നമുക്ക് ജീവിക്കാം, കൊറോണ വൈറസിനൊപ്പം.

2020 മെയ് 08
നമുക്ക് ജീവിക്കാം, കൊറോണ വൈറസിനൊപ്പം.
സുധീര്‍ നാഥ്.

കോവിഡ് കാലം രണ്ടര ലക്ഷത്തിലേറെ മരണം ഏറ്റെടുത്തു എന്നതാണ് യാഥാര്‍ത്ഥ്യം. വൈറസ് വ്യാപനം മുപ്പത്തേഴ് ലക്ഷത്തിലേറെ ജനങ്ങളെ ആക്രമിച്ച് മുന്നോട്ട് പോകുന്നു. കൊറോണ വൈറസിന്‍റെ പ്രതിരോധത്തിന് നാളിതുവരെയായിട്ടും മരുന്ന് കണ്ട് പിടിച്ചില്ല എന്നത് ആശങ്കപ്പെടുത്തുന്നു. ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും അവരുടെ ജനങ്ങളെ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് വീട്ടില്‍ തന്നെ ഇരുത്തി. ലോക് ഡൗണ്‍ കൊണ്ട് എത്രനാള്‍ നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കും എന്ന ചോദ്യത്തിന് വലിയ പ്രസക്തി വന്നിരിക്കുകയാണ്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കഴിഞ്ഞ 45 ദിവസമായി ജനങ്ങളോട് കോവിഡിനെ പ്രതിരോധിക്കാന്‍ ക്യത്ത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. ലോക് ഡൗണ്‍ മെയ് 17ന് അവസാനിച്ചാല്‍ കൂടുതല്‍ ഇളവുകളോടെ മെയ് 31 വരെ തുടരുമായിരിക്കും. അതില്‍ കൂടുതല്‍ ലോക് ഡൗണ്‍ കാലാവധി നീട്ടുക എന്നത് പ്രായോഗികമല്ല.

ഇന്ത്യയില്‍ കേരളവും, ഗോവയും മാത്രമാണ് കോവിഡ് പ്രതിരോധത്തില്‍ രാജ്യത്ത് ആശ്വാസമായുള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ ആശങ്ക പരത്തുന്നുണ്ട്. ലോക് ഡൗണ്‍ സമ്പത്ത് വ്യവസ്ഥയെ തകിടം മറിച്ചിരിക്കുന്നു. വൈറസുകള്‍ക്കൊപ്പം ജീവിക്കുക എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. മനുഷ്യന്‍ പ്രക്യതിയോട് എത്ര ക്രൂരമായാണ് പെരുമാറിയത്. അതിന്‍റെ കണക്കെടുപ്പിന്‍റെ സമയമല്ല ഇതെന്നറിയാം. എങ്കിലും നമ്മള്‍ ഓരോരുത്തരും സ്വയം വിലയിരുത്തേണ്ടത് ആവശ്യമാണ്.

ലോകം മുഴുവന്‍ ലോക് ഡൗണിലേക്ക് നീങ്ങുമ്പോഴും ജപ്പാനെ പോലുള്ള ചില രാജ്യങ്ങള്‍  സാധാരണ പോലെ നീങ്ങുകയാണ്. അവിടെ കോവിഡ് രോഗികള്‍ ഇല്ലാഞ്ഞിട്ടല്ല. സാമൂഹ്യ അകലവും, സുരക്ഷയും അവിടെ ജനങ്ങള്‍ സ്വയം ഉറപ്പ് വരുത്തുന്നു എന്ന വ്യത്യാസം നമുക്ക് കാണാം. നെതര്‍ലാന്‍റ് അംബാസിഡര്‍ വേണു രാജാമണി പറഞ്ഞത് അവിടെ ലോക് ഡൗണ്‍ ഇല്ല, പകരം ഇന്‍റലിജന്‍റ് ലോക്ഡൗണ്‍ എന്നാണ് പറയുന്നത്. ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. മൂന്ന് പേരില്‍ കൂടുതല്‍ ഒരുമിച്ച് ഉണ്ടാകരുത്. പരമാവധി വീട്ടില്‍ നിന്ന് ജോലി ചെയ്യുക. അങ്ങിനെ സാധിക്കത്തവര്‍ക്ക് ഓഫീസില്‍ പോയി ജോലി ചെയ്യാം. പക്ഷെ തൊഴിലുടമ സാമൂഹ്യ അകലം പാലിച്ചു കൊണ്ട് ജീവനക്കാര്‍ക്ക് ജോലി ചെയ്യാനും മറ്റ് സുരക്ഷാ മാര്‍ഗ്ഗങ്ങളും ഒരുക്കണം. വര്‍ക്ക് ഔട്ട് എലോണ്‍, സ്റ്റേ അറ്റ് ഹോം, ഫോളോ ആള്‍ പ്രിക്കോഷന്‍ എന്നാണ് സര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞിരിക്കുന്നത്.

