പാര്‍ലമെന്‍റ് സ്ട്രീറ്റ് / 2020 ആഗസ്റ്റ് 01

പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2020 ആഗസ്റ്റ് 01

അയോധ്യ ക്ഷേത്രത്തിന്‍റെ ഉയരം കൂട്ടി

2020 ആഗസ്റ്റ് 5ന് പ്രധാനമന്ത്രി നേരിട്ടെത്തി ആയോധ്യ ക്ഷേത്രത്തിന് തറക്കല്ലിടുന്നതിന് രാമഭക്തര്‍ കാത്തിരി1ുകയാണ്. 200 പേര്‍ക്ക് മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കൂ. 1988ല്‍ 76 വയസുള്ള ആര്‍ക്കിടെക്റ്റ് ചന്ദ്രകാന്ത് സോംപുര അയോധ്യ ക്ഷേത്രം രൂപകല്‍പ്പന ചെയ്തപ്പോള്‍ ഉയരം 141 മടിയായിരുന്നു. 2020 ആഗസ്റ്റ് 5ന് തറക്കലിടുമ്പോള്‍ ക്ഷേത്രത്തിന്‍റെ ഉയരം 161 അടിയാണ്. ആദ്യ ഡിസൈനില്‍ നിന്ന് അല്‍പ്പം മാറി ഇരുവശത്തും രണ്ട് മണ്ഡപവും ഉയരും. വിശ്വ ഹിന്ദു പരിഷത്താണ് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ചന്ദ്രകാന്ത് സോംപുരയെ ചുമതലപ്പെടുത്തിയത്. പ്രശസ്തമായ സോമനാഥ് ക്ഷേത്രമടക്കം നിര്‍മ്മിച്ച സോംപുര കുടുംബത്തില്‍ നിന്നുള്ള വ്യക്തിയാണ് ചന്ദ്രകാന്ത്. ക്ഷേത്ര നിര്‍മ്മാണത്തില്‍ ഇവര്‍ വളരെ പ്രശസ്തരാണ്. വിഎച്ച്പി നേതാവ് അശോക് സിംഗളാണ് ചക്രാന്തിന് ക്ഷേത്രം രൂപകല്‍പ്പന ചെയ്യാനും, നിര്‍മ്മിക്കാനും ചുമതല നല്‍കിയത്. ആര്‍ക്കിടെക്റ്റ് ചന്ദ്രകാന്ത് സോംപുര തയ്യാറാക്കിയ ക്ഷേത്രത്തിന്‍റെ മാത്യക വിശ്വഹിന്ദു പരിഷത്ത് അംഗീകരിച്ചാണ് ഔദ്യോഗികമായി പരസ്യപ്പെടുത്തിയിരിക്കുന്നത്. അതിലാണ് ചന്ദ്രകാന്ത് സോംപുര തന്നെ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ബിര്‍ളാ മന്ദിര്‍ പണിയുന്നതിനിടയിലാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന് അശോക് സിംഗാള്‍ ചന്ദ്രകാന്തിനെ സമീപിക്കുന്നത്. 1988ല്‍ ഡിസൈനിങ്ങ് ആരംഭിച്ച്, 1990ല്‍ ക്ഷേത്രത്തിന്‍റെ തൂണുകളുടെ നിര്‍മ്മാണം ഔദ്യോഗികമായി തുടങ്ങി. 2020 ആഗസ്റ്റ് 5ന് ക്ഷേത്രനിര്‍മ്മാണത്തിന് തറക്കലും ഇടും.

