അയോധ്യ കഴിഞ്ഞ് കാശിയും മഥുരയുമോ...?
സുധീര്‍ നാഥ്
അയോധ്യയില്‍ കര്‍സേവ നടന്നപ്പോള്‍ കേട്ട ഒരു മുദ്രാവാക്യം ഉണ്ട്. "യേ തോ സിര്‍ഫ് ജാന്‍കി ഹേ, അബ് കാശി മഥുര ബാക്കി ഹേ " അതായത് ഇപ്പോള്‍ അയോധ്യയില്‍ നടന്നത് ഒരു സൂചന മാത്രമാണെന്നും, കാശിയിലും മഥുരയിലും ബാക്കി ഉണ്ടെന്നാണ് മുദ്രാവാക്യം. ഈ മുദ്രാവാക്യം ബജ്രഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ വിളിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മധുരയില്‍ ശ്രീക്യഷ്ണ ജന്‍മസ്ഥലം എന്ന് വിശ്വസിക്കിക്കുന്നതിന് ചേര്‍ന്നുള്ള ഈദ്ഖാ പള്ളിയും സംഘര്‍ഷ ഭൂമിയാണ്. അതും പൊളിക്കുമെന്നാണ് ഭീഷണി. രണ്ടിടങ്ങളിലായ കാശിയിലും, മഥുരയിലും ശക്തമായ പോലീസ് വിന്ന്യാസം ഇപ്പോഴുണ്ട്. അയോധ്യയിലും പോലീസ് വിന്ന്യാസം ഉണ്ടായപ്പോഴാണ് ബാബറി മസ്ജീദ് തകര്‍ക്കപ്പെട്ടത്. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കുവാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ചുരുക്കി പറയാം.
ഫോട്ടോ: വാരണസിയിലെ ഗ്യാന്‍വാപി മുസ്ലീം പള്ളി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണസിയിലെ ഗ്യാന്‍വാപി മുസ്ലീം പള്ളി തകര്‍ക്കപെടുവാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ട് എന്ന് വേണം മനസിലാക്കാന്‍. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഗ്യാന്‍വാപി പള്ളി പൊളിക്കണമെന്ന് ഹിന്ദു സംഘടനകള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണ്. അങ്ങനെ സംഭവിച്ചാല്‍ ബിജെപിക്ക് രാജ്യത്തെ ഹിന്ദുക്കളുടെ വോട്ട് വന്‍ തോതില്‍ ലഭിക്കുമെന്നാണ് കണക്ക് കൂട്ടല്‍. അയോധ്യ പോലെ തന്നെയാണ് കാശിയും, മധുരയും. മൂന്നിടത്തും ക്ഷേത്രവും പള്ളിയും ചേര്‍ന്നാണ് നിലനില്‍ക്കുന്നത്.
ഫോട്ടോ: മഥുരയിലെ ശ്രീക്യഷ്ണ ജന്‍മസ്ഥലവും ഈദ്ഖാ പള്ളിയും
1992 ഡിസംബര്‍ 6ന് അയോധ്യയിലെ ബാബറി മസ്ജീദ് ഹിന്ദു കര്‍സേവകര്‍ പൊളിച്ചു. പള്ളി പണിയുന്ന കാലത്ത് ഹിന്ദു മുസ്ലീം വ്യത്യാസം ഇല്ലായിരുന്നേക്കാം എന്നും, അതുകൊണ്ടാണ് അയോധ്യയിലും, കാശിയിലും, മഥുരയിലും ക്ഷേത്രത്തോട് ചേര്‍ന്ന് പള്ളി പണിതത് എന്നാണ് ഒരു ചരിത്രകാരന്‍ വിലയിരുത്തിയത്. കാലം ഇരു മതങ്ങളെ അകറ്റിയിടത്താണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
2019 ആഗസ്റ്റ് 5 ന് ജമ്മു കാശ്മീരിന്‍റെ സ്വതന്ത്ര പദവി എടുത്തു കളഞ്ഞ ദിവസമായിരുന്നു. അന്ന് ആ ജനതയുടെ സ്വാതന്ത്രം എടുത്ത് മാറ്റി. ഇതിന്‍റെ ഒന്നാം വാര്‍ഷികത്തില്‍, 2020 ഓഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് എത്തി പള്ളി ഉണ്ടായിരുന്നിടത്ത് ശ്രീരാമക്ഷേത്രം പണിയാന്‍ ഭൂമി പൂജ നടത്തിയത് എന്നത് ഏതൊരു മതേതര ഇന്ത്യക്കാരനും തല കുനിക്കാനേ ഇടനല്‍കിയുള്ളൂ.
