കാര്‍ട്ടൂണ്‍ പ്രണാം
സുധീര്‍ നാഥ്
പ്രണാബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു. വാര്‍ത്ത ഒരു നൊമ്പരമായിരുന്നു. ഈ വാര്‍ത്ത എന്നു വരും എന്ന് പലപ്പോഴും ചിന്തിച്ചിരുന്നതിനാല്‍ ഞെട്ടലുണ്ടായില്ല. അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കരേഖപ്പെടുത്തി ദിവസവും ഇറങ്ങിയിരുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും നെമ്പരമായിരുന്നു. 2020 ആഗസ്റ്റ് മാസം തന്നെ ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹം മരണപ്പെട്ടതായി പ്രഖാപിച്ചു. ചാനലുകളില്‍ വാര്‍ത്തകള്‍ വന്നു തുടങ്ങി. ഇല്ലെന്ന് മക്കള്‍ രണ്ട് പേരും സാമൂഹ്യ മാധ്യമങ്ങില്‍ ശക്തമായി പ്രതികരിച്ചത് അടുത്ത കാലത്താണ്. കോവിഡ് എന്ന മഹാമാരിയില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ തനിക്ക് കോവിഡ് പോസിറ്റീവാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്വയം പ്രഖ്യാപിച്ച വ്യക്തിയാണ് അദ്ദേഹം.
1935 ഡിസംബര്‍ 11ന് ബംഗാളിലെ ബിര്‍ബും ജില്ലയിലെ മിറാത്തി ഗ്രാമത്തില്‍ കമണ്‍ഡ കിന്‍കാര്‍ മുഖര്‍ജിയുടേയും രാജലക്ഷമി മുഖര്‍ജിയുടേയും മകനായി ജനിച്ച പ്രണാബ് ദാരിദ്രം എന്തന്ന് അറിഞ്ഞു തന്നെയാണ് വളര്‍ന്നത്. പാവങ്ങള്‍ക്കും, വിശക്കുന്നവര്‍ക്കും ഭക്ഷണം നല്‍കുന്ന അമ്മയുടെ ശീലം പ്രണാബില്‍ കാരുണ്യ പ്രവര്‍ത്തനങ്ങളോട് അടുപ്പിച്ചു. പിതാവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനും സ്വതന്ത്രസമര സേനാനിയുമായതു കൊണ്ട് വീട്ടില്‍ പലപ്പോഴും ചര്‍ച്ചാ വിഷയവും അതായിരുന്നു. 1952 54 കാലയളവില്‍ ബംഗാള്‍ നിയമസഭയില്‍ അംഗമായിരുന്നു പ്രണാബിന്‍റെ പിതാവ്. പിതാവിനെ പിന്തുടര്‍ന്ന് കോണ്‍ഗ്രസില്‍ സാധാരണ പ്രവര്‍ത്തകനയി തുടക്കമിട്ടു.
1967ല്‍ കോണ്‍ഗ്രസുമായി തെറ്റിപിരിഞ്ഞ് രാഷ്ട്രീയമായി കരുത്തനായ മലയാളിയായ വി കെ ക്യഷ്ണമേനോന്‍ മുംബയ് നോര്‍ത്ത് ഈസ്റ്റ് ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ച് തോറ്റു. ഇതേ സമയമാണ് അജോയ് മുഖര്‍ജിയുടെ നേത്യത്വത്തില്‍ കോണ്‍ഗ്രസ് ബംഗാളില്‍ രണ്ടായി. ബംഗ്ലാ കോണ്‍ഗ്രസ് രൂപീകരിച്ച അജോയ് മുഖര്‍ജിയോടൊപ്പം പ്രണാബും ചേര്‍ന്നു. സിപിഎമ്മുമായി ചേര്‍ന്ന് അവര്‍ യുണയ്റ്റഡ് ഫ്രണ്‍ഡ് ഓഫ് മിനിസ്റ്റേഴ്സ് രൂപീകരിച്ചു. ബംഗാളിലെ മിഡ്നാപൂരിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ അവര്‍ മത്സരിപ്പിച്ചത് വി കെ ക്യഷ്ണമേനോനെ ആയിരുന്നു. വികെ ക്യഷ്ണമേനോന്‍റെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്‍റായിരുന്നു യുവാവായ പ്രണാബ് കുമാര്‍ മുഖര്‍ജി. വി കെ ക്യഷ്ണമേനോന്‍ 187,850 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി കെ ഡി റോയിയെ തോല്‍പ്പിച്ചു. പ്രണബിന്‍റെ നേത്യത്വ പാടവം മനസിലാക്കിയ ഇന്ദിരാ ഗാന്ധി 1969ല്‍ തന്നെ പ്രണാബ് മുഖര്‍ജിക്ക് രാജ്യസഭാ സീറ്റ് നല്‍കി. അങ്ങിനെ പാര്‍ലമെന്‍റ് രാഷ്ട്രീയത്തില്‍ സജ്ജീവമായ അദ്ദേഹം പല വട്ടം കേന്ദ്ര മന്ത്രിസഭയില്‍ പ്രധാന വകുപ്പുകള്‍ ഭരിച്ചിട്ടുണ്ട്.
