സ്വാതന്ത്ര്യം അറിയാത്തവരും ; മുഖ പരിചിതരല്ലാത്ത നേതാക്കളും

സ്വാതന്ത്ര്യം അറിയാത്തവരും ; മുഖ പരിചിതരല്ലാത്ത നേതാക്കളും
വിജയ് ചൗക്ക് / മെട്രോ വാർത്ത
സുധീർ നാഥ്

സ്വാതന്ത്ര്യം ലഭിച്ചിട്ടും അത് അറിയാതെ ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ കഴിഞ്ഞ ഒരിടമാണ് ലക്ഷദ്വീപ്. അവർ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ വാർത്ത അറിഞ്ഞത് മൂന്ന് ആഴ്ചയ്ക്കു ശേഷം മാത്രമാണ്. കരയിൽ നിന്ന് വന്ന കപ്പലിൽ പതിവിന് വിപരീതമായി പാറി പറന്ന ഇന്ത്യൻ പതാകയാണ് അതറിയാൻ നിമിത്തമായത്. ബ്രിട്ടീഷുകാർ വർഷത്തിൽ ഒരിക്കൽ മാത്രമേ ദ്വീപിൽ വരാറുള്ളൂ. അല്ലാത്ത സമയങ്ങളിൽ അവർ നിയമിക്കുന്ന ഇന്ത്യൻ വംശജരായ ഉദ്യോഗസ്ഥരാണ് ഭരിക്കുന്നത്. ഈ ഉദ്യോഗസ്ഥർ പോലും ഇന്ത്യ സ്വാതന്ത്ര്യമായി എന്നറിയാൻ മൂന്നാഴ്ച്ച താമസിച്ചു. ഇന്ത്യൻ പതാക ഏന്തിയ കപ്പൽ ദ്വീപിൽ എത്തിയ നിമിഷം പഴമക്കാർ പിൻ തലമുറക്കാരോട് പറഞ്ഞ് കൊടുത്തിട്ടുണ്ട്.

ലക്ഷദ്വീപിലെ ജനപ്രതിനിധിയായി പാർലമെന്റിൽ എത്തുകയും ഡെപ്യൂട്ടി സ്പീക്കറും, കേന്ദ്ര ഊർജ്ജ മന്ത്രിയാകുകയും ചെയ്ത പി. എം സെയ്ത് പങ്ക് വെച്ച അനുഭവങ്ങളിൽ ഒന്നായിരുന്നു അത്. കേന്ദ്ര ഊർജ്ജ മന്ത്രി ആയ അദ്ദേഹത്തിന്റെ മാധ്യമ കാര്യ സെക്രട്ടറിയായി പ്രവർത്തിക്കുന്ന കാലയളവിൽ ലേഖകനുമായി പങ്കുവെയ്ക്കപ്പെട്ട ഒട്ടേറെ അനുഭവങ്ങളിൽ ഒന്നു മാത്രമായിരുന്നു അത്. ഏഴ് വയസ് പ്രായമായ കുട്ടിയായിരുന്നു അന്ന് പി എം സെയ്ത്. കുട്ടിയായിരിക്കുമ്പോൾ ഉണ്ടായ ഈ സംഭവം മുതിർന്നവർ പല കുറി പറഞ്ഞത് അദ്ദേഹം ഓർത്ത് പറഞ്ഞു. ഇന്നത്തെ തലമുറയും ഈ കഥ ഓർക്കുന്നുണ്ട്.

