കോവിഡ് കാലവും കാര്‍ട്ടൂണുകളും

കോവിഡ് കാലവും കാര്‍ട്ടൂണുകളും
സുധീര്‍ നാഥ്

കാര്‍ട്ടൂണ്‍ എപ്പോഴും ഒരു വിമര്‍ശന കലയാണ്. വിശേഷിച്ച് രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റുകളുടെ കാര്‍ട്ടൂണുകള്‍. പക്ഷെ സാമൂഹ്യ കാര്‍ട്ടൂണുകളില്‍ കൂടുതലായി തമാശകളാണ് കണ്ടു വരുന്നത്. സാമൂഹ്യ കാര്‍ട്ടൂണുകളിലും വിമര്‍ശനം ഇല്ലാതില്ല. ലോകത്തെ എല്ലാ കാര്‍ട്ടൂണിസ്റ്റുകളും ഒരു വിഷയത്തില്‍ വരയ്ക്കുക എന്ന അപൂര്‍വ്വതയാണ് ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്. കാര്‍ട്ടൂണിസ്റ്റുകള്‍ കോവിഡ് കഥാപാത്രമാക്കിയുള്ള ആയിരകണക്കിന് കാര്‍ട്ടൂണുകള്‍ വരച്ച് കഴിഞ്ഞിരിക്കുന്നു. വരച്ചിരിക്കുന്നവര്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഉള്ളവരാണെങ്കിലും ആശയങ്ങള്‍ തമ്മില്‍ വലിയ സാമ്യം കാണുന്നുണ്ട്.

രണ്ടാം ലോക മഹായുദ്ധത്തിന്‍റെ സമയം ലോകത്തിലെ പല കാര്‍ട്ടൂണിസ്റ്റുകളും യുദ്ധം വിഷയമാക്കി കാര്‍ട്ടൂണുകള്‍ വരച്ചിരുന്നു. അവര്‍ വരച്ച കാര്‍ട്ടൂണുകളില്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തെയും മറ്റ് പ്രധാന ലോക രാഷ്ട്രങ്ങളിലെ നേതാക്കളേയും കഥാപാത്രങ്ങളാക്കിയിട്ടുണ്ടാകും. എന്നാല്‍ ഇപ്പോള്‍ കോവിഡ് കാലത്ത് കാര്‍ട്ടൂണിസ്റ്റുകളുടെ എണ്ണം പതിന്‍മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു. കോവിഡ് വൈറസിന്‍റെ രൂപം ലോകത്തിന്‍റെ എല്ലാഭാഗത്തും വരയ്ക്കപ്പെട്ടത് ഒരു പോലെ തന്നെയാണ്. അല്‍പം വരയ്ക്കാന്‍ കഴിയുന്നവര്‍ പോലും ശക്തമായ കാര്‍ട്ടൂണുകള്‍ ഈ കോവിഡ് കാലത്ത് വരച്ചു. നന്നായി വരയ്ക്കുന്ന ചില കാര്‍ട്ടൂണിസ്റ്റുകള്‍ വളരെ മോശം കാര്‍ട്ടൂണുകളും വരച്ചു.

ലോകത്താകമാനം വരയ്ക്കപ്പെട്ട കോവിഡ് കാര്‍ട്ടൂണുകള്‍ പലതും ബോധവത്ക്കരണം ലക്ഷ്യം വെച്ചുള്ളതായിരുന്നു. സാമൂഹ്യ അകലം പാലിക്കണമെന്നും, ശുദ്ധിയായി കൈകള്‍ സൂക്ഷിക്കാന്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകണമെന്നും, മാസ്കുകള്‍ ധരിക്കണമെന്നും, തുടങ്ങി എത്രയോ ഉപദേശങ്ങള്‍ കാര്‍ട്ടൂണിലൂടെ അവതരിക്കപ്പെട്ടു. സര്‍ക്കാരും, ആരോഗ്യ പ്രവര്‍ത്തകരും പറയുന്നത് അനുസരിക്കണമെന്നും, ലോക്ക് ഡൗണും, കര്‍ഫ്യൂകളും മറ്റും ജനനന്‍മയ്ക്കായി നടപ്പിലാക്കുന്നതാണെന്നും ചില കാര്‍ട്ടൂണുകള്‍ ഓര്‍മ്മിപ്പിക്കുന്നു.

