വളകിലുക്കുന്ന കാര്‍ട്ടൂണിസ്റ്റുകള്‍

വളകിലുക്കുന്ന കാര്‍ട്ടൂണിസ്റ്റുകള്‍
കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്

ഒരിക്കല്‍ വീട്ടില്‍ മൊബൈലില്‍ ഫേസ് ബുക്കും വാട്ട്സപ്പും മറ്റും നോക്കിയിരുന്ന എന്നോടും അനുജനോടും അമ്മ ചോദിച്ചു,

"...വെറ്റിലയില്‍ ചുണ്ണാമ്പ് തേയ്ക്കും പോലെ മൊബൈലില്‍ തേക്കാന്‍ തുടങ്ങീട്ട് കുറേ നേരമായല്ലോ....?"

നമ്മുടെ സമൂഹത്തില്‍ ചിരി സമ്മാനിക്കുന്നതില്‍ പുരുഷന്‍മാരെക്കാള്‍ കഴിവ് സ്ത്രീകള്‍ക്കാണെന്ന് പറയുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. അമ്മയുടെ വാക്കുകളിലെ നര്‍മ്മം തന്നെ ഉദാഹരണമായി ചേര്‍ത്തത് അതുകൊണ്ടാണ്. അന്യനെ പരിഹസിക്കുന്നതില്‍ സ്ത്രീകളോളം കഴിവ് പുരുഷന് ഇല്ലെന്നത് സത്യമാണ്. അടുക്കളയിലും, സ്ത്രീ സദസുകളിലും ഉശിരന്‍ നര്‍മ്മശകലങ്ങള്‍ കേള്‍ക്കാത്ത പുരുഷന്‍മാരുണ്ടാകില്ല. കാര്‍ട്ടൂണ്‍ രംഗത്ത് സ്ത്രീകള്‍ വളരെ വിരളമാകുന്നത്, ചിത്രകലയില്‍ അവര്‍ക്ക് കഴിവില്ലാത്തത് കൊണ്ടല്ല. കാരണം തുണിയിലെ എംബ്രോയ്ഡറിയിലും, കോലം വരയ്ക്കുന്നതിലും, ജലഛായാ ചിത്രങ്ങള്‍ക്കും സ്ത്രീകള്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. പുരുഷന്മാരേക്കാള്‍ ചിരിയെ കൂടുതല്‍ ഇഷ്ടപ്പെടുന്നതും സ്ത്രീകള്‍ തന്നെയാണ്. അന്യനെ പരിഹസിക്കുന്നത് പരസ്യമാക്കാന്‍ സ്ത്രീകള്‍ക്കുള്ള സങ്കോചം കാര്‍ട്ടൂണ്‍ രംഗത്ത് നിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കുന്നുണ്ടാകാം എന്നാണ് ഡോക്ടര്‍ എം ലീലാവതി അഭിപ്രായപ്പെടുന്നത്. അത് വലിയൊരളവ് വരെ ശരിയുമാണ്.

ഇന്ന് മാധ്യമ രംഗത്ത് സ്ത്രീ സാധിധ്യം ധാരളമായി കാണുന്നുണ്ട്. പക്ഷെ കാര്‍ട്ടൂണ്‍ രംഗത്തെ സ്ഥിതി അതല്ലല്ലോ. റിപ്പോട്ടിങ്ങ് രംഗത്ത് പെണ്‍കുട്ടികള്‍ ഇപ്പോള്‍ ധാരാളമായി ഉണ്ട്. എണ്ണത്തില്‍ കുറവാണെങ്കിലും വനിതാ കാര്‍ട്ടൂണിസ്റ്റുകളുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട് എന്നത് ആശ്വാസവുമാണ്. വനിതാ കാര്‍ട്ടൂണിസ്റ്റുകളെ കുറിച്ച് പറയുന്ന ഇവിടെ കേരളത്തിന് പുറത്തുള്ളവരെ കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. ഇന്ത്യന്‍ കാര്‍ട്ടൂണ്‍ രംഗത്ത് രണ്ട് സ്ത്രീകളാണ് കാര്‍ട്ടൂണ്‍ വരയില്‍ പ്രശസതയായിരുന്നത്. മായാ കമ്മത്തും മജ്ജുള പത്മനാഭനും. മായാ കമ്മത്ത് മരണപ്പെട്ടു. തലശ്ശേരി സ്വദേശിയായ പത്മനാഭന്‍റെ മകള്‍ മജ്ജുള പത്മനാഭന്‍ ഇപ്പോഴും കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നുണ്ട്.