രാഷ്ട്രപതി ഭവനില്‍ പലപ്പോഴും പോയിട്ടുണ്ടെങ്കിലും അവിടം ജനകീയമാക്കിയത് പ്രണാബ് മുഖര്‍ജി ആയിരുന്നു എന്ന് അനുഭവത്തിലൂടെ പറയാം. ഏതൊരാള്‍ക്കും രാഷ്ട്രപതി ഭവനില്‍ സന്ദര്‍ശനം നടത്തുവാനും, ചുറ്റി കാണുവാനും മറ്റാരുടേയും സഹായമില്ലാതെ വ്യവസ്ഥകളോടെ അദ്ദേഹം അവസരം ഒരുക്കി. അദ്ദേഹം ചരിത്രാവശിഷ്ടങ്ങള്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ രാഷ്ട്രപതിഭവനില്‍ മ്യസിയങ്ങള്‍ തുറന്നു. മുഗള്‍ ഗാര്‍ഡനില്‍ സന്ദര്‍ശിക്കാനും, രാഷ്ട്രപതി ഭവനിലെ സൈനിക ചടങ്ങുകള്‍ കാണുവാനും ശുപാര്‍ശകളില്ലാതെ പൊതു ജനങ്ങള്‍ക്ക് അവസരം നല്‍കി.
പ്രണാബ്ദാ രാഷ്ട്രപതി ആയിരുന്ന അവസരത്തില്‍ തന്നെയാണ് അവിടെ കൂടുതലും കയറി ചെന്നിട്ടുള്ളത്. അദ്ദേഹം ധനമന്ത്രിയായിരുന്ന കാലം മുതല്‍ ഒപ്പമുണ്ടായിരുന്ന മലയാളിയായ വേണു രാജാമണി അദ്ദേഹം രാഷ്ട്രപതി ആയിരുന്നപ്പോഴും ഒപ്പമുണ്ടായി. പ്രസ് സെക്രട്ടറിയായിരുന്ന അദ്ദേഹം തുറന്നിട്ട വഴികള്‍ ഒട്ടേറെ അനുഭവം സമ്മാനിച്ചു. രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിക്കപ്പെട്ട അറ്റ് ഹോം പരിപാടിയിലും, ദേശിയ അവാര്‍ഡ് ദാന പരിപാടികളിലും പങ്കെടുത്തത് നല്ല ഓര്‍മ്മകളാണ്. രാഷ്ട്രപതി ഭവനിലെ വിശാലമായ ലൈബ്രറിയില്‍ സമയം ചിലവഴിച്ചപ്പോള്‍ ലൈബ്രറേറിയന്‍ പങ്കുവെച്ച അനുഭവത്തില്‍ എപിജെ അബ്ദുള്‍ കലാമും, പ്രണാബ് മുഖര്‍ജിയും ലൈബ്രറി ഉപയോഗിച്ചത് അനുസ്മരിച്ചത് മറക്കുവാന്‍ സാധിക്കില്ല. ഇന്ത്യ കണ്ട ഏറ്റവും മികച്ച രാഷ്ട്ര തന്ത്രശാലിയായിരുന്നു അദ്ദേഹം.
