കൊറോണ കാലത്തും വേണം, കേശവൻകുട്ടിയുടെ ദോശ

കൊറോണ കാലത്തും വേണം, കേശവൻകുട്ടിയുടെ ദോശ
സുധീർ നാഥ്

കൊറോണ വ്യാപനം തടയുന്നതിനായി 2020 മാർച്ച് 24 മുതൽ ലോക് ഡൗൺ ആയ രാജ്യത്ത് ഒരു കടയും തുറന്നില്ല. ഡൽഹിയിലെ തിരക്കേറിയ ജന്തർ മന്ദിർ റോഡിൽ കേശവൻകുട്ടിയുടെ പ്രശസ്തമായ ദോശ കടയും അടച്ചിട്ടു. ലോക് ഡൗണിൽ ഇളവ് വന്നതോടുകൂടി ദോശ കട തുറന്നപ്പോൾ ജനങ്ങൾ ദോശ കഴിക്കാൻ എത്തിത്തുടങ്ങി. കഴിവതും സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്നാണ് കുട്ടി പറയുന്നത്. വടക്കേ ഇന്ത്യയിലെ ജനങ്ങൾക്ക് ദോശയും വടയും സാമ്പാറും പ്രിയപ്പെട്ട വിഭവങ്ങളാണ്.

തൃശ്ശൂർ ജില്ലയിലെ ചേലക്കരയിൽ നിന്നും1972-ലാണ് കേശവൻകുട്ടി ജോലിക്കയി പതിനാറാം വയസിൽ ഡൽഹിയിലെത്തുന്നത്. പി ചിതംമ്പരം നടത്തിയിരുന്ന ലോധി റോഡില ഹോട്ടലിൽ ചേട്ടൻ ജോലി ചെയ്തിരുന്നു. അവിടെ തന്നെ കേശവൻ കുട്ടിയും കൂടി. പിന്നീട് ഫരീദാബാദ്, സ്ക്കൂൾ കാന്റീൻ , ഗാന്ധി സ്മൃതി കാന്റീൻ എന്നിവ നടത്തി.

1987 ൽ സർക്കാർ ജന്തർ മന്ദിറിൽ കട തുടങ്ങാൻ സ്ഥലം നൽകി. സർക്കാർ നൽകിയ  സ്ഥലത്ത് വഴിയോര ദോശ കച്ചവടം ആരംഭിച്ചു. കേശവൻ കുട്ടിയും ഒരു സഹായിയും മാത്രമായിരുന്നു ആദ്യ കാലങ്ങളിൽ കടയിൽ ദേശ ഉണ്ടാക്കന്നതും, പണം വാങ്ങുന്നതും മുതൽ എല്ലാം ചെയ്തിരുന്നത്. ദോശ കച്ചവടം വൻ വിജയമായി. കേശവൻ കുട്ടിയുടെ ദോശ എന്ന് ദോശയ്ക്ക് പേരും വീണു.

രാഷ്ട്രീയപരമായും സാംസ്കാരികപരമായും ഒട്ടേറെ കഥ കുട്ടിയുടെ ദോശ കടയ്ക്ക്  പറയാനുണ്ടാകും.  ഡൽഹിയിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കൾ ഇവിടെനിന്ന്  ദോശയും വടയും പായ്ക്ക് ചെയ്ത് കൊണ്ടു പോകുന്നത് സ്ഥിരം കാഴ്ച്ചയാണ്. വാജ്പയും. സിനിമാ താരം ഗോവിന്ദ , പ്രിയങ്ക ചോപ്ര, ഉമാഭാരതി,  തുടങ്ങി എത്രയോ പേർ കേശവൻ കുട്ടിയുടെ സ്ഥിരം കസ്റ്റമർ ആയിരുന്നു. കേരളത്തിൽ നിന്ന് വന്നിരുന്ന പ്രമുഖർ മിക്കവരും കേശവൻ കുട്ടിയുടെ ദോശയുടേയും വടയുടേയും കസ്റ്റമർ ആണ്.

ലക്ഷ്മി നഗറിൽ ഇരുന്നു കഴിക്കാൻ സൗകര്യമുള്ള എസി ഹാളുള്ള കുട്ടീസ് ദോശ എന്ന റസ്റ്റോറന്റ് കേശവൻ കുട്ടി തുറന്നത് ഏതാനും വർഷം മുൻപാണ്. കൊറോണയുടെ ലോക് ഡൗണിൽ അടച്ച അവിടെ ഇനിയും തുറന്നിട്ടില്ല. 50 % ആളുകളെ റസ്റ്റോറന്റുകളിൽ ഇരുന്ന് കഴിപ്പിക്കാൻ അനുമതി സർക്കാർ നൽകി എങ്കിലും പ്രായോഗികമല്ലെന്ന് കേശവൻ കുട്ടി പറയുന്നു.

സാധാരണ തട്ടുകട പോലെയുള്ള സൗകര്യം ആണ് ജന്തർ മന്ദിറിലെ കടയിൽ ഉള്ളത്. അവിടെ കച്ചവടം 30% ആയി കുറഞ്ഞു. ജനങ്ങൾ ദോശയും വടയും വാങ്ങണം. നിന്നു വേണം കഴിക്കാൻ. രോഗം വ്യാപിക്കാൻ കൂട്ടം കൂടുന്നത് കാരണമാകില്ലേ എന്നുള്ള ചോദ്യത്തിന് കഴിവതും അത് ഒഴിവാക്കാനുള്ള ശ്രമം ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടെന്നാണ് കുട്ടി പറയുന്നത്. തിരക്ക് കുറവായതിനാൽ സാമൂഹ്യ അകലം പാലിക്കാൻ സാധിക്കുന്നു. ജനങ്ങൾ കൂടി മനസ്സിരുത്തിയാൽ സാമൂഹിക അകലം പാലിച്ചാൽ, മാസ്ക്ക് കർശനമാക്കിയാൽ, സാനിറ്റയ്സർ ഉപയോഗിക്കുന്നത് ശീലമാക്കിയാൽ കൊറോണ വൈറസിനെ അകറ്റി നിർത്താം എന്നാണ് കേശവൻകുട്ടിയുടെ പക്ഷം.  ജന്തർ മന്ദിറിൽ ഇപ്പോൾ കൂടുതലും പായ്ക്കിങ്ങാണ്. അത് കുറേ കാലം തുടരും.

കേശവൻ കുട്ടിയോടൊപ്പം ജോലി ചെയ്തിരുന്ന പകുതിയോളം ജീവനക്കാർ നാട്ടിൽ പോയി. ഇപ്പോൾ കച്ചവടവും കുറവായതിനാൽ ഉള്ളവർ തന്നെ ധാരാളം എന്ന സ്ഥിതിയിലാണ്. ശമ്പളം കൊടുക്കുവാനുള്ള കച്ചവടം നടക്കണം എന്ന് മാത്രം. ഒരു പ്രസ്ഥാനം തുടങ്ങി പേരെടുത്തു. അത് കൊറോണയുടെ കരിനിഴലിൽ തകരാതെ സൂക്ഷിക്കേണ്ടത് കടമയാണ്. കൊറോണയുടെ ഭീകരത നീങ്ങും. പഴയ പോലെ ജനങ്ങൾ വരും. ജനങ്ങൾ ഇപ്പോൾ ഭയപ്പാടിലാണ്. കൊറോണയ്ക്ക് വാക്സിൻ കണ്ടെത്തും വരെ ഇപ്പോഴുള്ള നില തുടരും.