മുംബയില്‍ ജനിച്ചു വളര്‍ന്ന മായാ കമ്മത്ത് കര്‍ണ്ണാടകയില്‍ എത്തിയതോടെയാണ് 1985ല്‍ ഈവനിങ്ങ് ഹെറാള്‍ഡിലൂടെ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ വരച്ച് ഈ രംഗത്ത് പ്രശസ്തയായി. പിന്നീട് അവര്‍ ഇന്ത്യന്‍ എക്സ്പ്രസ്സ്, ഏഷ്യന്‍ ഏജ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങളില്‍ കാര്‍ട്ടൂണുകള്‍ വരച്ചു. മായാ കമ്മത്ത് രാഷ്ട്രീയ കാര്‍ട്ടൂണുകളിലാണ് ശ്രദ്ധ ചെലുത്തിയത്. മായയുടെ കാര്‍ട്ടൂണുകള്‍ മാധ്യമ താളുകളില്‍ ദിവസേന വന്നുകൊണ്ടിരുന്നപ്പോള്‍ ചിരിപ്പിക്കുന്ന മായയെ മാധ്യമരംഗം അത്ഭുതത്തോടുകൂടിയാണ് നോക്കിക്കണ്ടത്. ദൈനംദിന രാഷ്ട്രീയം മായ തന്‍റെ മൂര്‍ച്ചയേറിയ വരകളിലൂടെ പൊതുജന മധ്യത്തില്‍ എത്തിച്ചപ്പോള്‍ തെല്ലൊന്നുമല്ല  ഭരണപ്രതിപക്ഷങ്ങളെ വിയര്‍പ്പിച്ചത്. 2001ല്‍ അവര്‍ കാര്‍ട്ടൂണ്‍ രംഗത്ത് നിറസാനിധ്യമായിരിക്കെ അന്തരിച്ചു. തലേശ്ശരി സ്വദേശി മജ്ജുളാ പത്മനാഭന്‍ രാഷ്ട്രീയ കാര്‍ട്ടൂണുകളല്ല, മറിച്ച് സാമൂഹ്യ കാര്‍ട്ടൂണുകളാണ് വരയ്ക്കുന്നത്. സണ്‍ഡേ ഒബ്സര്‍വറില്‍ അവര്‍ വരച്ച സുകി എന്ന കാര്‍ട്ടൂണ്‍ സ്ട്രിപ്പ് വളരെ പ്രശസ്തമായിരുന്നു. ദി പൈനീര്‍ പത്രത്തിലും അവരുടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ബിസിനസ് ലൈനില്‍ ആഴ്ച്ചയിലൊരിക്കല്‍ സുകി പ്രത്യക്ഷപ്പെടുന്നു. കുട്ടികളുടെ പുസ്തകങ്ങളും, നാടകങ്ങളും എഴുതി സാഹിത്യ രംഗത്തും അവര്‍ സജീവമാണ്.

ഒരിക്കല്‍ മായാകമ്മത്തിനോട് വനിതകള്‍ കാര്‍ട്ടൂണ്‍ രംഗത്ത് വരാത്തതെന്താണെന്ന് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി ശ്രദ്ദേയമാണ്. എല്ലാ കാര്‍ട്ടൂണിസ്റ്റിലും ലേശം ക്രോധം അഥവാ അമര്‍ഷം കുടികൊള്ളുന്നുണ്ട്. നമുക്കു ചുറ്റും നടക്കുന്ന സംഗതികളോട് കാര്‍ട്ടൂണിലൂടെ പ്രതികരിക്കുമ്പോള്‍ ഈ അമര്‍ഷവും അതില്‍ പ്രതിഫലിക്കും. ഇങ്ങനെ ക്രോധം പ്രകടിപ്പിക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ പൊതുവെ വിമുഖരാണ്. ക്ഷമാ ശീലരായ കുടുംബിനികളായി ഒതുങ്ങി കൂടി കഴിയുവാനാണ് അവര്‍ക്ക് താത്പര്യം. സ്ത്രീകള്‍ കാര്‍ട്ടൂണ്‍ രംഗത്ത് കൂടുതലായി കടന്ന് വരാത്തതിന്‍റെ കാരണം ഇതായിരിക്കാമെന്നാണ് മായാ കമ്മത്ത് വിശ്വസിച്ചത്. 