2012ല്‍ കാര്‍ട്ടൂണിസ്റ്റ് കുട്ടിയുടെ ഒന്നാം ചരമ ദിനത്തിന്‍റെ ഭാഗമായി അനുസ്മരണ പ്രഭാഷണം ആര് നടത്തും എന്നതിന് രാഷ്ട്രപതിയായ പ്രണാബ് മുഖര്‍ജിയിലാണ് ചെന്നെത്തിയത്. കാര്‍ട്ടൂണില്‍ അതീവ താത്പര്യമുണ്ടായിരുന്ന വ്യക്തിയാണെന്നും കാര്‍ട്ടൂണിസ്റ്റ് കുട്ടിയുടെ സുഹ്യത്തുമാണെന്നന്നും അറിയാം. രാഷ്ട്രപതി ഭവന്‍റെ ലൈബ്രറിയിലെ പഞ്ചിന്‍റെ പഴയ കോപ്പികള്‍ വായിക്കാനെടുക്കുന്നതും, ദിവസേന വരുന്ന കാര്‍ട്ടൂണുകള്‍ ആസ്വദിക്കുന്നതും അറിയാമായിരുന്നു. രാഷ്ട്രപതി കേരളത്തില്‍ തൊട്ടടുത്ത മാസം വരുന്നുണ്ടെന്നും, കേരള പരിപാടിയില്‍ കുട്ടി അനുസ്മരണം ഉള്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കാമെന്നും അന്നത്തെ കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാടും, സെക്രട്ടറി സജീവും തീരുമാനിച്ചു. അദ്ദേഹത്തിന് ഔദ്യോഗികമായി കത്തയച്ചു. പക്ഷെ രാഷ്ട്രപതി ഭവനില്‍ നിന്ന് ലഭിച്ച മറുപടി അനുകൂലമല്ലായിരുന്നു.
വിഷയം രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയെ അറിയിച്ച് ഒരു പുനര്‍ ചിന്തനത്തിന് ശ്രമിക്കാം എന്ന വിശ്വാസത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എന്‍ അശോകനോടൊപ്പം രാഷ്ട്രപതി ഭവനിലെത്തി. നേരിട്ട് രാഷ്ട്രപതിയോട് സംസാരിക്കുക മാത്രമേ മാര്‍ഗമുള്ളൂ എന്ന് പറഞ്ഞു. ഡല്‍ഹിയിലെ 12 കാര്‍ട്ടൂണിസ്റ്റുകള്‍ അദ്ദേഹത്തെ കാണുവാന്‍ കത്ത് നല്‍കി. ജയന്തോ ബാനര്‍ജി, ശ്യാമള്‍, കാക്ക്, ചന്ദര്‍, സുധീര്‍നാഥ്, സജിത്ത് കുമാര്‍, മനോജ് കുരീല്‍, രോഹ്നിത്ത്, റാണ, പ്രശാന്ത്, ഷിജു, ചാരി... തുടങ്ങിയവരാണ് സംഘത്തിലുണ്ടായ കാര്‍ട്ടൂണിസ്റ്റുകള്‍.
പത്ത് മിനിറ്റാണ് സമയം തന്നിരുന്നത്. പക്ഷെ മുക്കാല്‍ മണിക്കൂറോളം ചിലവഴിച്ചു. ഗ്രൂപ്പ് ഫോട്ടോ മാത്രമല്ല, ഓരോരുത്തരം ഒറ്റയ്ക്ക് അദ്ദേഹത്തിനൊപ്പം നിന്ന് ഫോട്ടോ എടുത്തു. അന്ന് നേരില്‍ കണ്ടപ്പോള്‍ കാര്‍ട്ടൂണിസ്റ്റ് കുട്ടി അനുസ്മരണ വിഷയം അവതരിപ്പിച്ചു. അദ്ദേഹം സമ്മതിച്ചു. പക്ഷെ കേരളത്തിലെ പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ കേരള സര്‍ക്കാരിന് കീഴിലെ മന്ത്രിമാര്‍ തൊട്ട് കേരള ലളിത കലാ അക്കാദമി വരെ തടസം നിന്നു. രേഖാമുലം ലളിത കലാ അക്കാദമി കൊടുത്ത കത്തിന്‍റെ പകര്‍പ്പ് ലഭിച്ചപ്പോള്‍ ഞെട്ടി പോയി. അത് വളരെ രഹസ്യമായി പ്രണാബ്ദായെ അറിയിച്ചു. പരിപാടി രാഷ്ട്രപതി ഭവനില്‍ നടത്താന്‍ അങ്ങിനെ തീരുമാനിച്ചു.
