കോവിഡ് കാലത്തെ ഒരു അനുഭവ കഥ.

കോവിഡ് കാലത്തെ ഒരു അനുഭവ കഥ.
സുധീർനാഥ് 

എറണാകുളത്തുള്ള യൂത്ത് കോൺഗ്രസ്സ് നേതാവും, സുഹൃത്തുമായ സേതു രാജ് കടയ്ക്കൽ ഫോണിൽ വിളിച്ചു. കേരളത്തിൽ മരണപ്പെട്ട തോമസ് സാമുവലിൻ്റെ മാതാവും, സഹോദരിയും ഡൽഹിയിലുണ്ട്. അവരെ നാട്ടിലെത്തിക്കാൻ സഹായിക്കണം. തിരുവനന്തപുരം ടൈറ്റാനിയത്തിലെ ഉദ്യോഗസ്ഥനും, അറിയപെടുന്ന ഫുട്ബോൾ താരവുമാണ് തോമസ് സാമുവൽ എന്ന സന്ദു. സഹോദരി നേഴ്സാണ്. രണ്ട് മക്കൾ. രണ്ട് വയസും, മൂന്ന് വയസും. അവരുടെ ഭർത്താവ് അബുദാബിയിൽ. പേരും മറ്റ് വിവരങ്ങളും ശേഖരിച്ച് സാഹചര്യം കാണിച്ച് നോർക്ക ഉദ്യോഗസ്ഥർക്ക് എഴുതി. അവർ അനുകൂല നിലപാടെടുത്തു. അവർക്ക് ഡൽഹിയിൽ നിന്ന് കേരളത്തിലേയ്ക്കുള്ള പ്രത്യേക തീവണ്ടിയിലെ യാത്രക്കാരുടെ ലിസ്റ്റിൽ ഇടം കിട്ടി. 

മെയ് 20ന് രാവിലെ രോഹിണി സെക്റ്റർ 24 ലെ ഡൽഹി പബ്ലിക്ക് സ്ക്കൂളിലാണ് മെഡിക്കൽ സ്ക്രീനിങ്ങ്. ഇവർ രാവിലെ എത്തി. കടുത്ത ചൂടിൽ അമ്മ തല കറങ്ങി വീണു. ഫോർ യു, വിത്ത് യു, ആൾവേയ്സ് (നിങ്ങൾക്കായ്, നിങ്ങളോടൊപ്പം, എപ്പോഴും) എന്ന മുദ്രാവാക്യവുമായി ചീറി പായുന്ന ഡൽഹി പോലീസ്‌ അവിടെ ഉണ്ടായി. കേരള ഉദ്യോഗസ്ഥനെ വിളിച്ച് കൊണ്ടുവരാൻ നിർദ്ദേശിച്ച് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പോയി. കേരള സർക്കാരിൻ്റെ രോഹിണിയിൽ ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥൻ എത്തി. സുഖമില്ലാത്തവരെ കൊണ്ടുപോകാൻ പറ്റില്ലെന്ന് പറഞ്ഞ് അദ്ദേഹം പോയി. പോലീസ് ഉദ്യോഗസ്ഥൻ രണ്ടാമതും അതുവഴി വന്നപ്പോൾ സ്ത്രീ അവിടെ തന്നെ കിടക്കുന്നു. കേരള ഉദ്യോഗസ്ഥനെ വിളിച്ച് ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ പറയണമെന്ന് പറഞ്ഞ് അയാൾ പോയി. കേരള സർക്കാർ ഉദ്യോഗസ്ഥൻ വീണ്ടും വന്നു. അയാൾ തിരിച്ച് പോയി. കേരള സർക്കാരിൻ്റെ കാറവിടെ ഉണ്ടായിട്ടും അനങ്ങിയില്ല. ചുറ്റിനും നൂറോളം പേർ സാക്ഷിയായി നോക്കി നിൽക്കുന്നു. മറ്റാരും സഹായിച്ചില്ല. 

