കൊറോണ, യുദ്ധം, വിലക്കയറ്റം

2020 ജൂണ്‍ 19
കൊറോണ, യുദ്ധം, വിലക്കയറ്റം
സുധീര്‍നാഥ്

രാജ്യം ഏറ്റവും വലിയ ഭയപ്പാടിന്‍റെ നിഴലിലാണ്. കൊറോണയുമായുള്ള യുദ്ധം ഒരു ഭാഗത്ത് ശക്തമായി നടക്കുന്നു. രോഗികളുടെ എണ്ണം കുറയുന്നില്ല എന്നു മാത്രമല്ല മരണ സംഖ്യ കൂടുകയും ചെയ്യുന്നു. കോവിഡ് കാലത്ത് നേപ്പാള്‍ ഇന്ത്യയുടെ പ്രദേശം ക്കൈയ്യേറി രാഷ്ട്രീയ ഭൂപടം പ്രഖ്യപിച്ചത് ഒരു സൂചനയായിരുന്നു. ചൈനയുടെ പിന്തുണയോടെ നടത്തിയ നീക്കമായിരുന്നു അത്. തീപ്പൊരി വേണമല്ലോ തീ ഉണ്ടാകാന്‍. പിന്നാലെയാണ് അതിര്‍ത്തിയിലെ ചൈനീസ് പട്ടാളവും, ഇന്ത്യന്‍ പട്ടാളവും തമ്മിലുള്ള സംഘര്‍ഷം ഉണ്ടായത്. അതിനൊപ്പം രാജ്യത്തെ പെട്രോളിയം വില കുതിച്ചുയരുകയാണ്. ദിവസവും ചുരുങ്ങിയത് അന്‍പത് പൈസ വീതമാണ് ഉയരുന്നത്. ഇത് ആവശ്യ സാധനങ്ങളുടെ വലിയ വിലക്കയറ്റത്തിനാണ് കാരണമാകുക.

കൊറോണ വൈറസിനെ പിടിച്ചു നിര്‍ത്തുന്നതില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, ബംഗാള്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ വന്‍ പരാജയമായി. സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല. ജനങ്ങള്‍ക്ക് ജീവിക്കാന്‍ പണം വേണം. ഭക്ഷണം വേണം. ഇതൊക്കെ നല്‍കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകാത്തത് ഒരു കാരണമാണ്. ജനങ്ങള്‍ പണത്തിനായി തൊഴിലിടങ്ങളിലെത്തി തുടങ്ങി. തൊഴില്‍ ദാതാക്കളും പണത്തിനായി തൊഴിലെടുപ്പിച്ചു തുടങ്ങി. ഇവിടെ കൊറോണ വൈറസിന്‍റെ സാമൂഹ്യ വ്യാപനം നടന്ന് കഴിഞ്ഞിരിക്കുന്നു. രാജ്യ തലസ്ഥാനത്ത് ജനങ്ങള്‍ പഴയ പോലെയായി. ആശുപത്രികള്‍ അഭയ കേന്ദ്രമല്ലാതായി.

പ്രശസ്ത മലയാള കവി പ്രൊഫസര്‍ കെ സച്ചിദാനന്ദനും കുടുംബവും അടക്കം ഡല്‍ഹിയില്‍ നിന്ന് ആയിരത്തോളം കുടുംബങ്ങള്‍ കേരളത്തിലേയ്ക്ക് ജീവന്‍ സുരക്ഷ മുന്നില്‍ കണ്ട് എത്തിയിരിക്കുന്നു. സച്ചിദാനന്ദന്‍ പറയുന്നത് കേരളത്തില്‍ ആരോഗ്യ രംഗത്ത് ഒരു കരുതല്‍ ഉണ്ട്, പക്ഷെ ഡല്‍ഹിയില്‍ ജനങ്ങള്‍ നിസഹായരാണ്. തൊട്ടടുത്ത അപ്പാര്‍ട്ട്മെന്‍റില്‍ കൊറോണ വന്നവര്‍ സ്വയം വീടുകളില്‍ മരുന്നുമായി കഴിയുന്നു. ഒരു ആരോഗ്യ പ്രവര്‍ത്തകരും എത്തി പോലും നോക്കിയിട്ടില്ല. കേരളത്തിലെ സ്ഥിതി അതല്ല എന്ന ആശ്വാസമുണ്ട്. യാത്ര ഒരു റിസ്ക്കാണ്, ഡല്‍ഹിയിലെ താമസം അതിലേറെ റിസ്ക്കാണ്. അതിനാല്‍ യാത്രയുടെ റിസ്ക്ക് ഏറ്റെടുക്കാന്‍ തീരുമാനിച്ചു. വിദേശത്തു നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാങ്ങളില്‍ നിന്നും കേരളം അഭയസ്ഥാനമായി കണ്ട് എത്തിയവരുടെ എണ്ണം വളരെ വലുതാണ്.

