കര്‍ട്ടന്‍ ഉയരുന്നില്ല: ലോഗോണ്‍ ചെയ്യൂ...
വിജയ് ചാക്ക് / മെട്രോ വാര്‍ത്ത
സുധീര്‍ നാഥ്
അടുത്ത ഒരു ബെല്ലോടുകൂടി നാടകം ആരംഭിക്കുകയായി....
ഈയൊരു
അനൗണ്‍സ്മെന്‍റ് മലയാള നാട് കേട്ടിട്ട് മാസങ്ങളായി കാണും. കേരളത്തിന്‍റെ
നാടക സംസ്കാരത്തിന് പുതിയ ഉണര്‍വ് വന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ്
കോവിഡ് എന്ന മഹാമാരി ലോകത്തെ തന്നെ പിടിച്ചു ഉലയ്ക്കുകയും, ജനങ്ങളെ
വീടുകളിലേയ്ക്ക് ഉള്‍വലിയാന്‍ നിര്‍ബന്ധിതനാക്കിയത്. കേരളത്തിലെ
സിനിമാശാലകള്‍ മാര്‍ച്ച് 10 മുതല്‍ അടഞ്ഞ് കിടക്കുകയാണ്. മലയാളികള്‍
പിന്നീട് സിനിമകള്‍ കണ്ടത് ടെലിവിഷനിലും ഒടിടി പ്ലാറ്റ്ഫോം വഴിയുമാണ്.
രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലും എങ്കിലും മാര്‍ച്ച് മാസത്തിലെ പല
ദിവസങ്ങളിലായി തീയേറ്ററുകള്‍ അടഞ്ഞ് കിടക്കുകയാണ്. സര്‍ക്കസ് എന്ന കലാരൂപം
തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുകയാണ്. കോവിഡ് എന്ന മഹാമാരി തമ്പുകളില്‍
പട്ടിണി സമ്മാനിച്ചിരിക്കയാണ്. ദിവസേനെയുള്ള പരിശീലനമാണ് സര്‍ക്കസ്
കലാകാരന്‍മാരുടെ നിലനില്‍പ്പ്. അതാണ് മാസങ്ങളായി മുടങ്ങി കിടക്കുന്നത്.
മൃഗങ്ങള്‍ സര്‍ക്കസ് കൂടാരങ്ങളില്‍ നിന്ന് ഒഴിഞ്ഞ് പോയതും,
ദൃശ്യമാധ്യമങ്ങള്‍ സജീവമായതും സര്‍ക്കസ് കലാരൂപത്തെ തകര്‍ക്കുന്നതില്‍
പ്രധാന കാരണമാണ്. കോവിഡിന് വാക്സിന്‍ കണ്ടുപിടിച്ച് ജനങ്ങളിലെത്തിച്ച്
സ്ഥിതി മാറ്റിയെടുക്കാന്‍ സമയമെടുക്കും. ജനങ്ങള്‍ കൂട്ടത്തോടെ പഴയപോലെ
തിയറ്ററിലേയ്ക്കും തമ്പുകളിലേയ്ക്കും വരുന്ന ദിവസം ഇനിയുമേറെ
സമയമെടുക്കുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
സിനിമ,
നാടക, നൃത്ത വ്യവസായങ്ങള്‍ അതുകൊണ്ട് തന്നെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട
അവസ്ഥയിലാണ്. ജനക്കൂട്ടമില്ലാതെ ഈ വ്യവസായത്തിന് നിലനില്‍പ്പില്ല.
