ചുക്കുകാപ്പിക്ക് നല്ല ഡിമാന്റെന്ന് ചന്ദ്രേട്ടൻ

ചുക്കുകാപ്പിക്ക് നല്ല ഡിമാന്റെന്ന് ചന്ദ്രേട്ടൻ
സുധീർ നാഥ്

2020 മാർച്ച് 24 തീയതി രാജ്യം ലോക് ഡൗൺ ചെയ്തപ്പോൾ കച്ചവടം തകർന്നുപോകും എന്നാണ് ഡൽഹിയിൽ കേരള ഉത്പന്നങ്ങളുടെ മൊത്ത കച്ചവടം നടത്തുന്ന ചന്ദ്രേട്ടൻ കരുതിയത്. പക്ഷേ ഇപ്പോൾ അദ്ദേഹം പറയുന്നു, കൊറോണ കാലത്ത് കച്ചവടത്തിന് കുറവൊന്നും വന്നിട്ടില്ല എന്നും. ഡൽഹിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകനും , ഡൽഹി മലയാളി അസോസ്സിയേഷൻ ജനറൽ സെക്രട്ടറി കൂടിയാണ് കണ്ണൂർ, ചൊക്ലി സ്വദേശിയായ ചെറിയത്ത് ചന്ദ്രൻ. ജനങ്ങളുടെ താൽപര്യങ്ങളിൽ വലിയ മാറ്റം വന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അവശ്യ സാധനങ്ങൾ മാത്രം വാങ്ങുന്ന ഒരു രീതി മലയാളികൾക്ക് മാത്രമല്ല രാജ്യത്ത് വ്യാപകമായി ഉണ്ടായെന്ന് അദ്ദേഹം മനസ്സിലാക്കി. കേരളത്തിൽ നിന്നെത്തുന്ന ചുക്ക് കാപ്പി പൊടിയാണ് ഈ കാലയളവിൽ ഏറ്റവും മികച്ച വിൽപ്പന നടന്നത്. വളരെ കുറച്ചു മാത്രം വിറ്റിരുന്ന ചുക്കുകാപ്പി പൊടിയുടെ പായ്ക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുപോയി. വൻ ഡിമാൻഡ് ആയതോടെ സാധനം ആവശ്യത്തിന് കിട്ടാതായി.  ഇന്ന് എത്ര പാക്കറ്റ് വന്നാലും തീർന്നുപോകുന്ന ഉത്പന്നമായി ചുക്ക് കാപ്പി പൊടി മാറിയിട്ടുണ്ട്.

കോവിഡ് കാലത്ത് തമിഴ്നാട്ടിൽ നിന്നാണ് ഏത്തപ്പഴം അടക്കം പല പച്ചക്കറികളും  ഡൽഹിയിൽ എത്തിയിരുന്നത്. മുൻകാലങ്ങളിൽ തീവണ്ടിമാർഗം ആയിരുന്നു എത്തിയിരുന്നത്. കൊറോണ കാലത്ത് റോഡ് മാർഗം ട്രക്കുകളിൽ, അതിനെക്കാൾ കൂടുതൽ ദിവസം എടുത്ത് ഡൽഹിയിൽ എത്തിയിരുന്നത്. കൂടുതൽ ദിവസം പഴം പച്ചക്കറി ഉത്പന്നങ്ങൾ കേടുകൂടാതിരിക്കാൻ മാരകമായ വിഷം തെളിച്ചിരുന്നതായി ചന്ദ്രൻ തിരിച്ചറിഞ്ഞു. ഏത്തപ്പഴം കയ്യിൽ കുറച്ച് നേരം പിടിച്ചതിനെ തുടർന്ന് സ്വന്തം ക്കൈകളിലെ തൊലി അടർന്ന് പോകുന്ന ഒരു അവസ്ഥ ഉണ്ടായത് ഞെട്ടലോടെയാണ് ചന്ദ്രൻ കണ്ടത്. അദ്ദേഹത്തിന്റെ മുന്നോടുള്ള ബിസിനസിനെ ദോഷകരമായി ഇത് ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ്  ആദ്യ ലോഡ്  പഴം, പച്ചക്കറി വിൽപ്പന വേണ്ടെന്ന് വെച്ച് അത് നശിപ്പിക്കുകയും ചെയ്തു. ഇത് വലിയ നഷ്ടം വരുത്തി. ജനങ്ങൾ കൊറോണ കാലത്ത് ഞങ്ങളെ പഴിക്കില്ലെന്ന ആശ്വാസം മാത്രമായിരുന്നു ഉണ്ടായത്. തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചതിന് ശേഷം കേരളത്തിൽ നിന്ന് കൊണ്ടു വന്ന, മലയാളികൾക്ക് പ്രിയപ്പെട്ട പച്ചക്കറി ഉത്പന്നങ്ങൾ വീണ്ടും വിൽപന നടത്താൻ തുടങ്ങി.