1985ലെ വെടിവെപ്പ്: 2020ല്‍ കോടതി വിധി
1985ല്‍ രാജസ്ഥാന്‍ ബരത്പൂര്‍ രാജാവായിരുന്ന രാജാ മാന്‍ സിംഗിനയും രണ്ട് സഹായികളേയും വെടിവെച്ച് കൊന്ന കേസില്‍ വിധി വന്നു. ഏഴ് തവണ ഡീഗില്‍ നിന്ന് സ്വതന്ത്ര എംഎല്‍എ ആയ വ്യക്തിയാണ് രാജാ മാന്‍ സിംഗ്. പ്രതികളായ 11 രാജസ്ഥാന്‍ പോലീസുകാര്‍ക്ക് 2020 ജൂലൈ 22ന് മധുര കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുകയാണ്. 35 വര്‍ഷത്തിന് ശേഷം വിധി വന്നപ്പോള്‍ അന്നത്തെ പോലീസുകാര്‍ വ്യദ്ധന്‍മാരായി. അന്ന് ഡിഎസ്പി ആയിരുന്ന കാന്‍ സിംഗ് ബാക്തിക്ക് ഇന്ന് 82 വയസായി. മറ്റ് പ്രതികളായ പോലീസുകാരും വ്യദ്ധരായി. മൂന്ന് പേര്‍ വിചാരണ കാലയളവില്‍ മരണപ്പെട്ടു. 1700 തവണയാണ് ഈ കേസ് കോടതി കേട്ടത്. ആദ്യം രാജസ്ഥാന്‍ കോടതിയിലായിരുന്ന കേസ് സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മധുരയിലേയ്ക്ക് മാറ്റുകയായിരുന്നു. 30,000 രൂപ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും, 2000 രൂപ വീതം അന്ന് പരിക്കേറ്റവര്‍ക്കും നല്‍കാന്‍ രാജസ്ഥാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രാജാ മാന്‍ സിംഗിന് എതിരെ കോണ്‍ഗ്രസ് റിട്ടയര്‍ ഐഎഎസ് ഓഫീസറായ ബ്രിജേന്ദ്ര സിംഗിനെ നിര്‍ത്തിയിരുന്നു. അദ്ദേഹത്തിന്‍റെ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് 1985 ഫെബ്രുവരി 20ന് എത്തിയ അന്നത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി ശിവ് ചരണ്‍ മാത്തൂറിന്‍റെ തിരഞ്ഞെടുപ്പ് വേദിയും, ഹെലികോപ്റ്ററും രാജാ മാന്‍ സിംഗ് ജീപ്പ് ഇടിപ്പിച്ച് കേടു വരുത്തി എന്ന പരാതിയില്‍ നിന്നാണ് സംഘര്‍ഷങ്ങളുടെ തുക്കെം. തൊട്ട് പിറ്റേ ദിവസം രാജസ്ഥാന്‍ പോലീസ് സംഘം രാജാ മാന്‍ സിംഗിനേയും രണ്ട് അനുയായികളേയും വെടിവെച്ച് കൊല്ലുകയായിരുന്നു.

ലോണ്‍ അടയ്ക്കാന്‍ വയ്യാതെ ഡല്‍ഹി മെട്രോ
ഡല്‍ഹി മെട്രോ റെയില്‍ നിര്‍മ്മാണത്തിന് 35,198 കോടി രൂപയാണ് ജപ്പാന്‍ ഇന്‍റര്‍നാഷ്ണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയില്‍ നിന്ന് ലോണ്‍ എടുത്തത്. 1987ലാണ് ആദ്യ വിഹിത ലോണ്‍ ഡെല്‍ഹി മെട്രോ വാങ്ങിയത്. 2007 മുതല്‍ ലോണ്‍ തുകയുടെ തിരിച്ചടവ് തുടങ്ങി. അതിന് ശേഷം വര്‍ഷമായി ലോണ്‍ തിരിച്ചടവ് മുടങ്ങിയിട്ടില്ല. 2020 മാര്‍ച്ച് 22 മുതല്‍ ഡല്‍ഹി മെട്രോ സര്‍വ്വീസ് നിര്‍ത്തിയത് മൂലം വരുമാനമില്ല. ഇത്മൂലം 1200 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഡല്‍ഹി മെട്രോയ്ക്ക് സംഭവിച്ചിരിക്കുന്നത്. ഈ കാലയളവില്‍ 285 സ്റ്റേഷനുകളും, തീവണ്ടികളും, പാളങ്ങളും പരിപാലിക്കുന്നതിനൊപ്പം, 10,000 പേരില്‍ അധികമുള്ള ജീവനക്കാര്‍ക്ക് മുടക്കം കൂടാതെ ശംമ്പളവും നല്‍കുന്നുണ്ട്. പക്ഷെ ലോണ്‍ തുക മടക്കി നല്‍കണമെന്ന് ഇപ്പോള്‍ നോട്ടീസ് വന്നിരിക്കുകയാണ്. 2020, 2021 സാമ്പത്തിക വര്‍ഷം 1,242.8 കോടി രൂപയാണ് ഡല്‍ഹി മെട്രോ തിരിച്ചടയ്ക്കാനുള്ളത്. ഇതില്‍ 434.1 കോടി രൂപ പലിശയും, 808.7 കോടി രൂപ ലോണ്‍ തുകയുമാണ്. 79.2 കോടി രൂപയാണ് മാസം തോറും ലോണിന്‍റെ തിരിച്ചടവ്. കേന്ദ്ര സര്‍ക്കാരിന്‍റെ സഹായം തേടിയിരിക്കയാണ് ഡെല്‍ഹി മെട്രോ കോര്‍പ്പറേഷന്‍ ഇപ്പോള്‍. 2016 2017ല്‍ 2313 കോടി രൂപയും, 2017 2018ല്‍ 3152 കോടി രൂപയും, 2018 2019ല്‍ 3715 കോടി രൂപയും വരുമാനമാണ് ഡെല്‍ഹി മെട്രോയ്ക്ക് ലഭിച്ചിരുന്നത്. 

