ഓർഡർ ഓർഡർ : സഭാസമ്മേളനം തുടങ്ങുകയാണ്

2020 July 24
ഓർഡർ ഓർഡർ : സഭാസമ്മേളനം തുടങ്ങുകയാണ്
സുധീർ നാഥ്

ഇന്ത്യൻ പാർലമെൻറിൽ സമ്മേളനം നടത്തുവാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസർക്കാർ. നിലവിലുള്ള സാഹചര്യത്തിൽ  സഭാസമ്മേളനത്തിന്റെ നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ നടത്താതെ മുന്നോട്ട് പോവുക സാധ്യമല്ല. രാജ്യസഭയും ലോകസഭയും ഒരേസമയം നടത്തുവാനുള്ള സാഹചര്യം ഇന്നത്തെ പാർലമെൻറ് മന്ദിരത്തിൽ ഇല്ല എന്നുള്ള കാര്യം വ്യക്തമാണ്. സാമൂഹിക അകലം പാലിച്ചുകൊണ്ട് സമ്മേളനം നടത്തുക എന്നത് സങ്കൽപ്പിക്കാൻ സാധിക്കാത്ത ഒന്നാണ്. സെപ്റ്റംബർ മാസം പാർലമെൻറ് സമ്മേളനം നടത്തുവാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ കേന്ദ്ര സർക്കാർ.

സഭാ സമ്മേളനങ്ങൾ ഒഴിവാക്കി കൊണ്ട് ഭരണം മുന്നോട്ടു കൊണ്ടുപോവുക എന്നുള്ളതും അസാധ്യമായ കാര്യമാണ്. ഈയൊരു സാഹചര്യത്തിലാണ് സഭ എങ്ങനെ നടത്തണം എന്നതിനെ കുറിച്ചുള്ള ചർച്ച ഡൽഹിയിൽ ഗൗരവമായി നടക്കുന്നത്.  രാജ്യസഭയും ലോക്സഭയും രണ്ടു സമയങ്ങളിലായി യോഗം ചേരാം എന്ന നിർദ്ദേശം വളരെ ഗൗരവമായി പരിഗണിക്കപ്പെടുന്നുണ്ട്. പാർലമെൻറിലെ സെൻട്രൽ ഹാളിൽ സാമൂഹിക അകലം പാലിച്ച് ലോക്സഭയും രാജ്യസഭയും കൂട്ടുന്നതിനായി സജ്ജീകരിക്കണം എന്ന ഒരു നിർദ്ദേശം മുന്നോട്ട് വയ്ക്കപ്പെട്ടിട്ടുണ്ട്.  രാവിലെ ലോക്സഭയും ഉച്ചയ്ക്കുശേഷം രാജ്യസഭയും കൂടുക എന്നുള്ളതാണ് നിർദ്ദേശം.

ലോക്സഭ വിഘ്യാൻ ഭവനിലും, രാജ്യസഭ പാർലമെൻറിലെ സെൻട്രൽ ഹാളിലും നടത്തുക എന്ന നിർദേശവും പരിഗണനയിലുണ്ട്. 60 വയസ് കഴിഞ്ഞ പാർലമെൻറ് അംഗങ്ങൾക്ക് വെർച്ചൽ സാധ്യതകൾ ഉപയോഗിച്ച് സമ്മേളനത്തിൽ പങ്കെടുപ്പിക്കുക എന്നുള്ള ഒരു നിർദ്ദേശം വന്നിട്ടുണ്ട്.  ഇങ്ങനെ വ്യത്യസ്തങ്ങളായ ഒട്ടേറെ സാധ്യതകൾ കേന്ദ്രസർക്കാർ പരിഗണിക്കുന്നുണ്ട്. 

പാർലമെൻറ് സമ്മേളനം മാത്രമല്ല സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങളും പ്രതിസന്ധിയിൽ തന്നെയാണ്.  ജൂലൈ 10 ന് ഡൽഹിയിൽ  സയൻസ് ആൻഡ് ടെക്നോളജിയുടെ പാർലമെന്ററി കമ്മിറ്റി യോഗത്തിൽ 31 അംഗങ്ങളാണ് പങ്കെടുക്കേണ്ടിയിരുന്നത്. യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ വെറും ആറു പേർ മാത്രം. 

ഇരു സഭകളുടേയും നടപടിക്രമത്തിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്. പാർലമെന്റിന് ഉള്ളിൽ വായ്മൂടിക്കെട്ടി വരിക എന്നുള്ളത് മുൻപ് പ്രതിഷേധത്തിന്റെ ചിഹ്നമായിരുന്നു. സമ്മേളനം നടക്കുന്ന ഹാളിൽ പ്രതിഷേധങ്ങൾ പാടില്ല എന്ന് ഒരു ചട്ടമുണ്ട്. മുൻപ് പ്രതിഷേധത്തിന് ഭാഗമായിരുന്നു വായ്മൂടിക്കെട്ടി സഭയിൽ വരിക എന്നത്. ഇക്കഴിഞ്ഞ പാർലമെൻറ് സമ്മേളനത്തിൽ മാസ്ക് ധരിച്ച് എത്തിയ പി ചിദംബരത്തേയും, നാല് ത്രിണമുൽ കോൺഗ്രസ് എംപിമാരെയും രാജ്യസഭാ അദ്ധ്യക്ഷനായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ശാസിച്ചത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഇവർ മാസ്ക് ധരിച്ച് എത്തിയതെങ്കിലും, മാസ്ക് ധരിച്ച് സഭയിൽ ഇരിക്കാൻ പാടില്ലെന്ന് ഉപരാഷ്ട്രപതി ഇവരോട് പറഞ്ഞിരുന്നു.