2012 ഒക്ടോബര്‍ 12ന് രാവിലെ അദ്ദേഹം രാഷ്ട്രപതി ഭവനിലെ ആഡിറ്റോറിയത്തില്‍ പരിപാടി നടത്താന്‍ സമ്മതിച്ചു. കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയടക്കം കേരള സര്‍ക്കാരിന്‍റെ ഉന്നത ഉദ്യോസസ്ഥരും, ലളിത കലാ അക്കാദമി ഭാരവാഹികളും ഇന്ത്യയിലെ പ്രശസ്തരായ 84 കാര്‍ട്ടൂണിസ്റ്റുകളും ചടങ്ങിന് സാക്ഷിയായി. രാഷ്ട്രപതിഭവനില്‍ തന്നെ കാര്‍ട്ടൂണ്‍ പ്രദര്‍ശനവും ഒരുക്കി. കേരള കാര്‍ട്ടൂണ്‍ അക്കാദമിയും കേരള സര്‍ക്കാരും ചേര്‍ന്ന് ഒരുക്കിയ ഈ പരിപാടിക്ക് ശേഷമാണ് രാഷ്ട്രപതിയായിരുന്ന പ്രണാബ് ദാ കേരളത്തിലേയ്ക്ക് പുറപ്പെട്ടത്. ചടങ്ങിന്‍റെ ഭാഗമായി കാര്‍ട്ടൂണിസ്റ്റ് കുട്ടിയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം രാഷ്ട്രപതിഭവനില്‍ ഒരുക്കിയിരുന്നു. ഒപ്പം പ്രണാബ് മുഖര്‍ജിയുടെ കാരിക്കേച്ചറുകളുടെ പ്രദര്‍ശനവും. ചടങ്ങിന് ശേഷം ഇതൊക്കെ കാണുവാന്‍ അദ്ദേഹം സമയം കണ്ടെത്തി. രസകരമായ മറ്റൊന്ന് 2014ലെ ലോക മാധ്യമദിനത്തില്‍ കാര്‍ട്ടൂണായിരുന്നു മുഖ്യ വിഷയം. അദ്ദേഹം തന്‍റെ കാരിക്കേച്ചര്‍ പ്രദര്‍പ്പിച്ച കാര്യം ക്ഷണിക്കാന്‍ ചെന്ന പ്രസ് കൗണ്‍സില്‍ ഭാരവാഹികള്‍ക്ക് മുന്നില്‍ പറഞ്ഞു. അവര്‍ ഇതേ പ്രദര്‍ശനം വിഗ്യാന്‍ ഭവനില്‍ നടത്തി. കാരിക്കേച്ചറുകള്‍ പിന്നീട് രാഷ്ട്രപതി ഭവന്‍റെ മ്യൂസിയത്തിലെ സ്ഥിരം പ്രദര്‍ശന വസ്തുവായി.
