വേദ മോളുടെ ഓൺലൈൻ ക്ലാസുകൾ

വേദ മോളുടെ ഓൺലൈൻ ക്ലാസുകൾ
സുധീർ നാഥ്

വർക്ക് അറ്റ് ഹോം, ഓൺലൈൻ ക്ലാസുകൾ, വെബിനാർ, എന്നിവ ഇപ്പോൾ സർവ്വസാധാരണമാണ്. കോവിഡിനെ തുടർന്ന് ഉണ്ടായ ലോക് ഡൗൺ ഇപ്പോൾ രാജ്യ വ്യാപകമായി എല്ലാ സ്ഥാപനങ്ങളും അവരുടെ ജീവനക്കാരെ വീട്ടിലിരുന്നു ജോലി ചെയ്യാനായി പ്രേരിപ്പിച്ചു.  ഡൽഹിയിൽ ഒട്ടു മിക്ക സ്കൂളുകളും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലകളിലും ഓൺലൈൻ ക്ലാസുകൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. സാഹിത്യ സാംസ്കാരിക, രാഷ്ട്രീയ കൂട്ടായ്മകൾ ഇപ്പോൾ ഓൺലൈനിലാണ്.

മഹാനഗരങ്ങളിൽ മാത്രമാണ് ഇൻറർനെറ്റ് കണക്ഷനുകൾ നന്നായി പ്രവർത്തിക്കുന്നത്. ചെറു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇൻറർനെറ്റ് കണക്ഷൻ വളരെ ദയനീയമാണ്. മഹാനഗരങ്ങളിൽ ഓൺലൈൻ ക്ലാസുകൾ കൂടുതൽ വിജയം കണ്ടതും, ചെറു പട്ടണങ്ങളിലും, ഗ്രാമങ്ങളിലും ഓൺലൈൻ ക്ലാസുകൾക്കെതിരെ ഒട്ടേറെ പരാതികൾ ഉയർന്നു വന്നതും ഈ അവസരത്തിൽ ശ്രദ്ധിക്കേണ്ടതാണ്.

മഹാനഗരങ്ങളിൽ ഒന്നായ ഡൽഹിയിലെ ഒരു ഓൺലൈൻ ക്ലാസ്സ് എങ്ങനെയിരിക്കും എന്ന് നമുക്കൊന്ന് പരിശോധിക്കാം. സാധാരണ സ്കൂളുകൾ നടന്നിരുന്നു സമയത്ത് രാവിലെ 7. 20 ആവുമ്പോഴേക്കും വേദ മോളുടെ സ്കൂൾ ബസ് വന്നു പോയിട്ടുണ്ടാകും. ഏഴരയ്ക്ക് ബെല്ലടിക്കും. വീട്ടിൽ നിന്ന് അധികം ദൂരം അല്ല വേദ മോളുടെ സ്കൂൾ.  കൊറോണ വൈറസ് വ്യാപനം തുടക്കം കുറിച്ചപ്പോഴേ സ്കൂളുകൾ അടച്ചു. ഇപ്പോൾ ഓൺലൈനിലാണ് ക്ലാസുകൾ.  രാവിലെ 7 മണിക്ക് തന്നെ ക്ലാസുകൾ ആരംഭിക്കും. മുൻപ് സ്കൂളിലേക്ക് പോയിരുന്ന അതേ ആവേശത്തോടെ കൂടിയാണ് വേദ തയ്യാറാക്കുന്നത്. ഏഴ് മണിക്ക് മുമ്പ് തന്നെ യൂണിഫോം ധരിക്കും. സ്കൂൾ ബാഗിൽ ടൈം റ്റേബിൾ പ്രകാരം പുസ്തകങ്ങൾ എടുത്ത് വെക്കും. വാട്ടർ ബോട്ടിലിൽ വെള്ളം നിറച്ച് കൊണ്ടുപോകും. ബാഗുമായി തൊട്ടടുത്ത മുറിയിൽ കമ്പ്യൂട്ടറിനു മുന്നിൽ വേദ മോൾ എത്തും. പിന്നെ ക്ലാസ് മുറിയായി അവിടെ മാറുകയാണ്. സ്ക്രീനിൽ സഹപാഠികൾ വരും. ടീച്ചർ വരും. ഉറക്കം തൂങ്ങുന്നവരോട് എഴുനേറ്റ് നിൽക്കാൻ ടീച്ചർ പറയും. കുട്ടികൾ ചിരിക്കും. എല്ലാം കംപ്യൂട്ടർ സ്ക്രീനിലൂടെ. ശബ്ദം ഹെഡ് ഫോണിലൂടെ.

രാവിലെ കുട്ടികളുടെ അസംബ്ലി ഉണ്ടല്ലോ. അതെന്തായാലും ഇപ്പോൾ നടക്കുന്നില്ല. സാധാരണ ക്ലാസിൽ ഉണ്ടാകുന്നതുപോലെ അറ്റൻഡൻസ് ഉണ്ട്. ടീച്ചർ ഓരോരുത്തരുടെ പേര് വിളിക്കും. സ്ക്രീനിൽ ക്കൈ ഉയർത്തുന്നത് ടീച്ചർക്ക് കാണണം. ക്ലാസുകൾ ഓരോന്നായി തീരും. ഇടയ്ക്ക് ഒരു 15 മിനിറ്റ് ബ്രേക്ക്. പ്രഭാതഭക്ഷണം കഴിക്കുന്നതിനാണ്. ടിഫിൻ ബോക്സിൽ നിന്ന് മാത്രമേ വേദ ഭക്ഷണം കഴിക്കൂ. എല്ലാവരും അവരവരുടെ വിഭവങ്ങൾ ഓൺലൈനിൽ വിവരിക്കും. ഫ്രീ ടൈമിൽ പരസ്പരം സംസാരിക്കുന്നതിൽ പ്രശ്നമില്ലെന്നാണ് വേദ മോൾ പറയുന്നത്. സ്പോർട്സ് പിരീഡും, മ്യൂസിക്ക് പിരീഡും, ആർട്ട് പിരീഡും ഓൺലൈനായി തന്നെ പാഠഭാഗത്തിലെ ഭാഗമായുണ്ട്. മൈതാനത്ത് അല്ലല്ലോ കമ്പ്യൂട്ടർ ഇരിക്കുന്നത് ... മുറിക്കുള്ളിൽ എക്സസൈസ് ലൈവ് ആയി അദ്ധ്യാപകൻ കുട്ടികൾക്ക് പറഞ്ഞു കൊടുക്കും. കുട്ടികൾ അത് ആവർത്തിക്കും.

സ്കൂളിലെ ക്ലാസിൽ ഇരിക്കുന്ന പോലെ തന്നെയാണ് ആണ് വേദ ഇരിക്കുന്നത്. ക്ലാസിൽ എഴുതുന്നത് ടീച്ചറെ കാണിക്കാൻ കുട്ടികൾ കംപ്യൂട്ടറിന്റെ ക്യാമറയിലേയ്ക്കാണ് കാണിക്കുക. സ്ക്കൂൾ പ്രിൻസിപ്പൽ വരും. ചില ക്ലാസിൽ വരും. ക്ലാസിൽ എന്ത് നടക്കുന്നു എന്ന പരിശോധനയ്ക്കാണ് വരിക. അപ്പോൾ കുട്ടികൾ ക്ലാസ് മുറിയിൽ ഇരിക്കുമ്പോഴെന്ന പോലെ നല്ല കുട്ടികളാക്കുമെന്ന് വേദ പറയുന്നു. സ്ക്കൂൾ മുറ്റവും, ക്ലാസ് മുറിയും, സ്ക്കൂൾ മൈതാനവും കുട്ടികൾ സ്വപ്നം കാണുന്നുണ്ട്.