ലക്ഷദ്വീപിൽ അരിയും, പയറും മറ്റു ഭക്ഷ്യ ഉത്പന്നങ്ങൾ കപ്പൽ മാർഗ്ഗം വന്നിരുന്നത് കൊച്ചി, കോഴിക്കോട്, മംഗലാപുരം ചന്തകളിൽ നിന്നായിരുന്നു. ലക്ഷദ്വീപിൽ നിന്ന് തേങ്ങയും, ട്യൂണ മത്‌സ്യവുമാണ് കരയിലേയ്ക്ക് കൊണ്ടു പോകുക. മാസത്തിൽ രണ്ടോ മൂന്നോ കപ്പലുകൾ മാത്രമേ ഇത്തരം സേവനങ്ങൾ നടത്തു. മത്സ്യബന്ധന വഞ്ചികൾ ഉണ്ടാകും. ഉരു ഉണ്ടാകും. ജൂൺ , ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ  മഴക്കാലമായതിനാൽ വലിയ കപ്പലുകൾ  മാത്രമേ അക്കാലങ്ങളിൽ കടലിൽ  ഉണ്ടാക്കൂ.

പി എം സെയ്ത് ചികിത്സാർത്ഥം വിദേശത്ത് പോകുകയും അവിടെ വെച്ച് മരണപ്പെടുകയുമാണുണ്ടായത്. അദ്ദേഹം മരിച്ച വിവരം അന്ന് തെഹറിയിലായിരുന്ന ലേഖകൻ അറിഞ്ഞത് ലക്ഷദ്വീപിൽ നിന്നുള്ള ഒരു ഫോൺ വിളിയിലാണ്. വികസനം എന്തു മാത്രം ഉണ്ടായി എന്നുള്ളതിനുള്ള തെളിവുകൂടിയാണ് അന്ന് ലഭിച്ച ഫോൺ കോൾ. അതിന് ശേഷം എത്രയോ വർഷങ്ങൾ കഴിഞ്ഞു. ഇന്ത്യ വികസിക്കുകയാണ്. എല്ലാ മേഖലകളിലും.

സ്വാതന്ത്ര്യം കിട്ടിയ വലിയ ആഘോഷമാണ് രാജ്യമെങ്ങും. ആഹ്ളാദം പങ്കിടുന്നതിന് രാജ്യത്തിന്റെ എല്ലാ ഭാഗത്തും യോഗങ്ങൾ നടക്കുന്ന കാലം. ഡൽഹിയിലെ കേരള ക്ലബ്ബിലും നടന്നു യോഗവും മത്സരവും. കേരള ക്ലബ്ബിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രസംഗ മത്സരം ഉണ്ടായിരുന്നു
. കേരള ക്ലബ്ബിലെ അംഗങ്ങളും, അതുപോലെതന്നെ പ്രസംഗ മത്സരത്തിൽ പങ്കെടുക്കാനെത്തിയവരുടേയും തിരക്ക് ഉണ്ടായിരുന്നു. ഇതിനിടയിലാണ് കേരള ക്ലബ്ബിന് പരിചയമില്ലാത്ത ഒരു വ്യക്തിയും ഭാര്യയും കടന്നുവന്നത്. അത് മറ്റാരുമായിരുന്നില്ല , ഇന്ത്യയുടെ ധനകാര്യ മന്ത്രിയും മലയാളിയുമായ ജോൺ മത്തായി ആയിരുന്നു. അന്നത്തെ മാധ്യമങ്ങിൽ നിന്ന് കേരള ക്ലബ്ബിലെ ആഘോഷത്തെ കുറിച്ച് അറിഞ്ഞാണ് അദ്ദേഹം എത്തിയത്. കേന്ദ്ര മന്ത്രിയാണെങ്കിലും ഇന്നത്തെ പോലെ സുരക്ഷാ ഉദ്യോഗസ്ഥരും മറ്റും ഇല്ലായിരുന്നു.  ഇന്നത്തെ പോലെ മാധ്യമങ്ങളിൽ ചിത്രങ്ങൾ വരാത്ത ഒരു കാലമായിരുന്നു.  ഇത്രയേറെ മാധ്യമങ്ങളും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ജോൺ മത്തായുടെ മുഖം പലർക്കും അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ പേര് മാത്രം എല്ലാവർക്കും പരിചിതമായിരുന്നു. കേരള ക്ലബ്ബിലേക്ക് കയറിവന്നത് കേന്ദ്ര ധനകാര്യ മന്ത്രിയാണെന്ന് പലരും താമസിച്ചാണ് അറിഞ്ഞത്. കേരള ക്ലബ്ബിന്റെ ആൾക്കൂട്ടത്തിൽ ഉള്ള ചിലർ  അദ്ദേഹത്തെ തിരിച്ചറിയുകയും, ആദരവോടുകൂടി ചടങ്ങിൽ ഉൾക്കൊള്ളിക്കയും ചെയ്തു.

