രാജ്യത്ത് വീണ്ടും അടിയന്തിരാവസ്ഥ

രാജ്യത്ത് വീണ്ടും അടിയന്തിരാവസ്ഥ
സുധീര്‍നാഥ്

ഡല്‍ഹിയിലെ എന്നല്ല രാജ്യത്തെ പ്രധാന നിരത്തുകളിലെല്ലാം പൗരത്വ ഭേദഗതി നിയമം നടപ്പാക്കരുത് എന്ന ആവശ്യവുമായി പ്രതിഷേധം നടക്കുകയാണ്. കാല്‍നടയായി പോകുവാന്‍ പോലും ഡല്‍ഹിയിലെ പ്രധാന നിരത്തുകളില്‍ അനുമതി ഇല്ല. ഡല്‍ഹിയിലെ എല്ലാ കവലകളിലും ആയുധങ്ങളുമായി യുദ്ധസന്നാഹത്തില്‍ പോലീസുകാര്‍ നിലയുറപ്പിച്ച കാഴ്ച്ച കാണാം. ഡല്‍ഹിയുടെ പ്രധാന യാത്രാ മാര്‍ഗ്ഗമാണ് ഇപ്പോള്‍ മെട്രോ തീവണ്ടി. റോഡിലൂടെയുള്ള യാത്രയേക്കാള്‍ വേഗതയില്‍ മെട്രോ യാത്രയ്ക്ക് സാധിക്കും. കഴിഞ്ഞ കുറച്ച് നാളുകളായി ഡല്‍ഹിയിലെ പ്രധാന മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലെ എല്ലാ മെട്രോ സ്റ്റേഷനുകളും അടച്ചത് സമരത്തിന്‍റെ വീര്യം കുറയ്ക്കുമെന്നാണ് സര്‍ക്കാര്‍ വിചാരിച്ചത്. പക്ഷെ അതിന് വിപരീതമാണ് സംഭവിച്ചത്.

ഡല്‍ഹിയില്‍ അണ്ണാ ഹസാരെ നിരാഹാരം ഇരുന്നപ്പോഴും, നിര്‍ഭയ സമരം നടന്നപ്പോഴുമാണ് ജനങ്ങള്‍ കൂട്ടമായി സംഘടിച്ചത്. പക്ഷെ അന്ന് രാജ്പഥിന്‍റെ ഇരുവശത്തുള്ള മെട്രോ സ്റ്റേഷനുകള്‍ മാത്രമാണ് അടച്ചിരുന്നത്. അന്ന് മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിലക്കുണ്ടായിരുന്നില്ല. ഇന്‍റര്‍നെറ്റ് നിരോധിച്ചില്ല. മ്യഗീയമായ പോലീസ് നായാട്ട് ഉണ്ടായില്ല. അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ സമരക്കാരെ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയാണുണ്ടായത്. ഇപ്പോള്‍ രാജ്യം സമരചൂടിലായതിന് കാരണം ആശങ്കകളുള്ള പൗരത്ത്വ ഭേദഗതി ബില്ലാണ്. ജനങ്ങളുടെ ആശങ്കയ്ക്ക് കാരണമില്ലാതില്ല. അതുകൊണ്ടാണല്ലോ സാമൂഹ്യ ബോധവും വിദ്യാഭ്യാസവുമുള്ള ബുദ്ധി കേന്ദ്രങ്ങളായ വിദ്യാര്‍ത്ഥികളില്‍ നിന്ന് ജനങ്ങള്‍ സമരം ഏറ്റെടുത്തത്.