പഞ്ചാബില്‍ ദല്‍ജിത്ത് കൗര്‍ എന്ന വനിതാ കാര്‍ട്ടൂണിസ്റ്റ് അവിടുത്തെ മാധ്യമങ്ങളില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ശ്രദ്ധേയ സാനിധ്യമാണ്. കഴിഞ്ഞ പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ഹിന്ദുസ്ഥാന്‍ ടൈംസിനു വേണ്ടി അവര്‍ വരച്ച ڇകൗര്‍ട്ടൂണ്‍ڈ എന്ന രാഷ്ട്രീയ കാര്‍ട്ടൂണ്‍ പംക്തി കൂടുതല്‍ ശ്രദ്ധനേടി. ഇപ്പോള്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ പഞ്ചാബ് എഡിഷനില്‍ വിഷ്വല്‍ഡിസൈനറായി ജോലി നോക്കുന്ന അവരുടെ കാര്‍ട്ടൂണുകള്‍ എന്നും പത്ര താളുകളിലുണ്ട്.

ലോക കാര്‍ട്ടൂണ്‍രംഗത്തും വനിതകളുടെ പ്രാതിനിധ്യം കുറവാണ്. എന്നാല്‍ തന്നെയും പുരുഷ കാര്‍ട്ടൂണിസ്റ്റുകളോടൊപ്പം ശക്തമായ വരകളിലൂടെ അമേരിക്കയിലെ ആന്‍ ടെല്‍നസ് എന്ന വനിതാ കാര്‍ട്ടൂണിസ്റ്റ് മുന്നിട്ടു നില്‍ക്കുന്നു. ഹില്‍ഡാ ടെറി, ലീറി ബാര്‍ക്ലേ, അന്‍ടെല്‍നസ്, ഒമാനാ ഫ്രാന്‍ഡോണ്‍, ലില്ലി റീനി, ട്രിനാ ട്രോബിന്‍സ്, മിമി പോണ്ട്, കാതറിന്‍, ടാനിയാ ഡെല്‍ റീനോ, മിഖായീലാ റീഡ് തുടങ്ങിയ വനിതകള്‍ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ച് പെണ്‍ കരുത്ത് കാണിച്ച് ലോക കാര്‍ട്ടൂണില്‍ വനിതാ സാന്നിദ്ധ്യം രേഖപ്പെടുത്തിയ പ്രമുഖരാണ്. നമ്മുടെ അയല്‍ രാജ്യമായ പാക്കിസ്ഥാനില്‍ ഒരേ ഒരു വനിതയായ നിഗര്‍ നസീറാണ് കാര്‍ട്ടൂണ്‍ രംഗത്തുള്ളത്. കാര്‍ട്ടൂണിസ്റ്റ് നിഗര്‍ നാസര്‍ കാര്‍ട്ടൂണ്‍ രംഗത്ത് പ്രശസ്തയായ വനിതകളില്‍ പ്രധാനിയാണ്. അവരുടെ ഗോഗി എന്ന പേരിലുള്ള കാര്‍ട്ടൂണുകള്‍ സാമൂഹികവഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഗോഗി പാക്കിസ്ഥാനില്‍ ഏറെ പ്രശസ്തമാണ്.

സ്വാതി വഡ്ലമുടി ഹൈദ്രബാദിലെ മാധ്യമ പ്രവര്‍ത്തകയാണ്. അവര്‍ കാര്‍ട്ടൂണുകള്‍ വരയ്ക്കും. ശക്തമായ വിമര്‍ശനങ്ങളാണ് അവരുടെ കാര്‍ട്ടൂണുകളില്‍ കാണുന്നത്. അതുകൊണ്ട് തന്നെ പല അവസരങ്ങളിലും അവരുടെ കാര്‍ട്ടൂണുകള്‍ വിവാദങ്ങളിലും പെട്ടിട്ടുണ്ട്. വ്യത്യസ്ഥ ശൈലി കൊണ്ടും, സാമൂഹ്യ മാധ്യമങ്ങളിലെ സാനിധ്യം കൊണ്ടും അവര്‍ ഇന്ന് ഏറെ പ്രശസ്തയാണ്. നീതു സോണ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസില്‍ ഡെപ്യൂട്ടി ഡയറക്ടറാണ്. അവര്‍ സാമൂഹ്യ കാര്‍ട്ടൂണുകള്‍ മാത്രമാണ് വരയ്ക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ അവരുടെ കാര്‍ട്ടൂണുകള്‍ കാണാം. മുന്‍പ് ആനുകാലിക പ്രസിദ്ധീകരണളില്‍ നീതു സോണയുടെ കാര്‍ട്ടൂണുകള്‍ കാണുമായിരുന്നു.

