കട്ട് കട് കട് കട് ചരിത്രമായി

കട്ട് കട് കട് കട് ചരിത്രമായി
സുധീര്‍ നാഥ്

കട് കട്ട്...
കട്ട് കട് കട് കട്...
കട്ട് കട് കട്ട് കട്.....
കട്ട് കട് കട്.... എന്ത് മനസിലായി എന്ന് ചോദിച്ചാല്‍ ഒന്നും മനസിലായില്ല എന്നാകും മറുപടി.  ഇതാണ് ടെലിഗ്രാഫ് ഭാഷ എ, ബി, സി, ഡി എന്നാണ് ആദ്യം എഴുതിയത്. കട് എന്നാല്‍ കുത്ത്. കട്ട് എന്നാല്‍ വര എന്നുമാണ് എഴുതേണ്ടത്. ആ ഭാഷ പഠിക്കുന്നതിന് പണ്ട് ടൈപ്രേറ്റിങ്ങ്, ഡിറ്റിപി പഠന കേന്ദ്രം പോലെ ടെലിഗ്രാഫ് പഠന കേന്ദ്രവും ഉണ്ടായിരുന്നു. ടെലി എന്നതിന് അകലെ എന്നും ഗ്രാഫിന്‍ എന്നതിന് എഴുതുക എന്നുമാണ് അര്‍ത്ഥം. അകലെ നിന്ന് എഴുതുന്നതിനെ ടെലിഗ്രാം എന്ന് പറയുന്നു.

ഇപ്പോള്‍ ടെലിഗ്രാമും ചരിത്രമാണ്. മൊബൈല്‍ ഫോണുകള്‍ വന്ന ഈകാലത്ത് ടെലിഗ്രാഫിനെ കുറിച്ച് ഓര്‍ക്കുന്നത തന്നെ രസകരമാണ്. ഒരുപക്ഷെ ഇത് കണ്ടിട്ടില്ലാത്തവര്‍ക്ക് അത്ഭുതവും. നീണ്ട 160 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ടെലിഗ്രാം സര്‍വീസുകള്‍ ഔദ്യോഗികമായി അവസാനിപ്പിക്കാന്‍ ഇന്ത്യയില്‍ 2013 ജൂലൈ 15ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. നീണ്ട 160 വര്‍ഷത്തെ സേവനത്തിന് ശേഷം ചരിത്രതാളുകളിലേയ്ക്ക് വഴി മാറുമ്പോള്‍ എത്ര എത്ര സന്തോഷവും ദുഃഖവും നിറഞ്ഞ സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടാകും. ടെലിഗ്രാമിന്‍റെ വരവിന് പിന്നാലെ എത്ര എത്ര വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങള്‍  ഇന്ത്യയില്‍ എത്തപ്പെട്ടു.

ഒരു ചിത്രകാരന്‍ കൂടിയായ മോഴ്സ് സാമുവല്‍ ഫിന്‍ലെ ബ്രീസ് എന്ന യുഎസ് സ്വദേശിയാണ് ടെലിഗ്രാഫില്‍ ഉപയോഗിക്കുന്ന കോഡ് കണ്ടു പിടിച്ചത്.  കോഡിത സന്ദേശങ്ങള്‍ ചിഹ്നങ്ങള്‍ വഴി അകലങ്ങളിലേക്ക് അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന വൈദ്യുതകാന്തിക സംവിധാനത്തെ അതുകൊണ്ട് മോഴ്സ് കോഡ് എന്നാണ് പറയുന്നത്. ഇന്ന് കമ്പ്യൂട്ടര്‍ രംഗത്ത് ഉപയോഗിക്കുന്നത് മോഴ്സ് കോഡ് അടിസ്ഥാനമാക്കി തന്നെയാണ്. പണ്ട് രണ്ട് കോഡുകള്‍ മാത്രമായിരുന്നെങ്കില്‍ ഇന്നത് എണ്ണമറ്റതായി. ഇന്ന് കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന ഓരോ ഭാഷകള്‍ക്കും സ്വന്തമായി കോഡുകള്‍ ഉണ്ട്.