ജപ്പാനിലുള്ള ഒരു ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥി സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ ശ്രദ്ധേയമായ ഒരു കുറിപ്പുണ്ട്. അത് ഈ കോവിഡ് കാലത്ത് എല്ലാ രാജ്യവും പഠനവിഷയാക്കേണ്ടതാണ് എന്ന് വിശ്വസിക്കുന്നു. ചൈനയിലെ വുഹാനില്‍ നിന്ന് ആദ്യം കൊറോണ എത്തിയ രാജ്യമാണ് ജപ്പാന്‍. ഡയമണ്ട് പ്രിന്‍സസ് എന്ന ആര്‍ഭാട കപ്പല്‍ ചൈനയില്‍ നിന്ന് ജനുവരിയില്‍ എത്തിയതോടെയാണ് ജപ്പാനില്‍ കൊറോണ ആരംഭിച്ചത്. പക്ഷെ ഇപ്പോള്‍ ജപ്പാനില്‍ കോവിഡ് നിയന്ത്രണത്തിലാണ്. അവിടെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല. ജപ്പാനില്‍ എല്ലാവരും ഓഫീസുകളില്‍ പോകുന്നു, അത്യാവശ്യ സര്‍വീസുകള്‍ എല്ലാമുണ്ട്. ഹോട്ടലുകള്‍ അടച്ചിട്ടില്ല, മാളുകള്‍ അടച്ചിട്ടില്ല. മെട്രോകള്‍ ഒടുന്നു, ബുള്ളറ്റ് ട്രെയിന്‍ ഓടുന്നു. വിദ്യാലയങ്ങള്‍ അടച്ചിടുകയും, പൊതു പരിപാടികള്‍ നിരോധിക്കുകയും ഉണ്ടായി.