ഡല്‍ഹിയിലെ വെള്ളപ്പൊക്കം
ഡല്‍ഹിയില്‍ എത്തിയ അന്ന് മുതല്‍ എല്ലാ മഴക്കാലത്തും ദേശിയ മാധ്യമങ്ങള്‍ കൊടുക്കുന്ന ഒരു ചിത്രം കണ്ടിട്ടുണ്ട്. ഡല്‍ഹി റെയില്‍വേ സ്റ്റേഷന് സമീപമുള്ള മിന്‍റോ റോഡില്‍ റെയില്‍വേ പാലത്തിന് താഴെ മുങ്ങി കിടക്കുന്ന ബസ്. അത് 2020 വര്‍ഷത്തിലും മുടങ്ങാതെ വന്നു. ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നഗരഹ്യദയമായ കൊണാട്ട് പ്ലേസിലേയ്ക്കുള്ള റോഡ് തീവണ്ടി പാതയുടെ അടയിലൂടെയാണ് പോകുന്നത്. എല്ലാ വര്‍ഷവും മഴ പെയ്താല്‍ എല്ലാ ഭാഗത്ത് നിന്നുള്ള വെള്ളവും കുഴിയായ ഈ പ്രദേശത്ത് വന്ന് നിറയും. 1926ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച മിന്‍റോ ബ്രിഡ്ജിന്‍റെ കീഴില്‍ മഴപെയ്താല്‍ അന്നു മുതലേ വെള്ളം നിറയാറുണ്ടെന്ന് പഴമക്കാര്‍ പറഞ്ഞിട്ടുണ്ട്. ഒട്ടും പുതുമയില്ലാത്ത മിന്‍റോ റോഡ് പ്രതിഭാസം ഫോട്ടോ സഹിതം വാര്‍ത്തയാക്കാന്‍ മാധ്യമങ്ങള്‍ മത്സരമാണ്. ഡല്‍ഹിയില്‍ ഇത്ര ഭയങ്കര മഴയോ എന്ന് എത്രപേര്‍ വിളിച്ച് ചോദിച്ചിരിക്കുന്നു.

വനഭൂമി ക്കൈയ്യേറി ആശ്രമം
ഉത്തരാഖണ്ഡിലെ ഋഷികേശിലെ പ്രശസ്തമായ പരമാര്‍ത്ഥ് നികേതന്‍ ആശ്രമത്തിലെ പ്രധാന സ്വാമി ചിന്താനന്ത് സരസ്വതി ജയിലിലായി. 2.5 ഏക്കര്‍ വനഭൂമി ഏറ്റെടുത്ത് ആശ്രമം വിപുലീകരിച്ചതാണ് കുറ്റം. ആചാര്യ ശുക്ള എന്ന ഗഡ്വാള്‍, പൗരി സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. 2005ല്‍ സ്രാമവാസികള്‍ സ്വാമിക്ക് ഇഷ്ടദാനം നല്‍കിയതാണെന്നാണ് എതിര്‍ വാദം ഉണ്ടായത്. വനഭൂമി ആര്‍ക്കും ഇഷ്ട ദാനം നല്‍കുവാന്‍ സാധിക്കില്ല എന്ന് കോടതി പറഞ്ഞു. ഋഷികേശിലേയും, ഹരിദ്വാറിലേയും പല ആശ്രമങ്ങളും വനഭൂമി ക്കൈയ്യേറി നിര്‍മ്മിക്കപ്പെട്ടതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരാതി ഉണ്ടാകാത്തത് കൊണ്ട് അധിക്യതര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. രാഷ്ട്രീയ കക്ഷികളെല്ലാം പിന്തുണ നല്‍കുന്നതാണ് ഇത്തരത്തില്‍ വ്യാപക ക്കൈയ്യേറ്റങ്ങള്‍ നടക്കുവാന്‍ കാരണം. യോഗ ആചാര്യന്‍ കൂടിയായ സ്വാമി ചിന്താനന്ത് സരസ്വതി ഒട്ടേറെ ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിച്ച് പ്രശസ്തനാണ്. ആയുര്‍വേദ ഉത്പ്പനങ്ങള്‍ ആക്രമത്തില്‍ നിര്‍മ്മിക്കുന്നതധം പ്രചരിപ്പിക്കുന്നതും ശത്രുക്കളുടെ എണ്ണം കൂട്ടിയിരുന്നു. സ്വാമിയുടെ അറസ്റ്റിന് പിന്നില്‍ ഇത്തരം ശത്രുക്കളുടെ പങ്കുണ്ടെന്ന് സംസാരവുമുണ്ട്.