എന്നാല്‍ ചില കാര്‍ട്ടൂണുകളില്‍ പരസ്പരം പഴി ചാരുന്ന ലോക നേതാക്കളെ കാണാം. കോവിഡിന്‍റെ പിത്യത്വത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള കാര്‍ട്ടൂണുകളും വരയ്ക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ കാര്‍ട്ടൂണുകളില്‍ പരസ്പരം പഴിചാരുന്ന രാഷ്ട്രീയ നേതാക്കളെ കാണുന്നു. കേന്ദ്ര സര്‍ക്കാരിനെ ചില കാര്‍ട്ടൂണിസ്റ്റുകള്‍ വിമര്‍ശിക്കുന്നു. സംസ്ഥാന സര്‍ക്കാരിനെ ചിലര്‍ വിമര്‍ശിക്കുന്നു. കോവിഡ് കാര്‍ട്ടൂണുകളില്‍ മതവും ജാതിയും ഉള്‍പ്പെടുത്തി വരച്ചവരുമുണ്ട്. എന്നാല്‍ കോവിഡ് വൈറസിന് മതവും, ജാതിയും രാഷ്ട്രീയവും ഒന്നും ഇല്ലെന്നത് സത്യം. കോവിഡ് വൈറസിന് ജാതിയും മതവുമില്ലെന്ന സന്ദേശം വിഷയമാക്കി ലോകത്തിന്‍റെ എല്ലാ രാഷ്ട്രങ്ങളിലേയും കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ച കാര്‍ട്ടൂണുകള്‍ കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്നു.

ഒട്ടേറെ ട്രോളുകള്‍ കോവിഡ് വിഷയമാക്കി വന്നിട്ടുണ്ട്. ഇതിലെ പല തമാശകളും പിന്നീട് കാര്‍ട്ടൂണിലും ചിലര്‍ വിഷയമാക്കി. കോവിഡ് നല്ല വിഷയമാണെന്ന് കണ്ട് വാര്‍ത്തകള്‍ക്കായി വേറൊരു കൂട്ടര്‍ പേപ്പറും പേനയും എടുത്തിട്ടുണ്ട്. സമൂഹത്തിന് നല്ല സന്ദേശം എത്തിക്കുന്ന കാര്‍ട്ടൂണുകള്‍ ഉണ്ടാകുന്നതിന്‍റെ കൂടെ വിദ്വേഷ കാര്‍ട്ടൂണുകളും ഉണ്ടായിട്ടുണ്ട് എന്നത് സൂചിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

കേന്ദ്ര ആരോഗ്യ സഹമന്ത്രി പറയുന്നത് രാവിലെ 11 മണിമുതലുള്ള വെയില്‍ കൊണ്ടാല്‍ കൊറോണ വയറസ് പമ്പ കടക്കും എന്നാണ്. ചില നേതാക്കള്‍ കൊറോണ വയറസിനെ ഓടിക്കാന്‍ ഗോ ഗോ കൊറോണ, കൊറോണ ഗോ ഗോ... എന്ന് മുദ്രാവാക്യം വിളിച്ച് നടക്കുന്നുണ്ട്. ഹിന്ദു മഹാ സഭ പറയുന്നത് ഗോമൂത്രം കൊറോണ വൈറസിനെ അകറ്റാന്‍ കഴിവുള്ള ഒന്നാണ് എന്നാണ്. ഡല്‍ഹിയില്‍ ഹിന്ദു മഹാസഭാ നേതാവ് ചക്രപാണി മഹാരാജ് ഗോമൂത്ര പാര്‍ട്ടി തന്നെ നടത്തി. ഗോമൂത്ര പാര്‍ട്ടിയില്‍ കേരളത്തില്‍ നിന്നുള്ള ഒരു സ്വാമിയും എത്തിയിരുന്നു എന്നതാണ് കഷ്ടം. കേരളത്തിന് പ്രളയ സമയത്ത് സഹായം ചെയ്യരുതെന്ന് പറഞ്ഞ വ്യക്തിയാണ് ചക്രപാണി. കേരളീയര്‍ ബീഫ് കഴിക്കുന്നത് കൊണ്ടാണ് പ്രളയം ഉണ്ടായത് എന്നാണ് ചക്രപാണി പറയുന്നത്. മറ്റൊരു കൂട്ടര്‍ കൊറോണയെ മന്ത്രം ചൊല്ലി മുളയില്‍ ആവാഹിച്ച് അഗ്നിക്കിരയാക്കി അതിന്‍റെ ചാരം നദിയില്‍ നിമഞ്ജനം ചെയ്തു. മറ്റു ചിലര്‍ കൊറോണയെ തുരത്താന്‍ ഹോമങ്ങള്‍ നടത്തി. ഇതൊക്കെ രസകരമായി കാര്‍ട്ടൂണുകളാക്കി കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ചിട്ടുണ്ട്.