പിതാവ് പ്രശസ്തനായ ഭൂവിജ്ഞാനിയായിരുന്നെങ്കിലും മോഴ്സ് സാമുവലിന്‍റെ താത്പര്യം വിദ്യാഭ്യാസത്തേക്കാള്‍ ചിത്രരചനയിലായിരുന്നു. ചെറുപ്പം മുതല്‍ പിതാവില്‍ നിന്ന് ശാസ്ത്ര പ്രഭാഷണങ്ങള്‍ നിരവധി കേള്‍ക്കുവാന്‍ മോസിസിന് അവസരം ലഭിച്ചിരുന്നു. ഒട്ടേറെ പ്രശസ്ത ചിത്രങ്ങളും ശില്‍പ്പങ്ങളും ചെയ്തിട്ടുള്ള മോസിസിന്‍റെ കൂടി ശ്രമഫലമാണ് നാഷ്ണല്‍ അക്കാദമി ഓഫ് ദി ആര്‍ട്ട് ഓഫ് ഡിസൈന്‍ (ഇന്ന് നാഷ്ണല്‍ അക്കാദമി ഓഫ് ഡിസൈന്‍) 1826ല്‍ സ്ഥാപിതമായത്.

ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ ചിത്രകലയുടേയും ശില്പകലയുടേയും പ്രാഫസറായി സേവനം ചെയ്യുന്ന അവസരത്തിലാണ് ടെലി കമ്യൂണിക്കേഷന്‍ പരീക്ഷണങ്ങളില്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങിയത്. മോസിസിന്‍റെ പരീക്ഷണങ്ങള്‍ക്ക് ഗവണ്‍മെന്‍റ് പ്രോത്സാഹനം നല്‍കി. 1838ല്‍ വരകളും കുത്തുകളും (dashes and dots) ഉള്‍ക്കൊള്ളുന്ന ഒരു കോഡ് ആവിഷ്കരിച്ചു. 1844 മെയ് 24ന് 65 കിലോമീറ്റര്‍ ദൂരേയ്ക്ക്  What hath God wrought  എന്ന സന്ദേശം അയച്ചു. ടെലി കമ്യൂണിക്കേഷന്‍ ചരിത്രത്തിലെ നാഴികക്കല്ലാണ് ഈ സംഭവം.

വരകളും കുത്തുകള്‍ക്ക് പകരം ഹ്രസ്വ ദീര്‍ഘ ശബ്ദങ്ങളിലൂടെ അക്ഷര കൈമാറ്റം ആരംഭിച്ചു. ജര്‍മനിയില്‍ ഇരട്ട സര്‍ക്യൂട്ട് വഴി ഒരേ സമയം വിപരീത ദിശയിലേയ്ക്ക് സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടു. 1874ല്‍ തോമസ് എഡിസണ്‍ നാല് സന്ദേശം ഒരേ സമയം അയക്കുന്നരീതി വിജയകരമാക്കി. ഷാന്‍ മോറീസ് എമിലി ബോദോ മള്‍ട്ടിപ്ലെക്സ് കണ്ടുപിടിച്ചതോടെ ഒരേ സമയം അയക്കാവുന്ന സന്ദേശങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. മോഴ്സ് മെഷിനില്‍ നിന്ന് ടെലിപ്രിന്‍ററിലേയ്ക്ക് മാറിയതോടെ വേഗതയും കൂടി.

1833 ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ഇന്ത്യയില്‍ ആദ്യത്തെ ടെലിഗ്രാം സര്‍വ്വീസിനായുള്ള ശ്രമത്തിന് തുടക്കം കുറിച്ചത്. 24 വയസുള്ള ഡോക്ടര്‍ വില്ല്യം ബ്രൂക്ക് ഒഷുഗ്നെസിയെയാണ് ചുമതല എല്‍പ്പിച്ചത്. 1850ല്‍ അങ്ങിനെ ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാഫ് സര്‍വ്വീസ് ആരംഭിച്ചു. കല്‍ക്കത്തയില്‍ നിന്നും ഡയമഡ് ഹാര്‍ബര്‍ വരെയുള്ള 43.5 കിലോമീറ്റര്‍ ദൂരമായിരുന്നു ആദ്യ ടെലിഗ്രാഫ് ലൈന്‍. 1856ല്‍ 46 കേന്ദ്രങ്ങളില്‍ കൂടി ടെലിഗ്രാഫ് സേവനം വ്യാപകമാക്കി.

