ആരോഗ്യ രംഗത്തെ മാലാഖമാര്‍
സുധീര്‍ നാഥ്
ലോകത്തെ ആധുനിക വൈദ്യ ശാസ്ത്രത്തിന് പിന്തുണയുമായി ആധുനിക നേഴ്സിങ്ങ് സംവിധാനം നടപ്പിലാക്കിയ ആദ്യത്തെ നേഴ്സ് എന്ന് വിശേഷിപ്പിക്കുന്നത് ഫ്ളോറന്‍സ് നൈറ്റിങ്കളിനെയാണ്. 2020 മെയ് മാസം 12ാം തിയതി അവരുടെ ഇരുനൂറാം ജന്‍മദിനം ആഘോഷിക്കുകയാണ്. അവരുടെ ജന്‍മദിനമാണ് കാലങ്ങളായി ലോക നേഴ്സസ് ദിനമായി കൊണ്ടാടുന്നത്. ലോക നേഴ്സിങ്ങ് ദിനത്തില്‍ ഓരോ വിഷയത്തില്‍ കേന്ദ്രീകരിക്കുന്ന വിഷയങ്ങളാണ് സമൂഹത്തിന് നേഴ്സിങ്ങ് സമൂഹം കൈമാറുന്നത്. 2018ല്‍ ആരോഗ്യം മനുഷ്യാവകാശമാണ് എന്നതും, 2019ല്‍ എല്ലാവര്‍ക്കും ആരോഗ്യം എന്നതുമായിരുന്നു. 2020 മെയ് 12 നടക്കുന്ന ലോക നേഴ്സസ് ദിനത്തിന് നിശ്ചയിച്ചിരിക്കുന്നത് ലോകത്തിന്‍റെ ആരോഗ്യത്തിന് നേഴ്സിങ്ങ് എന്നാണ്. ഫ്ളോറന്‍സ് നൈറ്റിങ്കളിന്‍റെ 200ാം ജന്‍മദിനം ആഘോഷിക്കപ്പെടുന്ന വേളയിലാണ് നേഴ്സിങ്ങ് സമൂഹത്തിന്‍റെ ആവശ്യകതയെ ലോകം തിരിച്ചറിഞ്ഞ കൊറോണ കാലം വന്നത് എന്നത് ആകസ്മികം തന്നെ.
1853 ഒക്റ്റോബര്‍ മുതല്‍ 1856 ഫെബ്രുവരി വരെ നീണ്ടു നിന്ന ക്രിമീന്‍ യുദ്ധം ചരിത്രത്തിലെ പ്രധാനപ്പെട്ട ഒന്നാണ്. റഷ്യയും എതിര്‍ ഭാഗത്ത് ബ്രിട്ടനും, ഫ്രാന്‍സും മറ്റുമായിരുന്നു ഉണ്ടായിരുന്നത്. ആയിരകണക്കിന് സൈനികരാണ് ഈ യുദ്ധത്തില്‍ മരണപ്പെടുകയും, ഭീകരമായി പരിക്കേല്‍ക്കുകയും ചെയ്തത്. ഫ്ളോറന്‍സ് നൈറ്റിങ്കളിന്‍റെ നേത്യത്വത്തില്‍ 38 നേഴ്സുമാരാണ് അന്ന് ചിട്ടയോടെ ആധുനിക വൈദ്യ ശാസ്ത്രത്തിന്‍റെ ഗുണങ്ങള്‍ ശാസ്ത്രീയമായി രോഗികളിലേയ്ക്ക് ഡോക്ടര്‍മാരോടൊപ്പം നിര്‍വ്വഹിച്ചത്.
ഫ്ളോറന്‍സ് നൈറ്റിങ്കല്‍ രാത്രികാലങ്ങളില്‍ സൈനികരായ രോഗികളെ നോക്കുവാന്‍ ഒരു വിളക്കുമായി സ്ഥിരം വരുമായിരുന്നു. അങ്ങനെ അവര്‍ക്ക് ലേഡി വിത്ത് ദി ലാമ്പ് എന്ന വിളിപ്പേര് തന്നെ വീണു. 1951ല്‍ ഹാല്‍ബര്‍ട്ട് വില്‍കോക്സ് എന്ന ബ്രിട്ടീഷ് സംവിധായകന്‍ ഫ്ളോറന്‍സ് നൈറ്റിങ്കലിന്‍റെ കഥ ലേഡി വിത്ത് ദി ലാമ്പ് എന്ന പേരില്‍ സിനിമയാക്കിയിട്ടുണ്ട്. ഒട്ടേറെ പ്രമുഖ ചിത്രകാരന്‍മാര്‍ അവരുടെ ഭാവനയില്‍ ലേഡി വിത്ത് ദി ലാമ്പ് എന്ന പേരില്‍ കാന്‍വാസില്‍ ചിത്രമാക്കിയിട്ടുണ്ട്.
