വീരേന്ദ്രകുമാർ സാറിന് പ്രണാമം
സുധീർനാഥ്
പാവപ്പെട്ടവർക്കും,
പാർശവൽക്കരിക്കപ്പെട്ടവർക്കും ഒരു ശബ്ദ മായിരുന്നു വീരേന്ദ്രകുമാർ. പൊതു
സമൂഹത്തിലും, നിയമസഭയിലും, ലോക്സഭയിലും, രാജ്യസഭയിലും ശബ്ദമില്ലാത്തവരുടെ
ശബ്ദമായിരുന്നു അദ്ദേഹം. പ്രകൃതിയുടെ തോഴനായിരുന്നു, ഭൂമിയുടെ
കാവൽക്കാരനായിരുന്നു. പരിസ്ഥിതി സംരക്ഷണം അദ്ദേഹത്തിൻ്റെ പ്രഥമ
മുദ്രാവാക്യമായിരുന്നു.
നായനാർ
മന്ത്രിസഭയിൽ വനം മന്ത്രി ആയപ്പോൾ വനത്തിലേയും പുഴയോരത്തേയും മരങ്ങൾ
വെട്ടുന്നത് നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി. മരങ്ങൾ നമ്മുടെ
സംസ്ഥാനത്തിൻ്റെ റവന്യൂ അല്ലെന്നും, അത് ക്യാപ്പിറ്റലാണെന്നും അദ്ദേഹം
മന്ത്രിസഭയിൽ ന്യായം നിരത്തി. പക്ഷെ എതിർപ്പ് ശക്തമായപ്പോൾ രാജിവെച്ച്
ഇറങ്ങിയ സോഷ്യലിസ്റ്റായിരുന്നു വീരേന്ദ്രകുമാർ. കുടിവെള്ളത്തിനായി അലയുന്ന
കാലത്ത് തനെടുത്ത നടപടിയെ ജനങ്ങൾ ഓർക്കുമെന്ന് വർഷങ്ങൾക്ക് മുൻപേ അദ്ദേഹം
പറഞ്ഞിട്ടുണ്ട്.
അറിയുവാനുള്ള
വ്യഗ്രത ഇത്രയേറെ ഉള്ള വ്യക്തിയെ ഞാൻ വീരേന്ദ്രകുമാറിൽ കണ്ടിരിക്കുന്നു.
കാർട്ടൂണിൻ്റെ ചരിത്രം എഴുതുമ്പോൾ ലഭിച്ച അറിവുകൾ മുഴുവനും ചോദിച്ചു
വാങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹം. തനിക്ക് അറിയാവുന്ന കാര്യങ്ങൾ
പങ്കുവെച്ച വ്യക്തി. കാർട്ടൂൺ പഠനത്തിനായി മാതൃഭൂമിയിൽ എല്ലാ സൗകര്യങ്ങളും
അദ്ദേഹം നേരിട്ട് തന്നെ ശരിയാക്കി. കോഴിക്കോട് പോകുമ്പോഴൊക്കെ വീട്ടിൽ പോയി
കാണും. ഒടുവിൽ കാർട്ടൂണിസ്റ്റ് ശങ്കറിൻ്റെ ജീവചരിത്രരചനയിൽ
തനിക്കറിയാവുന്നത് പങ്കുവെച്ചിട്ടാണ് അദ്ദേഹം യാത്രയായത്.
യാത്രകൾ
അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. ഹിമാലയത്തിൽ, വിദേശങ്ങളിൽ, വടക്കേ ഇന്ത്യയിലെ
ഗ്രാമങ്ങളിൽ. അദ്ദേഹത്തിൻ്റെ യാത്രകൾ എപ്പോഴും ഘോഷയാത്ര തന്നെ ആയിരുന്നു.
ഒരു കൂട്ടം ആളുകൾ എപ്പോഴും ഉണ്ടാകും.
വീരേന്ദ്രകുമാറിൻ്റെ
നിഴലായി വയനാട്ടിൽ നിന്നുള്ള നന്ദകുമാർ എം ഉണ്ടാകും. കഴിഞ്ഞ മുപ്പത്
വർഷത്തിലേറെയായി വീരേന്ദ്രകുമാറിൻ്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്
നന്ദനാണ്. നന്ദൻ അദ്ദേഹത്തോടൊപ്പം എല്ലാ യാത്രകളിലും കൂടെ ഉണ്ടായിരുന്നു.
രാജ്യസഭയിലേയ്ക്ക് സത്യപ്രതിജ്ഞയ്ക്ക് വരും വഴി വീമാനതാവളത്തിൽ വെച്ച്
വീരേന്ദ്രകുമാറിൻ്റെ ചലനങ്ങളിൽ അസ്വാഭാവികത തോന്നിയ നന്ദൻ കാറ്
ആശുപത്രിയിലേയ്ക്ക് എടുപ്പിച്ചത് കൊണ്ട് മാത്രമാണ് ജീവൻ തിരിച്ച് കിട്ടാൻ
ഇടയായത്. ആശുപത്രിയിൽ എത്തിയ ഉടനെ അദ്ദേഹം തളർന്നു പോകുകയായിരുന്നു.