1980 കാലഘട്ടമാണ് ടെലിഗ്രാഫ് സന്ദേശങ്ങളുടെ സുവര്‍ണ്ണ സമയം. അക്കാലത്ത് ഒരു ലക്ഷത്തിലേറെ ടെലിഗ്രാഫ് സന്ദേശങ്ങളാണ് ദിവസേന ദില്ലിയിലെ പ്രധാന ഓഫീസില്‍ കൈകാര്യം ചെയ്തു കൊണ്ടിരുന്നത്. 45, 000 ടെലിഗ്രാഫ് ഓഫീസുകളാണ് ഇന്ത്യയില്‍ അക്കാലത്ത് ഉണ്ടായിരുന്നത്. ഇന്ന് വെറും 75 ഓഫീസുകള്‍ മാത്രമാണ് നിലവിലുള്ളത്. 1990 ല്‍ ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് സംവിധാനം വന്നതോടെയാണ് ടെലിഗ്രാഫ് സംവിധാനത്തിന്‍റെ പ്രാധാന്യം ഇല്ലാതായി തുടങ്ങിയത്. ഇന്ന് ടെലിഗ്രാഫ് സന്ദേശങ്ങള്‍ എസ് എം എസ് ആയി മാറിയിരിക്കുകയാണ്.

1857ല്‍ നടന്ന ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര സമരം പരാജയപ്പെട്ടതിന്‍റെ പ്രധാന കാരണം ബ്രിട്ടീഷ് പട്ടാളത്തിന് ലഭിച്ച ടെലഗ്രാഫ് സംവിധാനമായിരുന്നെന്ന് ലോഡ് ഡെല്‍ഹൗസി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര നീക്കങ്ങള്‍ സമയാസമയം ടെലഗ്രാഫ് സന്ദേശം വഴി മനസിലാക്കിയ ബ്രിട്ടീഷ് പട്ടാളം കരുതലോടെയാണ് നീക്കങ്ങള്‍ നടത്തിയത്. അന്ന് ടെലഗ്രാഫ്  സംവിധാനം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് അന്നേ സ്വാതന്ത്ര്യം ലഭിച്ചേനെ.

ടെലി കമ്മ്യൂണിക്കേഷന്‍ രംഗത്തെ നാല് ഘട്ടങ്ങളായി തിരിക്കപ്പെട്ടിരിക്കുന്നു. ഭാഷയില്ലാതെ ശബ്ദം മാത്രം ദൂര ദേശത്തേയ്ക്ക് എത്തിക്കുക എന്നതാണ് ഒന്നാമത്തേത്. ഉദാഹരണമായി പെരുമ്പറകളും കാഹളങ്ങളും കൊണ്ട് സദ്ദേശം കൈമാറിയ കാലഘട്ടം. രണ്ടാമത്തേത് ദൃശ്യസൂചനകള്‍, ഇത് വിഷ്വല്‍ ടെലിഗ്രാഫി എന്ന് അറിയപ്പെട്ടു. മൂന്നാം ഘട്ടം വയര്‍ ടെലിഗ്രാഫിയും പിന്നീട് കമ്പികള്‍ ഇല്ലാതെ നേരിട്ട് സന്ദേശങ്ങള്‍ ആയക്കുവാന്‍ കഴിയുന്ന റേഡിയോ തരംഗങ്ങളുടെ ഘട്ടം.

2006 ജനുവരി 27ന് അമേരിക്കയും, 2009 ജനുവരി ഒന്നിന് നേപ്പാളും, 2011 മാര്‍ച്ച് ഏഴിന് ആസ്ട്രേലിയയും ടെലിഗ്രാഫ് സംവിധാനം അവസാനിപ്പിച്ചു. ബ്രിട്ടണിലും സ്വിറ്റ്സര്‍ലാന്‍റിലും മറ്റും ടെലിഗ്രാഫ് സംവിധാനം ആശംസകള്‍ കൈമാറാന്‍ മാത്രമായി പരിമിതപ്പെടുത്തി സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ചു. റഷ്യ, ബല്‍ജിയം, കാനഡ, ജര്‍മനി, ജപ്പാന്‍, ഇസ്റേയല്‍, എന്നിവിടങ്ങളില്‍ ഇപ്പോഴും ടെലിഗ്രാഫ് സംവിധാനം നില നില്‍ക്കുന്നുണ്ട്.
ഒട്ടേറെ രസകരമായ സംഭവങ്ങള്‍ ടെലിഗ്രാഫിന്നെ ചുറ്റി പറ്റി ഉണ്ട്. വിവാഹ ആശംസകളും അനുശോചന സന്ദേശങ്ങളും പരസ്പരം മാറിപോയ അനുഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ടെന്ന് വര്‍ഷങ്ങളോളം ടെലിഗ്രാഫ് വകുപ്പില്‍ ജോലി ചെയ്തിട്ടുള്ള ടി. സരോജിനിയമ്മ ഓര്‍ക്കുന്നു. ലൈിഗ്രാഫ് ഓഫീസില്‍ വരുന്ന സന്ദേശങ്ങള്‍ എഴുതി എടുത്ത് വിലാസക്കാരന് എത്തിക്കുകയാണ് പതിവ്. അംഗീക്യത സന്ദേശങ്ങളുടെ സീലുകള്‍ അക്കാലത്ത് ടെലിഗ്രാഫ് ഓഫീസുകളില്‍ ഉണ്ടായിരിക്കും. സീല് മാറിപോകുന്ന അവസരത്തിലാണ് കൂടുതല്‍ അക്കിടികള്‍ പറ്റുന്നതെന്ന് അവര്‍ സാക്ഷ്യപ്പെടുത്തി.

കമ്പി സന്ദേശം വന്നു എന്നാല്‍ എന്തോ കാര്യമായ ഒന്ന് സംഭവിച്ചു എന്നാണ് പണ്ട് ജനങ്ങള്‍ കരുതിയിരുന്നത്. ആശംസകളും മരണവിവരങ്ങളുമാണ് കൂടുതലായും വന്നിരുന്നതെന്ന് സരോജിനിയമ്മ പറയുന്നു. കമ്പി സന്ദേശം കൈപറ്റാന്‍ പലരും വിമുഖത കാണിക്കുകയും ചെയ്തിരുന്നു. ടെലിഫോണുകളുടെ എണ്ണം വളരെ കുറവായിരുന്ന കാലത്ത് ടെലിഗ്രാഫ് സംവിധാനമാണ് സാധാരണ ജനങ്ങള്‍ ഉപയോഗിക്കാറ്. അടിയന്തിര സന്ദേശങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ വിലാസക്കാരന്‍റെ വിലാസത്തോട് അടുത്തുള്ള വീട്ടിലേയ്ക്ക് ഫോണ്‍ വഴി സന്ദേശം കൈമാറുക പതിവായിരുന്നു. ഫോണുള്ള വീട് എന്നാല്‍ പ്രമുഖരുടേതാകും. അവരുടെ വേലക്കാരാകും ടെലിഗ്രാം സൈക്കിളില്‍ ടെലഗ്രാഫ്മെസഞ്ചര്‍ എത്തിക്കുന്നതിന് മുന്‍പായി വിലാസക്കാരനെ സന്ദേശം അറിയിക്കുക.