ചാന്ദിനി ചൗക്ക് ഇനി പുതിയ രൂപത്തില്‍
പുരാതന ഡല്‍ഹിയിലെ പ്രശസ്തമായ വ്യാപാര തെരുവാണ് ചാന്ദിനി ചൗക്ക്. വളരെ തിരക്കേറിയ ചാന്ദിനി ചൗക്കിന്‍റെ ഇരുവശങ്ങളിലുമുള്ള വ്യാപാര കേന്ദ്രങ്ങളില്‍ ലക്ഷങ്ങളുടെ കച്ചവടമാണ് നടക്കുന്നത്. പുരാതന വ്യാപാര കേന്ദ്രം എന്ന നിലയില്‍ ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രം കൂടിയാണ് ചാന്ദിനി ചൗക്ക്. നവംബര്‍ ആദ്യവാരം പൂര്‍ണ്ണമായും മുഖംമിനുക്കി സൗന്ദര്യവത്ക്കരിച്ച് ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഡല്‍ഹി സര്‍ക്കാര്‍. 30 കോടി രൂപ ചെലവാക്കി നവീകരണ പ്രവ?ത്തനങ്ങള്‍ 2018 ഡിസംബര്‍ മുതല്‍ ആരംഭിച്ചതാണ്. 2020 മാര്‍ച്ച് മാസം പണി പൂര്‍ത്തിയാകുമെന്നാണ് നിശ്ചയിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അത് മാറ്റുകയായിരുന്നു. കോവിഡ് വ്യാപനത്തിന്‍റെ കാരണത്താല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു. 17ാം നൂറ്റാണ്ടില്‍ മുഗള്‍ രാജാവ് ഷാജഹാന്‍ മകള്‍ ജഹ്നാന ബീഗം രൂപകല്‍പ്പന ചെയ്ത മാര്‍ക്കറ്റ് ചാന്ദിനി ചൗക്ക് പണിയുകയായിരുന്നു. യമുനാനദിയില്‍ നിന്ന് ചാന്ദിനി ചൗക്ക് മാര്‍ക്കറ്റിന്‍റെ മുഖ്യ വഴിയുടെ നടുവിലൂടെ ഒരു കനാല്‍ ഉണ്ടായിരുന്നു. ഇന്ന് കനാല്‍ അവിടെ ഇല്ല. മൂന്ന് പ്രധാന മാര്‍ക്കറ്റുകളാണ് ചാന്ദിനി ചൗക്കില്‍ പ്രശസ്തമായുള്ളത്. ഉറുദു ബസാര്‍, ജേ,ഹരി ബസാര്‍, ഫത്തേഹ്പുരി ബസാര്‍ എന്നിവയാണ് മൂന്ന് മാര്‍ക്കറ്റുകള്‍. ഒന്നര കിലോമീറ്റര്‍ ദൂരമുള്ള ചാന്ദിനി ചൗക്കില്‍ ആദ്യ കാലങ്ങളില്‍ ട്രാമുകള്‍ ഓടിയിരുന്നു. നവീകരണം പൂര്‍ത്തിയായാല്‍ രാവിലെ 9 മുതല്‍ വൈകീട്ട് 9 വരെ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല.