കൊറോണയെ ഇത്രയും പേടിക്കണോ ... ? പതിനൊന്നു വയസ്സുകാരന്‍റെ അതിജീവന കഥ
കൊവിഡ് മഹാമാരി ലോക രാജ്യങ്ങളിൽ വ്യാപിച്ചതിന്‍റെ ഫലമായി മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകൾ മരിക്കുകയും, കോടി കണക്കിന് ജനങ്ങൾ രോഗികളാകുകയും ചെയ്തത് വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ സമൂഹ വ്യാപനം തന്നെ ഉണ്ടായി എന്നതാണ് യാഥാർത്ഥ്യം. കേന്ദ്ര , സംസ്ഥാന സംസർക്കാരുകൾ സമ്മതിക്കില്ലെങ്കിലും.
ഡൽഹിയിൽ കൊവിഡിൽ നിന്നും മുക്തനായ പതിനൊന്ന് വയസുകാരന്‍റെ അതിജീവന കഥ അറിഞ്ഞിരിക്കേണ്ടതാണ്. ഡൽഹിയിലെ ഖാൺപൂർ താരാ അപ്പാർട്ടുമെന്‍റിൽ സ്ഥിര താമസമാക്കിയ പത്തനംതിട്ട സ്വദേശി നെൽസന്‍റെ മകനാണ് കൊവിഡ് ബാധിക്കുകയും രോഗമുക്തി നേടുകയും ചെയ്തത്. കഴിഞ്ഞ ആറു മാസത്തിലേറെയായി ഈ മഹാമാരിയെപ്പറ്റി കണ്ടും, കേട്ടും, വായിച്ചും നെൽസണും കുടുംബവും കഴിയുകയാണ്. അതുകൊണ്ട് തന്നെ മനസ്സിലെ ഭയം വിട്ടകന്നൊരു അവസ്ഥയിലായി അവർ. ഇന്നല്ലെങ്കിൽ നാളെ ഈ കൊറോണ വീട് സന്ദർശിച്ചു പോകുമെന്ന് അവർ ചർച്ചയും ചെയ്തു.
ജൂലൈ 3 ന് പതിവു ദിനചര്യകൾ പൂർത്തിയാക്കി നെൽസണും കുടുംബവും ഉറങ്ങാൻ കിടന്നു. അടുത്ത ദിവസം കാലത്ത് മകൻ ആരോൺ നെൽസൺ എഴുന്നേറ്റതും, കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളം കുടിച്ചതും ഛർദിച്ചു. മുഖം കഴുകാൻ ബാത്ത് റൂമിലേക്ക് പോയതും ചെറിയ തല കറക്കം അനുഭവപ്പെടുന്നതു പോലെ തോന്നുന്നതായി മകൻ പറഞ്ഞു. മകനെ കട്ടിലിൽ കിടത്തി. അര മണിക്കൂർ കഴിയുമ്പോഴെക്കും ശരീര ഊഷ്മാവ് വർദ്ധിക്കുന്നതു പോലെ. പനി നോക്കി 100. അല്പം കഴിയുംതോറും 101.... 102 ലേക്ക് എത്തി. വീട്ടിലുണ്ടായിരുന്ന പാരസെറ്റമോൾ നൽകി. പനി അടുത്ത നാലു മണിക്കൂർ ശാന്തം. വീണ്ടും പനി കൂടുവാൻ തുടങ്ങി.
പനി വന്നാൽ മറ്റു സംശയത്തിന്‍റെ ആവശ്യമില്ലല്ലോ, സാമൂഹിക നന്മയെ കരുതി പിന്നെ ഒന്നും ആലോചിച്ചില്ല. ഇന്ത്യയിലെ ആദ്യ പ്ലാസ്മ ബാങ്ക് സൗകര്യമുള്ള വസന്ത് കുഞ്ചിലെ ILBS ആശുപത്രിയിൽ പോയി. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ഫ്ലൂ ക്ലിനിക്കിലെത്തി. മകന് യാതൊരു പേടിയോ, ആശങ്കകളോയില്ലാത്തതിനാൽ, കൊറോണ ടെസ്റ്റിനുള്ള സാമ്പിൾ നെൽസൺ നൽകി..
കൊച്ചു
കുട്ടികൾക്ക് അസുഖം വന്നാലുള്ള ആശങ്ക മാതാപിതാക്കൾക്ക് ഉണ്ടല്ലോ. അത്
നെൽസണേയും അലട്ടി. പ്രാർത്ഥനയുടെ അര മണിക്കൂർ. അപ്പൊഴെക്കും റാപ്പിഡ്
ടെസ്റ്റ് റിസൾട്ടെത്തി. പോസിറ്റീവ് തന്നെ. നെൽസൺ മകനെ വീട്ടിലെത്തിച്ചു.
ഇനി നെൽസൺ തന്നെ പറയും. നെൽസന്‍റെ കുടുംബത്തിന്‍റെ കൊവിഡ് അനുഭവം. മകന്‍റെ
അതിജീവനത്തിന്‍റെ കഥ.
"ഒരു റൂമിൽ കയറ്റി മകനെ ഐസലോഷനിലാക്കി. അതിനിടയിൽ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ അവൻ ഉറങ്ങാൻ കിടന്നു. ആർടിപിസിആർ പരിശോധനാ ഫലത്തിനായി രാത്രിവരെ കാത്തിരുന്നു. അതും പോസിറ്റിവായതോടെ. ഞങ്ങൾ പ്രതിരോധത്തിലേക്ക് വലിഞ്ഞു. അടുത്ത ദിവസം കാലത്ത് മുതൽ അവൻ സാധരണ നിലയിലെത്തി. എല്ലാവരും പറയും പോലെയുള്ള കൊവിഡ് രോഗികളുടെ യാതൊരു ലക്ഷണങ്ങളുമില്ല.
ആദ്യ ദിനത്തിലെ 10 മണിക്കൂർ ചെറിയൊരു ടെമ്പറേച്ചർ കൂടുതൽ മാത്രം. രുചിക്കുറവോ, മണത്തിനു പ്രശ്നങ്ങളോ, വിശപ്പില്ലായ്മയോ, തൊണ്ടയിൽ വേദനയോ, ശ്വാസം മുട്ടലോ ഒന്നും തോന്നിയില്ല. ആകെ അവനു നേരിടേണ്ടി വന്നത് അഞ്ച് വയസ്സുകാരൻ അനിയനൊപ്പം കളിക്കാൻ പറ്റാതിരുന്നതും, പത്താം ക്ലാസുകാരനായ ചേട്ടനൊപ്പം വഴക്കുകൂടാൻ പറ്റാതിരുന്നതുമാണ് പ്രതിസന്ധിയായത്. കാരണം ഞങ്ങൾ എല്ലാവരും മറ്റു റൂമിലേക്ക് മാറിയിരുന്നു "
"അവനും സന്തോഷം, മാതാപിതാക്കളുടെ ശകാരം കേൾക്കണ്ട. അവരുടെ കരുതലിൽ കൃത്യസമയം പരിപാലനവുമായി അവന്‍റെ സ്വാതന്ത്ര്യത്തിൽ 17 ദിനരാത്രങ്ങൾ സന്തോഷത്തോടെ കഴിഞ്ഞു പോയി. വായിക്കാൻ ഒരു ബൈബിളും, കുറെ കഥ പുസ്തകം നൽകി, ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തും, നേരം പോക്കിനായി ഒരു മെബൈൽ നൽകി.. യാതൊരു ഭയാശങ്കകളുമില്ലാതെ ആത്മധൈര്യത്തോടെയാണ് അവൻ കൊറോണയെ പ്രതിരോധിച്ചത്, അതിജീവിച്ചത്. "
കൂടുതൽ
പേരും ആശങ്കാകുലരാകുന്നത് കൊണ്ടാണ് രോഗം പലരിലും മൂർച്ഛിക്കുന്നത് എന്നാണ്
നെൽസന്‍റെ പക്ഷം. ഒരു സാധാരണ പനിയായി കണ്ട് ആത്മധൈര്യത്തോടെ
നേരിടുകയെന്നതാണ് ആദ്യപടി.
