കേവിഡ് മൂലം മാറ്റങ്ങളും ; വാക്സിനായുള്ള കാത്തിരുപ്പും.
വിജയ് ചൗക്ക് / മെട്രോ വാർത്ത
സുധീര്‍ നാഥ്
കോവിഡിന് മുന്‍പും കോവിഡിന് ശേഷവും എന്ന് ഭാവിതലമുറ പറയുന്ന ഒരു കാലത്തിലേയ്ക്കാണ് നമ്മള്‍ പോകുന്നത്. കോവിഡിന് മുന്‍പും പിന്‍പും ഒരുപാട് മാറ്റങ്ങള്‍ നമ്മുടെ നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നു. ഒരിക്കലും സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ആണ് കോവിഡിന് മുന്‍പ് നടന്നതെന്ന് ഇനി വരും തലമുറ തീര്‍ച്ചയായും പറയും. പൊതുസമ്മേളനം, ആയിരം പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന വിവാഹങ്ങളും, ആഘോഷങ്ങളും ഒരുപക്ഷെ വരും തലമുറയ്ക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത ഒന്നാകുമോ...? കൊറോണ വൈറസിന് വാക്സിന്‍ നവംബര്‍ ആദ്യത്തോട് കൂടി ഇന്ത്യയില്‍ വിതരണം ചെയ്യപ്പെടും എന്നുള്ള പ്രതീക്ഷയിലാണ് രാജ്യത്തെ ജനങ്ങള്‍. ഇന്ത്യന്‍ ശാസ്ത്ര ലോകം അങ്ങിനെ പ്രതീക്ഷകൾ നല്‍കി കഴിഞ്ഞിരിക്കുന്നു. അത് കൊണ്ട് തന്നെ അവര്‍ വളരെ കരുതലോട് കൂടിയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. കോവിഡിനൊപ്പം ജീവിക്കാനായി രാജ്യത്തെ ഒട്ടുമിക്ക ജനങ്ങളും പഠിച്ചു കഴിഞ്ഞിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍.
തിരഞ്ഞെടുപ്പ് യോഗങ്ങള്‍, പ്രതിഷേധ യോഗങ്ങള്‍, സാംസ്കാരിക യോഗങ്ങള്‍ തുടങ്ങിയവ വരും നാളില്‍ അപൂര്‍വമായി മാത്രം സംഭവിക്കാന്‍ ഇടയുള്ള സംഗതികളാണ്. മുന്‍പുണ്ടായിരുന്ന സാഹചര്യത്തിലല്ല ഇനി ലോകം മുന്നോട്ടു പോകുന്നത് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമായി നാം കാണേണ്ടിയിരിക്കുന്നു. സാമൂഹ്യ അകലം, ശുചിത്വം എന്നെല്ലാം ഉള്ളത് ഒരു സാമൂഹിക യാഥാര്‍ത്ഥ്യമായി നമുക്ക് മുന്നില്‍ നില്‍ക്കുന്നു. സൗഹൃദങ്ങള്‍ക്ക് ഒരു അകലം വരും നാളുകളില്‍ ഉണ്ടാകും എന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല. സൗഹൃദ കൂട്ടായ്മകള്‍ പഴയത് പോലെ ഉണ്ടാകണമെന്നില്ല. നമ്മുടെ സംസ്കാരം തന്നെ മാറിയിരിക്കുന്നു. യൂറോപ്യന്‍ രീതിയില്‍ സൗഹൃദ കൂട്ടായ്മകള്‍ക്ക് ഭാരതത്തിലും സ്ഥാനം നേടിയിരിക്കുന്നു എന്നു വേണം കാണുവാന്‍. വീട് ഒരു സുരക്ഷിത ഇടമാണെന്നും, സുഹ്യത് സത്ക്കാരങ്ങള്‍ക്ക് വീട്ടില്‍ അല്ല സ്ഥാനമെന്നും ജനങ്ങള്‍ കരുതി തുടങ്ങിയത് വലിയ മാറ്റം തന്നെയാണ്. സാമൂഹിക അകലം എന്ന മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മാത്രമേ കൂട്ടായ്മകള്‍ക്ക് സ്ഥാനമുണ്ടാകൂ. അകലമാണ് അടുപ്പം എന്നുള്ള മുദ്രാവാക്യം സമൂഹത്തില്‍ ഇപ്പോള്‍ വ്യാപിച്ചിരിക്കുന്നതായാണ്.