ലോക് ഡൗണ് കാലത്ത് ഏറ്റവും കൂടുതൽ വിൽപന നടന്നത് കുത്തരി, വെളിച്ചെണ്ണ, അച്ചാർ, പുട്ടുപൊടി, റവ തുടങ്ങിയ ഉൽപന്നങ്ങളാണ്. എന്നാൽ ഈ ലോക് ഡൗൺ കാലത്ത് വിപണിയിൽ ഒട്ടും ചലനമുണ്ടാക്കാൻ സാധിക്കാത്തത് സൗന്ദര്യ വർദ്ധിത ഉൽപന്നങ്ങളുടെ വിൽപനയും, അത്യാവശ്യമല്ലാത്ത ഭക്ഷ്യവിഭവങ്ങളുമാണ്. വിലകൂടിയ എണ്ണകളും, ക്രീമുകളും മറ്റ് സൗന്ദര്യ ഉൽപ്പന്നങ്ങളും ഇതിൽ പെടും. കായ വറുത്തത് , മിക്സ്ച്ചറുകൾ, സ്ക്വാഷ്,  മസാലകൾ, റെഡി റ്റു കുക്ക് ഉത്പന്നങ്ങൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കളും കാര്യമായി വിൽപ്പന നടന്നില്ല. ഇപ്പോഴും സ്ഥിതി അതുപോലെ തുടരുകയാണെന്ന് ചന്ദ്രൻ പറയുന്നു.

വിൽപ്പനയുടെ കണക്ക് എടുക്കുകയാണെങ്കിൽ, കച്ചവടത്തിന് കാര്യമായ കോട്ടം തട്ടിയിട്ടില്ല. ആവശ്യ വസ്തുക്കൾ വാങ്ങുന്നത് കൂടുകയും, അനാവശ്യ വസ്തുക്കൾ വാങ്ങുന്നത് ഉപേക്ഷിക്കുന്നതുമായ ഒരു സാഹചര്യം മാത്രമേ ഉണ്ടായിട്ടുള്ളൂ. കഴിഞ്ഞ 3 മാസത്തെ കണക്കെടുത്ത് നോക്കിയാൽ കച്ചവടം ശരാശരി മുൻ കാലങ്ങളിലുണ്ടായ പോലെ തന്നെ എന്ന് പറയാം. ആദ്യത്തെ ലോക് ഡൗൺ സമയത്ത്  വലിയ രീതിയിൽ ഭക്ഷ്യവസ്തുക്കൾ ജനങ്ങൾ വാങ്ങിക്കൂട്ടിയത് കച്ചവടത്തിൽ വലുപ്പം കൂട്ടി എന്നുള്ളത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. ഇപ്പോൾ ആവശ്യത്തിനു മാത്രം വാങ്ങുന്ന രീതിയാണ് ജനങ്ങൾ അവലംബിച്ചിരിക്കുന്നത്.

ലോക് ഡൗൺ കാലത്ത് വന്ന വിഷുവിന്റേയും ഈസ്റ്ററിന്റേയും കച്ചവടം ഉണ്ടോയില്ല എന്നുള്ളത് ഒരു സത്യമാണ്. മുൻവർഷങ്ങളിൽ ഈ കാലങ്ങളിൽ ആഘോഷകാലത്തിന്റെ ഭാഗമായി ഒരു വലിയ വിൽപ്പന തന്നെ  നടക്കുമായിരുന്നു. ജനങ്ങൾ ആഘോഷത്തിൽ നിന്ന് പിൻമാറിയില്ല, പക്ഷേ ആർഭാടങ്ങളിൽ നിന്ന് പിന്മാറി എന്നതാണ് യാഥാർത്ഥ്യം. മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളെക്കാൾ സുരക്ഷാ ബോധമുള്ളവരാണ് മലയാളി സമൂഹം എന്നുള്ളതാണ് ഡൽഹിയിൽ രോഗം വ്യാപിക്കുമ്പോഴും ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ സി ചന്ദ്രൻ ആശ്വാസമായി കാണുന്നത്.