ഇന്ന് രാജ്യത്ത് മൂന്ന് തരം ജനങ്ങളാണ് ഉള്ളത്. ഇന്ത്യയില്‍ കാലങ്ങളായി താമസിച്ച് പൗരത്തമുള്ളവര്‍. രണ്ടാമത് ഇന്ത്യന്‍ പാസ്പ്പോര്‍ട്ടിന്‍റെ ബലത്തില്‍ ഇന്ത്യയില്‍ താമസിക്കാന്‍ അനുമതി ലഭിച്ചവര്‍. മൂന്ന് അനധിക്യതമായി ഇന്ത്യയില്‍ കുടിയേറിയവര്‍. ഇതില്‍ അനധിക്യതമായി കുടിയേറിയവരില്‍ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള അവിടങ്ങളിലെ മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവരടങ്ങുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നേടുന്നത് എളുപ്പമാക്കുന്നതിന് 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്ന ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ഒരു നിയമമാണ് പൗരത്വ ഭേദഗതി നിയമം. പൗരത്വ ഭേദഗതി ബില്‍ 2019 കേന്ദ്ര മന്ത്രിസഭ 2019 ഡിസംബര്‍ 4 ന് അംഗീകരിച്ചതാണ്. ഇത് 2019 ഡിസംബര്‍ 10 ന് ലോക്സഭയും പിന്നീട് 2019 ഡിസംബര്‍ 11 ന് രാജ്യസഭയിലും പാസാക്കി. 2019 ഡിസംബര്‍ 12 ന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ഒരു നിയമത്തിന്‍റെ പദവി ലഭിക്കുകയും ചെയ്തു. എന്നിരുന്നാലും, ഇത് ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല.

ഡല്‍ഹിയില്‍ ഇപ്പോള്‍ തണുപ്പ് കാലമാണ്. വെളിച്ചം വീഴുന്നതിന് ഏഴ് മണിയാകും. വൈകീട്ട് അഞ്ച് മണിയോടെ ഇരുട്ട് വ്യാപിക്കും. പക്ഷെ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ഉച്ചയോടെ ശക്തി പ്രപിക്കുന്നു. സമര ചൂട് തണുപ്പിനെ അകറ്റി നിര്‍ത്തുന്നു. ജനങ്ങള്‍ സജീവമാകന്നത് ഉച്ചയോടെയാണ്. എല്ലാ ദിവസവും സമരം ഉച്ചയോടെ ശക്തി പ്രാപിക്കുന്ന കാഴ്ച്ച വ്യാപകമാണ്. സമരമുഖത്ത് മുസ്ലീം സമുദായത്തിലുള്ളവര്‍ മാത്രമല്ല എന്നത് ശ്രദ്ദേയമാണ്. ഭൂരിപക്ഷം സമരക്കാര്‍ ചെറുപ്പക്കാരാണ്. വിദ്യാര്‍ത്ഥികളാണല്ലോ സമരത്തിന് തീവ്യത നല്‍കിയത്. നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യന്‍ ജനതയെ വരിനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നാണ് ഇപ്പോള്‍ ഉയരുന്ന മറ്റൊരു ആക്ഷേപം.

ഡല്‍ഹിയിലെ ജാമിയ മില്ലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ സമാധാനപരമായി നടത്തിയ സമരം ഡല്‍ഹി പോലീസ് അടിച്ചമര്‍ത്താന്‍ നടത്തിയ ശ്രമമാണ് യഥാര്‍ത്ഥത്തില്‍ രാജ്യവ്യാപകമായി പടരാന്‍ കാരണമായത്. സര്‍വ്വകലാശാലയില്‍ ഇരച്ച് കയറിയ ഡല്‍ഹി പോലീസ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചു. സര്‍വ്വകലാശാല ലൈബ്രറിയിലും ശുചിമുറിയിലും കയറി പോലീസ് നടത്തിയ അക്രമണങ്ങളുടെയും, പോലീസ് ബസ് കത്തിക്കുന്നതിന്‍റേയും, പെണ്‍കുട്ടികളെ മര്‍ദ്ദിക്കുന്നതിന്‍റേയും സംസാരിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയുണ്ടായി. ജാമിയയില്‍ നിന്ന് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ വിട്ടയച്ചത് ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ നേത്യത്ത്വത്തില്‍ പുലര്‍ച്ചെ മൂന്ന് വരെ ഡല്‍ഹി പോലീസ് ആസ്ഥാനത്ത് നടത്തിയ ശക്തമായ സമരത്തിന്‍റെ ഭാഗമായിട്ടായിരുന്നു.

