പാര്‍ലമെന്‍റിന്‍റെ കവാടം തുറക്കുന്നു

പാര്‍ലമെന്‍റിന്‍റെ കവാടം തുറക്കുന്നു
വിജയ് ചാക്ക് / മെട്രോ വാര്‍ത്ത @ 59...
സുധീര്‍ നാഥ്

ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ കവാടം സമ്മേളനം നിര്‍ത്തിവെച്ച് അടച്ചത് ലോക്ഡൗണിന് തൊട്ട് മുന്‍പാണ്. അതിനേക്കാള്‍ പതിന്‍മടങ്ങ് കോവിഡ് രോഗികള്‍ നമുക്ക് ചുറ്റും ഉള്ള സമയത്താണ് ഇപ്പോള്‍ സെപ്തംബര്‍ 14, തിങ്കളാഴ്ച്ച പാര്‍ലമെന്‍റ് സമ്മേളനത്തിന് തുടക്കം കുറിക്കാന്‍ പോകുന്നത്. മുഖാവരണം ധരിച്ച് അന്ന് പാര്‍ലമെന്‍റില്‍ എത്തിയ പി ചിദംബരത്തെയും, നല് ത്യണമുല്‍ കോണ്‍ഗ്രസ് അംഗങ്ങളേയും ഉപരാഷ്ട്രപതി ശാസിച്ചത് നമ്മള്‍ കണ്ടതാണ്. ഇപ്പോള്‍ മുഖാവരണമില്ലാതെ അവിടെ ആരും വരില്ല എന്നാണ് നാം മനസിലാക്കുന്നത്. അന്ന് വിലക്കിയ ഉപരാഷ്ട്രപതിയും മുഖാവരണം ധരിച്ചേ എത്തൂ.

വലിയ ഒരുക്കങ്ങളാണ് പാര്‍ലമെന്‍റില്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. രാവിലെ ഒന്‍പത് മണി മുതല്‍ ഒരു മണിവരെ രാജ്യസഭയും, വൈകീട്ട് മൂന്ന് മണി മുതല്‍ ഏഴ് മണി വരെ ലോക്സഭയും നടക്കും. 13 ദിവസം നീണ്ടു നില്‍ക്കുന്ന സഭാ സമ്മേളനത്തില്‍ ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കും. ചോദ്യോത്തര വേള ഒഴിവാക്കി നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. സീറോ അവര്‍ അരമണിക്കൂറാക്കി ചുരുക്കിയിട്ടുണ്ട്. പോളി കാര്‍ബണ്‍ ഷീറ്റുകള്‍ ഉപയോഗിച്ച് ഓരോ മംസത്തിന്‍റേയും സീറ്റുകള്‍ വേര്‍തിരിച്ചിട്ടുണ്ട്. 257 അംഗങ്ങള്‍ക്ക് ലോക്സഭയിലും, 172 അംഗങ്ങള്‍ക്ക് ലോക്സഭാ ഗാ്യാലറിയിലും, 60 അംഗങ്ങള്‍ക്ക് രാജ്യസഭയിലും, 51 അംഗങ്ങള്‍ക്ക് രാജ്യസഭാ ഗ്യാലറിയിലും ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. പാര്‍ലമെന്‍റ് സമുച്ചയത്തിലേയ്ക്ക് സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഉണ്ടാകും. ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ രണ്ട് സമയങ്ങളിലായി രാജ്യസഭയും ലോക്സഭയും ചേരുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ചികിത്സാര്‍ത്ഥം വിദേശത്തേക്ക് പോയിരിക്കുന്നത് കൊണ്ട് പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കുവാനുള്ള സാധ്യത തീരെ കുറവാണ്. പത്ത് ദിവസത്തേക്കാണ് അവര്‍ പോയിരിക്കുന്നത്. മങ്ങെി വന്നാല്‍ ശേഷിച്ച ദിവസങ്ങളിലുള്ള സമ്മേളനത്തിലും ഇരിക്കുവാന്‍ കോവിഡ് പ്രോട്ടോകോള്‍ സമ്മതിക്കില്ല. വിദേശത്ത് നിന്ന് വരുന്നതിനാല്‍ ക്വാറന്‍റയിനില്‍ പേകേണ്ടതായി ഉള്ളതാണ് പ്രശ്നം. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശിച്ചാല്‍ മടക്ക യാത്ര വീണ്ടും നീട്ടി വെയ്ക്കേണ്ടി വരും. അതായത് പാര്‍ലമെന്‍റ് സമ്മേളനത്തിന് രാജ്യത്തെ പല കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന നേതാക്കള്‍ക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റിനെ മുഖാമുഖം കാണുവാന്‍ സാധിക്കില്ല.

മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിംഗ് ആദ്യ ദിവസം മാത്രമേ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കുകയുള്ളൂ എന്നാണ് ഇപ്പോള്‍ അറിയുന്നത്. അദ്ദേഹത്തിന് 87 വയസായി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലേയും പ്രായം ചെന്ന പല നേതാക്കളും സമ്മേളനത്തില്‍ നിന്ന് സ്വയം മാറി നില്‍ക്കുകയാണ്. വിപ്പ് നല്‍കുവാന്‍ സാഹചര്യങ്ങള്‍ ഒരു പാര്‍ട്ടിയേയും അനുവദിക്കുന്നില്ല. ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവും, ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി പറഞ്ഞിരിക്കുന്നത് അവരുടെ പല നേതാക്കള്‍ക്കും പ്രായാധിക്യം കൊണ്ട് പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കില്ല എന്നാണ്. പ്രായം കൊണ്ടും, രോഗം കൊണ്ടും അവശതയുള്ള പല എംപിമാരും പാര്‍ലമെന്‍റ് സമ്മേളനത്തില്‍ നിന്ന് സ്വയം മാറി നില്‍ക്കുന്നത് ആശങ്കകള്‍ ഉണ്ടാക്കുന്നു.

മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്‍റണിക്ക് 79 വയസ്സായി. അദ്ദേഹം പാര്‍ലമെന്‍റ് സമ്മേളനത്തില്‍ നിന്ന് മാറി നില്‍ക്കും എന്നാണ് അറിയുന്നത്.  83 വയസ്സ് തികഞ്ഞ വയലാര്‍ രവിയും പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയാണ്. ഇരുവരും രാജ്യസഭയിലാണ്. മുതിര്‍ന്ന പല ബിജെപി നേതാക്കളും രാജ്യസഭയിലാണുള്ളത്. അവരും സമ്മേളനത്തില്‍ നിന്ന് മാറി നില്‍ക്കും എന്നറിയുന്നു. രാജ്യസഭയിലെ ഒട്ടു മിക്ക അംഗങ്ങളും പ്രായംകൊണ്ട് ഉണ്ട് മുതിര്‍ന്ന പൗരന്മാരാണ് എന്നുള്ളത് സമ്മേളന നടത്തിപ്പിന് ഒരു പ്രതിന്ധിയാണ്. നിയമപരമായി സമ്മേളനം നടക്കേണ്ടത് കൊണ്ടാണ് ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ സമ്മേളനം നടത്തുവാന്‍ തന്നെ തയ്യാറായത്. കോവിഡ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ പതിമൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഒരു സമ്മേളനം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അത് പൂര്‍ണമായി നടപ്പിലാക്കുവാന്‍ സാധിക്കുമെന്ന കാര്യത്തില്‍ ആരോഗ്യ രംഗത്തുള്ളവര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കേരള നിയമസഭ ഒരു ദിവസം കൂടിയത് പാര്‍ലമെന്‍റ് സമ്മേളനം വിളിക്കാന്‍ കാരണമായിട്ടുണ്ട്.  പക്ഷെ കേരള നിയമസഭയിലെ രണ്ട് മന്ത്രിമാര്‍ ഇതിനകം കോവിഡ് പോസിറ്റീവായി. കോവിഡ് എന്ന മഹാമാരി വ്യാപകമായി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, പാര്‍ലമെന്‍റില്‍ എത്തുന്ന ഏതെങ്കിലും ഒരു എംപി രോഗബാധിതനായി തെളിഞ്ഞാല്‍ രാഷ്ട്രീയ പ്രതിസന്ധി തന്നെ രാജ്യത്ത് സൃഷ്ടിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ തന്നെ വിലയിരുത്തുന്നത്.

