അതിരുകളും അതിര്‍ത്തികളും

2020 ഏപ്രില്‍ 03
അതിരുകളും അതിര്‍ത്തികളും
സുധീര്‍ നാഥ്

ജനങ്ങള്‍ കോവിഡ് വൈറസിനെ ലോകത്താകമാനം കൂടുതല്‍ അറിഞ്ഞിരിക്കുന്നു. കോവിഡ് വൈറസ് ഒരു ഭീകരനാണെന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ല എന്ന അസ്ഥയിലാണ് ഇപ്പോഴുള്ളത്. അത് കൊണ്ട് തന്നെ മനുഷ്യരെല്ലാം സ്വയം ഉള്‍വലിഞ്ഞിരിക്കുകയാണ്. രാജ്യം ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീടിനുള്ളിലേയ്ക്ക് എല്ലാവരും കയറി. വീടിന്‍റെ വാതില്‍ ഓരോരുത്തരും അവരവരുടെ അതിരുകളാക്കി. അതിരുകള്‍ക്കപ്പുറത്ത് അനാവശ്യമായി പോകുന്നത് അവര്‍ ഒഴിവാക്കി. അതിരുകള്‍ കടന്ന് വരുന്നത് സംശയത്തോടെ നോക്കി. രക്തബന്ധത്തെ പോലും അകലെ നിര്‍ത്തിയാണ് സ്നേഹം പ്രകടിപ്പിക്കുന്നത് എന്നത് കേട്ട് കേള്‍വിയില്ലാത്തതാണെങ്കിലും, സത്യമാണ്.

ഒരു വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വൈറസ് ഏറ്റെന്ന സംശയം ഉണ്ടായാല്‍ അയാള്‍ സ്വയം ഐസൊലേഷനില്‍ (ഏകാന്തവാസത്തിന് ) പോകുന്നു. ഐസൊലേഷനും, ക്വാറന്‍റയിനും ഇന്ന് എല്ലാവര്‍ക്കും പരിചിതമായ വാക്കുകളായി മാറി എന്നതാണ് വാസ്തവം. അങ്ങനെ ഐസൊലേഷനില്‍ പോകുന്നവരുടെ അതിര്‍ത്തി, മുറിയുടെ ചുറ്റുമതിലോ, വാതിലോ ആയി മാറി. വീട്ടിലുള്ളവര്‍ പോലും വാതില്‍ അഥവാ അതിര്‍ത്തിയില്‍ നിന്ന് കൊണ്ട് ഭക്ഷണം കൊടക്കുന്ന സാഹചര്യങ്ങള്‍ നമ്മുടെ നാട്ടിലും ഉണ്ടായി. ചൈനയില്‍ കൊറോണ രോഗികള്‍ക്ക് ഭക്ഷണം എത്തിച്ചിരുന്നത് റോബേട്ടുകള്‍ ആയിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കോളനികളും, അപ്പാര്‍ട്ട്മെന്‍റുകളും, പട്ടണങ്ങളും, ഗ്രാമങ്ങളും അവരുടെ അതിരുകള്‍ അടച്ചിരിക്കുന്നു. അനാവശ്യക്കാരാരും അകത്ത് കടക്കുന്നില്ല എന്ന് അവര്‍ ഉറപ്പ് വരുത്തുന്നു. അപരിചിതരുടെ വരവ് സംശയങ്ങളുടെ കൂമ്പാരമാകുന്നു. നിയമനിര്‍വ്വഹണം നടത്തുന്ന പോലീസല്ല, മറിച്ച് ജനങ്ങള്‍ തന്നെ അപരിചിതരെ ചോദ്യം ചെയ്യുന്നു. ഇങ്ങനെ ചുറ്റുവട്ടത്തെ അതിര്‍ത്തികള്‍ എല്ലാം നിരീക്ഷണത്തിലായത് കളവുകള്‍ കുറയാന്‍ കാരണമായിട്ടുണ്ട്. ബലാത്കാരങ്ങള്‍ ഇല്ലാതായിരിക്കുന്നു.