വളരെ പണ്ട് മുതലേ തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ടവര്‍ക്ക് മാപ്പ് നല്‍കുന്ന പതിവുണ്ട്. തൂക്കിലേറ്റിയ സമയത്തിന് ശേഷം ലഭിക്കത്തക്ക രീതിയില്‍ അതിന് തൊട്ട് മുന്‍പായി മാത്രമേ മാപ്പ് നല്‍കുന്ന വിവരം ടെലഗ്രാമായി എത്തിക്കാറുണ്ടായിരുന്നുള്ളൂ. തൂക്കിലേറ്റിയത് കൊണ്ടുണ്ടാകാവുന്ന ചീത്തപേരും ശാപവും ഒഴിവാക്കുക എന്നതായിരുന്നു നാട്ടുരാജാക്കന്‍മാരടക്കമുള്ളവര്‍ ഇങ്ങനെ ചെയ്യുന്നതിന് പിന്നിലെ രഹസ്യം. ബി എസ് എന്‍ എല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജറായി ടെലാഗ്രാഫ് സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ കെ. കരുണാകരന്‍ ഹൈദ്രബാദ് ടെലിഗ്രാഫ് ഓഫീസില്‍ 1960ല്‍ ഉണ്ടായ അനുഭവം ഓര്‍ക്കുന്നു. രാഷ്ട്രപതി തൂക്കിലേറ്റാന്‍ വിധിച്ച പ്രതിക്ക് മാപ്പ് നല്‍കുന്നതായി സന്ദേശം വരുന്നു. തൂക്കിലേറ്റുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് രാവിലെ രണ്ട് മണിക്കാണ് സന്ദേശം ലഭിക്കുന്നത്. അഞ്ച് മണിക്കാണ് തൂക്കിലേറ്റുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ആഗ്ലോഇന്ത്യനായ ആന്‍റേഴ്സ് ഹൈദ്രബാദ് ചീഫ് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് സന്ദേശം കൈമാറി. അയാള്‍ തൂക്കുമരത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഇത് പിറ്റേന്ന് വലിയ വാര്‍ത്തയായിരുന്നെന്ന് ഹൈദ്രബാദ് ടെലിഗ്രാഫ് ഓഫീസില്‍ നിന്ന് വരമിച്ച കെ. കരുണാകരന്‍ ഓര്‍ക്കുന്നു.

ഫാക്സും ഇമെയ്ലും മറ്റും വരുന്നതിന് മുന്‍പ് പത്രപ്രവര്‍ത്തകര്‍ പ്രധാന വാര്‍ത്തകള്‍ അയച്ചിരുന്നത് ടെലഗ്രാം വഴിയായിരുന്നു. സഖാവ് ഇഎംഎസ്സ് തന്‍റെ അടിയന്തിര രാഷ്ട്രീയ പ്രാധാന്യമുള്ള ലേഖനങ്ങള്‍ മാധ്യമങ്ങള്‍ക്ക് അയച്ചിരുന്നത് ടെലിഗ്രാം വഴിയായിരുന്നെന്ന് അതിന് പലതവണ ദില്ലിയിലെ ടെലിഗ്രാഫ് ഓഫീസില്‍ സാക്ഷിയായ എം എ ബേബി ഓര്‍ക്കുന്നു. പ്രധാന നഗരങ്ങളിലെ ടെലിഗ്രാഫ് ഓഫീസുകളില്‍ പ്രസ്സ് റൂം ഉണ്ടായിരുന്നു. വളരെ ചിലവേറിയതായിരുന്നു ടെലിഗ്രാഫ് ഓഫീസില്‍ നിന്നുള്ള വാര്‍ത്ത അയപ്പ്. ഒരു വാക്കിന് സാദാ ടെലിഗ്രാമിന് രണ്ട് പൈസയും, എക്സ്പ്രസ്സ് ടെലിഗ്രാമിന് നാല് പൈസയുമായിരുന്നു ചാര്‍ജ്. സാദാ ടെലിഗ്രാം മൂന്ന് നാല് മണിക്കൂര്‍ കൊണ്ട് എത്തുമെന്നതിനാല്‍ പത്രപ്രവര്‍ത്തകര്‍ പലരും അതാണ് തിരഞ്ഞെടുക്കുക.

