അധികാരത്തോടുള്ള ആർത്തി എവിടെയും കാണാം

2020 July 17
അധികാരത്തോടുള്ള ആർത്തി എവിടെയും കാണാം
സുധീർ നാഥ്

രാജ്യത്തെ ഏത് സംസ്ഥാനങ്ങളിലെയും രാഷ്ട്രീയക്കാരുടെ സ്വഭാവം ഒന്ന് പരിശോധിച്ചു നോക്കൂ. ഒരിക്കൽ അധികാരത്തിന്റെ രുചിയറിഞ്ഞ മിക്കവരും അതിൽ തൂങ്ങി കിടക്കുന്നതായി കാണാം. വാർദ്ധക്യത്തിലെത്തിയ എത്രയെത്ര നേതാക്കളാണ് അധികാരത്തിനായി കടിപിടി കൂടുന്നത്. തനിക്ക് വാർദ്ധക്യം ആയിട്ടില്ല എന്ന് സ്വയം പ്രഖ്യാപിച്ച് രാഷ്ട്രീയ അട്ടിമറിക്ക് നേതൃത്വം കൊടുക്കുന്ന എത്രയോ നേതാക്കൾ നമ്മുടെ കേരളത്തിലും കാണാം.  എന്തിനേറെ പറയുന്നു, കേരളത്തിലെ പ്രതിപക്ഷം ഇപ്പോൾ കാണിച്ചു കൂട്ടുന്നതും അധികാരത്തോടുള്ള താല്പര്യം കൊണ്ട് തന്നെയാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിലവിലുള്ള സാഹചര്യം തന്നെയാണ്  രാജസ്ഥാനിൽ ഉള്ളത്.

1987 ൽ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ എന്നുവച്ചാൽ പ്രധാനമന്ത്രിയെക്കാൾ അധികാരമുള്ള ഒരു സ്ഥാനമാണ്. രാജ്യത്ത് കോൺഗ്രസ്റ്റ് രാഷ്ട്രീയം മേൽക്കൈ ഉള്ള കാലമാണ്. സീതാറാം കേസരിക്കെതിരെ മത്സരിച്ച പൈലറ്റിന് വിജയിക്കാനായില്ല. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വിൽപ്പനക്കാരൻ ആണ് എന്ന് സ്വയം പ്രഖ്യാപിച്ച് തന്റെ പഴയ കഥകൾ സമൂഹത്തിൽ ചർച്ച ചെയ്യിച്ചത് നമ്മൾ കണ്ടതാണ്. അദ്ദേഹത്തിന് അങ്ങനെയൊരു പ്രതിഛായ ഉണ്ടാക്കുവാനുള്ള ആശയം കൊടുത്തത് ഒരുപക്ഷേ രാജേഷ് പൈലറ്റ് ആയിരിക്കും. കാരണം താൻ ഒരു പാൽ വിൽപ്പനക്കാരൻ ആണെന്നും, സൈക്കിളിൽ ഡൽഹിയിൽ പാൽ വിറ്റു നടന്ന കഥയും രാജേഷ് പൈലറ്റ് ഒരുകാലത്ത് എല്ലാവരോടും പറഞ്ഞിരുന്നു. മാധ്യമങ്ങൾ അത്ര ശക്തമല്ലാത്ത അക്കാലത്ത് രാഷ്ട്രീയ പാണൻമാർ ഇത് പറഞ്ഞ് നടക്കുമായിരുന്നു. രാജേഷ് പൈലറ്റിന്റെ വളർച്ചയുടെ തുടക്കവും അവിടെ നിന്ന് തന്നെയാണ്.

ഒരു കാർ അപകടത്തിൽ രാജേഷ് പൈലറ്റ് മരിച്ചതോടു കൂടിയാണ് അദ്ദേഹത്തിന്റെ മകൻ സച്ചിൻ പൈലറ്റ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. ഇരുപത്തിയാറാം വയസ്സിൽ പാർലമെൻറ് അംഗമാവുകയും, മുപ്പത്തിയൊന്നാം വയസ്സിൽ കേന്ദ്രമന്ത്രി ആകുകയും ചെയ്തു. മുപ്പത്തിയാറാം വയസ്സിൽ രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, നാല്പതാം വയസ്സിൽ രാജസ്ഥാൻ ഉപമുഖ്യമന്ത്രി ആകുകയും ചെയ്ത ഭാഗ്യവാനാണ് സച്ചിൻ പൈലറ്റ്.

ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന രാജസ്ഥാനിൽ ബിജെപിയിലും കടുത്ത ഭിന്നത എന്നാണ് റിപ്പോർട്ടുകൾ. രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജ സിന്ധ്യ വിമത കോൺഗ്രസ് എംഎൽഎമാരോട് ഗലേട്ടനെ പിന്തുണയ്ക്കാൻ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ വിമത നീക്കങ്ങൾക്ക് പിന്തുണക്കുന്നത് മണ്ടത്തരമാണെന്നാണ് വസുന്ധര രാജ വിമത കോൺഗ്രസ് എംഎൽഎമാരോട് പറഞ്ഞതെന്നാണ് ആരോപിക്കുന്നത്. സച്ചിൻ പൈലറ്റ് ബിജെപിയിലേയ്ക്ക് വരികയാണെങ്കിൽ തന്റെ നിലനിൽപ്പുതന്നെ അപകടത്തിൽ ആകുമോ എന്ന് ഒരുപക്ഷേ അവർ ചിന്തിച്ചിട്ടുണ്ടാക്കാം.

എൻഡിഎയുടെ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിയുടെ പാർലമെന്റ് അംഗം ഹനുമാൻ ബിനിവാളാണ് വസുന്ധരയുടെ നീക്കങ്ങൾ ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയത്. രാജസ്ഥാനിലെ ജാട്ട് എംഎൽഎമാരെ വസുന്ധര രാജ സ്വകാര്യമായി വിളിച്ചു വരുത്തി ഇക്കാര്യം പറഞ്ഞതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നത്. 2018ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുൻമ്പ്  വസുന്ധര രാജയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായ ഹനുമാൻ ബനിവാൾ ബിജെപിയിൽ നിന്ന് രാജി വെച്ചാണ് രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിയിൽ ചേർന്നത്. വസുന്ധര രാജ സിന്ധ്യയുടെ കടുത്ത വിമർശകൻ കൂടിയാണ് ഇദ്ദേഹം. വസുന്ധരയുടെ നീക്കങ്ങൾ  ബിജെപി ഭരണത്തിലെത്തുന്ന സാധ്യതകൾ ഇല്ലാതാക്കുന്നു എന്ന തിരിച്ചറിവ് ആയിരിക്കും ഒരു പക്ഷെ  രഹസ്യങ്ങൾ പരസ്യമാക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.  ബി ജെ പി ഭരണത്തിൽ വന്നാൽ ഒരു മന്ത്രി കുപ്പായം ലഭിക്കുമെന്ന പ്രതീക്ഷയും ഹനുമാൻ ബിനിവാളിന് ഉണ്ടായിരുന്നിരിക്കണം.

എന്തുവില കൊടുത്തും രാജസ്ഥാൻ നിലനിർത്തുക എന്നുള്ള ഉള്ള അശോക് ഗലോട്ടിന്റെ ശ്രമം വിജയിക്കുമോ എന്ന് കണ്ടു തന്നെ അറിയണം. അധികാരത്തിന് വേണ്ടിയുള്ള വടംവലിയിൽ ബിജെപിക്ക്  2014 മുതൽ ഒരു മേൽക്കൈ ഉണ്ട് താനും. കോൺഗ്രസിനെ പൂർണ്ണമായി പിളർത്തി മാറ്റിയ ചരിത്രവും, കോൺഗ്രസിന്റ വിശ്വസ്തരായ എത്രയോ എംഎൽഎമാരെ സ്വന്തം പക്ഷത്തേയ്ക്ക് കൊണ്ട് വന്ന ചരിത്രവും ബിജെപിക്ക് ഉണ്ട് .