പോലീസുകാര്‍ അവരുടെ സ്റ്റേഷന്‍ അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് സംരക്ഷകരായി. അതിര്‍ത്തി കടക്കുന്നവരെ പരിശോധിക്കുന്നു. യാത്രികന് യാത്രാ ഉദ്ദേശ്യം വെളിപ്പെടുത്തേണ്ടതായി വരുന്നു. പോലീസ് ഉണ്ടാക്കിയ ഓരോ അതിര്‍ത്തികളും കടന്ന് പോകുമ്പോള്‍ വിശദീകരണങ്ങള്‍ ന്യായമാകേണ്ടതുണ്ട് ? ജില്ലാ അതിര്‍ത്തികളും, സംസ്ഥാന അതിര്‍ത്തികളും അടയ്ക്കപ്പെട്ടു. ആവശ്യക്കാര്‍ക്ക് കാര്യം ബോധ്യപ്പെടുത്തി അതിര്‍ത്തികള്‍ കടന്ന് പോകാം എന്ന നിലയാണിപ്പോള്‍. പക്ഷെ കര്‍ണ്ണാടകത്തിന്‍റെ അതിര്‍ത്തികള്‍ കേരളിയര്‍ക്ക് മുന്നില്‍ അടഞ്ഞത് ഇപ്പോള്‍ വലിയ ചര്‍ച്ചയും, വാര്‍ത്തയുമാണ്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളതും, നിരീക്ഷണത്തിലുള്ളതും കാസര്‍ഗോഡ് ജില്ലയിലാണ്. ഒരാളും കോവിഡിനെ ഇരുകൈ നീട്ടി സ്വീകരിക്കില്ല. കോവിഡ് വൈറസ് പടരുന്ന വിധവും മറ്റും ജനങ്ങളില്‍ ബോധവാന്‍മാരാക്കുക എന്നതാണ് ചെയ്യേണ്ടത്. അത് വേണ്ടത്ര ഇരുഭാഗത്തും ഉണ്ടായിട്ടില്ല എന്നത് വര്‍ത്തമാനകാലത്തെ സത്യമാണ് ? കോവിഡ് ഭയങ്കര ഈഗോ ഉള്ള വൈറസാണ്. അത് വിളിച്ചു കൊണ്ടു പോയാലേ പോരുകയുള്ളൂ. പക്ഷെ കോവിഡില്ലാത്ത ഏഴ് പേരാണ് കാസര്‍ഗോഡ്, കര്‍ണ്ണാടക അതിര്‍ത്തിയില്‍ മരണപ്പെട്ടത്. സംസ്ഥാന അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ തെറ്റില്ല. പക്ഷെ അതിര്‍ത്തികള്‍ കര്‍ക്കശമായി അടച്ചിടുന്നത് ഇന്ത്യ എന്ന ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയായി തന്നെ കാണേണ്ടതുണ്ട്.

മാര്‍ച്ച് 10ന് കേരളം കോവിഡിന്‍റെ ഭീകരത തിരിച്ചറിഞ്ഞ് അതിര്‍ത്തികള്‍ അടച്ച് സംരക്ഷണമൊരുക്കി. ബ്രേക് ദി ചെയിന്‍ എന്ന് കേരളം പ്രഖ്യാപിച്ചു. മാര്‍ച്ച് 16ന് ഡല്‍ഹി അതിര്‍ത്തികള്‍ നിരീക്ഷണത്തിലാക്കി. പ്രധാനമന്ത്രി മാര്‍ച്ച് 22ന് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത് ഒരു സൂചനയായിരുന്നു. പ്രധാനമന്ത്രി മാര്‍ച്ച് 24 മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് രാജ്യാന്തര അതിര്‍ത്തികള്‍ അടപ്പിച്ചു. രാജ്യാന്തര വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. പൊതു ഗതാഗതം നിര്‍ത്തിച്ചു. ചരിത്രത്തിലാദ്യമായി റെയില്‍വെ യാത്രാ തീവണ്ടികള്‍ നിര്‍ത്തി വെപ്പിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് ഇന്ത്യ എടുത്ത നടപടിയെ ലോക രാജ്യങ്ങള്‍ ശക്തമായി പിന്തുണച്ചു. എന്നു കരുതി ഇന്ത്യയില്‍ കുടുങ്ങിയ മറ്റ് രാജ്യക്കാരെ അവരവരുടെ രാജ്യത്തേയ്ക്ക് പോകാന്‍ ഇന്ത്യ അനുമതി നല്‍കാതിരുന്നില്ല. 