പോലീസ് വേഷത്തില്‍ ആക്രമണം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തന്നെ പുറത്ത് വിട്ടു. മുന്‍പത്തെ പോലല്ല ഇന്ന് രാജ്യമുള്ളത്. ഓരോ വ്യക്തിയും ക്യാമറയുള്ള ഫോണുകളുമായാണ് സഞ്ചരിക്കുന്നത്. വിശേഷിച്ച് ഡല്‍ഹിയുടെ തെരുവില്‍ വ്യാപകമായി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതൊക്കെ സത്യം ലോകത്തിന് മുന്നില്‍ കാണിക്കുവാന്‍ കാരണമായി.

ചരിത്രം പഠിക്കാനാണ് ഞങ്ങള്‍ ക്യാമ്പസിലേയ്ക്ക് വന്നത്. പക്ഷെ ചരിത്രം സ്യഷ്ടിക്കുവാനാണ് ഇപ്പോള്‍ വിധിക്കപ്പെട്ടിരിക്കുന്നത് എന്നാണ് സമരമുഖത്തെ ഒരു വിദ്യാര്‍ത്ഥി പറഞ്ഞത് വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയില്‍ തുടക്കം കുറിച്ച സമരം മറ്റ് ക്യാമ്പസുകളിലേയ്ക്ക് പടര്‍ന്ന് കയറാന്‍ ഏറെ സമയം വേണ്ടി വന്നില്ല. സമരം വിദ്യാര്‍ത്ഥികളില്‍ നിന്ന് യുവജനങ്ങളും, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യന്‍ ദേശിയ പതാകയുമായാണ് എല്ലായിടത്തും ജനങ്ങള്‍ പ്രതിഷേധത്തിന് ഇറങ്ങുന്നത്. എല്ലാ പ്രതിഷേധക്കാരും ഒരുമിച്ചാണ് നീങ്ങുന്നത് എന്നതും ശ്രദ്ദേയമാണ്. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 20ന് ഡല്‍ഹി ജുമഅ മസ്ജിദില്‍ പൊലീസിനെ വിറപ്പിച്ച പ്രക്ഷോഭം നയിച്ചത് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ആയിരുന്നു. ജുമാ നമസ്ക്കാരത്തിന് ശേഷം അംബേദ്ക്കറിന്‍റെ ചിത്രം അടങ്ങിയ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് ജനങ്ങള്‍ ജാതി മത രാഷ്ട്രീയം മറന്ന് പ്രതിഷേധിച്ചത്. ഡല്‍ഹിയിലെ നിരോധനാജ്ഞയെല്ലാം ലംഘിച്ചുകൊണ്ടുള്ള പ്രതിഷേധമാണ് ജുമഅ മസ്ജിദില്‍ അന്ന് നടന്നത്. ദേശീയ പതാക ഉയര്‍ത്തി നടത്തിയ അന്നത്തെ പ്രതിഷേധം സര്‍ക്കാരിനെ ഒന്ന് വിറപ്പിച്ചു. ജനങ്ങളുടെ പങ്കാളിത്തം ഓരോ ദിവസവും സമരമുഖത്ത് വര്‍ദ്ധിക്കുകയായിരുന്നു.

മോഡി സര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദേശ നഗരങ്ങളിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും പൗരന്മാരും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ഷിക്കാഗോ, ബോസ്റ്റന്‍, ലണ്ടന്‍, നെതര്‍ലാന്‍റ് തുടങ്ങിയ നഗരങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ നൂറുകണക്കിന് പ്രവാസി ഇന്ത്യക്കാര്‍ പങ്കെടുത്തു. ലോകത്തിന്‍റെ വ്യത്യസ്ഥ കോണുകളില്‍ താമസിക്കുന്നവര്‍ക്ക് പോലും ഇന്ത്യയില്‍ കൊണ്ടു വന്ന സര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമത്തില്‍ ആശങ്ക ഉണ്ടെന്നതാണ് ഇത് തെളിയിക്കുന്നത്.