തിങ്ങിനിറഞ്ഞ സംഗീത നൃത്ത സദസ്സുകള്‍ നര്‍ത്തകരേയും, ഗായകരേയും
സംബന്ധിച്ചിടത്തോളം ഒരു ആവേശമായിരുന്നു. ജനങ്ങളുടെ സാംസ്ക്കാരിക ഇടപെടല്‍
പാടെ മാറിയിരിക്കുന്നു. വിവാഹ ആഘോഷത്തിന് പഴയ പോലെ ആരും ആവേശം
കാണിക്കുന്നില്ല. ജന്‍മദിന ആഘോഷങ്ങള്‍, വാര്‍ഷികങ്ങള്‍ എല്ലാം
ഇല്ലാതായല്ലോ...! നൃത്ത വേദികളുടേയും, ഗാനമേളകളുടേയും വേദികള്‍ പഴയതു പോലെ
എന്ന് തിരിച്ചുവരും എന്നുള്ളതിനെ കുറിച്ച് ആര്‍ക്കും ഒന്നും പറയുവാന്‍
സാധിക്കാത്ത സാഹചര്യമാണ് ഇന്നുള്ളത്. രാജ്യത്തെ എല്ലാ ഓഡിറ്റോറിയങ്ങളും
മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. കൂട്ടായ്മയും, ഒത്തുകൂടലും
പരിമിതപ്പെടുമെന്നത് വരും കാലത്തിന്‍റെ പ്രത്യേകതയാണ്. സിനിമ, നാടക, നൃത്ത
വ്യവസായങ്ങള്‍ക്ക് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം നേരിയ
പ്രതീക്ഷയുണ്ട് എന്ന് പറയാം. പക്ഷേ സര്‍ക്കസിലെ കാര്യം അങ്ങനെയല്ല.
സര്‍ക്കസ് എന്ന കലാരൂപം നാമാവശേഷമായി കൊണ്ടിരിക്കുകയായിരുന്ന രാജ്യത്ത്
അതിനെ പൂര്‍ണ്ണമായും കൊറോണ ഇല്ലാതാക്കിയിരിക്കുന്നു എന്നുവേണം
മനസ്സിലാക്കേണ്ടത്. സര്‍ക്കസിന്‍റെ മടങ്ങി വരവ് നടന്നാല്‍ അത് ഒരു അത്ഭുതം
തന്നെയായിരിക്കും.
കോവിഡ് ഒരു പുതിയ മേഖലയിലേയ്ക്ക് സമൂഹത്തെ കൊണ്ടു
പോയിരിക്കുന്നു. ഓവര്‍ ദ ടോപ് മീഡിയ സര്‍വീസ് എതിന്‍റെ ചുരുക്ക പേരാണ്
ഒടിടി. കൊറോണ കാരണം വീട്ടില്‍ അടയ്ക്കപ്പെട്ടവര്‍ക്ക് വേണ്ടി
രൂപംകൊടുത്തതല്ല ഈ പ്ലാറ്റ്ഫോം. ഇന്നിപ്പോള്‍ ഇന്ത്യയില്‍ 40ലേറെ
ഗ്രൂപ്പുകള്‍ ഒടിടി സേവനം നല്‍കുന്നുണ്ട്. ഒടിടി പ്ലാറ്റ്ഫോം വഴി സിനിമകള്‍
പുറത്തിറങ്ങുന്നത് ഇപ്പോള്‍ സര്‍വ്വ സാധാരണമായിരിക്കുന്നു. 2016ല്‍
തുക്കെം കുറിച്ച ആമസോണ്‍ പ്രെെം വീഡിയോ തന്നെയാണ് ഈ രംഗത്ത് ഒന്നാം
സ്ഥാനത്ത് നില്‍ക്കുന്നത്. 2015ല്‍ തുടങ്ങിയ നെറ്റ്ഫ്ലിക്സ് ആണ് രണ്ടാം
സ്ഥാനത്ത്. ഇതുകൂടാതെ ഡിസ്നി ഹോട്ട്സ്റ്റാര്‍, വൂട്ട്, സീ 5, സോണി
എല്‍.ഐ.വി, എം.എക്സ് പ്ലേയര്‍, എഎല്‍ടി ബാലാജി, ഇറോസ് നൗ, അരീ എന്നിവയും
രംഗത്തുണ്ട്.