അന്ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ കാര്‍ട്ടൂണ്‍ പ്രണാം എന്ന അദ്ദേഹത്തിന്‍റെ കാരിക്കേച്ചറുകളുടെ പുസ്തകം കേരള കാര്‍ട്ടൂണ്‍ അക്കാദമി പുറത്തിറക്കിയത് അദ്ദേഹം സ്വീകരിച്ചു. സമ്മാനമായി കവര്‍ ചിത്രമായ കാരിക്കേച്ചര്‍ ഫ്രെയിം ചെയ്ത് സമ്മാനിച്ചു. മുഖ്യമന്ത്രിയായിരുന്നു ചിത്രം സമ്മാനിക്കേണ്ടത്. സാംസ്കാരിക മന്ത്രിയായിരുന്നു പുസ്തകം സമ്മാനിക്കേണ്ടത്. പുസ്തകം ഒരുക്കിയത് ആരാണോ, അയാള്‍ പുസ്തകം തന്നാല്‍ മതിയെന്നും, കവര്‍ വരച്ചത് ആരാണോ, അയാള്‍ കാരിക്കേച്ചര്‍ സമ്മാനിച്ചാല്‍ മതിയെന്നും തീരുമാനമായി. അങ്ങിനെ കാരിക്കേച്ചര്‍ വരച്ച രതീഷ് രവിക്കും, പുസ്തകം ഒരുക്കിയ എനിക്കും വേദിയില്‍ ഇടം കിട്ടി. രാഷ്ട്രപതി ഭവനില്‍ കാര്‍ട്ടൂണിസ്റ്റുകളോടൊപ്പം ഏറെ സമയം അദ്ദേഹം ചിലവഴിച്ചു. രാഷ്ട്രപതിക്ക് ചില പ്രോട്ടോ കോളുകളൊക്കെ ഉണ്ട്. പക്ഷെ അതറിയാത്ത കുറേ പേര്‍ രാഷ്ട്രപതിയോടൊപ്പം ഫോട്ടോ എടുക്കാന്‍ സാധിക്കാത്തതില്‍ പ്രതിഷേധിച്ചത് ഓര്‍ക്കുന്നു. പഞ്ചായത്ത് പ്രസിഡന്‍റല്ല ഇന്ത്യന്‍ പ്രസിഡന്‍റ് എന്നാണ് രേഖാമൂലം ലഭിച്ച കുറേ പരാതി വായിച്ച രാഷ്ട്രപതി ഭവന്‍ പ്രതികരിച്ചത് എന്നും ഓര്‍ക്കുന്നു.
മുഴുവന്‍ സമയ പുകവലിക്കാരനായിരുന്ന പ്രണാബ് ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പുകവലിക്കാരുടെ ഒരു ക്ലബ് തന്നെ രൂപീകരിച്ചിരുന്നു. പി കെ ബര്‍വ്വയായിരുന്നു സ്മോക്കേഴ്സ് ക്ലബ് ഓഫ് പാര്‍ലമെന്‍റിന്‍റെ പ്രസിഡന്‍റ്. അക്കാലങ്ങളില്‍ പ്രണബിനെ തിരിച്ചറിയാന്‍ കാര്‍ട്ടൂണുകളില്‍ ചുണ്ടില്‍ പുകയുന്ന പൈപ്പ് കാര്‍ട്ടൂണിസ്റ്റുകള്‍ വരയ്ക്കുമായിരുന്നു. അന്‍പതാം വയസു വരെ ചുണ്ടില്‍ സദാസമയവും പുകവലിക്കുന്ന ദുന്‍ഹില്‍ പൈപ്പമായി നടന്ന പ്രണാബ് അത് ഉപേക്ഷിച്ചതിന് പിന്നില്‍ ഒരു സംഭവമുണ്ട്. 