ഇന്ത്യന്‍ ഭരണഘടനയുടെ നൂറാം വകുപ്പിന്‍റെ മൂന്നാം ഉപവകുപ്പ് പറയുന്നത് ആകെ അംഗങ്ങളുടെ പത്തിലൊന്ന് അംഗങ്ങള്‍ ഹാജരുണ്ടെങ്കില്‍ സഭ നടത്താം എന്നാണ്. ഈ സഭയില്‍ എത്ര ബില്ലുകള്‍ വേണമെങ്കിലും പാസാക്കുകയും ചെയ്യാം. ഒട്ടേറെ ബില്ലുകളാണ് ഈ സമ്മേളനത്തില്‍ പാസാക്കുന്നതിനായി സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.  ക്രിയാത്മകമായ ഒരു ചര്‍ച്ച ഈ ബില്ലുകള്‍ക്ക് മുകളില്‍ ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണ് അത് കൊണ്ട് തന്നെ വളരെ വേഗതയില്‍ ബില്ലുകള്‍ പാസാക്കി എടുക്കാം എന്നുള്ള ഒരു ആഗ്രഹവും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ട് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. എതിര്‍പ്പുകള്‍ ഉള്ളതും, സഭയില്‍ വലിയ ചര്‍ച്ച ആവശ്യമുള്ളതുമായ ബില്ലുകളും ഈ അവസരത്തില്‍ വരുന്നു എന്നുള്ളത് ചോദ്യം ചെയ്യപ്പെടാതെ തന്നെ ചോദ്യം ചെയ്യുകയാണ്.

അതിര്‍ത്തിയില്‍ അതിഭീകരമായ നിഗൂഢതകള്‍ നിറഞ്ഞ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന അവസരത്തിലാണ് പാര്‍ലമെന്‍റ് കൂടുന്നത് എന്നുള്ളതും ഒരു പ്രത്യേകതയാണ്. അവിടെ എന്തു സംഭവിക്കുന്നു എന്നുള്ള ചോദ്യത്തിന് കൃത്യമായി ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. പാര്‍ലമെന്‍റില്‍ അതിര്‍ത്തിയില്‍ നടക്കുന്ന ഞെട്ടിക്കുന്ന വല്ല വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമോ എന്ന് കണ്ട് തന്നെ അറിയണം.

രാജ്യത്തിന്‍റെ ആഭ്യന്തര മന്ത്രി അമിത്ത് ഷാ കോവിഡ് മുക്തനായി തിരിച്ചെത്തിയ ശേഷമാണ് വീണ്ടും ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് 7നാണ് ഒടുവിലായി മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നത്. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പിന്നീട് ഒരു വിവരവും നാളിതുവരെയായി പുറത്തുവരുന്നില്ല എന്നത് രാഷ്ട്രീയ വൃത്തം ചര്‍ച്ച ചെയ്യുന്നുണ്ട്. അമിത് ഷാ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്നുള്ള ആകാംക്ഷയിലാണ് ദേശീയ രാഷ്ട്രീയം വീക്ഷിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍.

രാജ്യത്തെ പ്രശസ്തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജികളായ സൂററ്റ്, ബോപ്പാല്‍, അഗര്‍ത്തല, ഭഗല്‍പൂര്‍, റായ്ച്ചൂര്‍ എന്നിവ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ഇരിക്കുന്ന ഐ ഐ ഐ ടി ഭേദഗതി ബില്ലിനെ ആകാംഷയോടെ നോക്കി കാണുന്നു. മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് ഡിഗ്രി നല്‍കുവാനുള്ള അവകാശം നല്‍കുന്നതാണ് പുതിയ ബില്ല്.  ഇത് രാജ്യത്തിന്‍റെ വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്ന ഒരു വലിയ മാറ്റമായി നിരീക്ഷകര്‍ കണക്കാക്കുന്നു.

മഹാമാരി സമയത്ത് നടക്കുന്ന അപൂര്‍വ്വതകളില്‍ അപൂര്‍വ്വമായ സമ്മേളനത്തില്‍ ഉണ്ടാകുന്ന ഓരോ ചെറു ശബ്ദങ്ങളും കാതോര്‍ത്ത് കേള്‍ക്കുകയാണ് രാഷ്ട്രം. മുന്‍പെങ്ങും അങ്ങിനെ ഒരു സാഹചര്യം ഉണ്ടായിട്ടില്ല.