സേതു വീണ്ടും വിളിച്ചു. സംഭവം വിവരിച്ചു. ഞാൻ സഹോദരിയെ വിളിച്ചു. ആരുമില്ല. രക്ഷിക്കാമോ... സഹായിക്കാമോ...?. കരച്ചിലായിരുന്നു. ഞാൻ ജേഷ്ഠ സഹോദരനായ ഞങ്ങളുടെ അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന എം സി ഡി യിലെ ഉദ്യോഗസ്ഥനുമായിരുന്ന രാജേന്ദ്രൻ ചേട്ടനേയും കൊണ്ട് ഡൽഹി പബ്ലിക്ക് സ്ക്കൂളിന് സമീപമെത്തി. ആയിരക്കണക്കിന് ആളുകൾ യാത്രയ്ക്ക് തയ്യാറായി അവിടെ ഉണ്ട് .... ഏറെ പണിപ്പെട്ട് അവരുടെ അടുത്തെത്തി....

രോഹിണി സെക്റ്റർ 24 ൽ റോഡരുകിൽ കരിയിലകൾക്കിsയിൽ ബോധമില്ലാതെ ഒരു സ്ത്രീ. ഞാൻ എൻ്റെ അമ്മയെ മനസിൽ കണ്ടു. നിസഹായയായ സഹോദരി. ആരും പരിസരത്ത് പോലും അടുക്കുന്നില്ല. ഞാൻ ആ അമ്മയെ താങ്ങി മരത്തിൽ ചാരി ഇരുത്തി. ദേഹത്ത് പറ്റിയ മണ്ണും കരിയിലയും മാറ്റി. സഹോദരി വെള്ളം കൊടുത്തു. കുട്ടികൾ ഒന്നുമറിയാതെ കളിച്ചു കൊണ്ടിരിക്കുന്നു. അവർക്ക് എങ്ങിനേയും നാട്ടിൽ എത്തണം. അവരെ കൂട്ടി കേരള സ്ക്കൂളിലെത്താൻ നോർക്ക ഓഫീസർ പറഞ്ഞു.

ഞാനവരെ എൻ്റെ കാറിൽ കയറ്റി. യാത്രക്കിടയിൽ സഹോദരി പറയുന്നു. എനിക്ക് പേടിയാകുന്നു. അമ്മ വല്ലാതാകുന്നു. കാറിലെ കണ്ണാടിയിൽ ഞാൻ കണ്ടു. അമ്മയുടെ മലർന്ന് പോകുന്ന കണ്ണുകൾ വായ പൊളിച്ചിരിക്കുന്നു. അവസ്ഥ ഭയങ്കരമാണ്. രാജേന്ദ്രൻ ചേട്ടൻ എന്നോട് ഹോസ്പിറ്റലിലേയ്ക്ക് കാറെടുക്കാൻ പറഞ്ഞു. ഞങ്ങൾ അവരെ രോഹിണിയിലെ സ്വകാര്യ ആശുപത്രിയിലാക്കി. അവർ കൊണ്ടുവന്നപ്പോൾ അത്യാസന്ന നിലയിലായിരുന്നു എന്ന് നേഴ്സിങ്ങ് സൂപ്രണ്ട് പറഞ്ഞു. സമയത്തിന് എത്തിച്ചത് നന്നായി. ജീവൻ തിരിച്ച് പിടിച്ചത് അത് കൊണ്ടു മാത്രമാണ്.

കേരളത്തിൽ മകൻ മരിച്ചു. കേരളത്തിലേയ്ക്കുള്ള യാത്ര മുടങ്ങി. പക്ഷെ അവരിപ്പോൾ ജീവിതത്തിലേയ്ക്ക് തിരിച്ച് വന്നിരിക്കുന്നു. സഹായം നൽകിയ യുഎൻഎ ഭാരവാഹികൾ, നേഴ്സുമാർ എല്ലാവർക്കും നന്ദി.