്റില്‍ ചെന്നു. തിരുവനന്തപുരത്ത് അന്ന് അവിചാരിതമായി തങ്ങേണ്ടി വന്നത് കൊണ്ട് ഔദ്യോഗിക ചടങ്ങുകള്‍ ഒന്നും തന്നെ മുഖ്യമന്ത്രിക്ക് അന്നില്ലായിരുന്നു.
ഓംച്ചേരിയെ ആദരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് വന്നതെന്നും, തൊട്ടടുത്തുള്ള വിജെടി ഹാളിലേക്കാണ് പോകുന്നതെന്നും സംസാരത്തിനിടയില്‍ പറഞ്ഞു. ഓംച്ചേരിയെ കുറിച്ച് പറഞ്ഞതും ഞാനും ആ ചടങ്ങിലേക്ക് വരുന്നു എന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഓംച്ചേരിയോടുള്ള ആദരവും, ബഹുമാനവുമായിരുന്നു തീരുമാനത്തിന് പിന്നില്‍. അന്ന് ഒരു മാധ്യമത്തില്‍ എഴുതിയ ഒരു ലേഖനം അദ്ദേഹത്തിന് കാണിച്ചു കൊടുക്കുകയും ചെയ്തു. അഞ്ചു മിനിറ്റ് കൊണ്ട് വിജെടി ഹാളില്‍ ഞാന്‍ എത്തി. തൊട്ടു പിന്നാലെ തന്നെ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയും എത്തി. ക്ഷണിക്കാതെ എത്തിയ മുഖ്യമന്ത്രിയെ കണ്ട് സംഘാടകര്‍ ആദ്യം ഒന്നു ഞെട്ടി. ചടങ്ങുകള്‍ ആരംഭിച്ചപ്പോള്‍ അന്നത്തെ മാധ്യമത്തില്‍ ഞാന്‍ എഴുതിയ ലേഖനത്തിലെ പരാമര്‍ശങ്ങള്‍ പലതും പ്രസംഗത്തില്‍ പറയുന്നത് അത്ഭുതത്തോടെ കേട്ടിരുന്നു. ഒരിക്കല്‍ വായിച്ചാല്‍ അത് മനസ്സില്‍ പതിപ്പിച്ചു വെക്കുന്ന സ്വഭാവക്കാരനായിരുന്നു അദ്ദേഹം. ഒരു പാവപ്പെട്ടവന്‍ ആവശ്യം ആദ്യം അദ്ദേഹത്തോട് പറയുകയാണെങ്കില്‍ അദ്ദേഹമത് മനസ്സില്‍ കുറിച്ചിടും. മറുപടിക്ക് ആലോചിക്കണമെങ്കില്‍ മൂളുന്ന സ്വഭാവം പ്രശസ്തവുമാണ്...