നിസാമുദ്ദീനില്‍ കര്‍ഫ്യൂ നില നില്‍ക്കെ നടന്ന കൂട്ടായ്മയും, അതില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് പടര്‍ന്നതുമായ സംഭവം വ്യാപകമായി കാര്‍ട്ടൂണിന് വിഷയമായി. മധ്യപ്രദേശില്‍ സര്‍ക്കാര്‍ വീണതും, പുതിയ സര്‍ക്കാര്‍ അധികാരമേറ്റതും കോവിഡ് വയറസിന്‍റെ ഭീതി നിലനില്‍ക്കെ തന്നെയാണ് നടന്നത്. പാര്‍ലമെന്‍റ് സമ്മേളനം തുടര്‍ന്നതും, അയോധ്യയില്‍ നവരാത്രിക്ക് മുന്‍പ് ശ്രീരാമ ക്ഷേത്ര വിഗ്രഹ പ്രതിഷ്ഠ നടത്തിയതും കോവിഡിന്‍റെ തീവ്രത രാജ്യത്ത് കൂടിയ അവസരത്തില്‍ തന്നെയായിരുന്നു. ഇതൊക്കെ ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ കാര്‍ട്ടൂണില്‍ വിഷയമാക്കുകയുണ്ടായി എന്നത് സ്വാഭാവികം മാത്രം.

കൊറോണ വയറസ് ലോകത്താകമാനം പടര്‍ന്നപ്പോള്‍, ജനങ്ങളുടെ സുരക്ഷയ്ക്കായി ഇറങ്ങിയ ആരോഗ്യ പ്രവര്‍ത്തകരേയും, സുരക്ഷാ പ്രവര്‍ത്തകരേയും അഭിനന്ദിക്കാന്‍ പല രാജ്യങ്ങളും ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി 130 കോടി ജനങ്ങളോട് വീടിന്‍റെ വാതില്‍ തുറന്നോ, വരാന്തയില്‍ നിന്നോ കൈകള്‍ കൊട്ടിയും, പാത്രത്തില്‍ അടിച്ചും ശബ്ദമുണ്ടാക്കി ആരോഗ്യ, സുരക്ഷാ ജീവനക്കാരെ അഭിനന്ദിക്കാന്‍ ആഹ്വാനം ചെയ്തു. പക്ഷെ ചിലയിടങ്ങളില്‍ അത് പ്രമുഖ നേതാക്കളുടേയും, ഗവര്‍ണര്‍മാരുടേയും നേത്യത്വത്തില്‍ ആഘോഷമാക്കി മാറ്റി. ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ഇത് വിഷയമാക്കി രൂക്ഷമായ വിമര്‍ശനങ്ങള്‍ കാര്‍ട്ടൂണിലൂടെ പ്രകടിപ്പിച്ചു.

ഇന്ത്യ പൂര്‍ണ്ണമായി ലോക്ഡൗണിലേയ്ക്ക് പോയപ്പോള്‍ വീടിനുള്ളില്‍ തടവിലടയ്ക്കപ്പെട്ട ഭാര്യ ഭര്‍ത്താക്കന്‍മാരുടേയും, കുട്ടികളുടേയും കുസ്യതികളും, തമാശകളും കാര്‍ട്ടൂണിലാക്കിയ ഒട്ടേറെ കാര്‍ട്ടൂണിസ്റ്റുകള്‍ ലോകം മുഴുവനും ഉണ്ടായി. സാമൂഹ്യ അകലം പാലിക്കണമെന്ന കാര്യം വിശദീകരിക്കാന്‍ വിളിച്ചു കൂട്ടിയ പൊതുയോഗവും കാര്‍ട്ടൂണിന് വിഷയമായി. ഈ വിഷയം തന്നെ എത്രയോ വ്യത്യസ്ഥ രീതികളിലാണ് കാര്‍ട്ടൂണിസ്റ്റുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. വര്‍ക്ക് അറ്റ് ഹോം എന്നത് വിഷയമാക്കി ഇതുപോലെ എത്രയോ കാര്‍ട്ടൂണുകള്‍ വന്നിരിക്കുന്നു. യഥാര്‍ത്ഥ ആരാധനാലയങ്ങള്‍ ആശുപത്രികളാണെന്നും, ഡോക്ടര്‍മാരും, നേഴ്സിങ്ങ് സമൂഹവും ദൈവത്തിന്‍റെ സന്ദേശകരാണെന്നും ലോകം തിരിച്ചറിഞ്ഞതായി എത്രയോ കാര്‍ട്ടൂണുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ദിവസ കൂലിക്ക് ജോലി ചെയ്യുന്ന പാവങ്ങള്‍ സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് പാലായനം ചെയ്യുന്ന കാഴ്ച്ച നമ്മള്‍ കണ്ടു. ഇതും കോവിഡ് കാലത്ത് കാര്‍ട്ടൂണിന് വിഷയമായി. അവരുടെ നിസഹായാവസ്ഥയായിരുന്നു കാര്‍ട്ടൂണുകളില്‍. പ്രധാനമന്ത്രി ദീപം തെളിയിക്കാന്‍ പറഞ്ഞതും, മുഖ്യമന്ത്രിയുടെ പത്രസമ്മേളനവും, പ്രതിപക്ഷത്തിന്‍റെ വിമര്‍ശനവും കാര്‍ട്ടൂണിന് വിഷയമായി.