മനുഷ്യരില്‍ തന്നെ പലരും സ്വയം രൂപ മാറ്റം വരുത്തിയിരിക്കുന്നു എന്നു വേണം കരുതുവാന്‍. 150 ദിവസത്തിലേറെ വീടിനുള്ളില്‍ ഒതുങ്ങിയ ഒരു സമൂഹമാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. കോവിഡിന് ഒരു വാക്സിന്‍ കണ്ടെത്തും വരെ ജീവിച്ചിരിക്കുന്നവര്‍ ഭാഗ്യവാന്മാരാണ് എന്നാണ് ഇപ്പോള്‍ വിലയിരുത്തുന്നത്. അത് കാരണമാകും പലരും വീട്ടില്‍ തന്നെ ഒതുങ്ങിയിരിക്കുന്നു. ഒരു മാറ്റം തന്നെ പലരും നടത്തിയിരിക്കുന്നു. ബാര്‍ബര്‍ ഷോപ്പുകള്‍ ഉപേക്ഷിച്ച് ലക്ഷക്കണക്കിന് ജനങ്ങള്‍ സ്വയം വീടുകള്‍ ബാര്‍ബര്‍ ഷോപ്പുകള്‍ ആക്കി മാറ്റി തല മുണ്ഡനം ചെയ്തത് നാം കണ്ടു. ലോക്ക് ഡൗണിന്‍റെ രണ്ട് ഘട്ടങ്ങളില്‍ താടിയും മുടിയും വളര്‍ത്തി ഡൈ ചെയ്യാതെ വീട്ടിലിരുന്നവരേയും നമ്മള്‍ കണ്ടു.
ഇന്ത്യന്‍ പ്രധാനമന്ത്രി താടിയും മുടിയും വളര്‍ത്തി മീശ പിരിച്ചപ്പോള്‍ രൂപത്തില്‍ തന്നെ മാറ്റം സംഭവിച്ചു. കോണ്‍ഗ്രസിന്‍റെ നേതാവായ രാഹുല്‍ ഗാന്ധി മുമ്പുണ്ടായിരുന്ന രീതിയില്‍ അല്ല ഇപ്പോള്‍ മുടി ഒതുക്കുന്നത്. അദ്ദേഹം മുടി നീട്ടി വളര്‍ത്തി പുതിയ രീതിയില്‍ മുടി ചീകിയതോടെ കാര്യമായ മാറ്റം സംഭവിച്ചിരിക്കുന്നു. ഇത്തരത്തില്‍ രൂപമാറ്റം സംഭവിച്ച ഏറെ പ്രാദേശിക നേതാക്കളും നമുക്കിടയിലുണ്ട്. താടി ഇല്ലാത്തവര്‍ക്ക് താടിയും മുടിയും നീണ്ടു.
രാജ്യത്തെ ജനങ്ങള്‍ക്കുള്ള ഭക്ഷണ ശീലത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചതായി വിലയിരുത്തുന്നുണ്ട്. മുമ്പത്തെപ്പോലെ ഹോട്ടലുകളില്‍ പോയി ഭക്ഷണം കഴിക്കുന്ന ശീലവും, ബാറിലിരുന്ന് മദ്യപിക്കുന്ന ശീലവും ജനങ്ങള്‍ സ്വയം ഉപേക്ഷിച്ചു. കോവിഡിന് ശേഷം ഡിജിറ്റല്‍ യുഗത്തിലേക്ക് വളരെ വേഗമാണ് മനുഷ്യന്‍ മാറിക്കൊണ്ടിരിക്കുന്നത്. രാജ്യത്താകമാനം ആരാധനാലയങ്ങള്‍ ഒരു പ്രതീകമായി നിലകൊള്ളുന്നു. പൂജകളും മറ്റു കര്‍മ്മങ്ങളും ഓണ്‍ലൈനിലൂടെ നടത്തുന്ന രീതികളിലേക്ക് ജനങ്ങള്‍ സാവകാശം മാറിക്കഴിഞ്ഞിരിക്കുന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ആരാധനാലയങ്ങള്‍ തുറന്നപ്പോള്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് ഇവിടേക്ക് കേറി വരുന്നതായി കണ്ടത്. കോവിഡ് വാക്സിനായുള്ള പ്രാര്‍ത്ഥനകളാണ് രാജ്യമെങ്ങും നടക്കുന്നത്.
