സുധീര്‍ നാഥ്
2020 ആഗസ്റ്റ് 15
മാറ്റം ആഗ്രഹിക്കാത്ത ആരുണ്ട്...?
മാറ്റം ആഗ്രഹിക്കാത്തവരായി ആരും ഈ ഭൂമിയില്‍ ഇല്ലെന്നാണ് പറയാറ്. അതെത്ര ശരിയാണെന്ന് ലോക്ക് ഡൗണ്‍ കാലത്ത് വ്യക്തമായതാണ്. മനുഷ്യര്‍ പലരും രൂപ മാറ്റം വരുത്തിയാണ് നമുക്ക് മുന്നിലൂടെ പോകുന്നത്. ലോക്ക് ഡൗണിന്‍റെ രണ്ട് ഘട്ടങ്ങളില്‍ താടിയും മുടിയും വളര്‍ത്തി ഡൈ ചെയ്യാതെ റോഡുകളില്‍ നമ്മള്‍ കണ്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ പുതിയ രൂപം എന്ന് പ്രഖ്യാപനം നടത്തുന്നത് കണ്ടു. ചിലരാകട്ടെ ബാര്‍ബര്‍ ഷോപ്പുകള്‍ അപകടമേഖലയാണ് എന്നാണ് കരുതുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാത്തത് മറ്റൊരു കൂട്ടര്‍ കാരണമാക്കി. ബാര്‍ബര്‍ ഷോപ്പുകള്‍ ഉപേക്ഷിച്ച് ലക്ഷക്കണക്കിന് ജനങ്ങള്‍ സ്വയം വീടുകള്‍ ബാര്‍ബര്‍ ഷോപ്പുകള്‍ ആക്കി മാറ്റി തല മുണ്ഡനം ചെയ്തത് നാം കണ്ടു. ഇന്ത്യന്‍ പ്രധാനമന്ത്രി താടിയും മുടിയും വളര്‍ത്തി മീശ പിരിച്ചപ്പോള്‍ രൂപത്തില്‍ തന്നെ മാറ്റം സംഭവിച്ചു. കോണ്‍ഗ്രസിന്‍റെ നേതാവായ രാഹുല്‍ ഗാന്ധി മുമ്പുണ്ടായിരുന്ന രീതിയില്‍ അല്ല ഇപ്പോള്‍ മുടി ഒതുക്കുന്നത്. അദ്ദേഹം മുടി നീട്ടി വളര്‍ത്തി പുതിയ രീതിയില്‍ മുടി ചീകിയതോടെ കാര്യമായ മാറ്റം സംഭവിച്ചിരിക്കുന്നു. ഇത്തരത്തില്‍ രൂപമാറ്റം സംഭവിച്ച ഏറെ പ്രാദേശിക നേതാക്കളും നമുക്കിടയിലുണ്ട്. താടി ഇല്ലാത്തവര്‍ക്ക് താടിയും മുടി നീട്ടി വളര്‍ത്താത്തവര്‍ മുടി വളര്‍ത്തിയും വന്നിരിക്കുന്നു.
രൂപമാറ്റം വരുത്തിയ മോദിയും, രാഹുലും
കോവിഡ് വാക്സിന്‍ നവംബര്‍ ആദ്യവാരം
കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്നരാജ്യത്തിന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സന്തോഷ വാര്‍ത്ത വന്നിരിക്കുകയാണ്. അവര്‍ വികസിപ്പിക്കുന്ന വാക്സിന്‍ പരീക്ഷണം പൂര്‍ത്തിയാക്കാന്‍ 2021 ജൂലൈ വരെ കാത്തിരിക്കണമായിരുന്നു. പക്ഷെ ഓക്സ്ഫോഡ് സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത വാക്സിന്‍ പ്രഥമ ഘട്ടവും, ഒന്നും രണ്ടും ഘട്ടവും വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ആസ്ട്രോ സിനിക്ക എന്ന കമ്പനിയാണ് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയ്ക്ക് പരീക്ഷണത്തിനുള്ള ഫണ്ടിങ്ങ് നടത്തിയത്. ആസ്ട്രോ കമ്പനിയുമായി പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കരാറിലേര്‍പ്പെട്ട്, ഓക്സ്ഫോര്‍ഡ് വികസിപ്പിച്ചെടുത്ത വാക്സിന്‍ സീഡ് വാങ്ങുകയുമാണുണ്ടായത്. മൂന്നാം ഘട്ട പരീക്ഷണത്തിലേയ്ക്ക് നേരിട്ട് പോകുന്നതിന് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിക്കുകയും ഉണ്ടായി. ആഗസ്റ്റ് 20ന് മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായ 5000 മനുഷ്യരില്‍ പുതിയ വാക്സിന്‍ കുത്തിവെച്ച് തീരും. വ്യത്യസ്ഥ പ്രായം, ശരീര ഘടന, മലമുകളില്‍ താമസിക്കുന്നവര്‍, കടലോരത്ത് താമസിക്കുന്നവര്‍, വ്യത്യസ്ഥ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ തുടങ്ങിയവ കണക്കിലെടുത്താണ് 5000 പേരെ തിരഞ്ഞെടുക്കുക. പാര്‍ശ്വ ഫലങ്ങള്‍ ഒന്നുമില്ലെന്ന് 42 ദിവസത്തെ നിരീക്ഷണം ആവശ്യമാണ്. കേന്ദ്ര സര്‍ക്കാര്‍ അത് 58 ദിവസമാക്കി ഉയര്‍ത്തിയിട്ടുണ്ട്. സാധാരണ ഗതിയില്‍ ഒരു വാക്സിന്‍ നിര്‍മ്മിക്കാന്‍ ആറ് വര്‍ഷം ചുരുങ്ങിയത് എടുക്കും. കൊറോണ വൈറസിന്‍റെ വ്യാപനം കണക്കിലെടുത്ത് എല്ലാ രാജ്യങ്ങളും കോവിഡ് വാക്സിന് സമയം വെട്ടി ചുരുക്കി നല്‍കിയിരിക്കുകയാണ്. ഓക്സ്ഫോഡ് സര്‍വ്വകലാശാലയുടെ വാക്സിന്‍ മൂന്നാം വട്ടം നേരിട്ട് ഇന്ത്യയില്‍ പരീക്ഷിച്ച് വിജയിപ്പിച്ച് നവംബര്‍ ആദ്യ വാരം വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം.
കൊറോണയെ തുരത്താന്‍ നേതാക്കള്‍
കോവിഡ് കാലത്ത് വിവരമില്ലാതെ എന്തൊക്കെയാണ് നേതാക്കള്‍ പറഞ്ഞതെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി എന്ന കാര്യത്തില്‍ സംശയമില്ല. കോവിഡിനെ ഭയന്ന ജനം അതിനെ കുറിച്ച് പഠിച്ചു. ചോദിച്ചറിഞ്ഞു. ഇതിനിടയിലാണ് നേതാക്കള്‍ വിഡ്ഡിത്തങ്ങളുമായി ഇറങ്ങിയത്. ഗോമൂത്രവും, ചാണക കേക്കും കോവിഡിനെ അകറ്റും എന്നാണ് ഒരു കൂട്ടര്‍ പ്രഖ്യാപിച്ചത്. ഗോമൂത്ര പാര്‍ട്ടികള്‍ ഡല്‍ഹിയിലും രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങളിലും മാര്‍ച്ച് മാസം നടന്നിരുന്നു. ഗോ കൊറോണ ഗോ എന്ന് മു്വ്രാവാക്യം മുഴക്കി കൊറോണയ്ക്കെതിരെ സമരം ചെയ്ത നേതാക്കളും നമുക്കുണ്ടായി. ദിവസവും വൈകീട്ട് ഹനുമാന്‍ ചാലീസ അഞ്ച് തവണ ചൊല്ലിയാല്‍ കൊറോണ വരില്ല എന്ന് പറഞ്ഞത് ബിജെപി നേതാവും പാര്‍ലന്‍റ്െ അംഗവുമായ സാദ്വി പ്രക്ഗ്യാ താക്കൂറാണ്. കേരളം വിദ്യാസമ്പന്നരുടെ നാടാണെങ്കിലും കൊറോണ വൈറസ് സൂര്യന്‍റെ ചൂട് കൊണ്ട് തകര്‍ന്നടിയുമെന്ന് പറഞ്ഞത് കോണ്‍ഗ്രസ്സ് നേതാവും മറ്റൊരു പാര്‍ലമെന്‍റ് അംഗവുമായ കെ മുരളീധരനാണ്. രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങിയാല്‍ കോവിഡ് ലോകത്ത് നിന്ന് തന്നെ പോകുമെന്ന് മറ്റൊരു വിഡ്ഡിത്തം കേട്ടു. പപ്പടം കോവിഡിനെ അകറ്റാന്‍ മികച്ചതാണെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ കോവിഡ് പോസിറ്റീവായി എയ്മ്സില്‍ ചികിത്സയിലാണ്. ക്രിസ്തു കാക്കുമെന്ന് പറഞ്ഞ് നടന്ന പാസ്റ്റര്‍ക്ക് കൊല്ലത്ത് കോവിഡ് പോസിറ്റീവായി. കോവിഡിന് പ്രതിവിധി എന്നോണം പല സ്വകാര്യ കമ്പനികളും രംഗത്ത് വന്ന് കോടികള്‍ സമ്പാദിച്ചു. ബാബാ രാംദേവിന്‍റെ പതഞ്ചലിയോട് പിഴയടയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കയാണ്.
