കോവിഡ് കാലവും മഹായോഗങ്ങളും
വിജയ് ചാക്ക് / മെട്രോ വാർത്ത
സുധീർ നാഥ്
കോവിഡ് കാലമാണെങ്കിലും വ്യാപകമായി യോഗങ്ങൾ നടക്കുന്നുണ്ട്. മുൻപ് സെമിനാറുകൾ ആയിരുന്നെങ്കിൽ ഇപ്പോഴത് വെമ്പിനാറായി മാറി. സാംസ്ക്കാരിക പരിപാടികൾ രാജ്യത്താകമാനം വ്യാപകമായി നടക്കുകയാണ്. സാംസ്കാരിക പരിപാടികൾ അതിർത്തികൾ ഇല്ലാതെ ലോക വ്യാപകമായിരിക്കുന്നു. ഡൽഹിയിലെ അല്ലെങ്കിൽ കേരളത്തിലെ ചെറു ഗ്രാമത്തിലെ ഒരു സാംസ്കാരിക സംഘടന നടത്തുന്ന പരിപാടിയിൽ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ പങ്കെടുക്കുന്നു. ഒരു പരിപാടിയിൽ നൂറിലേറെ വ്യക്തികൾ പങ്കെടുക്കുന്നു എന്നതും എടുത്ത് പറയേണ്ടതാണ്. ഹാൾ വാടകയും, മറ്റ് ചിലവുകളും കുറയുകയും, കൂടുതൽ ആളുകളുടെ പങ്കാളിത്തവും കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുവാൻ സംഘാടകരെ പ്രേരിപ്പിക്കുന്നു.
ലോക്ക് ഡൗണിന്റെ ആദ്യകാലങ്ങളിൽ സാംസ്കാരിക നായകർ സജീവമായി വെമ്പിനാറുകളിൽ പങ്കെടുത്തിരുന്നു. പതിവിൽ നിന്ന് വിപരീതമായി വളരെയേറെ സെമിനാറുകളും , സാംസ്കാരിക പരിപാടികളും രാജ്യത്താകമാനം നടക്കുന്നു എന്നതാണ് ഇപ്പോഴത്തെ സവിശേഷത. ഇപ്പോൾ എല്ലാവരും വൈകുന്നേരങ്ങളിലെ സാംസ്ക്കാരിക, രാഷ്ട്രീയ ചർച്ചകളിൽ തിരക്കിലാണ്. പത്രങ്ങളിൽ വെമ്പിനാറുകളുടെ പരസ്യങ്ങൾ വ്യാപകമായി വന്നു തുടങ്ങിയിരിക്കുന്നു എന്നുള്ളത് ഒരു വലിയ മാറ്റമായി തന്നെ നാം കാണണം.
കൊവിഡ് രോഗം വ്യാപിക്കുകയാണെങ്കിൽ പോലും പാർലമെന്റും, നിയമസഭകളും സമ്മേളിക്കുന്നതിനുള്ള ഒരുക്കത്തിലാണ് സർക്കാരുകൾ. തിരഞ്ഞെടുപ്പുകൾ എങ്ങനെ നടത്തണം എന്നുള്ള ചർച്ചകൾ തിരഞ്ഞടുപ്പ് കമ്മിഷനിൽ സജീവമായിരുന്നു. രാഷ്ട്രീയ പാർട്ടികളെല്ലാം തന്നെ അവരുടെ യോഗങ്ങൾ പതിവ് തെറ്റാതെ ഇപ്പോൾ നടത്തുന്നു. ഓൺലൈൻ വഴിയുള്ള സമ്മേളനങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ പറ്റാത്ത അവസ്ഥയാണുള്ളത്. നെറ്റ് വർക്ക് മോശമായതിനാൽ കണക്ഷൻ കിട്ടിയില്ല എന്ന മുടന്തൻ ന്യായങ്ങൾ മാത്രമേ ഇപ്പോൾ പറയുവാൻ പറ്റുന്നുള്ളൂ.
ഡൽഹിയിലെ പാർലമെന്റ് മന്ദിരം സെപ്റ്റംബർ രണ്ടാം വാരത്തിന് ശേഷം നടക്കാനിരിക്കുന്ന സമ്മേളനത്തിനായി ഒരുങ്ങുകയാണ്. മാധ്യമപ്രവർത്തകർക്കും സന്ദർശകർക്കും വേണ്ടിയുള്ള ഗ്യാലറികൾ അംഗങ്ങൾക്കായി വേർതിരിക്കുന്ന നടപടികൾ തുടങ്ങി കഴിഞ്ഞു എന്നാണ് അറിയുന്നത്. വലിയ സ്ക്രീനുകൾ രാജ്യസഭയിലും, ലോക്സഭയിലും, സെട്രൽ ഹാളിലും സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ മുൻപുള്ളതിനെക്കാൾ കുറവ് ജീവനക്കാരെ മാത്രമേ വിന്യസിക്കുകയുള്ളൂ.
രാജ്യസഭാ സമ്മേളനം നടക്കുക ലോക്സഭയിലും, രാജ്യസഭയിലുമായിയിരിക്കും. ലോക്സഭാ സമ്മേളനം രാജ്യസഭയിലേയും, ലോക്സഭയിലേയും, സെൻട്രൽ ഹോളിലേയും സൗകര്യങ്ങൾ ഉപയോഗിച്ചാണ് നടപ്പിലാക്കുക. ഒന്നിടവിട്ട ദിവസങ്ങളിൽ ആയിരിക്കും രാജ്യസഭയുടേയും, ലോക്സഭയുടേയും സമ്മേളനങ്ങൾ ഉണ്ടാക്കുക എന്നും അറിയുന്നു.