ഭിന്നിച്ച് ഭരിക്കാനാണ് ഭാവമെങ്കില്‍ ഒന്നിച്ച് തോല്‍പ്പിക്കാനാണ് തീരുമാനമെന്ന് ജനങ്ങള്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര സമരത്തെ അടിച്ചമര്‍ത്താന്‍ ഉപയോഗിച്ച ഇന്ത്യക്കാരെ ഭിന്നിപ്പിക്കുക എന്ന തന്ത്രം തന്നെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്നത്. ഇപ്പോള്‍ വിവാദമായ പൗരത്ത രജിസ്ട്രേഷന്‍ നിയമം നടപ്പിലാക്കിയാല്‍ രാജ്യത്ത് ഹിന്ദുക്കളും, മുസ്ലീമുകളും രണ്ട് തട്ടിലാകുമെന്ന കണക്ക് കൂട്ടലുകളായിരുന്നു ബിജെപിക്ക്. പക്ഷെ അംഗബലം കൊണ്ട് ലോക്സഭയിലും, പണവും തന്ത്രവും കൊണ്ട് രാജ്യസഭയിലും ബില്ല് അവതരിപ്പിച്ച് പാസാക്കി രാത്രിയ്ക്ക് രാത്രി രാഷ്ട്രപതിയെ കൊണ്ട് ഒപ്പു വെയ്പ്പിക്കാനും മോദിക്ക് സാധിച്ചു. പക്ഷെ നിയമം നോട്ടിഫൈ ചെയ്യാന്‍ രാജ്യത്തെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് മോദി സര്‍ക്കാരിന് സാധിച്ചില്ല.

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലും, ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലും, ചെന്നൈ ഐഐടിയിലും വിദ്യാര്‍ത്ഥികള്‍ ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് നടത്തിയ സമരം രാജ്യവ്യാപകമായി ചര്‍ച്ചയായിരുന്നു. അത് അടിച്ചൊതുക്കാന്‍ രാത്രിയുടെ മറവില്‍ പോലീസിനെ ആയുധം കൊടുത്ത് ഇറക്കിയത് മറക്കുവാനായിട്ടില്ല. ഡല്‍ഹിയില്‍ ഃരെുവ് വിളക്കുകള്‍ അണച്ചിട്ടായിരുന്നു ജെഎന്‍യു വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദിച്ചത്. മഹാരാഷ്ട്രയില്‍ രാത്രിയില്‍ ജനാധിപത്യത്തിന്‍റെ കശാപ്പിന് രാഷ്ട്രപതിയുടെ നേത്യത്ത്വത്തില്‍ നടന്ന നാടകം ജനങ്ങള്‍ കണ്ട് തീരും മുന്‍പായിരുന്നു വീണ്ടുമൊരു രാത്രി നാടകം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ദിരാ ഗാന്ധി രാഷ്ട്രപതിയെ കൊണ്ട് പലതും ഒപ്പു വെപ്പിച്ച അടിയന്തിരാവസ്ഥ കാലം ജനങ്ങള്‍ ഓര്‍ത്ത് പോയെങ്കില്‍ കുറ്റപ്പെടുത്താന്‍ സാധിക്കുമോ...?

