മാഞ്ഞു പോകുന്ന രാഷ്ട്രീയ മുഖങ്ങൾ
സുധീർ നാഥ്
കോവിഡ് ഒരു രാഷ്ട്രീയ ശക്തിയായി തന്നെ മാറി എന്നു വേണം കരുതുവാൻ. പ്രാദേശിക തലം മുതൽ ദേശീയ തലത്തിൽ വരെ ഈ കോവിഡ് കാലത്ത് പല പ്രമുഖ രാഷ്ട്രീയ മുഖങ്ങളും അലിഞ്ഞില്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്. പല പ്രമുഖരുടെയും രാഷ്ട്രീയ ഭാവി തന്നെ ഈ കാലയളവിൽ നഷ്ടപ്പെട്ടു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കോവിഡ് ഒരു കാര്യം ലോകത്തിന് മനസ്സിലാക്കി കൊടുത്തു. രാഷ്ട്രീയത്തിലും പ്രായം ഒരു ഘടകം തന്നെയാണെന്ന്. അപൂർവ്വം ചില രാഷ്ട്രീയ നേതാക്കളാണ് ഇതിൽ നിന്ന് രക്ഷപ്പെട്ട് രാഷ്ട്രീയത്തിൽ ഇപ്പോഴും പയറ്റുന്നത്.
പ്രായമായ രാഷ്ട്രീയക്കാർക്ക് ഇപ്പോൾ സജീവമായി പഴയത് പോലെ പുറത്തിറങ്ങി പ്രവർത്തിക്കുവാൻ ഭയമാണ്. അതിനു മുഖ്യകാരണം കോവിഡ് ഭീതി തന്നെയാണ് എന്നുള്ളത് നിസ്സംശയം പറയാവുന്നതാണ്. എല്ലാ സംസ്ഥാനങ്ങളിലെയും പ്രായമായ നേതാക്കൾ സുരക്ഷിതമായി വീട്ടിൽ തന്നെ ഇരിക്കുന്നതായി നമുക്ക് കാണുവാൻ സാധിക്കും. സാമൂഹ്യ മാധ്യമങ്ങളിലെ പ്രസ്താവനകളിലൂടെ മാത്രം അവർ അവരുടെ സാന്നിധ്യം അറിയിക്കുന്നു. ഈ കോവിഡ് കാലത്ത് ജീവിതത്തിലാദ്യമായി സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രസ്ഥാവന നടത്തിയ എത്രയോ നേതാക്കൾ നമുക്കുണ്ടായി. നാളെയുടെ രാഷ്ട്രീയത്തിൽ മുതിർന്ന രാഷ്ട്രീയ പ്രവർത്തകർ പാർട്ടിയുടെ നേതൃത്വ നിരയിൽ മാത്രമായി ഒതുങ്ങും. തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പൂർണ്ണമായി വരും നാളുകളിൽ മുതിർന്ന നേതാക്കൾ ഒഴിയും. യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. പൊതു ചടങ്ങുകൾ പൂർണ്ണമായും ഒഴിവാക്കപ്പെടും എന്നുള്ളത് രാഷ്ട്രീയ പാർട്ടികൾക്ക് ഒരു വെല്ലുവിളി തന്നെയാണ്. ഡിജിറ്റൽ രംഗത്തേയ്ക്ക് പ്രചരണങ്ങൾ മാറുന്നതോടുകൂടി യുവ നിരകൾ സജീവമാകും.
കോൺഗ്രസിന്റെ ദേശീയ യോഗത്തിൽ മുതിർന്ന നേതാവ് കപിൽ സിമ്പലിന് നേരെ യുവ നിര നേതാക്കൾ ശബ്ദമുയർത്തിയത് ഒരു സൂചന മാത്രമാണ്. മുതിർന്ന നേതാക്കളിൽ മാത്രം ആശ്രയിച്ചാണ് കോൺഗ്രസ് കേന്ദ്ര നേതൃത്തും മുന്നോട്ട് പോകുന്നത്. കോൺഗ്രസ് പാർട്ടിയുടെ തകർച്ചയുടെ മുഖ്യകാരണം അതാണെന്ന ആക്ഷേപം ശക്തിപ്പെടുന്നുണ്ട് എന്നത് എടുത്ത് പറയേണ്ടിയിരിക്കുന്നു.
