കൊറോണ തകർത്ത ടൂറിസം മേഖല: ബാബു
പണിക്കർ
സുധീര്‍നാഥ്
കൊറോണ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ടൂറിസം മേഖലയെയാണ്. വടക്കേ ഇന്ത്യയിലെ എന്നല്ല രാജ്യത്തെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇപ്പോൾ വിനോദസഞ്ചാരത്തിന് ആളുകൾ എത്തുന്നില്ല. അതുപോലെ തന്നെയാണ് മറ്റു യാത്രകളും. പഠന യാത്രകളും, തീർത്ഥാടന യാത്രകളും നടത്താൻ ജനങ്ങൾ തയ്യാറാകുന്നില്ല. ബദരീനാഥ്, കേദാർനാഥ്, ഋഷികേശ്, ഹരിദ്വാർ തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോൾ ഭക്തജനത്തിരക്ക് ഇല്ല. ജീവനിൽ പേടിയുള്ള ജനങ്ങൾ ഭക്തി കേന്ദ്രങ്ങളിൽ നിന്ന് അകന്നു നിൽക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ടാജ് മഹലും, ലാൽ കിലയും അടക്കം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്മാരകങ്ങൾ കാലിയാണ്.
അങ്ങിനെ രാജ്യത്തെ ഇത്തരത്തിലുള്ള എല്ലാ യാത്രകളും ഇപ്പോൾ നടക്കുന്നില്ല. വടക്കേ ഇന്ത്യയിലെ ടൂറിസം നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് മലയാളികൾ നടത്തുന്ന പണിക്കേഴ്സ് ട്രാവൽസ് ആണ്. വിജയകരമായി അൻപത് വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കിയ ശേഷം ഇപ്പോൾ കൊറോണയെ തുടർന്ന് പൂർണ്ണമായും സ്തംഭനാവസ്ഥയിൽ ആണ് പണിക്കേഴ്സ് ട്രാവൽസ് അടക്കമുള്ള ടൂർ ഓപ്പറേറ്റേഴ്സ്.
പണിക്കേഴ്സ് ട്രാവൽസ് ഇന്ന് നിയന്ത്രിക്കുന്നത് ബാബു പണിക്കരാണ്. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വൈസ് ചെയർമാനാണ് ബാബു പണിക്കർ . രാജ്യത്തെ ടൂറിസ്റ്റ് ബസ് ഉടമകളുടെ കാര്യങ്ങൾ അസോസിയഷനു വേണ്ടി നോക്കുന്നത് അദ്ദേഹത്തിൻറെ നേതൃത്വത്തിലാണ്. അദ്ദേഹം ടൂറിസം രംഗത്തെ ഇന്നത്തെ പ്രതിസന്ധികളെക്കുറിച്ച് മെട്രോ വാർത്തയോട് തുറന്നു സംസാരിക്കുന്നു. "2020 എന്ന വർഷം ടൂറിസം കലണ്ടറിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. കൊറോണ കടന്ന് വന്നത് രാജ്യത്തെ ടൂറിസം സീസൺ ആരംഭിക്കുന്നതോടെയാണ്. ഏപ്രിൽ മുതൽ ആഗസ്റ്റ് മാസം വരെ സാധാരണ നല്ല തിരക്കാണ് അനുഭവപ്പെടാറ്. അതാണ് ഇത്തവണ നഷ്ടപ്പെട്ടിരിക്കുന്നത്. "
"12 മാസത്തിൽ ഏപ്രിൽ മെയ് ജൂൺ മാസങ്ങളിലാണ് ടൂറിസം രംഗത്ത് അൻപത് ശതമാനത്തോളം ബിസിനസ് നടക്കുന്നത്. ഈ ബിസിനസ് ആണ് കോവിഡ് മൂലം ഇല്ലാതായിരിക്കുന്നത്. ആഭ്യന്തര ടൂറിസം ദുബായ് തുടങ്ങിക്കഴിഞ്ഞു , പക്ഷേ ഇന്ത്യയിൽ ഈ വർഷം എന്തായാലും ഒരു ഉണർവ്വ് പ്രതീക്ഷിക്കുന്നില്ല. അടുത്തവർഷം എന്തു സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല. കൊറോണ വൈറസിന്റെ വ്യാപനം വർദ്ധിക്കുന്ന കാഴ്ച്ചയാണ് നമ്മൾ കാണുന്നത്. " ബാബു പണിക്കർ പറഞ്ഞു.
"ഇന്ത്യയുടെ സാമ്പത്തിക സ്രോതസ്സിന്റെ അവിഭാജ്യഘടകമാണ് ടൂറിസം . നേരിട്ടും അല്ലാതെയും ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന മേഖലയാണ് ടൂറിസം മേഖല. ഇന്ത്യയിൽ 15 ലക്ഷത്തോളം സ്വകാര്യ ബസ്സുകൾ ടൂറിസ്റ്റ് രംഗത്ത് മാത്രം സർവീസ് നടത്തുന്നുണ്ട് എന്നുള്ളത് ഈ മേഖലയുടെ വലിപ്പം വ്യക്തമാക്കുന്നതാണ്. അതിനേക്കാൾ കൂടുതൽ ആണ് കാറുകളും മറ്റ് വാഹനങ്ങളും ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നത്. ഇതുമൂലം ഏതാണ്ട് 40 ലക്ഷത്തിലധികം ഡ്രൈവർമാർക്ക് മാത്രം ജോലി ഇല്ലാതെയായി. ഏതാണ്ട് ഒരു കോടിയോളം തൊഴിൽ നഷ്ടം ടൂറിസം മേഖലയിൽ നേരിട്ട് സംഭവിച്ചിരിക്കുന്നു "
ടൂറിസം മേഖലയുമായി ആയി വളരെ അടുത്ത പ്രവർത്തിക്കുന്ന ഹോട്ടൽ വ്യവസായത്തെയും കൈത്തറി വ്യവസായത്തെയും റസ്റ്റോറൻറ് വ്യവസായത്തെയും അതുകൂടാതെ തന്നെ വഴിവാണിഭക്കാർ അടക്കമുള്ള എത്രയോ ലക്ഷം ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നു.
"കേന്ദ്രസർക്കാരോ, മറ്റു സംസ്ഥാന
സർക്കാരുകളോ ഈ മേഖലയിലേക്ക് ഒരു നഷ്ടപരിഹാരവും നൽകിയിട്ടില്ല എന്നത് ഏറെ
ദുഃഖകരമാണ്. രാജ്യത്തെ കഴിഞ്ഞ കാലങ്ങളിൽ സാമ്പത്തിക രംഗത്ത് ഗണ്യമായ സംഭാവത
നൽകിയ മേഖലയാണ് ടൂറിസം. ടൂറിസം അടുത്തവർഷം ചെറിയ രീതിയിലുള്ള ഉണർവ്വ്
ഉണ്ടാകുമെന്നുള്ള പ്രതീക്ഷകൾ മാത്രമാണ് വച്ചുപുലർത്തുന്നത്. ലാഭകരമായ ഒരു
നിലയിലേക്ക് പോകുവാൻ രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥയെ സഹായിക്കുന്നതിന്
ടൂറിസം വളരണമെങ്കിൽ ഇനിയും ഏറെ വർഷം കാത്തിരിക്കണം എന്നത് ഭയപ്പാടോടെയാണ്
കാണുന്നത് "
ബാബു
പണിക്കർ പറഞ്ഞു.