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരച്ച കാര്‍ട്ടൂണുണ്ട്. അടിയന്തിരാവസ്ഥയെ കുറിച്ച് പറയുമ്പോള്‍ ആദ്യം ഓടി എത്തുന്ന ചിത്രമാണത്. ഇന്നും അടിയന്തിരാവസ്ഥയെ കുറിച്ച് പരാമര്‍ശിക്കുന്ന സമയത്ത് അടിയന്തിരാവസ്ഥയുടെ പ്രതീകമായി ഈ കാര്‍ട്ടൂണ്‍ ഉപയോഗിക്കാറുണ്ട്.  അടിയന്തിരാവസ്ഥ കാലത്ത് ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദ് രാഷ്ട്രപതി ഭവനിലെ ബാത്ത് ടബില്‍ കിടന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി കൊടുത്തു വിടുന്ന എല്ലാ ഓര്‍ഡിനന്‍സിലും ഒപ്പ് വെയ്ക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍. ഇനി എന്തെങ്കിലും ഓര്‍ഡിനന്‍സ് ഒപ്പിടാനുണ്ടോ എന്ന് രാഷ്ട്രപതി ചോദിക്കുന്നുമുണ്ട്. ഇന്ദിരയുടെ പാവയാണ് രാഷ്ട്രപതിയായ ഫക്രുദ്ദീന്‍ അഹമ്മദ് എന്ന ആക്ഷേപം ശക്തമായിരുന്ന സമയത്താണ് അബു എബ്രഹാം ഇങ്ങനെ ഒരു കാര്‍ട്ടൂണ്‍ വരച്ചത്. ഇന്നും ഈ കാര്‍ട്ടൂണ്‍ പ്രസക്തമാണ്. കാര്‍ട്ടൂണിലെ കഥാപാത്രങ്ങള്‍ മാറിയെന്ന് മാത്രം.

ജീവിക്കാന്‍ മനുഷ്യന് വെള്ളവും, വായുവും, ഭക്ഷണവും അത്യാവശ്യമാണ് എന്നായിരുന്നു കുറച്ച് കാലം മുന്‍പ് വരെ പറഞ്ഞിരുന്നത്. കാലം മാറിയതോടെ ലോകം ഡിജിറ്റല്‍ യുഗത്തിലേയ്ക്ക് മാറി. അതോടെ മനുഷ്യന് ഇന്‍റര്‍നെറ്റും ഫോണും ജീവിതത്തിന്‍റെ ഭാഗമായി. ഇന്ത്യയുടെ ഭരണം നടത്തുന്ന മോദി സര്‍ക്കാര്‍ ജനങ്ങളോട് ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ ആഹ്വാനം ചെയ്യുകയും, അതിന് വ്യാപക പ്രചരണം കൊടുക്കുകയും ഉണ്ടായി. അതു പ്രകാരം വിശേഷിച്ച് രാജ്യ തലസ്ഥാനത്ത് ജനങ്ങള്‍ അവരുടെ പല ഇടപാടുകളും ഡിജിറ്റല്‍ രീതിയിലേയ്ക്ക് മാറി. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഇന്‍റര്‍നെറ്റും ഫോണും നിരോധിക്കുക എന്നത് മനുഷ്യാവകാശലംഘനം തന്നെ എന്ന് പറയേണ്ടി വരും.

ഡല്‍ഹിയിലെ പല കേന്ദ്രങ്ങളിലും കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്‍റര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ റദ്ദ് ചെയ്യുകയുണ്ടായി. ഇത് ഡല്‍ഹിയില്‍ മാത്രമല്ല. വടക്ക് കിഴക്ക് സംസ്ഥാനങ്ങളില്‍ വ്യാപകമായി ഇത് നടപ്പാക്കിയിട്ടുണ്ട്. പിന്നീട് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഇത് നടപ്പിലാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നാല് മാസത്തിലേറെയായി കാശ്മീര്‍ ഈ സേവനം ലഭ്യമില്ലാതെ പുറം ലോകവുമായി ബന്ധപ്പെടാന്‍ സാധിക്കാതെ കഴിയുന്നു എന്നത് ഒരു അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന സാഹചര്യങ്ങളാണ്. കാശ്മീരില്‍ പ്രമുഖരായ പല നേതാക്കളും മാസങ്ങളായി വീട്ടു തടങ്കലിലാണ് എന്നതാണ് സത്യം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയില്‍ നടക്കുന്ന പ്രക്ഷോഭത്തിന്‍റെ വാര്‍ത്തകള്‍ വിദേശ മാധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കിയത് ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഞെട്ടലോടെയാണ് ലോക നേതാക്കള്‍ സ്വീകരിച്ചത്. ബംഗ്ലാദേശ് വിദേശ കാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനവും റദ്ദാക്കുകയുണ്ടായി. ഇന്ത്യയുടെ തിളങ്ങി നിന്ന പ്രതിഛായയ്ക്ക് വലിയ മങ്ങലാണ് ഇത് വഴി സംഭവിച്ചിരിക്കുന്നത്. പല വിദേശ രാജ്യങ്ങളും അവരുടെ പൗരന്‍മാരോട് ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ജനങ്ങള്‍ മരിച്ച് വീഴുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ എഴുപത് വര്‍ഷത്തോളം ഒരു പ്രശ്നവുമില്ലാതെ സൗഹാര്‍ദത്തോടെ ജീവിച്ച ജനതക്കിടയിലേക്ക് പൗരത്വ നിയമ ഭേദഗതി കൊണ്ട് വരേണ്ട ആവശ്യമെന്തായിരുന്നുവെന്ന് മഹാതീര്‍ മുഹമ്മദ് ചോദിച്ചു.