അന്നത്തെ പോലെ തന്നെ ഇന്നത്തെ സാഹചര്യത്തിലും അതിജീവനത്തിന്റെ ഒരു മാർഗമാണ് മാസ്ക്ക് ധരിക്കുക എന്നത്. അതുകൊണ്ട് മാസ്ക് ധരിച്ച് കയറുന്നത് പ്രതിഷേധമായി കാണുവാൻ സാധിക്കില്ല. ഉപരാഷ്ട്രപതിയുടെ റൂളിങ്ങിൽ തന്നെ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. സഭയ്ക്കുള്ളിൽ ഹാജരും, വോട്ടിങ്ങും ഒരു വലിയ പ്രശ്നമാണ്. അത് എങ്ങനെ പരിഹരിക്കുമെന്നതും ചർച്ചാ വിഷയമാണ്. 

 പ്രായമായ പാർലമെൻറ് അംഗങ്ങൾക്ക് വെർച്വൽ രീതിയിൽ സഭയിൽ പങ്കെടുക്കേണ്ട ഒരു സാഹചര്യത്തിലാണ് രാജ്യം നിൽക്കുന്നത്. സഭയിൽ അംഗങ്ങൾ ഒരുമിച്ചിരുന്ന് ക്രിയാത്മകമായ ചർച്ചകൾ നടത്തിയാൽ മാത്രമേ പ്രയോജനമുണ്ടാകൂ എന്ന് എൻ പ്രേമചന്ദ്രൻ എം പി അഭിപ്രായപ്പെടുന്നത്. സഭയിൽ കോറം തികയുക എന്ന നടപടി ക്രമമുണ്ട്. അത് എപ്രകാരമാണ് നടപ്പിലാക്കുക എന്നത് ചോദ്യചിഹ്നമാണ്.

കഴിഞ്ഞ 20 വർഷമായി പാർലമെൻറ് സമ്മേളനം ജൂലൈ മാസം ആരംഭിക്കുന്ന ഒരു പതിവുണ്ട്. 12 തവണയും ജൂലൈ മാസം തന്നെ മൺസൂൺ സമ്മേളനം ആരംഭിച്ചിരുന്നു. ഇലക്ഷൻ കാലയളവിൽ മാത്രമാണ് അത് ആഗസ്റ്റ് മാസത്തിൽ തുടക്കം കുറിക്കേണ്ടി വന്നത്.  2011 ൽ  128 ദിവസത്തെ ഇടവേളക്ക് ശേഷമാണ് പാർലമെൻറ് സമ്മേളനം കൂടിയത്. പക്ഷേ ഇന്നത്തെ സാഹചര്യത്തിൽ പാർലമെൻറ് മൺസൂൺ സമ്മേളനം അതിനേക്കാൾ വലിയ ഇടവേളയ്ക്ക് ശേഷം മാത്രമായിരിക്കും തുടക്കം കുറിക്കാൻ സാധിക്കുക. 

ഇനി നടക്കേണ്ട പാർലമെൻറ് സമ്മേളനത്തിൽ ചൈനാ യുദ്ധവും, കോവിഡും,  പല സംസ്ഥാനങ്ങളിൽ നടന്ന ഭരണ മാറ്റവും, പി എം കെയർ ഫണ്ട്, തുടങ്ങിയ ഒട്ടേറെ ഗൗരവമേറിയ വിഷയങ്ങൾ ചർച്ചയ്ക്ക് വരേണ്ടതാണ്. ഇതുകൂടാതെ സീറോ അവറിൽ ഒട്ടേറെ വിഷയങ്ങൾ ഓരോ അംഗങ്ങൾക്കും ഉന്നയിക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ അതൊക്കെ പ്രായോഗികമാക്കുക ഏറെ പ്രയാസം നിറഞ്ഞതാണ്. സഭാ സമ്മേളനം നടക്കും എന്നുള്ള കാര്യത്തിൽ ഏതാണ്ട് ധാരണയായത് ആയിട്ടാണ് ആണ് കേന്ദ്ര സർക്കാർ വൃത്തങ്ങളിൽ നിന്ന് അറിയുവാൻ സാധിച്ചത്. സഭാനടപടികൾ കൾ കൾ അല്ലെങ്കിലും നടക്കുമെങ്കിലും തെരഞ്ഞെടുപ്പുകൾ നടത്തുന്ന കാര്യത്തിൽ ഇനിയും ഒരു അന്തിമ തീരുമാനമായിട്ടില്ല. 2020ഇൽ നടക്കേണ്ട പൊതു തിരഞ്ഞെടുപ്പുകളെല്ലാം 2021 ലേക്ക് മാറ്റി വയ്ക്കുവാൻ സാധ്യതകൾ ഏറെയാണ്.