എന്തായാലും ടെലിഗ്രാം സര്‍വ്വീസ് നിര്‍ത്തുക വഴി കോടികളുടെ ലാഭമാണ് സര്‍ക്കാരിന് ഉണ്ടായത്. ടെലിഗ്രാം നിര്‍ത്തിയ 2012  2013 വര്‍ഷത്തെ കണക്കെടുത്താല്‍ 132.49 കോടി രൂപ നഷ്ടം. 142.68 കോടി രൂപയാണ് ഇന്ത്യയിലെ ടെലിഗ്രാം നടത്തിപ്പുകാരായ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ ടെലിഗ്രാം സേവനത്തിനായി ചിലവിട്ടത് എന്നാല്‍ ലഭിച്ച വരുമാനം 9.89 കോടി മാത്രം. അതിവേഗം ആശയവിനിമയം നടന്നു കൊണ്ടിരിക്കുന്ന പുതിയ ലോകത്ത് ടെലിഗ്രാം സര്‍വ്വീസുകള്‍ക്ക് പ്രസക്തി തീരെ കുറവാണ്.

പ്രശസ്തമായ ടെലിഗ്രാം വിശേഷങ്ങള്‍...!!!
മോഴ്സ് സാമുവല്‍ ഫിന്‍ലെ ബ്രീസ് എന്ന യുഎസ് സ്വദേശിയാണ് ടെലിഗ്രാഫ് കണ്ടു പിടിച്ചതും ആദ്യത്തെ ടെലിഗ്രാം സന്ദേശം വാഷിങ്ങ്ടണില്‍ നിന്നും ബല്‍ട്ടിമോറിലേയ്ക്ക് അയച്ചതും." What hath God wrought? "

ലോകപ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന്‍ മാര്‍ക്ക് ട്വിന്‍ മരിച്ചെന്ന വാര്‍ത്തയും, അദ്ദേഹത്തെ കുറിച്ചുള്ള അനുസ്മരണ ലേഖനവും ഒരു ലണ്ടന്‍ പത്രം പ്രസിദ്ധീകരിച്ചു. മാര്‍ക്ക് ട്വിന്‍ പത്രാിപ്രര്‍ക്ക് ഇങ്ങനെ ഒരു കമ്പി സന്ദേശം അയച്ചു "എന്‍റെ മരണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വളരെ അതിശയോക്തിപരമാണ് "

ലോക ചരിത്രത്തില്‍ ആദ്യമായി എറ്റവും ചെറിയ ടെലിഗ്രാം അടിച്ചതിന്‍റെ ക്രഡിറ്റ് എഴുത്തുതാരനായ ഓസ്ക്കാര്‍ വൈല്‍ഡ് ആണ്. പാരീസില്‍ നിന്ന് ബ്രിട്ടണിലുള്ള പ്രസാധകന് ഓസ്ക്കാര്‍ '? ' എന്ന് കമ്പി അയച്ചു. പ്രസാധകന്‍റെ മറുപടി "!" എന്നായിരുന്നു. തന്‍റെ പുതിയ പുസ്തകം എങ്ങിനെ പോകുന്നു എന്നതായിരുന്നു ചോദ്യത്തിലൂടെ ഓസ്ക്കാര്‍ ചോദിച്ചത്. ഗംഭീരം എന്നത് മറുപടിയും.

റൈറ്റ് സഹോദരങ്ങള്‍ 1903ല്‍ ആദ്യമായി വിമാനം പറത്തിയത് നോര്‍ത്ത കരോലീനയില്‍ നിന്ന് ലോകം അറിഞ്ഞത് ടെലിഗ്രാമിലൂടെ. സന്ദേശം ഇതായിരുന്നു,"Successful four flights Thursday morning."

1912 ഏപ്രില്‍ 15 ന് ടൈറ്റാനിക്ക് കപ്പലില്‍ നിന്ന് ഇങ്ങനെ ഒരു അവസാന ടെലിഗ്രാം സന്ദേശം ലഭിച്ചു. "SOS SOS CQD CQD Titanic. Wa are sinking fast. Passengers are being put into boats. Titanic." മുങ്ങികൊണ്ടിരിക്കുന്ന ടൈറ്റാനിക്ക് കപ്പലില്‍ നിന്നുള്ള ഈ സന്ദേശം ചരിത്രത്തിന്‍റെ ഭാഗമാണ്.