കോൺഗ്രസിൽ മാത്രമല്ല ബിജെപി അടക്കമുള്ള മറ്റു രാഷ്ട്രീയ പാർട്ടികളിലും സമാനമായ സ്ഥിതിയാണ് നിലവിലുള്ളത്. ആം ആദ്മി പാർട്ടിയുടെ വിജയം ഇവിടെയാണ്. പാർട്ടിയെ നയിക്കുന്നവർ മുതൽ സർക്കാരിനെ നയിക്കുന്ന മന്ത്രിമാരും എം എൽ എമാരും 60 വയസ്സിന് താഴെ മാത്രം പ്രായമുള്ളവരാണ്. ഹൈദരാബാദ്, തെലുങ്കാന സംസ്ഥാനം ഭരിക്കുന്നതും മുതിർന്ന നേതാക്കളല്ല. സാഹചര്യങ്ങൾ മനസ്സിലാക്കിയതു കൊണ്ട് തന്നെയാണ് നരേന്ദ്ര മോദിയും അമിത് ഷായും കടുത്ത തീരുമാനം എടുത്ത് യുവാക്കൾക്ക് പ്രാധാന്യം നൽകിയത്. ബിജെപിക്ക് മേൽക്കൈ വന്ന ഗോവയിലും, ഉത്തർപ്രദേശിലും പിന്നീട് ഭരണം ലഭിച്ച സംസ്ഥാനങ്ങളിലെല്ലാം യുവാക്കളാണ് പ്രധാന സ്ഥാനങ്ങൾ ഭരണതലത്തിൽ നൽകിയത്. രാഷ്ട്രീയ വടം വലി ശക്തമായ സ്ഥലത്ത് ബി ജെ പി പരീക്ഷണത്തിന് നിന്നില്ല എന്നും കാണാം. രാജസ്ഥാനിൽ ബിജെപി നിലപാട് ശ്രദ്ധിച്ചാൽ ഇത് വ്യക്തമാകും.
വടക്കേ ഇന്ത്യയിലെ രാഷ്ട്രീയ സിംഹങ്ങളായ മുലായംസിംഗ്, മായാവതി, ലാലു പ്രസാദ് യാദവ്, തുടങ്ങിയവരെല്ലാം രാഷ്ട്രീയത്തിൽ അപ്രത്യക്ഷമായി എന്ന് പറയേണ്ടിയിരിക്കുന്നു. കോൺഗ്രസിലാണ് വൃദ്ധരായ കൂടുതൽ നേതാക്കൾ ഇപ്പോഴുള്ളത്. ബിജെപിയിൽ പ്രമുഖരായ എല്ലാ പ്രായമായവരെയും ഒരു വശത്തേക്ക് മാറ്റി നിർത്തിയതായും കാണാം. അഡ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സ സിൻഹ , യശ്വന്ത് സിംഗ് തുടങ്ങിയ എത്രയെത്ര നേതാക്കളാണ് നിർവീര്യമാക്കപ്പെട്ടത്. സിപിഐയും സിപിഎമ്മും വളരെ മുമ്പ് തന്നെ പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് വൃദ്ധരെ പ്രവേശിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാറില്ല.
മാറിയ സാമൂഹ്യ രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളിൽ ശുദ്ധികലശം തീർച്ചയായും ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. രാഷ്ട്രീയ പാർട്ടികൾ അവരുടെ യുവ നിരയെ തിരഞ്ഞെടുപ്പിന് മത്സരിപ്പിക്കുകയും പാർലമെന്ററി രംഗത്ത് ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടു വരികയും ചെയ്യും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സമീപകാലത്ത് രാജ്യത്താകമാനം കണ്ട രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്ക് കടിഞ്ഞാൺ ഇടാൻ രാഷ്ട്രീയ നിലപാടുകളിൽ ശക്തമായ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കേണ്ടി ഇരിക്കുന്നു.