1995ദേശീയ യുവജനോത്സവത്തില്‍ കാര്‍ട്ടൂണില്‍ മത്സരിക്കാന്‍ കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാല സംഘത്തില്‍ ലേഖകനും ഉണ്ടായിരുന്നു. അന്ന് കേരള സര്‍വ്വകലാശാലയില്‍ നിന്ന് നാടകസംഘം മാത്രമാണ് ഉണ്ടായിരുന്നത്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ഫൈന്‍ ആര്‍ട്ട്സ് വിഭാഗത്തില്‍ മത്സരിക്കാന്‍ മൂന്നുപേര്‍ ഉണ്ടായിരുന്നു. കാര്‍ട്ടൂണിലും പെയിന്‍റിങ്ങിലും ക്ലേ മോഡലിംങിലും കൊളാഷിലും അവര്‍ സജീവമായി പങ്കെടുത്തു. അന്ന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് രണ്ടുപേരാണ് കാര്‍ട്ടൂണില്‍ മത്സരിക്കാന്‍ എത്തിയത്. തൃശൂര്‍ ലോ കോളേജിലെ ഷൈന കൊടപ്പുള്ളിയും കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ ഡെനിലാലും. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നെത്തിയ മൂന്നാമത്തെ അംഗം ചിത്രകലയെ നന്നായി പഠിച്ച കവിതാ ബാലകൃഷ്ണന്‍ ആയിരുന്നു. ഷൈന മികച്ച രീതിയില്‍ കാര്‍ട്ടൂണുകള്‍ വരയ്ക്കുമായിരുന്നു. അവര്‍ വരച്ച നിരവധി കാര്‍ട്ടൂണുകള്‍ അത്ഭുതത്തോടുകൂടിയാണ് അന്ന് ഞങ്ങള്‍ നോക്കിക്കണ്ടത്. കുറച്ചുനാള്‍ കാര്‍ട്ടൂണ്‍ രംഗത്ത് സജീവമായി നിന്നെങ്കിലും പിന്നീട് ഷൈന രംഗം വിടുകയായിരുന്നു. ഇന്ന് അവര്‍ ഈ രംഗത്ത് ഉണ്ടായിരുന്നെങ്കില്‍ വനിതാ കാര്‍ട്ടൂണിസ്റ്റുകളുടെ ഇടയില്‍ മാന്യമായ സ്ഥാനം ഒരുപക്ഷേ നേടിയേനെ. ഡെനിലാല്‍ ഇപ്പോഴും കാര്‍ട്ടൂണ്‍ രംഗത്ത് തുടരുന്നു. കവിത ബാലകൃഷ്ണന്‍ ചിത്രരചനയിലും സാഹിത്യത്തിലും സജീവം തന്നെ. കവിതാ ബാലക്യഷ്ണനും, കുറച്ച് കാലം കാര്‍ട്ടൂണ്‍ രംഗത്ത് ഉണ്ടായിരുന്ന സ്മിതാ സോമനാഥന്‍ (കാര്‍ട്ടൂണിസ്റ്റ് ജി സോമനാഥന്‍റെ മകള്‍) എന്നിവര്‍ കാര്‍ട്ടൂണ്‍ രംഗം ഉപേക്ഷിച്ച മട്ടാണ്.

