വരകളുടെ ലോകത്തെ ‘അറിയപെടാത്ത ‘ ബാലഗോപാല്‍...
http://thefirstresponse.in/2020/08/25/kn-balagopal/?fbclid=IwAR1O80PizMtAW-y3Xav4sDT1ZUzCUxXIeuE_9N81SNYVioQ1pwIpOJr6hXw
കെ എന്‍ ബാലഗോപാലിനെ എത്രയോ വര്‍ഷങ്ങളായി അറിയാം. മെഡിക്കല്‍ സമരം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലം. മെഡിക്കല്‍ സമരം വിഷയമാക്കി വരകളിലൂടെ തെരുവോരങ്ങളെ സമര സജ്ജമാക്കിയ എന്റെ ക്യാമ്പസ് കാലം. എസ്എഫ്‌ഐയുടെ സംസ്ഥാന അധ്യക്ഷനാണ് അന്ന് ബാലഗോപാല്‍. കേരളമാകെ സമരോല്‍ത്സുകതയില്‍ നില്‍ക്കവേ എറണാകുളം മഹാരാജാസ് കോളേജിനു മുന്നിലെ മെഡിക്കല്‍ സമരത്തിന് ആവേശവും ഐക്യ ദാര്‍ഢ്യവും പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രദര്‍ശനം നടന്നിരുന്ന സമര ചതുരത്തില്‍ ബാലഗോപാല്‍ എത്തിയത് ഓര്‍ക്കുന്നു.
ഡല്‍ഹിയില്‍ എസ് എഫ് ഐ അഖിലേന്ത്യാ അദ്ധ്യക്ഷനായി എത്തുകയും, പിന്നീട് പാര്‍ലമെന്റ് അംഗമായി അവിടെ പ്രവര്‍ത്തന കേന്ദ്രമാക്കിയപ്പോഴും ആ സൗഹൃദത്തിന് ഇഴയടുപ്പം കൂടി. ഞങ്ങളുടെ സൗഹൃദം ഏറെ ദൃഢമാക്കുന്നതില്‍ വരകള്‍ക്ക് പ്രധാന പങ്കുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാര്‍ട്ടൂണുകളായിരുന്നു പലപ്പോഴും ചര്‍ച്ചാ വിഷയം. പഠന കാലത്ത് പുനലൂര്‍ എസ് എന്‍ കോളേജില്‍ കാര്‍ട്ടൂണ്‍ ക്ലബ് രൂപീകരിച്ചതും, കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങള്‍ നടത്തിയതും ആവേശത്തോടെ അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്. സംസാരിക്കുന്നതിനിടയില്‍ മുന്നിലിരിക്കുന്ന വ്യക്തിയെ ആള്‍ പോലും അറിയാതെ കൊച്ചു വര്‍ത്തമാനത്തിനിടെ വരച്ചിടുന്ന വ്യതസ്തനായ രാഷ്ട്രീയ നേതാവിനെ എത്ര പേര്‍ക്ക് അറിയാം അവസരം കിട്ടുമ്പോഴൊക്കെ കാര്‍ട്ടൂണുകള്‍ അദ്ദേഹം വരയ്ക്കുമെന്നതും പലര്‍ക്കും അതിശയകരമായ ഒരു അറിവായിരിക്കും.
മനസ്സിലുള്ള ആശയം, താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ശബളിമയോടെ കാര്‍ട്ടൂണ്‍ എന്ന പ്ലാറ്റ് ഫോമിലൂടെ അദ്ദേഹം ജനങ്ങളിലേക്ക് എത്തിച്ചിരുന്നു.
ഒരു കാര്‍ട്ടൂണിസ്റ്റിന്റെ മനസ്സുള്ളതുകൊണ്ടു തന്നെ അദ്ദേഹത്തിന് വളരെ ലളിതമായും സരസമായും ഒരു വിഷയം ജനങ്ങളിലേക്കെത്തിക്കാന്‍ സാധിക്കുന്നു.. മാത്രമല്ല അദ്ദേഹത്തിന്റെ ചില ഫലിതങ്ങള്‍ പിന്നീട് ഓര്‍ത്തോര്‍ത്തുഉള്ള ചിരിക്കും വക നല്‍കിയിട്ടുണ്ട്
ചിരിയില്‍ പൊതിഞ്ഞ ബാലഗോപാലിന്റെ ചിന്തകള്‍ വരകളുടെ രൂപത്തില്‍ സൃഷ്ടിപരമായി പുറത്ത് വന്നതില്‍ ചിലതൊക്കെ ഞാന്‍ സൂക്ഷിച്ച് വച്ചിട്ടുമുണ്ട്. അതൊന്നും പ്രസിദ്ധീകരിക്കുന്നതിന് വേണ്ടി വരച്ചതല്ല. എന്നാല്‍ അവയൊന്നും നേരമ്പോക്കും ആയിരുന്നില്ല.. മറ്റുള്ള കാര്‍ട്ടൂണുകള്‍ സൂക്ഷ്മമായി പഠിക്കുന്ന ഒരു നിരീക്ഷണ പാടവവും അദ്ദേഹം പുലര്‍ത്തിയിരുന്നു
ഈ മഹാമാരി കാലത്ത് ബാലഗോപാലിന്റെ കാര്‍ട്ടൂണുകള്‍ ഏറെ ആസ്വാദ്യം
ആയിരുന്നു.. ലോക്ക് ഡൗണിന്റെ വിരസതയില്‍ പിറവി എടുത്തത് ആയിരുന്നില്ല അത്..
