ലോക് ഡൗണ്‍ ഇന്ത്യ

2020 ഏപ്രില്‍ 24
ലോക് ഡൗണ്‍ ഇന്ത്യ
സുധീര്‍ നാഥ്

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു മാസം പിന്നിട്ടിരിക്കുന്നു. പക്ഷെ ഇന്ത്യ ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല. നമ്മള്‍ സുരക്ഷിതരാണെന്ന ചിന്ത പലര്‍ക്കും ഉണ്ട് എന്നതാണ് ഴറ്റവും അപകടകരം. കൊറോണ വൈറസിന്‍റെ വ്യാപനം നിയന്ത്രിക്കാന്‍ ലോക്ക് ഡൗണ്‍ കൊണ്ട് നമുക്ക് സാധിച്ചു എന്ന് പറയുന്നതില്‍ തെറ്റില്ല. കേന്ദ്ര സര്‍ക്കാരും, ആരോഗ്യ പ്രവര്‍ത്തകരും പറയുന്നത് അതാണ്. രാജ്യത്ത് കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വിലയിരുത്തിയിതില്‍ ആശ്വാസകരമായ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത് നമ്മുടെ കേരളത്തില്‍ നിന്നും ഗോവയില്‍ നിന്നുമാണ്. കൊറോണ വൈറസിന്‍റെ സാമൂഹ്യ വ്യാപനം ഇന്ത്യയില്‍ ഉണ്ടായില്ല എന്ന് തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും അവകാശപ്പെടുന്നത്.

എന്ന് ഈ ലോക്ക് ഡൗണ്‍ അവസാനിക്കും എന്ന് ചോദിക്കുന്നവര്‍ ഏറെയാണ് നമ്മുടെ രാജ്യത്ത്. ഒരിക്കല്‍ പോലും അടച്ചിടാത്ത രാജ്യത്തെ ആരാധനാലയങ്ങള്‍ അടച്ചിട്ടിരിക്കുന്നു. യാത്രാ തീവണ്ടികള്‍ ഓടുന്നില്ല. വിമാനം പറന്നുയരുന്നില്ല. റോഡുകള്‍ വിജനമാണ്. എന്നിട്ടും രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നില്ല. ഇത് ഒരു ഭീഷണിയാണ്. രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ അടച്ചിട്ടിട്ടും സ്ഥിതി പൂര്‍ണ്ണമായി നിയന്ത്രണത്തിലായോ എന്ന് ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്.

മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് വ്യാപനം ഉണ്ടായിരിക്കുന്നത്. ഏതാണ്ട് 6500 കോവിഡ് രോഗികളാണ് അവിടെ മാത്രം ഉള്ളത്. മരണസംഖ്യ മുന്നൂറിനോട് അടുക്കുന്നു. അവിടെ നൂറിലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വ്യാപകമായി കോവിഡ് പോസിറ്റീവ് ഫലം വന്നിരിക്കുന്നു. ഇത് അപകടകരമായ സൂചനയാണ്. ഗുജറാത്താണ് തൊട്ടുപിന്നില്‍. മൂന്നാം സ്ഥാനത്താണ് രാജ്യ തലസ്ഥാനമായ ഡല്‍ഹി ഉള്ളത്. 2400 കോവിഡ് രോഗികള്‍ ഡല്‍ഹിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അന്‍പതോളം മരണവും ഉണ്ടായി.

സ്ഥിതി ഇപ്രകാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ വീണ്ടും ഒരു മാസത്തിലേറെ നീണ്ടുപോകുവാനാണ് സാധ്യത.  വളരെ കര്‍ക്കശ നിലപാടുകളുമായി ആദ്യം തന്നെ നടപടി എടുത്ത കേരളത്തിലെ സ്ഥിതി ഇപ്പോഴും അപകടനില തരണം ചെയ്താട്ടില്ല. മുഖ്യമന്ത്രി ഏപ്രില്‍ 24ന് പറഞ്ഞത് 3 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് പോസിറ്റീവായി എന്നാണ്. 15 പേര്‍ രോഗമുക്തി നേടി എന്നതാണ് മലയാളികള്‍ക്ക് ആശ്വാസം. സംസ്ഥാനത്ത് ഒരു രോഗി പോലും ഉണ്ടാകാത്ത ഒരാഴ്ച്ച ഉണ്ടായാല്‍ മാത്രമേ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളോടെ പിന്‍വലിക്കാവൂ എന്നാണ് ആരോഗ്യ രംഗത്തെ ഗവേഷകര്‍ പറയുന്നത്. സര്‍ക്കാരിനെ കൊണ്ട് ലോക്ക് ഡൗണ്‍ പിന്‍വലിപ്പിച്ച് സ്വയം ആത്മഹത്യാപരമായ നടപടി സ്വീകരിക്കണോ എന്ന് സ്വയം തീരുമാനിക്കണം.