കാര്‍ട്ടൂണ്‍ രംഗത്ത് വരികയും പിന്നീട് ഈ രംഗം ഉപേക്ഷിക്കുകയും ചെയ്ത ഒട്ടേറെ വനിതാ കാര്‍ട്ടൂണിസ്റ്റുകള്‍ കേരളത്തില്‍ തന്നെ ഉണ്ടെങ്കിലും ഇപ്പോഴും ഈ രംഗത്ത് വനിതകള്‍ സജ്ജീവമായി തുടരുന്നുണ്ട്. രമാദേവി കേരള ലളിത കലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ അവാര്‍ഡ് സ്വന്തമാക്കിയ വ്യക്തിയാണ്. ഇപ്പോള്‍ കാര്‍ട്ടൂണും കാരിക്കേച്ചറിനോടൊപ്പം പുസ്തക ഇല്ല്യുസ്ട്രേഷനുകള്‍ വരയ്ക്കുന്നു. ഷരോണ്‍ റാണി സാമൂഹ്യ മാധ്യമങ്ങളില്‍ കാര്‍ട്ടൂണുകള്‍ വരച്ച് പ്രശസ്തമാണ്. രചനാ വിജിത്ത് ഏഷ്യാനെറ്റില്‍ അടക്കം വിവിധ സ്ഥാപനങ്ങളില്‍ ഡിസൈനറായും, അനുമേറ്ററായും കാര്‍ട്ടൂണിസ്റ്റായും ജോലി ചെയ്തു.  ഡിസൈനറായ ഭര്‍ത്താവ് വിജിത്തുമായി ചേര്‍ന്ന് ഇപ്പോള്‍ തിരുവനന്തപുരത്ത് സ്വന്തം ഡിസൈനിങ്ങ് സ്ഥാപനം നടത്തുന്നു. ഐഷാ ഹസീന്‍ സാമൂഹ്യ കാര്‍ട്ടൂണുകളോടൊപ്പം രാഷ്ട്രീയ കാര്‍ട്ടൂണുകളും വരയ്ക്കുന്നു. ദുബായില്‍ ചിത്രകലാ അധ്യാപികയായി ജോലി ചെയ്തിരുന്ന അവര്‍ ജോലി ഉപേക്ഷിച്ച് കോഴിക്കോടാണ് താമസം. മിനി വി എസ്സ്, ഡോക്ടര്‍ സാല്‍വിയാ രാജ് എന്നിവര്‍ സജ്ജീവമായി കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളും വരയ്ക്കാറുണ്ടെങ്കിലും പ്രസിദ്ധീകരണങ്ങളില്‍ നിന്ന് അകന്ന് കഴിയുന്നു. ഇവരൊക്കെ ഇപ്പോള്‍ കാര്‍ട്ടൂണുകളും കാരിക്കേച്ചറും വരച്ച് വനിതാ സാനിധ്യം ഉറപ്പ് വരുത്തുന്നുണ്ട്.

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ല എന്ന് പറയപ്പെടുന്ന കാശ്മീരിലെ രണ്ട് പത്രങ്ങളില്‍ കാര്‍ട്ടൂണ്‍ വരയ്ക്കുന്നത് സ്ത്രീകളാണ്. കാശ്മീര്‍ ടൈംസിലെ ഷുഗുഫ്താ ഖാലിദീയും, റഫിയാ റസൂലും കാശ്മീര്‍ പത്രങ്ങളില്‍ കാര്‍ട്ടൂണുകള്‍ വരയ്ക്കുന്ന വനിതകളാണ്.

2016, 2017ലെ സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവത്തില്‍ തിരുവനന്തപുരം ഹോളി ഏഞ്ചല്‍ സ്ക്കൂള്‍ വിദ്യാര്‍ഥിനി സേറ മറിയം ബിന്നിയാണ് കാര്‍ട്ടൂണില്‍ ഒന്നാം സ്ഥാനം നേടിയത്. അതേ വര്‍ഷം  മഹാത്മാ ഗാന്ധി സര്‍വ്വകലാശാല യുവജനോത്സവത്തില്‍ കാര്‍ട്ടൂണ്‍ രചനയില്‍ ഒന്നാം സ്ഥാനം നേടിയത് എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥിനി സൂര്യ മറിയ കുര്യനാണ്. കാര്‍ട്ടൂണ്‍ രചനയിലേയ്ക്ക് പെണ്‍കുട്ടികള്‍ വന്ന് മികവ് കാട്ടുന്നു എന്നതിന്‍റെ ചൂണ്ട് പലകയായി ഈ രണ്ട് വിജയവും കാണേണ്ടിയിരിക്കുന്നു. സ്കൂള്‍-കോളേജ് മത്സരവേദികളില്‍ എപ്പോഴും കാര്‍ട്ടൂണിന് പെണ്‍കുട്ടികളെ കാണാമെങ്കിലും ശേഷം അവര്‍ അപ്രത്യക്ഷരാകുന്നു എന്നത് അനുഭവമാണ് എന്ന് കൂടി സൂചിപ്പിക്കേണ്ടതുണ്ട്. കാര്‍ട്ടൂണിലൂടെ വിമര്‍ശന ശരങ്ങള്‍ തൊടുത്തുവിടാനുള്ള വിമുഖത തന്നെയാവും അവര്‍ ഈ രംഗത്തേക്ക് കടന്നുവരാന്‍ മടിക്കുന്നതിന്‍റെ പ്രധാനകാരണം. കളിയാക്കാന്‍,വിമര്‍ശിക്കാന്‍,ചോദ്യം ചെയ്യാന്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ മിടുക്കരാണ്. അവര്‍ ആ മിടുക്ക് ചെറിയ ചെറിയ വേദികളില്‍ മാത്രമായി ഒതുക്കുന്നു.അവിടെയാണ് കാര്‍ട്ടൂണ്‍ മേഖല പരാജയപെടുന്നത്.  കാര്‍ട്ടൂണ്‍ രംഗത്ത് വരാന്‍ മടിക്കുന്ന സ്ത്രീകള്‍ ചിത്രരചനയില്‍ ആവേശപൂര്‍വ്വം ഇടംകണ്ടെത്തുന്നത് കാണാവുന്നതാണ്.കാര്‍ട്ടൂണ്‍ ചിത്രരചനാ നിര്‍മ്മാണരംഗത്തും കാര്‍ട്ടൂണ്‍ ആനിമേഷന്‍ നിര്‍മ്മാണരംഗത്തും പെണ്‍കുട്ടികള്‍ ഇപ്പോള്‍ കടന്നുവരുന്നുണ്ട് എന്നത് പ്രതീക്ഷയ്ക്ക് വകനല്‍കുന്നു.സ്വതന്ത്രമായ കാര്‍ട്ടൂണ്‍ അവരില്‍ നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. ഇന്ത്യയിലാകെ ഇത്തരത്തില്‍ മുപ്പതിലേറെ പെണ്‍കുട്ടികള്‍ ആനിമേഷന്‍ രംഗത്തുണ്ട്. ഇല്ല്യുസ്ട്രേഷന്‍ രംഗത്തും പെണ്‍കുട്ടികള്‍ ധാരാളമായി വരുന്നുണ്ട്. പക്ഷേ അവര്‍ സ്വതന്ത്രമായ കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ ഇപ്പോഴും മടികാണിക്കുന്നു.