മനോഹരമായ ഒട്ടേറെ നിമിഷങ്ങള്‍ പലതും ഡല്‍ഹിയില്‍ ഇതിനിടയില്‍ ഉണ്ടായത് എടുത്ത് പറയേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം ഇന്‍റര്‍നെറ്റ് കട്ട് ചെയ്തപ്പോള്‍ പകരം ഡല്‍ഹിയില്‍ സൗജന്യ വൈഫൈ നല്‍കി അരവിന്ദ് കേജ്രിവാളിന്‍റെ ഡല്‍ഹി സര്‍ക്കാര്‍ പ്രതിരോധം തീര്‍ത്തു. ഞങ്ങളോടൊപ്പം സമരം ചെയ്യാന്‍ പോരുന്നോയെന്ന് ഡല്‍ഹി പൊലീസിനോട് ചോദിച്ച യുവത്വം, പനിനീര്‍ പൂവ് പോലീസിനു നേരെ നീട്ടുന്ന കാഴ്ച്ച രാജ്യം കാണാനിടയായി. ലാത്തിയുമായി അടിക്കാന്‍ വന്ന റാപ്പിഡ് ആക്ഷന്‍ ഫോഴ്സുകാര്‍ക്ക് നേരെ പൂക്കള്‍ നീട്ടുമ്പൊള്‍ വാങ്ങാന്‍ മടിച്ച് പിന്നോക്കം പോവുന്ന കാഴ്ച്ചയും രാജ്യം കണ്ടു. സമരക്കാരെ നീക്കം ചെയ്യാന്‍ വന്ന പൊലീസുകാരുടെ മുന്നില്‍ നിന്ന് ദേശീയഗാനം പാടിയ സമരക്കാരാണ് യഥാര്‍ത്ഥ ഇന്ത്യക്കാര്‍. ഇവരാണ് ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കാനിറങ്ങുന്ന യഥാര്‍ത്ഥ ദേശസ്നേഹികള്‍.

ബാലറ്റ് പേപ്പര്‍ മാറ്റിയതോടെ ജനാധിപത്യം തകര്‍ന്നോ...?
2019ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എന്‍ഡിഎ മ്യഗീയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ കയറി. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ചില മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത വന്നിരുന്നു. 100ലേറെ മണ്ഡലങ്ങളിലെ വിജയം മോഷ്ടിച്ചതാണെന്ന്. വോട്ടിങ്ങ് രേഖപ്പെടുത്തിയ എണ്ണവും, വോട്ട് എണ്ണിയപ്പോഴുള്ള എണ്ണവും നൂറിലേറെ മണ്ഡലങ്ങളില്‍ വ്യത്യാസമുണ്ടായിരുന്നു എന്നത് ഇലക്ഷന്‍ കമ്മിഷന്‍റെ ഔദ്യോഗിക കണക്ക് തെളിവായി നിരത്തിയായിരുന്നു അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വോട്ടിങ്ങ് മെഷ്യനായ വിപാറ്റില്‍ വ്യാപകമായ ക്രമക്കേട് നടന്നതായാണ് ആരോപണം. പക്ഷെ ഈ വാര്‍ത്ത വേണ്ടത്ര ശ്രദ്ധ നേടിയില്ല എന്നതായിരുന്നു സത്യം. വാര്‍ത്തകള്‍ ഇല്ലായ്മ ചെയ്യുകയായിരുന്നു എന്നും ആരോപണമുണ്ട്.