മെയ് മാസം പകുതിയോടെ മാത്രമേ കേരളം ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇളവുകള്‍ നല്‍കാന്‍ പാടുള്ളൂ. തുടര്‍ന്ന് കരുതലോടെയുള്ള ജീവിത രീതി സ്വീകരിക്കുകയും വേണം. ഡല്‍ഹിയിലും, മുംബയിലും ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കാന്‍ മെയ് അവസാനം വരെ കാത്തിരിക്കുന്നതാണ് സുരക്ഷിതമെന്ന് പറയുന്നു. ചിലപ്പോള്‍ അത് നീണ്ടുപോകാനും സാധ്യതകളുണ്ട്. യാത്രാ തീവണ്ടിയും, വിമാനവും രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഇനിയും രണ്ട് മാസം കാത്തിരിക്കണം.

കോവിഡ് നെഗറ്റീവ് ആയ ചൈനയിലെ ചില രോഗികള്‍ക്ക് രണ്ട് മാസത്തിന് ശേഷം വീണ്ടും രോഗം വന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് വിരല്‍ ചൂണ്ടുന്നത് കൊറോണ വൈറസിനെ പൂര്‍ണ്ണമായ ഉന്‍മൂലനം നെഗറ്റീവ് ഫലം ഉള്ള രോഗികളില്‍ ഇല്ലെന്നാണ്. കോവിഡിനെതിരെയുള്ള വാക്സിനോ, മരുന്നോ കണ്ടെത്താതെ ഈ അപകട സൂചിക സമൂഹത്തെ മുള്‍മുനയില്‍ തന്നെ നിര്‍ത്തും. ആഗസ്റ്റ് സെപ്തംബര്‍ മാസത്തോടെ എല്ലാത്തിനും പരിഹാരമാകുമെന്നാണ് ലോകാരോഗ്യ സംഘടന തന്നെ വിലയിരുത്തുന്നത്.

2020 കലണ്ടറില്‍ നിന്ന് മാര്‍ച്ച് മാസം 24 മുതലുള്ള തിയതികള്‍ ലോക്ക് ഡൗണിന്‍റെ കാലമായിരുന്നു. ഈ ലോക്ഡൗണ്‍ ദിവസങ്ങള്‍ രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയത്. വ്യക്തികളും ഏറെ സഹിക്കേണ്ടി വന്നിട്ടുണ്ട്. ഇത് സഹിച്ച് വീണ്ടും കുറച്ച് ദിവസങ്ങള്‍ കൂടി മുന്നോട്ട് പോയില്ലെങ്കില്‍  വലിയ വില കൊടുക്കേണ്ടി വരും. നമ്മുടെ നാടിനെ പഴയ പ്രതാപത്തിലേയ്ക്ക് കൊണ്ടുവരാന്‍ നമുക്ക് സാധിക്കാന്‍ . ഇന്ത്യ മാനസികമായി അതിന് തയ്യാറെടുത്തു കഴിഞ്ഞു എന്നു വേണം കരുതാന്‍. പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും അതിന്‍റെ സൂചനകള്‍ നല്‍കി കഴിഞ്ഞു. മുഖ്യമന്ത്രിയും അത് കേരളത്തിലെ ജനങ്ങളോട് പറഞ്ഞു കഴിഞ്ഞു.

ലോകത്തിലെ ഒട്ടുമിക്ക രാജ്യവും ലോക്ക് ഡൗണിലാണ്. ലോക്ക് ഡൗണ്‍ പിന്‍വലിച്ച രാജ്യങ്ങള്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതും നാം കണ്ടു. ജനങ്ങളുടെ സമ്മര്‍ദ്ദം മൂലം ലോക്ക് ഡൗണില്‍ ഇളവ് നല്‍കുകയോ, പിന്‍വലിക്കുകയോ ചെയ്താല്‍ ലോക്ക് ഡൗണ്‍ വീണ്ടും ആരംഭിക്കേണ്ട സാഹചര്യമുണ്ടാകും. അതുമൂലം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേയ്ക്ക് പോകേണ്ടി വരുമെന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ ഒരു മുന്നറിയിപ്പായി പറയുന്നുണ്ട്.

കോവിഡ് കാലത്തിന് ശേഷം ലോക ജനതയ്ക്ക് വലിയ സാംസ്കാരിക മാറ്റമുണ്ടാകുമെന്നാണ് മാനസിക ആരോഗ്യ ഗവേഷണ രംഗത്തുള്ളവര്‍ പറയുന്നത്. ഇന്ത്യയിലും ഇതിന്‍റെ പ്രതിഫലനമുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. ഇത് മൂലം ജനങ്ങളില്‍ ആര്‍ഭാടം കുറയും. ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികള്‍ കുറയും. തീയറ്ററുകളും, മെഗാ ഷോകളും, ടൂറിസം രംഗവും സജീവമാകാന്‍ മാസങ്ങള്‍ എടുക്കും. ലോക്ക് ഡൗണ്‍ ലക്ഷക്കണക്കിന് തൊഴിലിനാണ് പൂട്ടിട്ടത്. ഇത് തുറക്കുവാന്‍ വര്‍ഷങ്ങള്‍ എടുക്കും എന്നതാണ് യാഥാര്‍ത്ഥ്യം.