തൊണ്ണൂറുകളുടെ ആദ്യം കേരള കാര്‍ട്ടൂണ്‍ അക്കാദമി പുറത്തിറക്കിയ "ഹു ഈസ് ഹു കേരള കാര്‍ട്ടൂണിസ്റ്റ്" എന്ന പുസ്തകത്തിന്‍റെ താളുകളില്‍ രണ്ട് വനിതാ കാര്‍ട്ടൂണിസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നമുക്കു കാണാം. സ്മിതയും രമാദേവിയും. പക്ഷെ ഇന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമിയില്‍ വനിതാ അംഗങ്ങള്‍ നാലാണ്. കാര്‍ട്ടൂണ്‍ രംഗത്ത് നില്‍ക്കുന്ന മലയാളികളായ വനിതകളുടെ എണ്ണം പത്തിലേറെയാണ്. കാര്‍ട്ടൂണ്‍ അനിമേഷന്‍ രംഗത്ത് നൂറിലേറെ മലയാളി പെണ്‍കുട്ടികള്‍ പ്രവര്‍ത്തിക്കുന്നു.

പ്രശസ്ത ചലച്ചിത്ര സംവിധായികയായ പമീല ബ്രിക്സ് "ഫണ്ണി ലേഡീസ് - എ പോട്രൈറ്റ് ഓഫ് വുമണ്‍ കാര്‍ട്ടൂണിസ്റ്റ്" എന്ന പേരില്‍ നിര്‍മ്മിച്ച ചിത്രം അടുത്ത കാലത്ത് ഏറെ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. കാര്‍ട്ടൂണിസ്റ്റുകളുടെ ഇടയില്‍ മാന്യമായ സ്ഥാനം നേടിയ നാല് വനിതാ കാര്‍ട്ടൂണിസ്റ്റാണ് കേന്ദ്ര കഥാപാത്രങ്ങള്‍.രാഷ്ട്രീയത്തിന്‍റെ ഗതിവിധികള്‍ നിയന്ത്രിക്കാന്‍ ശക്തരായ കാര്‍ട്ടൂണിസ്റ്റുകളെയാണ് ചിത്രത്തില്‍ സംവിധായക അവതരിപ്പിക്കുന്നത്. ഇത്തരത്തില്‍ ശക്തരായ വനിതാ കാര്‍ട്ടൂണിസ്റ്റുകള്‍ നമ്മുടെ ഭാരതത്തിലും  ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. കാര്‍ട്ടൂണിലെ വളകിലുക്കം നമുക്കും ലഭ്യമാവുമെന്ന് പ്രത്യാശിക്കാം.