ചൈനയുടെ നേരെ ലോകം വിരല്‍ ചൂണ്ടി നില്‍ക്കുകയാണ്. കൊറോണ വൈറസിന്‍റെ ഉത്ഭവം ചൈനയില്‍ വുഹാനില്‍ നിന്നാണെന്ന് ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. അവിടെ മാര്‍ക്കറ്റില്‍ നിന്നാണോ, അതോ ലാബില്‍ നിന്നാണോ വൈറസ് രൂപം കൊണ്ടതെന്ന ലോക രാജ്യങ്ങളുടെ ചോദ്യം ഇപ്പോഴും ചോദ്യമായി അവശേഷിക്കുന്നു. ആയുധം ഒഴിവാക്കുന്നതിനുള്ള നയതന്ത്ര സംസാരങ്ങള്‍ തുടങ്ങി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് വിജയിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യങ്ങള്‍ ഒരുക്കം തുടങ്ങിയതായിട്ടും റിപ്പോര്‍ട്ടുണ്ട്. 1975ന് ശേഷം സമാധാനമായിരുന്ന പ്രദേശത്താണ് ഇപ്പോള്‍ പ്രശനം തുടങ്ങിയത്. സായുധസേനയുടെ നീക്കം ഈ പ്രദേശത്ത് വര്‍ദ്ധിപ്പിക്കുന്ന നടപടി തുടങ്ങി കഴിഞ്ഞു.

1959ല്‍ ഇന്ത്യ ദലൈലാമയ്ക്ക് അഭയം കൊടുത്തത് മുതല്‍ ചൈന ഇന്ത്യയെ നോട്ടമിട്ടതാണ്. അക്കാലത്ത് തന്നെ ചൈന ലഡാക്കിന് മേല്‍ അവകാശം ഉന്നയിച്ചിട്ടുണ്ട്. കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീര്‍പ്പ് കല്‍പ്പിച്ച് യുദ്ധം ഒഴിവാക്കാം എന്ന നിലപാടിലായിരുന്നു നെഹ്റു. അതേ തന്ത്രം തന്നെയാണ് മോദിയും ഇപ്പോള്‍ എടുത്തിരിക്കുന്നത്. നെഹ്റു അന്ന് പരാജയപ്പെടുകയുണ്ടായി. നെഹ്റുവിനെ പോലെ തന്നെ സൈനിക താത്പര്യങ്ങളെക്കാള്‍, സാമ്പത്തിക താത്പര്യങ്ങള്‍ക്കാണ് നരേന്ദ്ര മോദിയും പ്രാധാന്യം കാണുന്നത്. അതിര്‍ത്തിയില്‍ നടന്ന സംഭവങ്ങള്‍ രാഷ്ട്രീയപരമായും, സൈനീകപരമായും ശരിയായ രീതിയിലായിരുന്നില്ല എന്ന് വ്യാപകമായി ചര്‍ച്ചയായിട്ടുണ്ട്. നരേന്ദ്ര മോദി തന്ത്രപരമായ നയതന്ത്ര നീക്കങ്ങളിലൂടെ ഇന്ത്യയുടെ അതിര്‍ത്തി 2020 ഏില്രില്‍ ഉണ്ടായിരുന്ന പോലെ നിലനിര്‍ത്താന്‍ ശ്രമിക്കണം.

