വര വരി വിഎസ്സിന് അവതാരിക

വര വരി വിഎസ്സിന് അവതാരിക
സുധീർ നാഥ്

വര വരി വിഎസ്സ് എന്ന പുസ്തകം ഡിസി ബുക്സിന് വേണ്ടി തയ്യാറാക്കി. ഒട്ടേറെ പ്രമുഖരുടെ രസകരമായ കുറിപ്പുകൾ. വി എസ്സ് മുഖ്യ കഥാപാത്രങ്ങളായ കാർട്ടൂണുകൾ. അക്കാലത്ത് വി എസ് വിഭാഗം, പിണറായി വിഭാഗം എന്ന് വ്യാപക ചർച്ച നടക്കുന്ന കാലം. സി പി എമ്മിലെ വിഭാഗിയതയാണ് മാധ്യമങ്ങളിലെ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു.

പുസ്തകത്തിന് നല്ലൊരു അവതാരിക വേണം. അന്ന് പാർട്ടി സെക്രട്ടറിയായ പിണറായി വിജയനാണ് അതിന് യോജിച്ച വ്യക്തി. ഇങ്ങനെ ഒരു അഭിപ്രായം വന്നപ്പോൾ നടക്കില്ല എന്ന് പലരും പറഞ്ഞു. പ്രമുഖ പാർട്ടി നേതാക്കൾ അടക്കം പിൻമാറി. നേരിൽ പോയി ചോദിച്ചാൽ കിട്ടും. എനിക്ക് ധൈര്യം തന്നത് സ്ക്കൂൾ കാലം മുതൽ അടുപ്പമുള്ള സഖാവ് പി രാജീവ്.

കേരള ഹൗസിൽ പോളിറ്റ് ബ്യൂറോ മീറ്റിങ്ങിന് ഒരു ദിവസം മുൻപേ പിണറായി എത്തിയതായി വാർത്ത വന്നു. വിഭാഗിയതയിൽ തൻ്റെ ഭാഗം നേതാക്കളെ ബോധ്യപ്പെടുത്താനാണെന്ന് വാർത്ത വന്നുകൊണ്ടിരിക്കുന്നു. എന്തുമാകട്ടെ. നേരിൽ കാണുക തന്നെ. കിട്ടിയാൽ കിട്ടി. ഞാൻ കേരള ഹൗസിൽ വിളിച്ച് പിണറായി വിജയൻ താമസിക്കുന്ന 101 റൂമിൽ കണക്റ്റ് ചെയ്യാൻ പറഞ്ഞു. " ഞാൻ കാർട്ടൂണിസ്റ്റ് സുധീർ നാഥ്. നേരിൽ കാണാൻ താത്പര്യമുണ്ട്. എപ്പോൾ സാധിക്കും സഖാവെ " വൈകീട്ട് 7 മണിക്ക് കേരള ഹൗസിൽ കാണാം എന്ന മറുപടി കിട്ടി.

ഞാൻ സമയത്തിന് മുന്നേ എത്തി. കൃത്യ സമയത്തിന് മുറിയിലേയ്ക്ക് കയറി. ആദ്യം കുറേ നേരം വ്യക്തിപരമായി സംസാരിച്ചു. പുതുതായി ചെയ്യുന്ന പുസ്തകം വര വരി വി എസ്സ് എന്നതാണെന്ന് അറിയിച്ചു. "പുസ്തകത്തിന് ഒരു അവതാരിക വേണം. സഖാവിന് എഴുതാൻ സാധിക്കുമോ..?" ഭയത്തോടെയാണ് അഭ്യർത്ഥിച്ചത്. "അതിനെന്താ... ഇപ്പോൾ പോളിറ്റ് ബ്യൂറോ മീറ്റിങ്ങിൻ്റെ തിരക്കാണ്. എന്നാ കേരളത്തിൽ ഉണ്ടാകുക. "  ജൂലൈ 31 ന് കാർട്ടൂണിസ്റ്റ് ശങ്കറിൻ്റെ 111 ജൻമദിനാഘോഷത്തിന് തിരുവനന്തപുരത്തുണ്ട് എന്ന് അറിയിച്ചു. അന്ന്  ഉച്ചയ്ക്ക് 12.30ന് കാണാം.

ജൂലൈ 31 ന് എ കെ ജി ഭവനിലെത്തി. സഖാവ് പിണറായി വിജയനെ കണ്ടു. കാർട്ടൂണുകളെ കുറിച്ച് സംസാരിച്ചു. പുസ്തകത്തെ കുറിച്ച് വിവരിച്ചു. ഒരാഴ്ച സമയം. തിയതിയും പറഞ്ഞു. പറഞ്ഞ തിയതി രാവിലെ തന്നെ ഫോൺ എത്തി. അവതാരിക റെഡി. വര വരി വി എസ്സ് എന്ന പുസ്തകത്തിൻ്റെ അവതാരിക അങ്ങിനെ പിണറായി വിജയൻ്റെ തൂലികയിൽ പുറത്തിറങ്ങി.