കോമവിഡ് വാക്സിനായി ലോകം മുഴുവനും കാത്തിരിക്കുകയാണ്. ലോകത്തിന്‍റെ പല ഭാഗങ്ങളിലായി 35 കേന്ദ്രങ്ങളിലാണ് വാക്സിന്‍ ഗവേഷണം ഗൗരവമായി നടക്കുന്നത്. ഒരുപക്ഷേ അതിനേക്കാള്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ ഗവേഷണം നടക്കുന്നുണ്ടാക്കാം. 35 കേന്ദ്രങ്ങളില്‍ നടക്കുന്ന പരീക്ഷണങ്ങങ്ങള്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയവയാണ്. കോവിഡ് വാക്സിന്‍റെ പ്രാഥമിക പരീക്ഷണം എന്ന് പറയുന്നത് മൃഗങ്ങളില്‍ നടത്തുന്നതാണ്. സാധാരണയായി കൊരങ്ങന്‍മാരിലും വെള്ള എലികളിലുമാണ് പരീക്ഷിക്കുക. സാധാരണ ഗതിയില്‍ പ്രതിരോധ വാക്സിന്‍ നിര്‍മ്മിക്കുന്നതിന് ആറു മുതല്‍ ഏഴു വര്‍ഷം വരെയാണ് എടുക്കാറ്. കൊറോണയുടെ ഗൗരവം കണക്കിലാക്കി നിലവിലുള്ള സാഹചര്യം പരിഗണിച്ച് മാനദണ്ഡങ്ങള്‍ക്ക് ഇളവ് വരുത്തിയിരിക്കുകയാണ്. ഇങ്ങനെ ഉള്ള പരീക്ഷണങ്ങള്‍ക്ക് വിധി പറയാന്‍ വര്‍ഷങ്ങളെടുക്കും.
പ്രാധമിക ഘട്ടം കഴിഞ്ഞാണ് മനുഷ്യരിലുള്ള ആദ്യ ഘട്ടമെന്ന കടമ്പ വരുന്നത്. നൂറില്‍ താഴെയുള്ള മനുഷ്യരില്‍ വാക്സിനുകള്‍ പരീക്ഷിക്കുകയാണ് ഒന്നാം ഘട്ടത്തില്‍. വാക്സിനുകള്‍ നല്‍കിയ വ്യക്തികളില്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്ന് കണ്ടെത്തണം. എങ്കില്‍ മാത്രമേ രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കൂ. രണ്ടാംഘട്ടം എന്നുള്ള നിലയില്‍ ആയിരത്തില്‍ താഴെയുള്ള മനുഷ്യരില്‍ പരീക്ഷണം നടത്തി പാര്‍ശ്വഫലങ്ങള്‍ പഠിക്കണം. 80 ശതമാനത്തിലേറെ രോഗമുക്തി ഉണ്ടെങ്കില്‍ മൂന്നാം ഘട്ടത്തിലേയ്ക്ക് കടക്കാം. അയ്യായിരത്തോളം മനുഷ്യരില്‍ പരീക്ഷിച്ച് വിജയം കണ്ടാല്‍ മാത്രമേ പൊതു വിപണിയിലേയ്ക്ക് വാക്സിന്‍ വിതരണം ചെയ്യാന്‍ പറ്റൂ.
കൊറോണ എന്നുള്ളത് ഒരു പുത്തന്‍ രോഗാണുവാണ്. കൊറോണ വൈറസിന്‍റെ മാറി മാറി വരുന്ന സ്വഭാവത്തെ മനസ്സിലാക്കി ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പഠനം നടത്തി കഴിഞ്ഞു. കൊറോണ വൈറസിന്‍റെ എല്ലാ പാര്‍ശ്വ വശങ്ങളും പഠന വിഷയമാക്കി കഴിഞ്ഞു. രണ്ടാം ഘട്ടം അവര്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. കൊറോണ വൈറസിനെ നിര്‍ജീവമാക്കാനുള്ള പ്രോട്ടീനുകള്‍ വളരെ വേഗതയില്‍ കണ്ടെത്തുവാന്‍ ഓക്സ്ഫേര്‍ര്‍ഡ് സര്‍വകലാശാലയ്ക്ക് സാധിച്ചു. 80 ശതമാനത്തിലേറെ രോഗമുക്തി വരികയും, പാര്‍ശ്വ ഫലങ്ങളില്ലെന്ന് കണ്ടെത്തിയതിനു ശേഷം അത് പബ്ലിക് ഡോക്കുമെന്‍റാക്കി മാറ്റുകയായിരുന്നു.