1991 മുതല്‍ 96 വരെ പ്ലാനിങ്ങ് കമ്മിഷന്‍റെ ഡെപ്യൂട്ടി ചെയര്‍മാനായിരുന്ന അവസരത്തില്‍, 1993ല്‍ കേന്ദ്രമന്ത്രിസഭയില്‍ വാണിജ്യ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഭാര്യയോടൊപ്പം രാഷ്ട്രപതി ഭവനിലെ ഡര്‍ബാര്‍ ഹാളില്‍ എത്തി. ചടങ്ങുകള്‍ക്ക് ശേഷം എല്ലാവരും പിരിഞ്ഞു. ചടങ്ങ് നടന്ന സ്ഥലത്ത് കാണപ്പെട്ട പൊതി വലിയ പ്രശ്നമായി. സെക്യൂരിറ്റി ഉദോഗസ്ഥര്‍ അത് സ്ഫോടക വസ്തുവോ മറ്റോ ആയിരിക്കും എന്ന് സംശയിച്ച് വലിയ സംഭവമാക്കി. ഇന്നത്തെ പോലെ സിസിടിവി ഇല്ലാത്ത സമയമാണ്. ആരാണ് പൊതി ഡര്‍ബാര്‍ ഹാളില്‍ വെച്ചത് എന്ന അന്വേഷണം സത്യപ്രതിജ്ഞ ചെയ്യാനെത്തിയ പ്രണാബ് മുഖര്‍ജിയില്‍ കൊണ്ടെത്തിച്ചു. പ്രണാബിന്‍റെ സഹസഞ്ചാരിയായ പുകയില പൊതിയായിരുന്നു അത്. അന്ന് പുകവലി നിര്‍ത്താന്‍ തീരുമാനിച്ച അദ്ദേഹം പിന്നീട് അത് ഉപയോഗിച്ചിട്ടില്ല. പക്ഷെ, ഈ സംഭവത്തിന് ശേഷം ഒരു വര്‍ഷത്തോളം പുകയിലപൊതി ക്കൈവശം കൊണ്ടു നടന്നിരുന്നു. പുകയിലയുടെ ദൂഷ്യവശങ്ങള്‍ തിരിച്ചറിഞ്ഞ അദ്ദേഹം അതിന്‍റെ ഉപയോഗം ജനങ്ങളില്‍ കുറയ്ക്കുവാന്‍ പല ശ്രമങ്ങള്‍ക്കും നേത്യത്വം നല്‍കി.
പുകവലി മാറ്റാന്‍ മറ്റൊരു കാരണം കൂടി ഉണ്ടെന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി ഒരുക്കിയ ഒന്നാമത് കാര്‍ട്ടൂണിസ്റ്റ് കുട്ടി അനുസ്മരണ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. കാര്‍ട്ടൂണിസ്റ്റ് കുട്ടി പ്രണാബ്ദായുടെ അടുത്ത സുഹ്യത്തായിരുന്നു. ബംഗാളികളുടെ പ്രിയ കാര്‍ട്ടൂണിസ്റ്റായ കുട്ടി പ്രണബ്ദായെ കാര്‍ട്ടൂണുകളില്‍ നിശിതമായി വിമര്‍ശിക്കുമായിരുന്നു. കുട്ടി എപ്പോഴെങ്കിലും പ്രണബിനെ വരച്ചാലും ചുണ്ടില്‍ പുകയുന്ന പൈപ്പ് വരയ്ക്കും. ഇത് കണ്ട് മറ്റ് കാര്‍ട്ടൂണിസ്റ്റുകളും പൈപ്പ് വരച്ചു. ഒടുവില്‍ ഇതും പുകവലി ഒഴിവാക്കാന്‍ കാരണമായി. പ്രണാബ്ദാ തന്നെയാണ് ഇത് പറഞ്ഞത്.
ഭിന്നശേഷിക്കാരിലെ മികച്ച കലാകാരനായി അഞ്ചന്‍ സതീശ് തിരഞ്ഞെടുക്കപ്പെട്ട സമയം. അഞ്ചനെ രാഷ്ട്രപതി ഭവനില്‍ വെച്ച് കണ്ട്, അവന്‍റെ കഴിവുകള്‍ നോക്കി കാണുവാനും അനുഗ്രഹിക്കുവാനും അദ്ദേഹം കാണിച്ച നല്ല മനസിനെ ഓര്‍ക്കുകയാണ്. ഇതിന് സാക്ഷിയാകുവാനും ലേഖകന് ഭാഗ്യമുണ്ടായി. അഞ്ചന്‍റെ രചനകള്‍ ഓരോന്ന് നോക്കി കണ്ട അദ്ദേഹം അടുത്ത് വിളിച്ച് തലയില്‍ ക്കൈകള്‍ വെച്ച് അനുഗ്രഹിച്ചു.