എഡ്വേര്‍ഡ് ടെല്ലര്‍ എന്ന ശാസ്ത്രജ്ഞന്‍ തന്‍റെ ആദ്യ ഹൈഡ്രജന്‍ ബോബ് പരീക്ഷണ വിജയം സുഹ്യത്തുക്കളെ അറിയിച്ചത് ടെലിഗ്രാം വഴിയാണ്. "It's a boy"

ന്യൂയോര്‍ക്കര്‍ എഡിറ്റര്‍ ഹെറോള്‍ഡ് റോസിന് പ്രശസ്ത അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ റോബര്‍ട്ട് ബെന്‍ചിലി അയച്ച സന്ദേശം പ്രശസ്തമാണ്. വെനിന്‍സുലയിലേയ്ക്ക് ആദ്യമായി എത്തിയ  റോബര്‍ട്ട് അയച്ച സന്ദേശം ഇങ്ങനെ,"Streets full of water. Please advise."

ടെലിഗ്രാം തമാശകള്‍...!!!

ഒരിക്കല്‍ വടക്കേ ഇന്ത്യക്കാരനായ ബിസിനസുകാരന്‍ മീറ്റിങ്ങിനായി ജയ്പൂരില്‍ എത്തി. അയാള്‍ക്ക് അജ്മീരില്‍ ഒരാളെ കാണാന്‍ പോകേണ്ടി വന്നു. ഈ വിവരം ഭാര്യയെ അറിയിക്കാന്‍ സഹായിയെ ചുമതലപ്പെടുത്തി. അയാള്‍ ടെലഗ്രാം അടിച്ചു ڇസേട്ട്ജി  അജ്മീര്‍ ഗയڈ. (സേട്ട്ജി ആജ്മീരിനു പോയി) ഭാര്യയ്ക്ക് ടെലിഗ്രാം കിട്ടിയത് ഇങ്ങനെ, ڇസേട്ട് ജി ആജ് മര്‍ ഗയڈ (സേട്ട് ജി ഇന്ന് മരിച്ചു)

പ്രധാനമന്ത്രി ഇന്ദിര ഗാന്ധി കോണ്‍ഗ്രസ്സ് നേതാവ് ഡോ. ബി.ഡി. ജെട്ടിയുമായി കേരളത്തില്‍ വരുന്നതിന് പരിപാടി ഇട്ടു. കെ. കരുണാകരനാണ് അന്ന് മുഖ്യമന്ത്രി. എന്തോ കാരണത്താല്‍ ഡോ ബി. ഡി. ജെട്ടി യാത്ര വേണ്ടെന്ന് വെച്ചു. ദില്ലിയല്‍ നിന്ന് മുഖ്യമന്ത്രിക്ക് കമ്പി സന്ദേശം എത്തി.
"ഇന്ദിര കമിങ്ങ് വിത്തൗട്ട് ജെട്ടി"
വിവരം അറിഞ്ഞ ഒരു ത്യശ്ശൂര്‍ പത്രം കൊടുത്ത വാര്‍ത്താ തലക്കെട്ട് ഏതാണ്ട് ഇങ്ങനെയായിരുന്നു.
"ജെട്ടിയില്ലാതെ ഇന്ദിര എത്തും : മുഖ്യമന്ത്രിക്ക് കമ്പി"

എസ്. സുബ്രമണി പ്രശസ്ത സംഗീതജ്ഞ കമലാ കൈലാസനാഥന്‍റെ പിതാവാണ്. ആള് നല്ല രസികനായിരുന്നു എന്നാണ് കേള്‍ക്കുന്നത്. മകള്‍ പ്രസവിച്ച വിവരം മരുമകനും പോലീസ് കമാന്‍റന്‍റുമായ കൈലാസനാഥന് കമ്പി സന്ദേശം അയച്ചു. "കമല ഡെലിവേഡ്. ബോയ് ഈസ് എ ഗേള്‍. " മകള്‍ കമല പ്രസവിച്ചു. കുട്ടി പെണ്‍ ആണ് എന്നാണ് പാവം അപ്പൂപ്പന്‍ ഉദ്ദേശിച്ചത്.