2020 ജനുവരി മുതല്‍ കോവിഡ് കാര്‍ട്ടൂണുകള്‍ ലോക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു. ഇന്ത്യയില്‍ കോവിഡ് കാര്‍ട്ടൂണുകള്‍ വരയ്ക്കപെടാന്‍ തുടങ്ങിയത് ഫെബ്രുവരി മാസം പകുതിയോടെ മാത്രമാണ്. ഫെബ്രുവരി 21 മുതല്‍ 24 വരെ കണ്ണൂര്‍ ഇന്‍റര്‍ നാഷ്ണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിന്‍റെ ഭാഗമായി കേരള കാര്‍ട്ടൂണ്‍ അക്കാദമി ഒരുക്കിയ വൈറസ് ബോധവത്ക്കരണ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തില്‍ പതിനഞ്ചോളം കാര്‍ട്ടൂണുകള്‍ മാത്രമേ കോവിഡ് വിഷയമായി വരയ്ക്കപ്പെട്ടുള്ളൂ. അന്ന് കോവിഡ് വ്യാപകമായി ചര്‍ച്ച ചെയ്യാതിരുന്നതാണ് അതിന് കാരണമായി കേരള കാര്‍ട്ടൂണ്‍ അക്കാദമി ചൂണ്ടി കാണിക്കുന്ന കാരണം.

മാര്‍ച്ച് മാസം ആയതോടെ കോവിഡ് ഇന്ത്യന്‍ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയമായി. അതോടെ ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ കോവിഡ് കാര്‍ട്ടൂണുകള്‍ വ്യാപകമായി വരച്ചു. രാജ്യത്തെ എല്ലാ മാധ്യമങ്ങളിലും കോവിഡ് കാര്‍ട്ടൂണുകള്‍ ഇടം നേടി. പല പൊതു പരിപാടികളും മാര്‍ച്ച് ആദ്യ വാരം മുതല്‍ ഉപേക്ഷിക്കപ്പെട്ടു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ ആയിരകണക്കിന് കോവിഡ് കാര്‍ട്ടൂണുകളുടെ ഓണ്‍ ലൈന്‍ പ്രദര്‍ശനം നടക്കുന്നത് ഏറെ ശ്രദ്ധ പിടിച്ച് പറ്റി.

കോവിഡ് കാലത്ത് വരയ്ക്കപ്പെട്ട കാര്‍ട്ടൂണുകളെ നമുക്ക് മൂന്നായി തരം തിരിക്കാം. ഇത് കേരളത്തിന്‍റെ മാത്രം സ്ഥിതിയല്ല. ലോക കാര്‍ട്ടൂണ്‍ രംഗത്തെ അവസ്ഥയാണ്. കൊറോണ വൈറസ് ബോധവത്ക്കരണ കാര്‍ട്ടൂണ്‍. ഈ വിഭാഗത്തില്‍ വരയ്ക്കപ്പെട്ടത് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്ന കാര്‍ട്ടൂണുകളാണ്
. രണ്ടാമത് പ്രീതിപ്പെടുത്തുന്ന കാര്‍ട്ടൂണുകള്‍. നേതാക്കളെ സൂപ്പര്‍ ഹീറോകളാക്കി വരയ്ക്കുന്ന കാര്‍ട്ടൂണുകളാണ് അത്. എല്ലാ രാഷ്ട്ര നേതാക്കളും ഇത്തരത്തില്‍ സൂപ്പര്‍ ഹീറോകളായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. പൊതു സമൂഹത്തിന് ഇത് കൊണ്ട് ഒരു നേട്ടവുമില്ല. മൂന്നാമത്തേത്. വിദ്വേഷ കാര്‍ട്ടൂണുകളാണ്. സമൂഹത്തില്‍ വിഭാഗിയത ഉണ്ടാക്കുക എന്ന ലക്ഷ്യം മാത്രമേ ഇത്തരം കാര്‍ട്ടൂണുകള്‍ക്ക് സാധിക്കൂ.