2020 June 12
ഡൽഹി ഭയക്കുന്ന മറ്റൊരു ദുരന്തം.
സുധീർനാഥ്
നോവൽ
കോവിഡ് 19 വൈറസ് വിദേശത്ത് നിന്ന് 2020 ജനുവരി 30 ന് രാജ്യത്ത് എത്തി
എന്നാണ് റിപ്പോർട്ട്. ആദ്യ റിപ്പോർട്ട് കേരളത്തിലാണ് ഉണ്ടായത്. മാർച്ച്
2നാണ് ഡൽഹിയിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്. ഇറ്റലിയിൽ നിന്ന്
വന്ന 45 വയസുകാരനായിരുന്നു ആദ്യ രോഗി. മാർച്ച് 5 ന് രണ്ടാമത്തെ രോഗി
ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു. ജൂൺ രണ്ടാം വാരം അവസാനിക്കാറായപ്പോൾ 33,000
രോഗികളാണ് ഡൽഹിയിൽ ഉണ്ടായിരിക്കുന്നത്. ദിവസവും 1500 പുതിയ രോഗികൾ
ഉണ്ടാകുന്നു എന്നത് ഞെട്ടലുണ്ടാക്കുന്ന ഒന്നാണ്. ഡൽഹിയിൽ സാമൂഹ്യ വ്യാപനം
ഉണ്ടായിരിക്കുന്നു എന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിൻ പരസ്യമായി
പറഞ്ഞു. പക്ഷെ, കേന്ദ്ര സർക്കാർ ഇത് അംഗീകരിക്കുന്നില്ല. ജൂലൈ അവസാനത്തോടെ
ഡൽഹിയിൽ അഞ്ചര ലക്ഷം കോവിഡ് രോഗികൾ ഉണ്ടാകും എന്നാണ് കണക്കാക്കുന്നത് എന്ന്
ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
ലോക്
ഡൗൺ കാലത്ത് മാത്രം ഡൽഹിയിൽ ഒരു ഡസൻ ഭൂമി കുലുക്കം ഉണ്ടായി എന്നത്
ഗൗരവത്തോടെ കാണേണ്ടതാണ്. വരാനിരിക്കുന്ന വലിയ ഭൂമി കുലുക്കത്തിൻ്റെ
സൂചനയാണ് ചെറിയ ഭൂമി കുലുക്കങ്ങൾ എന്ന് ധാൻബാദ് ഐ.ഐ.ടി യിലെ വിദഗ്ധരുടെ
മുന്നറിയിപ്പുണ്ട്. 6.5 റിക്റ്റർ സ്കെയിലിൽ രേഖപ്പെടുത്തുന്ന ഭൂമി
കുലുക്കമുണ്ടാകാനുള്ള സാധ്യതയാന്ന് പഠന റിപ്പോർട്ടിലുള്ളത്.
2020
ഏപ്രിൽ 12 ന് ഡൽഹിയിൽ 3.5 റിക്റ്റർ സ്കെയിലിൽ രേഖപ്പെടുത്തിയ ചെറിയ ഭൂമി
കുലുക്കത്തോടെയാണ് പരമ്പരയുടെ തുടക്കം. ഏപ്രിൽ 13 ന് ( 2.7), ഏപ്രിൽ 16ന്
(2), മെയ് 3 ന് (3) എന്നീ ദിവസങ്ങളിൽ ചെറിയ ഭൂചലനങ്ങൾ ഡൽഹി പ്രഭവ
കേന്ദ്രമായി ഉണ്ടായി. മെയ് 6 ന് ഡൽഹിയോട് ചേർന്ന ഫരിദാബാദിൽ 2.3 , മെയ്
10ന് ഡൽഹിയിൽ 3.4, മെയ് 15 ന് 2.2, മെയ് 28ന് ഫരീദാബാദിൽ 2.5, എന്നീ അളവിൽ
ഭൂമി കുലുങ്ങി. മെയ് 29 ന് രണ്ട് തവണ റോത്തക്കിൽ 4.5, 2.9 അളവുകളിൽ
റിക്റ്റർ സ്കെയിലിൽ ഭൂമി കുലുക്കം രേഖപ്പെടുത്തി. ജൂൺ 1 ന് വീണ്ടും രണ്ട്
തവണയാണ് റോത്തക്കിൽ ഭൂമി കുലുങ്ങിയത്. ജൂൺ 3ന് ഫരീദബാദിലും, ജൂൺ 8ന്
ഡൽഹിയിലും വീണ്ടും ചെറിയ ഭൂമി കുലുക്കം അനുഭവപ്പെട്ടതോടെ ഭീതിയിലാണ്
ജനങ്ങൾ.
ഡൽഹിക്ക് ചുറ്റും
വലിയ കെട്ടിടങ്ങൾ പടുത്തുകയർത്തിയതിൻ്റെ പ്രത്യാഘാതമാണ് ഭൂമി കുലുക്കം
എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എൺപതും, നൂറും നിലകളുള്ള കെട്ടിടങ്ങൾ
ഉയർന്ന് പൊക്കുമ്പോൾ, അതിൻ്റെ ഇരുപതും, മുപ്പതും നിലകൾ ഭൂമിക്ക് അടിയിലാണ്.
ശക്തമായ പൈലിങ്ങിൻ്റെ ഭാഗമായി ഭൂമിയുടെ താളം പലപ്പോഴും തെറ്റും. ഇത്
ഏറ്റവും കൂടുതൽ ബാധിക്കുക ഡൽഹിയിലെ സാധാരണ കോളനികളെയാണ്.
കൊറോണ
വ്യാപന ഭീതിയിൽ കഴിയുന്ന ഡൽഹിക്ക് താങ്ങുവാൻ കഴിയുന്നതല്ല ഒരു ഭൂമി
കുലുക്കത്തിൻ്റെ ദുരന്തം. സാമൂഹ്യ അകലം പാലിച്ച് രക്ഷാ പ്രവർത്തനം നടത്തുക
എന്നത് വലിയ ദുഷ്ക്കരമായിരിക്കും. ശാസ്ത്രലോകം പഠനം നടത്തി
പറഞ്ഞിരിക്കുന്നത് ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.
1720
ൽ വലിയ ഭൂമികുലുക്കം ഡൽഹിയിലുണ്ടാകുകയും, വലിയ നാശ നഷ്ടങ്ങൾ സംഭവിക്കുകയും
ഉണ്ടായതായി ചരിത്ര താളുകളിലുണ്ട്. അന്ന് 6.5 രേഖപ്പെടുത്തിയിരുന്നു.
ഡൽഹിയിൽ നിന്ന് ഏറെ ദൂരെ അല്ലാത്ത ബുലന്ദ് ഷാഹറിൽ 1956 ൽ 6.7 റിക്റ്റർ
സ്കെയിലിൽ രേഖപ്പെടുത്തിയ ഭൂചലനമാണ് മറ്റൊരു വലുത്.
അസാധാരണമായ
ചെറിയ ഭൂമി കുലുക്കങ്ങൾ തുടർച്ചയായി ഡൽഹിയിലും ചുറ്റിലും ഉണ്ടാകുന്നത്
പതിവില്ല. ഇതാണ് പല ഭൗമ ശാസ്ത്രജ്ഞരേയും ഗൗരവമായി
ചിന്തിപ്പിച്ചിരിക്കുന്നത്. ശാസ്ത്രലോകം ഇത്രയേറെ പുരോഗമിച്ചിട്ടും ഭൂമി
കുലുക്കം തടുത്ത് നിർത്താൻ നമ്മൾക്ക് സാധിച്ചിട്ടില്ല. പ്രവചിക്കാനോ
നമുക്ക് കഴിഞ്ഞിട്ടില്ല.
ഡൽഹിയിൽ നൂറ് കണക്കിന്
അനധികൃത കോളനികളുണ്ട്. ഒരു നിർമ്മാണ മാനദണ്ഡങ്ങളും പാലിക്കാതെ ഒറ്റക്കല്ലിൽ
തീർത്ത മൂന്നും നാലും നിലകൾ ഒരു ഭീഷണി തന്നെയാണ്. ഒരു മതിലിനോട് ചേർന്ന്
അടുത്ത വീട് പണിതിട്ടുണ്ടാകും. ഇങ്ങനെ ഒരു കെട്ടിടത്തിൻ്റെ ബലത്തിൽ
അടുത്തടുത്ത കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നു. പഴയ ഡൽഹിയിലെ പല
കെട്ടിടങ്ങളും പഴക്കം ചെന്ന താണെന്നതും, അതിനു മുകളിൽ പലയിടത്തും
അനധികതമായി പുതിയ കെട്ടിടം പണിതിട്ടുണ്ടെന്നതും അപകടത്തിൻ്റെ വ്യാപ്തി
കൂട്ടും.
മറ്റൊരു
പ്രത്യേകത, അടുത്തടുത്ത് പണിത വീടുകളിലേയ്ക്ക് എത്തിപ്പെടുന്ന വഴികളാണ്.
ഒരു ഓട്ടോ റിക്ഷ പോലും കടന്നു പോകാൻ വീതിയില്ലാത്ത വഴികളാണ് മിക്ക
കോളനികളില്ല. സദർ ബസാറിലേയും, ചാന്ദിനി ചൗക്കിലേയും ഇടവഴികളിലൂടെ ഒരാൾക്ക്
മാത്രമേ കൈവീശി നടക്കുവാൻ സാധിക്കൂ. എതിരെ ഒരാൾ വന്നാൽ അരിക് ചേർന്ന് വഴി
ഒരുക്കണം. ഒരു അപകടം ഉണ്ടായാൽ അവിടെ രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ
പ്രയാസവുമായിരിക്കും.
ഡൽഹിയിലെ
സാധാരണ ജനങ്ങൾ താമസിക്കുന്ന പ്രദേശത്തെ ഒരു ചെറു വിവരണമാണ് നൽകിയത്.
ഡൽഹിയിൽ ഒരു ശക്തമായ ഭൂമി കുലുക്കം ഉണ്ടായാൽ അതിനെ അതിജീവിക്കാൻ ഒരിക്കലും
നൂറ് കണക്കിനുള്ള ചെറു കോളനികൾക്ക് സാധിക്കില്ല. ലോകം കണ്ട ഏറ്റവും വലിയ
ദുരന്തമായി മാറുവാനുള്ള സാധ്യതയും തള്ളികളയുവാൻ സാധിക്കില്ല.