ഒടിടി വഴി സിനിമ മാത്രമല്ല പ്രദര്‍ശനത്തിന്
എത്തുന്നത്. വെബ് സീരിയലുകളും മറ്റ് പല ദ്യശ്യവിഭവങ്ങളും പ്രേക്ഷകരെ തേടി
എത്തുന്നു. നിലവിലുണ്ടായ ദ്യശ്യസംസ്ക്കാരം തന്നെയാണ്
മാറപ്പെട്ടിരിക്കുന്നത്. ഒടിടിയില്‍ വരുന്ന സിനിമകളും, സീരിയലുകളും
സെന്‍സര്‍ ചെയ്യപ്പെടുന്നില്ല എന്ന പരാതി ഉയര്‍ന്ന് വന്നു
കഴിഞ്ഞിരിക്കുന്നു. ഡിസ്നി ഹോട്ട്സ്റ്റാറില്‍ മഹേഷ് ഭട്ട് സംവിധാനം ചെയ്ത
സഡക്ക് 2 എന്ന ത്രില്ലര്‍ സിനിമ ഇപ്പോള്‍ വ്യാപക പ്രതിഷേധത്തിന്‍റെ
തീചൂളയിലാണ്. മഹേഷ് ഭട്ട് 1991ല്‍ സംവിധാനം ചെയ്ത സഡക്കിന്‍റെ രണ്ടാം
ഭാഗമാണ് പുതിയ സിനിമ. അന്ന് മകള്‍ പൂജാ ഭട്ടാണ് നായിക ആയി വന്നതെങ്കില്‍,
സഡക്ക് 2ല്‍ പൂജാ ഭട്ട് അഭിനയിക്കുന്നുണ്ട്. മറ്റൊരു മകളായ അലിയ ഭട്ടാണ്
നായിക. 2020 മാര്‍ച്ച് മാസം തീയറ്റര്‍ റിലീസാണ് ഉദ്ദേശിച്ചിരുന്നത്. കോവിഡ്
പദ്ധതികള്‍ തകിടം മറിച്ചതോടെയാണ് ആഗസ്റ്റ് 24ന് ഒടചടച റിലീസ് നടത്തിയത്.
ചിത്രത്തിനെതിരെ പുകയുന്ന വിവാദം വരും ദിവസങ്ങളില്‍ കൂടുതല്‍
ശക്തപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒടിടി സര്‍വീസ് വഴി
പ്രദര്‍ശിപ്പിക്കുന്ന എല്ലാ നിര്‍മ്മിതിക്കും മുന്‍കൂട്ടി പ്രതിഫലം
ലഭിക്കും. അത് തന്നെയാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ വിശ്വാസം
അവിടേയ്ക്കുള്ളത്. വില്‍ക്കപ്പെടും എന്ന് ഉറപ്പുള്ള ഉത്പന്നങ്ങളെ അവിടെ
കാണൂ. മികച്ച സിനിമയ്ക്കും, സീരിയലിനും മത്സര ബുദ്ധിയോടെ വില കൂട്ടി നല്‍കി
ഓരോ ഒടിടി സര്‍വീസ് കമ്പനികള്‍ വാങ്ങുന്നു. പിന്നീട് ഉത്പന്നം വില്‍പ്പന
നടത്തുന്നത് അതാത് ഒടിടി കമ്പനികളാണ്.
യുട്യൂബ് ചാനലുകള്‍
വ്യാപകമായി പൊട്ടിമുളയ്ക്കുന്നത് നമ്മള്‍ കാണുന്നു. ഒടിടി പോലല്ല യുട്യൂബ്.