ആസ്ട്രോ സിനിക്ക എന്ന കമ്പനിയാണ് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയ്ക്ക് പരീക്ഷണത്തിനുള്ള ഫണ്ടിങ്ങ് നടത്തിയത്. ആസ്ട്രോ കമ്പനിയുമായി പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കരാറിലേര്‍പ്പെട്ടു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാക്സിന്‍ സീഡ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വാങ്ങുകയും മൂന്നാം ഘട്ട പരീക്ഷണത്തിലാണ് നേരിട്ട് പോകുന്നതിന് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി തേടുകയുമായിരുന്നു. ജൂലൈ 31 ന് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി ലഭിച്ചു. അയ്യായിരത്തോളം മനുഷ്യരിലാണ് ഈ വാക്സിന്‍ ഇപ്പോള്‍ പരീക്ഷണം നടത്തി തുടങ്ങിയിരിക്കുന്നത്. ഓഗസ്റ്റ് മാസം ഇരുപതാം തീയതിയോടു കൂടി അയ്യായിരത്തോളം പേരില്‍ ഈ പരീക്ഷണ മരുന്ന് നല്‍കുവാന്‍ സാധിക്കും.
ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്‍ പരീക്ഷണ രംഗത്ത് സജീവമായി ഉണ്ടെങ്കിലും ഓക്സ്ഫോര്‍ഡില്‍ നിന്നുള്ള ഉള്ള വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തിലേക്ക് ഒരു എടുത്തുചാട്ടം നടത്തിയിരിക്കുകയാണ്. 42 ദിവസത്തെ നിരീക്ഷണം വേണമെന്നാണ് ഒരു വാക്സിന്‍ പരീക്ഷണത്തിന് നല്‍കിയാല്‍ എടുക്കേണ്ട സമയം. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് കണ്ടെത്തുന്നതിനു വേണ്ടിയാണ് ഇത്. ഇത് 42 ദിവസം പോരാ 58 ദിവസം എടുക്കണം എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണയുടെ വ്യാപനം അതിവേഗം ഇന്ത്യയില്‍ നടക്കുകയാണ്. പരീക്ഷണമായി വാക്സിന്‍ നല്‍കുന്നത് ഓഗസ്റ്റ് 20ന് അവസാനിച്ചാല്‍ 15 ദിവസത്തിനു ശേഷം എടുക്കുന്ന ആദ്യ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 58 ദിവസം എന്നുള്ളത് വെട്ടിച്ചുരുക്കുവാനുള്ള സാധ്യതയും മുന്നില്‍ കാണുന്നതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി സി നമ്പ്യാര്‍ പറഞ്ഞു. ഓക്സ്ഫോഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാക്സിന്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും മൂന്നാം ഘട്ട മനുഷ്യ പരീക്ഷണം നടത്തി റിപ്പോര്‍ട്ട് ലഭിച്ചിരിക്കയാണ്. ഡെന്മാര്‍ക്ക്, യുകെ, യൂറോപ്പ് എന്നീ രാജ്യങ്ങളിലെ പരീക്ഷണമാണ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കപെട്ടിരിക്കുന്നത്. ഇത് കൂടി കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കും എന്നാണ് മനസ്സിലാക്കേണ്ടത്.
കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിക്ക് കാത്ത് നില്‍ക്കാതെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിനുകള്‍ നിര്‍മ്മിച്ച് തുടങ്ങി. കൊറോണയുടെ വ്യാപകമായ വ്യാപനം പരിഗണിച്ചാണ് ഇങ്ങനെയൊരു റിസ്ക് എടുത്തതെന്ന് നമ്പ്യാര്‍ പറഞ്ഞു. അനുമതി ലഭിച്ചാല്‍ ഉടനെ തന്നെ വാക്സിനുകള്‍ ഇന്ത്യന്‍ വിപണിയില്‍ നവംബര്‍ ആദ്യം എത്തും.