മുഴുവന്‍ സമയ രാഷ്ട്രീയം സൃഷ്ടിക്കുന്ന ആത്മ സംഘര്‍ഷങ്ങള്‍ക്കിടയിലും വീണു
കിട്ടിയ ഇടവേളകളെ അദ്ദേഹം നന്നായി വിനിയോഗിച്ചു.. വെറുതേ കുത്തി
കുറിക്കുന്നു എന്ന് കണ്ടു നില്‍ക്കുന്നവര്‍ക്ക് ആദ്യം തോന്നും. എന്നാല്‍
വരകളുടെ മര്‍മ്മം തൊട്ടറിഞ്ഞതായിരുന്നു ആ കോറിയിടലുകളെന്നു ഒടുവില്‍ നാം
മനസിലാക്കുന്നു. ഇതിലൊന്നും വല്യ കാര്യമില്ല എന്ന ഭാവം മാത്രമായിരിക്കും
അപ്പോഴും മുഖത്തു വിരിയുന്ന വികാരം. വരും തലമുറ ലോക്ക് ഡൗണ്‍ കാലത്തെ
കുറിച്ചു ഓര്‍ക്കുമ്പോള്‍ ആവേശത്തോടെ പറയാന്‍ ‘ലോക്ക് ഡൗണ്‍ജി ‘എന്ന
കാര്‍ട്ടൂണ്‍ കഥാപാത്രത്തെയും അദ്ദേഹം സൃഷ്ടിച്ചു. ലോക്ക് ഡൗണ്‍ കാലത്ത് ആ
കാര്‍ട്ടൂണുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.
ബാലഗോപാലിന്റെ കാര്‍ട്ടൂണുകള്‍ രാജ്യത്തെ ഏറ്റവും മികച്ച കാര്‍ട്ടൂണാണ് എന്ന വിലയിരുത്തല്‍ അല്ല എന്റേത്. മികച്ച ആശയങ്ങള്‍ കാര്‍ട്ടൂണിലൂടെ അവതരിപ്പിച്ചു എന്നതാണ് സവിശേഷത.. എക്കാലത്തും കാര്‍ട്ടൂണിസ്റ്റുകളുടെ ഇഷ്ട വിഭവം രാഷ്ട്രീയവും രാഷ്ട്രീയക്കാരനുമായിരുന്നു.. ഇവിടെ രാഷ്ട്രീയ നേതാവ് തന്നെ കാര്‍ട്ടൂണിസ്റ്റ് ആകുന്നു… ഈ കാര്‍ട്ടൂണുകളില്‍ കേവല കക്ഷിരാഷ്ട്രീയമല്ല, പകരം സമൂഹ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്
ശതാബ്ദി നിറവില്‍ നില്‍ക്കുന്ന മലയാള
കാര്‍ട്ടൂണിന്റെ ജന്മ ഗേഹം കൊല്ലം ജില്ലയിലെ പരവൂരാണ്. കൊല്ലത്ത് നിന്ന്
തന്നെയാണ് മലയാള കാര്‍ട്ടൂണിന് വലിയ സംഭാവനകള്‍ നല്‍കിയവര്‍ ഉണ്ടായത്. നൂറ്
കഴിഞ്ഞ മലയാള കാര്‍ട്ടൂണ്‍ ലോകത്തിന് കെ. എന്‍ ബാലഗോപാലും തന്റെ ചിന്തകളെ
കൈവിരല്‍ പാടുകളിലൂടെ അടയാളപെടുത്തുന്നു. അപ്പോള്‍ ബാലഗോപാലിന്റെ രാഷ്ട്രീയം
സര്‍ഗാത്മകവും സാര്‍ത്ഥകവും ആകുന്നു ...