വോട്ടിങ് യന്ത്രത്തെച്ചൊല്ലി വോട്ടെടുപ്പു തുടങ്ങിയപ്പോള്‍ തന്നെ രാജ്യവ്യാപകമായി പരാതികള്‍ വന്നെങ്കിലും ഒന്നിനും ആയുസുണ്ടായില്ല. കൈപ്പത്തിയില്‍ കുത്തിയാല്‍ വോട്ട് താമരയില്‍ എന്ന പരാതി പലയിടങ്ങളിലും ഉയര്‍ന്നു. കൂടാതെ പല സ്ഥലങ്ങളിലും വോട്ടിങ് യന്ത്രത്തിനു സാങ്കേതിക തകരാറുണ്ടായി വോട്ടെടുപ്പ് വൈകുകയും ചെയ്തു. പരാതിയില്‍ നടപടി ഉണ്ടാകാത്തത് വലിയ ആശങ്കയാണ് ഉണ്ടായത്. പരാതി നല്‍കിയ പലരേയും പോലീസ് അറസ്റ്റ് ചെയ്ത വാര്‍ത്തകളും അന്ന് വന്നിരുന്നതാണ്. വ്യാു പരാതി നല്‍കി എന്നതായിരുന്നു അവര്‍ക്ക് മേല്‍ ചുമത്തപ്പെട്ട കുറ്റം.

2001 മുതല്‍ രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ ഇ.വി.എമ്മിനെതിരെ വിവിധ ആരോപണങ്ങള്‍ പലരും ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യയിലുളള ഇ.വി.എമ്മുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ പോലും സുപ്രീംകോടതി തള്ളിക്കളഞ്ഞത് സംശയത്തോടെ മാത്രമേ കാണുവാന്‍ സാധിക്കൂ. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ വളരെ ശക്തമായി രംഗത്ത് വന്നതോടെ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം 5 ശതമാനം വി വി പാറ്റുകള്‍ എണ്ണമെന്ന് ഇലക്ഷന്‍ കമ്മിഷന്‍ സമ്മതിക്കുകയായിരുന്നു. വിപാറ്റുകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു എന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടായിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നാണ് വ്യാപകമായ സംസാരമാണ്. ഇതില്‍ അഭിമാനം കൊണ്ടാണ് ഓരോ ഇന്ത്യക്കാരനും ജീവിക്കുന്നത് . എന്നാല്‍ ആ ജനാധിപത്യ രീതികളെ ചോദ്യം ചെയ്യുന്ന തരത്തിലാണ് തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന്‍റെ വിശ്വാസ്യതയെക്കുറിച്ച് ചില സംശയങ്ങള്‍ ഉയര്‍ന്നു വരുന്നത്. ഇത് രാജ്യാന്തര തലത്തില്‍ ചര്‍ച്ചയാകുന്നത് ഏറെ അപമാനകരവുമാണ്.

ആംആദ്മി പാര്‍ലമെന്‍റ് ഇലക്ഷന് മുന്‍പേ തന്നെ വന്‍ അട്ടിമറി നടക്കുമെന്ന് മുന്‍കൂട്ടി പറഞ്ഞിരുന്നു. 2020 മെയ് മാസം മുന്‍പായി നടക്കുവാന്‍ പോകുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് വിപ്പാറ്റ് വഴിയുള്ള തട്ടിപ്പിന് തടയിടാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ വാളന്‍റിയര്‍മാരെ നിയമിച്ച് തുടങ്ങിയിരിക്കുന്നു. 2024ല്‍ നടക്കുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ കൊണ്ടു വരണമെന്ന ആവശ്യം വ്യാപകമാകുന്നുണ്ട്.