കേരളത്തില്‍ ലഭിക്കുന്ന സുരക്ഷയും ആരോഗ്യ പരിഗണനയും മറ്റേത് രാജ്യത്തും ലഭിക്കില്ലെന്നും, ഇന്ത്യ അവരുടെ ജനങ്ങളെ സംരക്ഷിക്കുമെന്ന തോന്നലും ലോകവ്യാപകമായി ഉണ്ടായി. വികസിത രാജ്യങ്ങള്‍ എന്ത് ചെയ്യും എന്നറിയാതെ സ്തബ്ധരായി നിന്നപ്പോള്‍ ഇന്ത്യ അവര്‍ക്ക് മുന്നില്‍ ഒരു മാത്യകയായി എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. ഇന്ത്യയെ പിന്തുടര്‍ന്ന് പല രാജ്യങ്ങളും അവരുടെ രാജ്യാന്തര അതിര്‍ത്തികള്‍ അടപ്പിച്ച് കൊറോണ വൈറസ് വ്യാപനത്തിന് തടയിട്ടു. ലോകത്തിലെ എല്ലാ രാജ്യങ്ങളും അതിര്‍ത്തികള്‍ അടച്ച് അവരുടെ രാജ്യത്തുള്ളവരുടെ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നു.

അതിരുകളും അതിര്‍ത്തികളുമില്ലാതെ ലോകം മിക്കവാറും ഡിജിറ്റല്‍ യുഗത്തിലേയ്ക്ക് പോകുന്ന കാഴ്ച്ച കൂടി നമ്മള്‍ കണ്ടു. രാജ്യാന്തര സന്ദേശങ്ങള്‍ ഇന്‍റര്‍നെറ്റ് വഴി സ്വീകരിക്കുന്ന രീതി വ്യാപകമായി. അവിടെ അതിര്‍ത്തികള്‍ ഇല്ലാതായിരിക്കുന്നു. മാധ്യമങ്ങളുടെ ഡിജിറ്റല്‍ കോപ്പികള്‍ വ്യാപകമായി. പണമിടപാടുകള്‍ക്ക് ഡിജിറ്റല്‍ മാത്യക മിക്കവരും സ്വീകരിച്ചു. കോവിഡ് കാലം കഴിഞ്ഞാല്‍ ഡിജിറ്റല്‍ ഇന്ത്യയിലേയ്ക്ക് പ്രവേശിക്കേണ്ടതിന്‍റെ ആവശ്യം ചര്‍ച്ച ചെയ്യപ്പെടും. 

ആയിരകണക്കിന് പോസ്റ്റ്മോര്‍ട്ടങ്ങള്‍ക്ക് ശേഷം ചൈനയിലെ ഡോക്ടര്‍മാരും, ശാസ്ത്രജ്ഞരും കണ്ടെത്തിയത് ശ്വാസകോശ പാതയില്‍ കോവിഡ് വൈറസിന്‍റെ പ്രവേശനത്തോടെ കട്ടിയായ കഫം കൊണ്ട് അതിര്‍ത്തികള്‍ അടയപ്പെടുന്നതാണ് മരണകാരണമെന്നാണ്. ശാസ്ത്രം ഇനിയും ശരീരത്തിലെ പല പാതകളിലേയും അതിര്‍ത്തികളിലെ തടസങ്ങള്‍ നീക്കാനുള്ള മറുമരുന്ന് കണ്ടു പിടിക്കാനിരിക്കുന്നു. ഹ്യദയത്തിലേയ്ക്കുള്ള അതിര്‍ത്തികള്‍ അടച്ചാല്‍ അത് നീക്കം ചെയ്യാന്‍ നമ്മുടെ ശാസ്ത്രം ജയിച്ചു കഴിഞ്ഞു എന്നത് പ്രതീക്ഷകള്‍ നല്‍കുന്നു. മനുഷ്യ സ്നേഹത്തിന്‍റേയും, നന്‍മയുടേയും അതിരുകള്‍ ഒരിക്കലും അടയാതിരിക്കട്ടെ.