1960ല്‍ ലണ്ടനിലെ സെന്‍റ് തോമസ് ആശുപത്രിയോട് ചേര്‍ന്ന് ഫ്ളോറന്‍സ് നൈറ്റിങ്കളിന്‍റെ നേത്യത്ത്വത്തില്‍ ആദ്യത്തെ നേഴ്സിങ്ങ് പരിശീലന സ്ഥാപനം തുടങ്ങി. അതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ രോഗികളെ ശുശ്രൂഷിക്കുന്നവര്‍ ഉണ്ടായിരുന്നു. പക്ഷെ ശാസ്ത്രീയമായി രോഗമുക്തിക്ക് ഡോക്ടര്‍മാരെ പോലെ ശുശ്രൂഷ നല്‍കാന്‍ അവര്‍ക്ക് സാധിച്ചില്ല എന്നതാണ് സത്യം. ശാസ്ത്രീയമായ നേഴ്സിങ്ങ് പരിശീലനം, ഡോക്ടര്‍മാരുടെ അഭാവത്തില്‍ രോഗികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുവാന്‍ നേഴ്സിങ്ങ് സമൂഹത്തെ പ്രാപ്തിയുള്ളവരാക്കി. രോഗിയെ ശുശ്രൂഷിക്കുന്നതില്‍ മാത്രമല്ല, പകര്‍ച്ച വ്യാതികള്‍ പടരുന്നത് തടയുന്നതിനും നേഴ്സിന് പരിശീലനം ലഭിക്കുന്നു.
1665ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനി മദ്രാസില്‍ ഫോര്‍ട്ടിന് സമീപമുള്ള വീട്ടിലാണ് സെന്‍റ് ജോര്‍ജ് ഹോസ്പിറ്റല്‍ ആരംഭിക്കുന്നത്. ക്രിസ്ത്യന്‍ മിഷിനറിയുടെ കന്യാസ്ത്രികളായിരുന്നു ഡോക്ടര്‍മാരെ സഹായിക്കാന്‍ ലണ്ടനില്‍ നിന്ന് അവിടെ എത്തിയത്. പ്രസവത്തിന് സഹായിക്കാന്‍ ആയകളെ (മിഡ്വൈഫ്) പരിശീലിപ്പിക്കുക എന്നതിലായിരുന്നു ആദ്യകാലത്ത് ആശുപത്രികള്‍ ശ്രദ്ധിച്ചിരുന്നത്. 1854 മദ്രാസ് സര്‍ക്കാര്‍ ആയമാരെ പരിശീലിപ്പിക്കുന്നതിനായി സ്ക്കൂള്‍ ആരംഭിച്ചു.
1861 ലാണ് ഇന്ത്യയില്‍ ആവശ്യ സൗകര്യങ്ങളോടെ മിലിറ്ററി ഹോസ്പിറ്റലുകള്‍ നിലവില്‍ വന്നത്. ബ്രിട്ടീഷുകാരാണ് ആധുനിക ആശുപത്രികള്‍ അവരുടെ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലേയ്ക്ക് കൊണ്ടു വന്നത്. 1867ല്‍ ഡല്‍ഹിയിലെ സെന്‍റ് സ്റ്റീഫന്‍സ് ഹോസ്പിറ്റലിലാണ് ആദ്യമായി നേഴ്സിങ്ങ് പരിശീലനം തുടങ്ങിയത്. ഫ്ളോറന്‍സ് നൈറ്റിങ്കളിന്‍റെ നേത്യത്ത്വത്തിലാണ് ഇന്ത്യയില്‍ നേഴ്സിങ്ങ് പഠനത്തിന്‍റെ മാര്‍ഗരേഖ ആദ്യമായി ഉണ്ടാക്കുന്നത്.
1871ല്‍ നാല് വിദ്യാര്‍ത്ഥികളുമായി മദ്രാസ് ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ആറ് മാസം നീണ്ടു നില്‍ക്കുന്ന നേഴ്സിങ്ങ് പരിശീലനത്തിന് തുടക്കം കുറിച്ചു. 1888ല്‍ ബ്രിട്ടീഷ് പൗരന്‍മാരെ ശുശ്രൂഷിക്കുന്നതിനായി പരിശീലനം ലഭിച്ച 10 നേഴ്സുമാര്‍ ഇന്ത്യയിലെത്തിയതായി ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു. ഇംഗ്ലണ്ടില്‍ നിന്ന് പരിശീലനം ലഭിച്ച നേഴ്സുമാര്‍ മദ്രാസിലെത്തി തുടര്‍ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേഴ്സിങ്ങ് പരിശീലനം നല്‍കുകയുണ്ടായി. അങ്ങിനെ പരിശീലനം ലഭിച്ച നേഴ്സുമാരുടെ എണ്ണം രാജ്യത്താകമാനം വളര്‍ന്നു.