ജീവിതത്തിലേയ്ക്ക് തിരിച്ച് വന്ന അദ്ദേഹം രാഷ്ട്രീയത്തിൽ സജ്ജീവമായി.
നമ്മുടെ
മുന്നിലിരിക്കുന്നവന് നമ്മളറിയാത്ത ചില വിവരമുള്ളവരാണെന്ന തോന്നൽ
ഉണ്ടാക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മറ്റുള്ളവരിലെ അറിവുകൾ ചോദിച്ചറിയാൻ
അദ്ദേഹം ഉത്സാഹം കാണിച്ചിരുന്നു. വലിപ്പചെറുപ്പം നോക്കാതെ സൈക്കിൾ
റിക്ഷക്കാരനിൽ നിന്നും, ചായക്കടക്കാരനിൽ നിന്നും പലതും ചോദിച്ചറിയുന്ന
വീരേന്ദ്രകുമാറിനെ കണുവാൻ സാധിച്ചിട്ടുണ്ട്.
റാംമനോഹർ
ലോഹ്യയുടെ ആശയങ്ങളിൽ ആകർഷിക്കപ്പെട്ട വിരേന്ദ്രകുമാർ സോഷ്യലിസ്റ്റ്
പ്രസ്ഥാനത്തിൽ പല പാർട്ടികളിലൂടെ അതേ ആശയത്തിൽ അവസാനം വരെ പ്രവർത്തിച്ചു.
അദ്ദേഹം എല്ലാ സോഷ്യലിസ്റ്റ് പാർട്ടികളും ഒന്നാകണമെന്ന് ആഗ്രഹിച്ചിരുന്നു.
അത് നടക്കാൻ സാധ്യത കുറവാണെന്ന തികഞ്ഞ ബോധ്യത്തോടെ തന്നെയാണ് അദ്ദേഹം
അങ്ങനെ പറഞ്ഞത്. സോഷ്യലിസ്റ്റ് പാർട്ടി അമീബ പോലെയാന്നെന്ന് തമാശയായി
അദ്ദേഹം പറഞ്ഞിരുന്നു.
എ
കെ ജിയുടെ പ്രവർത്തന രീതിയിൽ വീരേന്ദ്രകുമാറിന് ആകർഷണമുണ്ടായി. എൽ ഡി എഫ്
രൂപം കൊള്ളുന്നതും, അതിൻ്റെ ആദ്യകാല കൺവീനറാകുന്നതും അങ്ങിനെയാണ്.
എപ്പോഴും
വിളിക്കാൻ, കാണുവാൻ, സ്വാതന്ത്ര്യം തന്ന വ്യക്തി. ഏത് വിഷയത്തെ കുറിച്ചും
മറുപടി ഉള്ള വ്യക്തി. യാത്രയുടെ തോഴൻ. ഭക്ഷണ പ്രിയനായിരുന്ന അദ്ദേഹം.
വടക്കേ ഇന്ത്യയിലെ പല യാത്രകളിലും ദാമ്പകളിൽ (വഴിയോര ആഹാര കേന്ദ്രം) ഭക്ഷണം
കഴിക്കാനാണ് ഇഷ്ടപ്പെട്ടത്. പല തവണ ഒപ്പം ഭക്ഷണം കഴിക്കാൻ
സാധിച്ചിട്ടുണ്ട്. ഓരോ ഭക്ഷണത്തിൻ്റേയും വിശേഷണം, ചരിത്രം എല്ലാം കൂടെ
ഉള്ളവർക്ക് വിവരിച്ച് നൽകും. കേരളത്തിലെ വ്യത്യസ്ഥ രുചികളെ കുറിച്ച്
അറിയുന്ന അദ്ദേഹം പൂർണ്ണ സസ്യാഹാരിയായിരുന്നു.
ഭക്ഷണം
പോലെ തന്നെ ഇന്ത്യയിലെ വൈവിദ്യങ്ങളായ ആചാരങ്ങൾ തൊട്ടറിഞ്ഞ
വ്യക്തിയായിരുന്നു വീരേന്ദ്രകുമാർ. തൻ്റെ വീട്ടിൽ എല്ലാ മതത്തിലേയും,
ജാതിയിലേയും പ്രതിനാധികളുണ്ടെന്ന് എപ്പോഴും അഭിമാനത്തോടെ അദ്ദേഹം
പറയുമായിരുന്നു.
മീശ എന്ന
നോവൽ കത്തി കയറിയ കാലം. അദ്ദേഹത്തിനോട് നോവൽ വിവാദത്തെ കുറിച്ച് ഫോണിൽ
വിളിച്ച് ചോദിച്ചു. നേരിൽ വരാൻ പറഞ്ഞു. ഞാൻ അദ്ദേഹത്തിൻ്റെ ഡൽഹിയിലെ
വീട്ടിലെത്തി. അദ്ദേഹം എനിക്ക് വേണ്ടി നോവൽ വായിച്ചു. ആദ്യമായി മീശ എന്ന
നോവൽ ഞാൻ കണ്ടു. കേട്ടു ... അത് തന്നെയായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
പ്രണാമം സർ....