അയോധ്യയിലെ മുസ്ലീം സമുദായം ആശുപത്രി പണിയും
ബാബറി മസ്ജീദിന് പകരം സുപ്രീം കോടതി അയോധ്യയിലെ മുസ്ലീം സമുദായത്തിന് നല്‍കിയ അഞ്ച് ഏക്കര്‍ സ്ഥലത്ത് ആശുപത്രിയും, വ്യദ്ധജനങ്ങള്‍ക്ക് താമസിക്കുവാനുള്ള കേന്ദ്രവും, ലൈബ്രറിയും, സ്ക്കൂളും ഉള്ള ഒരു വലിയ കോംബ്ലക്സ് നിര്‍മ്മിക്കാനാണ് വഖഫ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും തറക്കല്ലിടല്‍ ചങ്ങെിലേയ്ക്ക് ക്ഷണിക്കുവാനും പദ്ധതി ഇടുന്നുണ്ട്. കോടികള്‍ മുതല്‍ മുടക്കുള്ള ക്ഷേത്രത്തിന് അയോധ്യയില്‍ തറക്കല്ലിടല്‍ നടന്നതിന് പിന്നാലെ ഉള്ള വഖഫ് ബോര്‍ഡിന്‍റെ നീക്കം എന്തായാലും ലോക ശ്രദ്ധ തന്നെ പിടിച്ചു പറ്റി തുടങ്ങിയിട്ടുണ്ട്.
തകരുന്ന കോണ്‍ഗ്രസിന് പുതിയ പ്രസിഡന്‍റ് വേണ്ടേ
ഓരോ ദിവസവും ജനസമ്മിതി കുറഞ്ഞ് വരുന്ന ദേശീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് പരക്കെ സംസാരം തുടങ്ങി കഴിഞ്ഞു. സോണിയ ഗാന്ധി ഇടക്കാല പാര്‍ട്ടി പ്രസിഡന്‍റിന്‍റെ കസേരയിലെത്തിയിട്ട് ആഗസ്റ്റ് മാസം ഒരീ വര്‍ഷം തികയുകയാണ്. പാര്‍ട്ടിക്ക് പുതിയ പ്രസിഡന്‍റിനെ മടിയന്തിരമായി കണ്ടെത്തണമെന്ന് ശശി തരൂര്‍ മാത്രമാണ് പറഞ്ഞത്. അങ്ങിനെ പറയാന്‍ ധൈര്യമുള്ള ഒരു നേതാവും കോണ്‍ഗ്രസില്‍ വേറെ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ നില മാറിയില്ലെങ്കില്‍ കോണ്‍ഗ്രസ്സ് ഏറെ ദുര്‍ബലപ്പെടാനുള്ള സാധ്യതയുമുണ്ട്. രാഹുല്‍ ഗാന്ധി തന്‍റെ കഴിവിന്‍റെ പരമാവധി പാര്‍ട്ടിയെ രക്ഷിക്കാന്‍ നോക്കുന്നുണ്ട്. പക്ഷെ കൂടെ ഉള്ള ഉപദേശകര്‍ രാഷ്ട്രീയ ബുദ്ധി ഉപദേശിക്കാന്‍ കഴിവില്ലാത്തവരായി പോയി.