അദ്ദേഹം കുറിപ്പില്‍ പറയുന്ന പ്രധാന കാര്യം നമ്മള്‍ കൊറോണക്കാലത്ത് പാലിക്കുന്ന ചില നിയമങ്ങള്‍ ജപ്പാന്‍കാര്‍ക്ക് ചെറുപ്പത്തിലേ ശീലമാണ് എന്നാണ്. സ്കൂളുകളില്‍ ആദ്യാക്ഷരം പഠിപ്പിക്കുന്നതിനു മുമ്പ് വ്യക്തിശുചിത്വവും സാമൂഹിക ശുചിത്വവും അവര്‍ കുട്ടികളെ പഠിപ്പിക്കുന്നു. മാസ്ക് ധരിക്കല്‍, നടക്കുന്ന ഇടമെല്ലാം തുപ്പുന്നില്ല, ഹസ്തദാനത്തിന് പകരം കുമ്പിട്ട് ബഹുമാനം കാണിക്കുന്നു, കൈ കഴുകലിന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കേണ്ട ആവശ്യമില്ല. പൊതു ഇടങ്ങളില്‍ സോപ്പും വെള്ളവും ഉണ്ട്. കൈകഴുകിയ ശേഷം വാഷ്ബേസിന്‍ കൂടി കഴുകി വൃത്തിയാക്കുന്ന സംസ്കാരം അവര്‍ക്കുണ്ട്. മറ്റുള്ളവരുമായി സാമൂഹിക അകലം അവര്‍ പാലിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഇതിനിടയില്‍ പറഞ്ഞ ഒരു സത്യമുണ്ട്. അത് ആദ്യം കേട്ടപ്പോള്‍ ഏറെ പ്രതിഷേധ സ്വരങ്ങള്‍ ഉണ്ടായി. പിണറായി വിജയനും ഏതാണ്ട് ഇതേ നിലപാടാണ് എടുത്തതെന്ന് പ്രവര്‍ത്തിയില്‍ നിന്ന് മനസിലാക്കാം. ഒടുവില്‍ രാഹുല്‍ഗാന്ധിയും ഇത് തന്നെ ആവര്‍ത്തിച്ചു. നാല് പേരും ഒരേ ആശയം നാല് തരത്തില്‍ അവതരിപ്പിച്ചു എന്നത് മാത്രമാണ് വ്യത്യാസം. കൊറോണ വൈറസ് നമുക്കിടയില്‍ തന്നെ വര്‍ഷങ്ങളോളം ഉണ്ടാകും. അതിനോടൊപ്പം ജീവിക്കാന്‍ സ്വയം പരിശീലിക്കുക എന്നതാണ് മനുഷ്യന് ചെയ്യാന്‍ സാധിക്കുന്നത്. ലോക് ഡൗണിന് ഇളവുകള്‍ നല്‍കുക എന്നത് തന്നെയാണ് അതിനൊരു പ്രതിവിധി. അടച്ചിടല്‍ കൊണ്ട് ഏറെ കാലം നമുക്ക് ജീവിക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് ലോക് ഡൗണ്‍ ഇളവുകള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്നത്. അത് തന്നെയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടതും. 

ഡങ്കി പനി പടര്‍ത്തിയ വൈറസിനെ നമ്മള്‍ തടഞ്ഞത് മറുമരുന്ന് കണ്ടു പിടിച്ചിട്ടല്ല. ഇന്ത്യയില്‍ ആയിരങ്ങളാണ് ഡങ്കി പനി മൂലം മരണപ്പെട്ടത്. ഇന്നും മറുമരുന്ന് കണ്ട് പിടിക്കുവാനുള്ള ശ്രമം തുടരുകയാണ്. കൊറോണ വൈറസിനെ തുരത്താന്‍ ലോകം മുഴുവന്‍ ഗവേഷണം നടക്കുന്നുണ്ട്. അതിന്‍റെ ഫലവും കാത്തിരിക്കുന്നത് അപകടമാണ്. കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ ജനങ്ങള്‍ സ്വയം സജ്ജരാകേണ്ടതുണ്ട്.

സാമൂഹ്യ അകലം പാലിക്കുകയും, ശുചിത്ത്വം ശ്രദ്ധിച്ചും, മിസ്ക്കുകള്‍ ഉപയോഗിക്കല്‍, അനാവശ്യ യാത്രകള്‍, കൂട്ടായമകള്‍ തുടങ്ങിയവ ഒഴിവാക്കിയും മറ്റും നമ്മുടെ ശീലങ്ങളില്‍ അടിയന്തിരമായി മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ശീലങ്ങള്‍ക്ക് മാറ്റം വരുത്തിയില്ലെങ്കില്‍ വലിയ അപകടമാണ് മുന്നിലുള്ളതെന്ന സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. ശീലങ്ങള്‍ മാറ്റി നമുക്ക് തീര്‍ച്ചയായും കോവിഡിനെ പ്രതിരോധിക്കാന്‍ നമുക്ക് സാധിക്കും. സര്‍ക്കാരുകള്‍ അതിന് കര്‍ശനമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. അത് മനസിലാക്കി നമുക്ക് നല്ലൊരു നാളെയെ സ്യഷ്ടിക്കാം.