അംഗങ്ങൾ തമ്മിൽ വേർത്തിരിക്കുന്നതിനായി പോളികാർബണേറ്റ് ഷീറ്റുകൾ ഉപയോഗിച്ച് പ്രത്യേക ക്യാമ്പിനുകൾ നിർമ്മിച്ചു തുടങ്ങിയിരിക്കുന്നു. സീറോ അവർ എന്നുള്ള ശ്രദ്ധേയമായ നടപടിക്രമം ഉപേക്ഷിക്കുവാനാണ് ഇപ്പോൾ തീരുമാനമെന്നറിയുന്നു. സഭാ നടപടികൾ കഴിഞ്ഞാൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ പാർലമെന്റ് മന്ദിരത്തിൽ നിന്ന് അംഗങ്ങൾക്ക് പുറത്തേക്ക് പോകേണ്ടതായി വരും. പാർലമെന്റ് അംഗങ്ങൾക്ക് പോലും സഭ കഴിഞ്ഞാൽ മുൻപത്തേതു പോലെ ചർച്ചകളിൽ ഏർപ്പെട്ട് നിൽക്കുവാൻ അനുമതി ഉണ്ടായിരിക്കുന്നതല്ല. മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണവും, സന്ദർശകർക്ക് പൂർണമായ വിലക്കും തൽക്കാലത്തേക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
കേരള നിയമസഭ കൂടുന്നതിന് ഇന്ന് പാർലമെൻറ് സമ്മേളനം കൂടുന്നത് പോലെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. കേരള നിയമസഭയിലെ ഇരിപ്പിടങ്ങൾ ക്രമീകരിക്കുകയും ആദ്യ തവണ അംഗങ്ങളായ വരെ മറ്റു ഗാലറികളിൽ ഇരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്താൽ മാത്രം സുഖമായി നടത്താവുന്ന ഒന്നാണ് കേരളത്തിലെ സ്ഥിതി. ഇത് ദേശീയ തലത്തിൽ പോലും ചർച്ചയാണ്. പേപ്പറുകൾ ഒഴിവാക്കി കൊണ്ടുള്ള സമ്മേളന രീതി കേരള നിയമസഭ കൊറോണ കാലത്തിന് മുൻപേ തുടങ്ങിയിരുന്നു എന്നത് ഇപ്പോൾ ദേശീയ തലത്തിലെ വലിയ ചർച്ചയാണ്. പാർലമെന്റിൽ കേരള നിയമസഭയെ മാതൃകയാക്കാം എന്ന പരാമർശം പോലും ഉണ്ടായി എന്നത് നമുക്ക് അഭിമാനിക്കാൻ കാരണമാണ്.
പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ പോലും അവരുടെ വാർഷിക സെമിനാറുകളും ചർച്ചകളും ഓൺ ലൈനിൽ നടത്തുന്നത് പതിവായിരിക്കുന്നു. വരാനിരിക്കുന്ന വെമ്പിനാർ പരിപാടികൾ വളരെ മുൻകൂട്ടി പലരും പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ലക്ഷക്കണക്കിന് രൂപ ചെലവാക്കി നടത്തിയിരുന്ന പല പരിപാടികളും ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിക്കുന്നു. സംഗീതവും നൃത്തവും ഓൺലൈനിൽ പരീക്ഷിക്കപ്പെടുന്ന ഒരു പുതിയ പ്രവണത തന്നെ നമ്മൾ ഇപ്പോൾ കാണുന്നുണ്ട്. പത്തു നർത്തകർ പത്തിടത്ത് നിന്ന് ഒരേ പോലെ ചുവടുവയ്ക്കുന്ന പരീക്ഷണം അടുത്ത കാലത്ത് ചെന്നൈയിൽ നടന്നതും നാം കണ്ടു. വരും നാളുകളിൽ ഇത്തരം പരീക്ഷണങ്ങൾ ഒരു സ്ഥിരം പരിപാടി ആയി മാറും. കലാമേളകളും തത്സമയ ചിത്രരചനാ മത്സരങ്ങളും ഓൺലൈനിലായി നടത്തി കഴിഞ്ഞിരിക്കുന്നു.
രാജ്യത്തെ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ നടക്കുന്നു എന്നുള്ളത് ഒരു പ്രഖ്യാപനം മാത്രമാണ്. ഇന്ത്യയുടെ ബഹുഭൂരിപക്ഷം ഗ്രാമങ്ങളിലും ഇൻറർനെറ്റും കമ്പ്യൂട്ടറും എത്തിയിട്ടില്ല എന്നുള്ള യാഥാർത്ഥ്യം ഇനിയും നാം തിരിച്ചറിയേണ്ടതുണ്ട്. പല ഗ്രാമങ്ങളിലും വൈദ്യുതി പോലും എത്തിയിട്ടില്ല എന്നുള്ളതാണ് സത്യം. സാംസ്കാരിക പരിപാടികൾ ഗംഭീരമായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നടക്കുമ്പോൾ വിദ്യാഭ്യാസ രംഗത്ത് വേണ്ടത്ര മുന്നേറ്റം നടത്തുവാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. അത് വേഗത്തിൽ നടപ്പിലാക്കുവാൻ സാധിക്കുമെന്നും തോന്നുന്നില്ല. കോവിഡിന് മുമ്പ് പോലും സ്കൂളിലേക്ക് വിദ്യാഭ്യാസത്തിനായി ഗ്രാമത്തിലെ കുട്ടികളെ എത്തിക്കുവാൻ നാം പലപ്പോഴും പരാജയപ്പെട്ടിട്ടുണ്ട് എന്നുള്ളത് തിരിച്ചറിയേണ്ടിയിരിക്കുന്നു.