രാമന്‍ നേപ്പാളിയെങ്കില്‍, ബുദ്ധന്‍ ഇന്ത്യക്കാരന്‍
ശ്രീരാമന്‍ നേപ്പാളിയാണെന്നും, യഥാര്‍ത്ഥ അയോധ്യ നേപ്പാളിലാണെന്നും നേപ്പാള്‍ പ്രധാമന്ത്രി കെ പി ശര്‍മ ഓലി അഭിപ്രായപ്പെടുകയുണ്ടായി. നേപ്പാളിലെ അയോധ്യാപുരിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് നേപ്പാള്‍. ഭൂരിപക്ഷം ബുദ്ധമത വിശ്വാസികളുള്ള നേപ്പാളിനെ ചൊടിപ്പിച്ച് കൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഒരു പ്രഖ്യാപനം നടത്തി. ശ്രീബുദ്ധന്‍ ഇന്ത്യക്കാരനാണെന്ന്. നേപ്പാളിലെ ലുംബിനിയിലാണ് ബുദ്ധന്‍ ജനിച്ചതെന്നത് 2014ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ നേപ്പാള്‍ സന്ദര്‍ശനത്തില്‍ പറഞ്ഞിരുന്നുവെന്നത് ഓര്‍ക്കണമെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രാലയം തിരിച്ചടിച്ചു. നേപ്പാളിന്‍റെ എതിര്‍പ്പ് ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ബുദ്ധന്‍റെ പൈതൃകത്തിന്‍റെ പങ്ക് തങ്ങള്‍ക്കുമുണ്ട് എന്നാണ് ജയ്ശങ്കര്‍ പറഞ്ഞതെന്നും ബുദ്ധന്‍ ജനിച്ചത് ലുംബിനിയിലാണെന്നതില്‍ തര്‍ക്കമില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരണവുമായി എത്തി. ഇന്ത്യയില്‍ ബുദ്ധന്‍ മതപ്രബോധനങ്ങള്‍ നടത്തിയിരുന്നു എന്നതിന്‍റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ഇന്ത്യാക്കാരന്‍ എന്ന് വിളിക്കുകയാണെങ്കില്‍ വ്യാസനും വല്‍മീകിയും അടക്കമുള്ള ഋഷിമാര്‍ നേപ്പാളുകാരാകുമെന്ന് പ്രതികരിച്ച് നേപ്പാളിലെ മുന്‍ വിദേശകാര്യ സെക്രട്ടറി മധുരാമന്‍ ആചാര്യ രംഗത്തെത്തി.
ഇറ്റലി നാവികരും സുപ്രീം കോടതിയും
ഇറ്റാലിയന്‍ നാവികരായ സാല്‍വത്തോറെ ജിറോണിനും, മാസിമിലിയാനോ ലാത്തോറെയും കേരളത്തിലെ കോടതിയില്‍ (ഫയല്‍ ഫോട്ടോ)
2012 ഫെബ്രുവരി 15ന് കേരളത്തിലെ മാധ്യമങ്ങളാണ് ഞെട്ടിക്കുന്ന ഒരു വാര്‍ത്ത പുറത്ത് വിട്ടത്. കേരളത്തിന്‍റെ സമുദ്രത്തില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന ബോട്ടിലെ രണ്ട് തൊഴിലാളികളെ എന്‍റിക ലെക്സി എന്ന ഇറ്റാലിയന്‍ കപ്പലിലുണ്ടായിരുന്ന നാവികര്‍ വെടിവച്ച് കൊന്നു എന്നതായിരുന്നു വാര്‍ത്ത. കടല്‍ക്കൊള്ളക്കാരെന്ന് വിചാരിച്ചാണ് വെടി വച്ചത് എന്നായിരുന്നു ഇറ്റാലിയന്‍ നാവികരുടെ വിശദീകരണം. കേരള പൊലീസ് നാവികരെ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തില്‍ ഇവരെ വിചാരണ ചെയ്യാം എന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ നാവികര്‍ സുപ്രീം കോടതിയെ സമീപിക്കുകയും ഡല്‍ഹി വഴി രാജ്യം വിടുകയുമാണുണ്ടായത്. മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്ന എന്‍റിക്ക ലെക്സി കപ്പലിലെ നാവികര്‍ സാല്‍വത്തോറെ ജിറോണിനും, മാസിമിലിയാനോ ലാത്തോറെയ്ക്കുമെതിരായ നിയമനടപടികള്‍ അവസാനിപ്പക്കണമെങ്കില്‍ ഇറ്റലി നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കണമെന്നാഅണ് സുപ്രീം കോടതി ഇപ്പോള്‍ പറയുന്നത്. കേസ് എത്രയും വേഗം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരും, ഫ്രഞ്ച് സര്‍ക്കാരും താത്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. ഏറെ താമസിയാതെ ഇറ്റാലിയന്‍ നാവികരുടെ കേസിന് വിരാമമാകും.