ഇപ്പോള്‍ സംഘര്‍ഷം നടന്ന ഗല്‍വാന്‍ താഴ്വരയില്‍ നിന്നും എണ്‍പത് കിലോമീറ്റര്‍ ദൂരത്ത്  1962 ജൂലൈ 4ന് സംസംഗ്ലിങ്ങ് പ്രദേശത്ത് ഗൂര്‍ഖ റയ്ഫള്‍സിനെ പീപ്പിള്‍സ് ലിബലേഷന്‍ ആര്‍മി വളയുകയും ഇന്ത്യയെ പരാജയപ്പെടുത്തുകയും ഉണ്ടായി. 2019 ഏപ്രില്‍ മാസം അവസാനം മുതല്‍ ചൈന ഇന്ത്യയുടെ വടക്കന്‍ ലഡാക്കിന്‍റെ അതിര്‍ത്തിയില്‍ കടന്ന് കയറ്റം തുടങ്ങി കഴിഞ്ഞിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യയുടെ നിര്‍മ്മാണ നടപടികള്‍ ചൈന തടഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

1996ലെ അതിര്‍ത്തി മാനേജ്മെന്‍റ് കരാര്‍ അനുസരിച്ച് നിയന്ത്രണ രേഖയ്ക്ക് അടുത്ത് വെച്ചുള്ള സംഘര്‍ഷങ്ങളില്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. അതിര്‍ത്തി ലംഘനമോ മറ്റ് പ്രശ്നങ്ങളോ ഇല്ലാത്ത സമയത്താണ് ഈ കരാര്‍. പക്ഷെ ഇപ്പോള്‍ ചൈനീസ് പട്ടാളം ഇന്ത്യയിലേയ്ക്ക് അതിക്രമിച്ച് കടന്നിരിക്കുന്നു. ഇന്ത്യന്‍ ആര്‍മിയുടെ കമാന്‍റിങ്ങ് ഓഫീസറെ അയാള്‍ക്ക് കീഴെയുള്ള പട്ടാളക്കാര്‍ക്ക് മുന്നിലിട്ട് ചൈനീസ് പട്ടാളം അടിച്ച് കൊല ചെയ്തിരിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ ആയുധങ്ങള്‍ എടുത്ത് തിരികെ ആക്രമിക്കുന്നത് ഒഴിവാക്കിയത് വലിയ വീഴ്ച്ചയായി മുന്‍ സൈനിക മേധാവികള്‍ പരസ്യമായി പറഞ്ഞ് കഴിഞ്ഞു.

രാജ്യത്തെ ജനങ്ങളില്‍ നല്ലൊരു ശതമാനം പാപ്പരായിരിക്കുകയാണ്. ഭൂരിപക്ഷം പേര്‍ക്കും തൊഴില്‍ നഷ്ടവും, വരുമാനത്തില്‍ ഗണ്യമായ കുറവും സംഭവിച്ചിരിക്കയാണ്. ഇങ്ങനെ തെഴിലില്ലാതെ, വരുമാനമില്ലാതെ, പാപ്പരായി പട്ടിണിയിലേയ്ക്ക് പോകുമെന്ന ഭയത്തില്‍ കഴിയുന്ന ജനങ്ങളുടെ മുന്നില്‍ വിലക്കയറ്റം എന്ന മറ്റൊരു സത്ത്വം വന്നു നില്‍ക്കുന്നു. ലോക വിപണിയില്‍ ക്രൂഡോയിലിന് വില കുറയുന്ന സാഹചര്യത്തിലാണ് ഇന്ത്യയില്‍ പെട്രാള്‍ ഡീസല്‍ വില ഉയരുന്നത്.

പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം രാജ്യത്ത് വലിയ വിലക്കയറ്റത്തിന് വഴിവെയ്ക്കും എന്നത് മനസിലാക്കാന്‍ സാമ്പത്തിക ശാസ്ത്രമൊന്നും അറിയണമെന്നില്ല. രാജ്യത്തെ പിടിച്ച് കുലുക്കിയ കൊറോണ വൈറസും, യുദ്ധസന്നാഹവും കാരണം ജനങ്ങള്‍ ഭയത്തിന്‍റെ നിഴലിലാണ്. ഒരു യുദ്ധം ഉണ്ടായാല്‍ സംഭവിക്കുന്ന നാശങ്ങള്‍ എത്രമാത്രമാണെന്ന് മുന്‍കൂട്ടി പറയുവാനും സാധിക്കില്ല. അതിനൊപ്പം രാജ്യത്ത് വ്യാപകമായുണ്ടായ ഭൂമി കുലുക്കം മറ്റൊരു ഭീഷണിയാണ്. ഡല്‍ഹിയും പരിസരവും കഴിഞ്ഞ് ഗുജറാത്തിലും, മുംബൈയിലും ഭൂമി കുലുങ്ങി. കൊറോണയും, യുദ്ധവും, വിലക്കയറ്റവും, ഭൂമികുലുക്കവും കൊണ്ട് അസ്വസ്ഥരാണ് ജനങ്ങള്‍.