1960ല്‍ ഡല്‍ഹിയിലെ രാജ്കുമാരി അമ്യത് കൗര്‍ കോളേജ് ഓഫ് നേഴ്സിങ്ങില്‍ ബിരുദാനന്തര നേഴ്സിങ്ങ് പഠനം ആരംഭിച്ചു. 1963ല്‍ തിരുവനന്തപുരത്തെ സ്ക്കൂള്‍ നേഴ്സിങ്ങിലാണ് രണ്ടാമത്തെ ബിരുദാനന്തര നേഴ്സിങ്ങ് പഠനം ആരംഭിക്കുന്നത്. ഇങ്ങനെ നേഴ്സിങ്ങ് രംഗത്ത് ബിരുദ്ധാനന്തര നേഴ്സിങ്ങ് പഠനം പൂര്‍ത്തീകരിച്ചവരാണ് ഓപ്പറേഷന്‍ തീയറ്ററുകളിലും മറ്റ് തീവ്യപരിചരണ വിഭാഗത്തിലും ജോലി ചെയ്യുന്നത്.
1897ല്‍ കല്‍ക്കത്തയില്‍ മെഡിക്കല്‍ പഠന സമയത്ത് ബിപിന്‍ ചന്ദ്ര റോയ് നേഴ്സുമാരെ ആദ്യമായി സംഘടിപ്പിച്ചു. മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട സുഹ്യത്തും, ഡോക്ടറായിരുന്നു ബി സി റോയ്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ അദ്ദേഹം 1948 മുതല്‍ 1962 വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. ഇന്ത്യന്‍ നേഴ്സിങ്ങ് സമൂഹത്തിന്‍റെ ഉന്നമനത്തിനായി ഡോക്ടര്‍ ബി സി റോയ് നല്‍കിയ സേവനം വിലമതിക്കാന്‍ കഴിയാത്തതാണ്. അതുകൊണ്ട് തന്നെ 1961ല്‍ രാജ്യം അദ്ദേഹത്തിന് ഭാരത് രത്നം നല്‍കി ആദരിച്ചിട്ടുണ്ട്. അദ്ദേഹം ജനിച്ചത് 1882 ജൂലൈ 1നും മരണപ്പെട്ടത് 1962 ജൂലൈ 1നുമാണ്. അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്കായാണ് ജൂലൈ 1ന് നാഷണല്‍ ഡോക്ടേസ് ഡേ ആചരിക്കുന്നത്.
1905ല്‍ ബ്രീട്ടീഷ് ഇന്ത്യയില്‍ ക്രിസ്ത്യന്‍ മിഷണറിയുടെ പ്രവര്‍ത്തനം സജീവമാകുകയും, വ്യാപകമായി നേഴ്സിങ്ങ് പരിശീലനങ്ങള്‍ ആരംഭിക്കുകയുമുണ്ടായി. 1908ല്‍ ട്രെയിന്‍റ് നേഴ്സസ് അസോസിയഷന്‍ ഇന്‍ ഇന്ത്യ എന്ന സംഘടന രൂപം കൊണ്ടു. 1926ല്‍ മദ്രാസിലാണ് ആദ്യമായി നേഴ്സിങ്ങ് രജിസ്ട്രേഷന്‍ നിലവില്‍ വന്നത്. 1946ല്‍ മദ്രാസില്‍ തന്നെയാണ് നാല് വര്‍ഷത്തെ നേഴ്സിങ്ങ് ബിരുദ്ധ പഠനത്തിന് തുടക്കമായത്. 1947ല്‍ സ്വാതന്ത്രം ലഭിച്ചതിന് പിന്നാലെ ഇന്ത്യയില്‍ നേഴ്സിങ്ങ് രംഗത്തിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ് വലിയ വികസനം നടപ്പിലാക്കി. 1947 ഡിസംബര്‍ 31ന് തന്നെ ഇന്ത്യന്‍ നേഴ്സിങ്ങ് കൗണ്‍സില്‍ ആക്റ്റ് കൊണ്ടു വന്നു. 1949ല്‍ ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ നേഴ്സിങ്ങ് കൗണ്‍സില്‍ നിലവില്‍ വന്നു.
റോക്ക്ഫില്ലര്‍ ഫൗണ്ടേഷന്‍ എന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായ സംഘടനയാണ് 1931 മുതല്‍ 1939 വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ ഡല്‍ഹി, മദ്രാസ്, ബാംഗ്ളൂര്‍, ലക്ക്നൗ, തിരുവനന്തപുരം, പൂനെ, കല്‍ക്കത്ത എന്നീ പ്രദേശങ്ങളില്‍ ആരോഗ്യ കേന്ദ്രങ്ങള്‍ പണിയുകയും, നേഴ്സിങ്ങ് പരിശീലനത്തിന് സൗകര്യവും ഒരുക്കി. ഇന്ന് നമ്മുടെ ഇന്ത്യയില്‍ ആയിരത്തിലേറെ നേഴ്സിങ്ങ് പരിശീലന സ്ഥാപനങ്ങളുണ്ട്. ലക്ഷകണക്കിന് മലയാളികളായ പുരുഷന്‍മാരും, സ്ത്രീകളും ഇന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും, ലോകത്തിന്‍റെ എല്ലാ രാജ്യങ്ങളിലും അടക്കം നേഴ്സിങ്ങ് രംഗത്ത് പ്രവര്‍ത്തിക്കുന്നു.