1947 ആഗസ്റ്റ് പതിനാലാം തീയതി രാത്രി 10 മണിക്ക് ഇന്ത്യൻ പാർലമെന്റിൽ ഒരു യോഗം ചേർന്നു. പ്രമുഖരായ നേതാക്കളെല്ലാം പങ്കെടുത്ത യോഗമാണ് ഇന്ത്യൻ ഭരണഘടനയുടെ കരട് രൂപം അവതരിപ്പിച്ചത്. എല്ലാ നേതാക്കളും അവളും ചെറിയ പ്രസംഗം നടത്തുകയുണ്ടായി. 12 മണിക്ക് നാല് മിനിറ്റ് മുമ്പാണ് നെഹ്റു എസ് രാധാകൃഷ്ണനെ പ്രസംഗിക്കുവാൻ ക്ഷണിക്കുന്നത്. 12 മണിയോടുകൂടി ഇന്ത്യ സ്വാതന്ത്ര്യം ആയി എന്ന് പ്രഖ്യാപിക്കുകയും പണ്ഡിറ്റ് നെഹ്റു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ചരിത്രം. ഈ സമയം പാർലമെൻറ് മന്ദിരത്തിന് പുറത്ത് ആയിരക്കണക്കിനാളുകളാണ് ആഘോഷം നൃത്തമാടുന്നത് എന്നുള്ളത് എടുത്തുപറയേണ്ട ഒരു കാര്യമാണ്. പാർലമെൻറിൽ നിന്ന് നേതാക്കൾ പോകുന്നതുവരെ അവിടെ ജനകൂട്ടം കൂടിയിരുന്നു. അവർ മുദ്രാവാക്യം വിളിച്ചിരുന്നു. അതിൽ വേറിട്ടൊരു മുദ്രാവാക്യം ഉണ്ട് "പണ്ഡിറ്റ് മൗണ്ട് ബാറ്റൺ സിന്ദാബാദ് ".

സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് രാജ്യത്താകമാനം ആഘോഷത്തോടൊപ്പം ദുഃഖകരമായ ഒട്ടേറെ സംഭവങ്ങളും ഉണ്ടായി എന്നത് ഈ അവസരത്തിൽ ഓർക്കുന്നത് നന്നായിരിക്കും. രാജ്യത്തിന്റെ  പലഭാഗങ്ങളിലും വർഗീയ കലാപം പുറപ്പെട്ടു. തെക്കേ ഇന്ത്യയിൽ കലാപം ഉണ്ടായില്ല. രാജ്യത്തിൻറെ പലഭാഗങ്ങളിലും ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ കലാപമുണ്ടായി. ബംഗാളിൽ നടന്ന കലാപത്തെ പിടിച്ചുനിർത്തുന്നതിന് വേണ്ടിയാണ് മഹാത്മാഗാന്ധി കൽക്കത്തയിൽ തമ്പടിച്ചത്. ഡൽഹിയിൽ നടന്ന കലാപം അടിച്ചമർത്തുന്നതിന് വേണ്ടി മദ്രാസ് റെജിമെന്റിലെ പട്ടാളക്കാരെയാണ് നിയോഗിച്ചത്. അന്നു തുടങ്ങിയ കലാപം സ്വാതന്ത്ര്യം കിട്ടി എത്രയോ വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും വർഗീയ കലാപങ്ങൾ ഇന്ത്യയിൽ തുടരുന്നുണ്ട് എന്നുള്ളത്  ദുഃഖകരമാണ്.