സമൂഹ വ്യാപനത്തിനു പ്രധാന കാരണം രോഗലക്ഷണങ്ങളില്ലാത്ത കടന്നു വരുന്ന
രോഗമാണ്. കൊവിഡ് രോഗം മറച്ചുവെക്കേണ്ട രോഗമായാണ് പലരും കരുതുന്നത്. രോഗം
പിടിപ്പെട്ടെന്ന നാണക്കേട് ഒഴിവാക്കാൻ പലരും ടെസ്റ്റിനു പോലും
വിധേയരാകുന്നില്ല.
ഒരു
ദിവസത്തെ പനിയോ, ചുമയോ, തൊണ്ടവേദനയോ, വയറിളക്കമോ, ഛർദ്ദിയോ നിസ്സാരമായി
കണ്ട് ടെസ്റ്റിനു വിധേയരാകാതിരിക്കുമ്പോൾ രോഗവുമായി സമൂഹത്തിലേക്ക് ഇറങ്ങി
സമ്പർക്കത്തിലൂടെ മറ്റുള്ളവരിലുമെത്തിക്കുന്നു. അങ്ങനെ രോഗവ്യാപന സാധ്യതകൾ
നമ്മളായി തന്നെ വർദ്ധിപ്പിക്കുന്നു.
സത്യത്തിൽ അതിനുള്ള കാരണക്കാരും ഈ പൊതു സമൂഹം തന്നെയാണ്. കൊറോണ രോഗം റാന്നിയിൽ റിപ്പാർട്ടു ചെയ്തപ്പോൾ അവർക്കു നേരെ സമൂഹമാധ്യമത്തിലൂടെ പരിഹാസങ്ങളുടെ ഒഴുക്കായിരുന്നു. അത് ചെന്നെത്തിച്ചത് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അന്യസംസ്ഥാനത്തു നിന്നെത്തിയവരെയും, പ്രവാസികളെയും അപമാനിച്ചതും, വെറുപ്പിച്ചതും ചില്ലറയല്ല. അതു കൊണ്ടു തന്നെ പലരും രോഗം സ്ഥിരീകരിക്കാതെ പുറത്തിറങ്ങി നടന്നിട്ടുണ്ടാകാം. അതിന്‍റെ ഫലമാണ് ഇന്ന് ആയിരത്തിനു മേൽ രോഗികളുടെ എണ്ണം വർദ്ധിച്ചതും.
നെൽസന്‍റെ മകന് കൊവിസ് പോസിറ്റീവായത് ആക്ഷേപമായി കാണാതെ, സ്വന്തക്കാരെയും, ബന്ധുക്കളെയും, അയൽവാസികളെയും നെൽസൺ വിളിച്ചറിയിച്ചു. ഒപ്പം ഫെയ്സ്ബുക്കിൽ പോസ്റ്റും ചെയ്തു. എല്ലാവരോടും കഴിവതും അകന്ന് നിൽക്കാൻ അഭ്യർത്ഥിച്ചു. വേണമെങ്കിൽ ഇതൊന്നും ചെയ്യാതെ പുറത്തിറങ്ങി തെക്കോട്ടും വടക്കോട്ടും നെൽസന് നടക്കാമായിരുന്നു. സമൂഹ നന്മ ആഗ്രഹിക്കുന്നവർക്ക് അത് പറ്റില്ലല്ലോ.
നെൽസണും കുടുംബവും ദൈവ വിശ്വാസികളാണ്. അവർ രണ്ടു നേരം ബൈബിൾ വായിച്ച് പ്രാർത്ഥിച്ചു. കൂടാതെ പൊതുവായി എല്ലാവരും ചെയ്യുന്ന ചുക്കു കാപ്പിയും, ആയുർവേദത്തിൽ പറയും പ്രകാരമുള്ള ഔഷധ മൂല്യമുള്ള സാധനങ്ങൾ ഇട്ട് തിളപ്പിച്ച വെള്ളവും കുടിച്ചു. ഉപ്പുവെള്ളം കവിൾ കൊണ്ടു, ആവിയും പിടിച്ചു. മരുന്നായി മറ്റൊന്നും കഴിച്ചില്ല. രുചികരമെന്നു തോന്നുന്ന പോഷകഗുണമുള്ള എല്ലാ ആഹാരങ്ങളും കഴിച്ചു. റിപ്പോർട്ടു പോസിറ്റീവ് എന്നല്ലാതെ, ശാരീരികമായോ, മനസ്സികമായോ യാതൊരു പ്രശ്നങ്ങളുമില്ലാതെ നെൽസന്‍റെ മകൻ സുഖം പ്രാപിച്ചു. ഭാഗ്യമെന്നു പറയട്ടെ ആരോഗ്യ പ്രവർത്തകയായ അമ്മ റീന ഉൾപ്പെടെ വീട്ടിൽ മറ്റാർക്കും ഇതുവരെ ഈ രോഗം പിടിപെട്ടിട്ടില്ല. നാളെ എന്താകുമെന്നു പറയുന്നില്ല.
ലോക്ക് ഡൗൺ പിൻവലിച്ചതു മുതൽ ജനജീവിതം സാധാരണ നിലയിലേക്ക് സജീവമായ ഡൽഹിയിൽ ആക്ടിവ് കേസുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് നിന്ന സംസ്ഥാനമായിരുന്നെങ്കിൽ ഇന്നത് എട്ടാം സ്ഥാനത്താണ്. കണക്ക് പ്രകാരം ഒന്നര ലക്ഷത്തിൽ തഴെ പേർക്ക് രോഗം റിപ്പോർട്ടു ചെയ്തുള്ളുവെങ്കിലും, 50 ലക്ഷം പേരിൽ രോഗം വന്നു പോയെന്നാണ് സർവ്വേ റിപ്പോർട്ട്.
പക്ഷേ കേരളത്തിൽ കൊറോണയെ ഇത്രമാത്രം ഭയപ്പെടുന്നതെന്തിനാണ്. ഒരു പക്ഷേ രോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരളം രണ്ടാം സ്ഥാനത്തേക്ക് എത്തപ്പെടാം.. പക്ഷേ ഭയപ്പൊരുത്. രോഗം വരുന്നത് ഒരു കുറവോ കുറ്റമോ ആയി കാണാതെ, അവർക്കു വേണ്ട കാവലും, കരുതലമായി, ആവശ്യമായ സഹായങ്ങളുമായി സാമൂഹ്യ അകലം പാലിച്ച് അവരെ നമ്മുടെ സഹോദരങ്ങളായി പരസ്പരം ചേർത്തു പിടിക്കുക. ആത്മധൈര്യം നൽകുക.
രോഗവിവരം അറിഞ്ഞത് മുതൽ എല്ലാ ദിവസത്തളിലും സ്നേഹനിധികളായ നിരവധി സുഹൃത്തുക്കൾ വീടിന്‍റെ വാതിലിൽ ആവശ്യത്തിലധികം സാധനങ്ങൾ എത്തിച്ചു തന്നതായി നെൽസൺ പറഞ്ഞു. അത് കൊണ്ട് തന്നെ ഒരു ബുദ്ധിമുട്ടോ, പ്രയാസങ്ങളോ ഒരിക്കൽ പോലും അനുഭവിക്കേണ്ടി വന്നില്ല. സഹായിക്കാനെത്തിയവരിൽ ആർക്കും ഒരു ഭയമോ, ആശങ്കയോ നെൽസണ് കാണുവാനും സാധിച്ചില്ല. പ്രതിസന്ധിഘട്ടത്തിൽ അന്വേഷിച്ചവർക്കും, സഹായിച്ചവർക്കും, പ്രാർത്ഥനയിൽ നെൽസണും കുടുംബവും നന്ദി പറഞ്ഞു. ഒപ്പം ഒരു ഓർമ്മപ്പെടുത്തലും. രോഗിയോടല്ല പൊരുതേണ്ടത്. രോഗത്തോടാണ്.