പേക്ഷകരുടെ എണ്ണവും, അവര്‍ വീക്ഷിക്കുന്ന സമയവും കണക്കിലാക്കിയാണ്
വരുമാനം. മികച്ച ഉത്പന്നമാണെങ്കില്‍ വരുമാനം ലഭിക്കും. പാചകത്തിനും
യാത്രയുമായി ആയി മലയാളത്തില്‍ മാത്രം നൂറുകണക്കിന് യൂട്യൂബ് ചാനലുകള്‍
ഇപ്പോള്‍ ഉണ്ട്. പ്രശസ്തമായ മാധ്യമ സ്ഥാപനങ്ങള്‍ പോലും യൂട്യൂബ്
ചാനലുകള്‍ക്ക് സ്വയം പരസ്യം നല്‍കുന്നു. വന്‍ വരുമാനമാണ് അതുവഴി അവര്‍ക്ക്
ലഭിക്കുന്നത്. പരസ്യ വരുമാനത്തേക്കാള്‍ കൂടുതലാണ് യുട്യൂബില്‍ നിന്ന്
കേരളത്തിലെ പല ചാനലുകള്‍ക്കും ലഭിക്കുന്ന വരുമാനം. യൂട്യൂബ് വഴി രാജ്യത്ത്
ആയിരകണക്കിന് ആളുകള്‍ക്ക് പുതുതായി വരുമാനം ലഭിക്കുന്നു എന്നുള്ളത് ഒരു
വസ്തുത തന്നെയാണ്. വളരെ ആത്മാര്‍ത്ഥമായി ക്രിയാത്മകമായ നിര്‍മ്മാണം
പ്രദര്‍ശിപ്പിച്ചാല്‍ മാത്രമേ വേണ്ടത്ര കാഴ്ചക്കാര്‍ ഉണ്ടാകൂ. അങ്ങിനെ
കാഴ്ച്ചക്കാര്‍ ഉണ്ടെങ്കില്‍ നല്ലൊരു വരുമാനം തീര്‍ച്ചയായും
ലഭിക്കുമെന്നാണ് അനുഭവസ്ഥര്‍ പങ്കുവെക്കുന്നത്.
സാമൂഹ്യ
മാധ്യമങ്ങളിലെ നിരവധി പ്ലാറ്റ്ഫോമുകള്‍ ഇപ്പോള്‍ ഒരു വരുമാനമാര്‍ഗ്ഗമാണ്.
ഓണ്‍ ലൈന്‍ വഴി സിനിമകള്‍ മാത്രമല്ല നാടകങ്ങളും, ഗാനമേളകളും, നൃത്തങ്ങളും,
കച്ചേരികളും ഇപ്പോള്‍ അവതരിപ്പിക്കുന്നു എന്നുള്ള സവിശേഷതയും
എടുത്തുപറയേണ്ടതുണ്ട്. ഓണ്‍ ലൈന്‍ വഴി പഴയ സര്‍ക്കസിലെ ചെറിയ ചെറിയ
ഭാഗങ്ങള്‍ വ്യത്യസ്ത സമയങ്ങളിലായി പ്രേക്ഷകര്‍ക്ക് മുന്നില്‍ ചിലര്‍
എത്തിക്കുന്നു. പലര്‍ക്കും ഇതില്‍ നിന്ന് എങ്ങനെ വരുമാനം ലഭിക്കുന്നു
എന്നുള്ളതിനെ കുറിച്ച് വ്യക്തമായ ധാരണകളും ഇല്ല. നല്ല ധാരണയുള്ള ചിലര്‍
വളരെ മികച്ച വരുമാനം ഇതുവഴി നേടിയെടുക്കുന്നുണ്ട് എന്ന് നാം മനസ്സിലാക്കണം.
ഓണാഘോഷം
ഓണ്‍ലൈനായി നടത്താന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. തിരുവാതിരകളിയും,
ഓണക്കളിയും, പുലികളിയും എന്നു വേണ്ട എല്ലാം ഓണ്‍ലൈനാകുന്നു. മലയാളികളുടെ
മാത്രമല്ല, ലോകത്തിന്‍റെ ദ്യശ്യ സംസ്ക്കാരം തന്നെ മാറുന്നു. കര്‍ട്ടന്‍
ഉയരുന്നില്ല. ലോഗോണ്‍ ചെയ്യൂ...
