കോവിഡ് മരണത്തെ ജനങ്ങൾ ഭയക്കുന്നു

കോവിഡ് മരണത്തെ  ജനങ്ങൾ ഭയക്കുന്നു
സുധീർനാഥ്

കോവിഡ് മൂലം മരണമടയുന്ന വ്യക്തിയെ  സമൂഹം ഒറ്റപ്പെടുത്തുന്നു എന്നത് ജനങ്ങളിൽ രാജ്യത്താകമാനം വലിയ ആശങ്ക ഉണ്ടാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതുകൊണ്ടു തന്നെ  സ്വന്തക്കാരുടെ മരണങ്ങൾ കൊവിഡ് മൂലമല്ല എന്ന് സമൂഹത്തോട് പറയുവാൻ കുടുംബക്കാരും അവരെ പിന്തുണയ്ക്കുന്ന സംഘടനകളും വ്യാപകമായി ശ്രമിക്കുന്നുണ്ട്. അവരുടെ ആശങ്ക ന്യായമാണ്. 

രാജ്യതലസ്ഥാനമായ ഡൽഹിയിൽ തന്നെ ഇത്തരം ഒറ്റപ്പെടുത്തലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്തിനേറെ പറയുന്നു, ക്വാൻ്റയിനിൽ കഴിഞ്ഞ വ്യക്തിയുടെ വീട് അടിച്ച് തകർത്തത് സമ്പൂർണ്ണ സാക്ഷരത നേടിയ കേരളത്തിലാണ്. അയാൾ കോവിഡ് രോഗി ആയിരുന്നില്ല എന്നത് സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ചെന്നൈയിൽ നിന്ന് നാട്ടിലെത്തിയ മാധ്യമ പ്രവർത്തക രേഖ ചന്ദ്ര പങ്കുവെച്ച വിവരം വളരെ ഞെട്ടിക്കുന്നതാണ്. കോഴിക്കോട് സ്വന്തം ഫ്ലാറ്റിൽ എത്തിയ അവരെ ചുറ്റുമുള്ളവർ മാനസികമായി പീഢിപ്പിക്കുന്നതായി പറയുന്നു. ഫോണിലൂടെ പോലും ആശ്വാസ വാക്കല്ല, മറിച്ച് ആരോപണങ്ങൾ കേൾക്കേണ്ടി വന്നു എന്നാണ് അവർ പറഞ്ഞത്. തൃശ്ശൂരിൽ ഒരു യുവാവ് ബാംഗ്ലൂരിൽ നിന്ന് വന്ന് മഴയത്ത് സ്വന്തം അപ്പാർട്ട്മെൻ്റിൻ്റെ ഗേറ്റിന് പുറത്ത് ഇരുന്നത് വാർത്തയായിരുന്നു. അപ്പോൾ രാജ്യത്തെ ഗ്രാമങ്ങളിലെ സ്ഥിതി ഇതിൽ ഒട്ടും മറിച്ചല്ല എന്ന് നമുക്ക് അനുമാനിക്കാം. ജനങ്ങൾ ഭയപ്പെടുന്ന ഒറ്റപ്പെടലിനെ മറികടക്കാൻ കോവിഡ് മരണങ്ങൾ മൂടി വെക്കപ്പെടുന്നു എന്നത് അംഗീകരിച്ചേ മതിയാകൂ.

കോവിഡ് മരണമല്ല എന്ന വിശ്വാസത്തിൽ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് പലർക്കും രോഗം പടർന്ന റിപ്പോർട്ടുകളും ഉണ്ട്. മരണമടഞ്ഞ വ്യക്തിയിൽ നിന്ന് രോഗം പടരാൻ സാധ്യത വളരെ കുറവാണ്. പക്ഷെ, മരണമടഞ്ഞ വ്യക്തിയുടെ ഏറ്റവും അടുത്ത ആളുകളായിരിക്കും മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നത്. അവർ മിക്കവാറും കൊറോണ വൈറസ് വാഹകരാക്കാൻ സാധ്യത ഏറെ ആണ്. അവരായിരിക്കുമല്ലോ മരണമടഞ്ഞ വ്യക്തിയോട് ഏറ്റവും അടുത്ത് പെരുമാറിയത്. ഇങ്ങനെ കോവിഡ് മരണം മറച്ച് വെയ്ക്കുന്നത് ദൂരവ്യാപകമായ അപകടവുമുണ്ട്.

ഡൽഹിയിൽ കോവിഡ് മരണ നിരക്കിൽ സർക്കാർ നൽകുന്ന കണക്കും, ശ്മശാനങ്ങളിൽ കോവിഡ് പ്രോട്ടോകേൾ പ്രകാരം സംസ്ക്കരിക്കുന്ന ശരീരങ്ങളുടെ കണക്കും തമ്മിൽ വലിയ അന്തരമുള്ളത് ഇപ്പോൾ ചർച്ചാ വിഷയമാണ്. ഡൽഹിയിൽ മാർച്ച് മാസം മുതൽ ഉണ്ടായ പല മരണങ്ങളും കോവിഡ് മൂലമല്ലെന്ന് സ്വകാര്യ ആശുപത്രികൾ വ്യാപകമായി സർട്ടിഫിക്കറ്റ് നൽകി കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്ക്കരിക്കുകയുണ്ടായി. സ്വകാര്യ ആശുപത്രികളിൽ നിന്ന് മറ്റ് രോഗികൾ നഷ്ടപ്പെടാതിരിക്കാനായിരുന്നു അങ്ങിനെ ചെയ്തത് എന്ന് വിലയിരുത്തപ്പെടുന്നു. പക്ഷെ ഇപ്പോൾ മരണപ്പെടുന്നവരുടെ ബന്ധുക്കൾ തന്നെ കോവിഡ് ഇല്ല എന്ന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ഡൽഹിയിലെ സ്വകാര്യ ആശുപത്രികളിൽ ആദ്യകാലങ്ങളിൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരുന്നില്ല. ഇപ്പോൾ സ്ഥിതി മാറി സ്വകാര്യ ആശുപത്രികൾ പരസ്യം നൽകിയാണ്  കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ക്വാറന്റയിനും, ശുശ്രൂഷയ്ക്കും മൂന്നു ലക്ഷം മുതൽ മുതൽ നാല് ലക്ഷം വരെ വളരെ ചെറിയ ആശുപത്രികൾ ഈടാക്കുന്നുണ്ട്. വലിയ സൗകര്യമുള്ള ആശുപത്രികൾ ദിവസേന ഒരു ലക്ഷത്തോളം രൂപ രോഗികളിൽ നിന്ന് ഈടാക്കുന്നു എന്നാണ് റിപ്പോർട്ട്. ഇതിനെ നിയന്ത്രിക്കാൻ സർക്കാരുകൾ ഇതുവരെ വരെ തയ്യാറായിട്ടില്ല. 

ഡൽഹിയിലെ എന്നല്ല രാജ്യത്തെ സ്വകാര്യ ആശുപത്രികൾ മിക്കതും കൊറോണ ചികിത്സ ഒരു വരുമാനമാർഗം ആക്കി മാറ്റിയിരിക്കുന്നു എന്ന് തന്നെയാണ് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികൾ വിലയിരുത്തുന്നത്. സ്വന്തം ജീവൻ നിലനിർത്താൻ തന്റെ ജീവിത സമ്പാദ്യം മുഴുവൻ ചെലവഴിക്കാൻ ജനങ്ങൾ തയ്യാറെടുക്കുന്നു എന്നത് ഈ ചൂഷണത്തിന് കൂടുതൽ പ്രേരകശക്തി ആകുന്നു.