ബിജെപി ഇന്ത്യയില്‍ വളരുന്നതിന് മുഖ്യ കാരണം രാമായണവും മഹാഭാരതവും എന്നുള്ള രണ്ടു സീരിയലുകളാണ്. ദൂരദര്‍ശനിലൂടെ അവതരിപ്പിക്കപ്പെട്ട സീരിയലുകള്‍ 1987ല്‍ പ്രക്ഷേപണം തുടങ്ങിയപ്പോള്‍ തകരപ്പെട്ട് തുടങ്ങിയതാണ് ഇന്ത്യന്‍ മതേതരത്ത്വം. ഇത് രഥയാത്രയിലും, കര്‍സേവയിലും അവസാനിച്ചു. സീരിയലുകള്‍ പ്രക്ഷേപണം ചെയ്തത് രാജീവ് ഗാന്ധി എന്ന് കോണ്‍ഗ്രസ് നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്ന കാലത്താണ്. രാജീവ് ഗാന്ധിയുടെ തിരഞ്ഞെടുപ്പ് തന്ത്രമായിരുന്നു സീരിയലുകള്‍. ഉത്തര്‍പ്രദേശില്‍ നടന്ന ഉപ തെരഞ്ഞെടുപ്പുകളില്‍ തുടങ്ങി രാമനായി വേഷമിട്ട അരുണ്‍ ഗോവിലും സീതയായി വേഷമിട്ട ദീപികയും കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചു. അതില്‍ കോണ്‍ഗ്രസ് വിജയിച്ചു എന്നുള്ളത് ഒരു ചരിത്രമാണ്. ഇതേസമയം ബിജെപി ചെയ്തത് അതിനേക്കാള്‍ രാഷ്ട്രീയ തന്ത്രം തന്നെയായിരുന്നു. സാക്ഷാല്‍ രാമനേയും സീതയേയും അവതരിപ്പിച്ച് കൊണ്ട് രഥയാത്രകളുമായി രാഷ്ട്രീയ ഗോദയില്‍ ഇറങ്ങി. അത് വരും വര്‍ഷങ്ങളില്‍ വിജയിച്ചകൊടി പാറിക്കാന്‍ ബിജെപിയെ സഹായിച്ചു.
ഇപ്പോള്‍ നടക്കുന്ന രസകരമായ ഒരു സംഭവം എടുത്ത് പറയേണ്ട ഒന്നാണ്. രാമനും സീതയും ബിജെപിയുടെ സ്വന്തമായപ്പോള്‍ യുപിയിലെ പ്രബല രാഷ്ട്രീയ പാര്‍ട്ടിയായ സമാജവാദി പാര്‍ട്ടി പരശുരാമനെ ഏറ്റെടുത്തിരിക്കുകയാണ്. ലഖ്നൗവില്‍ 108 അടി ഉയരമുള്ള പരശുരാമന്‍റെ പ്രതിമയുടെ നിര്‍മ്മാണമാണ് ലക്ഷ്യം. വിഷ്ണുവിന്‍റെ ആറാം അവതാരമായ പരശുരാമനെ തിരഞ്ഞെടുത്തത് ബ്രാഹ്മണ സമുദായത്തെ കൂടെ നിര്‍ത്താനാണ് നീക്കം. രാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ബിജെപിയുടെ പ്രധാന നേതാക്കളൊക്കെ പിന്നോക്കവിഭാഗമാണെന്ന പ്രചരണം ഉത്തര്‍ പ്രദേശില്‍ വ്യാപകമാക്കുന്നുണ്ട്.
വടക്കേ ഇന്ത്യയില്‍ രാമന്‍ ഒരു വികാരമാണ് എന്ന് മനസിലാക്കിയ ബിജെപി 1992 മുതല്‍ അയോധ്യ രാമക്ഷേത്രം എന്ന മന്ത്രം ഉരുവിട്ടാണ് തിരഞ്ഞെടുപ്പുകളെ നേരിട്ടത് എന്ന് കാണാം. വരുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന് മുന്‍പായി അയോധ്യയില്‍ ഒരു വലിയ ചടങ്ങ് നടത്തി ബിജെപി നേത്യത്ത്വം രാമ വികാരം ഉണര്‍ത്തുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. കൊറോണ വൈറസിനെതിരെ ജനങ്ങള്‍ പടപൊരുതുന്നതിനിടയില്‍ രാമവികാരം എത്രത്തോളം ഫലവത്താകും എന്നത് കണ്ടറിയാം. രാമന്‍ തന്നെ ആയുധമാക്കി പുതിയ തന്ത്രം പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.


