തെർമ്മൽ മീറ്റർ താളം തെറ്റിക്കുന്നു: മാസ്കിന് വ്യാജൻ...

തെർമ്മൽ മീറ്റർ താളം തെറ്റിക്കുന്നു: മാസ്കിന് വ്യാജൻ...
സുധീർ നാഥ്

ഇപ്പോൾ രാജ്യമെങ്ങും തെർമൽ മീറ്റർ  ഒരു താരം തന്നെയാണ്. ഹോസ്പിറ്റലിലും, പോലീസ് സ്റ്റേഷനിലും എന്നു വേണ്ട വിമാന താവളമായാലും, റെയിൽവേ സ്‌റ്റേഷനായാലും, കടകളിലും തെർമൽ മീറ്റർ ഉണ്ട്. കൊറോണയുടെ മുഖ്യ ലക്ഷണം പനിയാണ്. മനുഷ്യൻ്റ താപനില അളക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.

മുൻ കാലങ്ങളിലെ പോലെ മനുഷ്യൻ്റെ ശരീര ഊഷ്മാവ് പരിശോധിക്കുന്ന രീതിയിൽ വളരെ പെട്ടന്നാന്ന് മാറ്റം വന്നത്. കൊറോണ വൈറസ് പരക്കുന്നത് തടയുക എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനാണ്‌ സർക്കാർ പല നടപടികളും എടുത്തത്. തെർമ്മൽ സ്ക്കാനർ വഴി മനുഷ്യ ശരീരത്തിൻ്റെ ഊഷ്മാവ് പരിശോധിക്കാം എന്നത് ഒരു വിഭാഗം വലിയ വരുമാന മാർഗ്ഗമായി കാണുന്നു എന്നത് കഷ്ടമാണ്.

ഡൽഹിയിലെ താപനില പലപ്പോഴും 48 ഡിഗ്രിയിൽ മുകളിലായിരിക്കുകയാണ്‌. ഡൽഹി വിപണിയിൽ ഒരു ഡസനിലേറെ തെർമ്മൽ മീറ്ററുകളാണ് വിപണിയിലുള്ളത്‌. ഇത് ഒരാളുടെ താപനില പല കണക്കുകളിൽ കാണിക്കുന്നു എന്നത് വിചിത്രമാണ്. അതായത് തെർമൽ മീറ്റർ വഴിയുള്ള ശരീര ഊഷ്മാവ് പരിശോധിക്കുന്നതിൽ പാകപ്പിഴ ഉണ്ട്.

വിപണിയിലുള്ള തെർമ്മൽ മീറ്ററുകളിൽ പലതും ചൈനീസ് കളിപ്പാട്ടം പോലാണെന്ന് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടി കാണിക്കുന്നു. നിലവാരമുള്ള തെർമ്മൽ മീറ്ററുകളുടെ വിലയേക്കാൾ വലിയ വിലക്കുറവാണ് ഇത്തരം തെർമൽ മീറ്ററുകൾക്ക് ഈടാക്കുന്നത്. ഇത്തരം തെർമ്മൽ മീറ്റർ 40-45 ഡിഗ്രി അന്തരീക്ഷ താപനില തരണം ചെയ്യാൻ സാധിക്കാത്ത ഉത്പന്നങ്ങളാണ്.

കോവിഡിന് മുൻപ് പീഡിയാട്രീഷൻസിന് മെഡിക്കൽ റെപ്രസൻ്റേറ്റീവുകൾ സമ്മാനമായി തെർമ്മൽ മീറ്റർ നൽകിയിരുന്നു. വ്യാപകമായിട്ടല്ലെങ്കിലും പല ഡോക്ടർമാരും തെർമ്മൽ മീറ്റർ ഉപയോഗിച്ചിരുന്നു. ഒരു മീറ്റർ വരെ ദൂരെ നിന്ന് മനുഷ്യ ഊഷ്മാവ് അളക്കുന്ന മെഷ്യനുകൾക്ക് ചുരുങ്ങിയത് അയ്യായിരം രൂപ വരുമായിരുന്നു.

ഇന്ന്  വിപണിയിൽ രാജ്യമെങ്ങും എത്തിയിരിക്കുന്നത് വളരെ നിലവാരം കുറഞ്ഞതും, വില കുറഞ്ഞതും, വിശ്വസിനീയമല്ലാത്ത ഉപകരണങ്ങളാണ്. ഡൽഹിയിലെ മിക്ക ആശുപത്രികളിലേയ്ക്കും ആരോഗ്യ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സിഗ്മ മെഡിക്കൽ ഡയാഗ്നിസിസ് ഉടമ അനിൽകുമാർ പന്ത്രണ്ട് തരം തെർമ്മോ മീറ്റർ കാണിച്ചു. വ്യത്യസ്ഥ ഉത്തരങ്ങൾ തരുന്നു എന്നത് തിരിച്ചറിഞ്ഞത് ഞെട്ടലോടാണ്.

തെർമ്മൽ സ്ക്കാനർ ലോകത്തിൻ്റെ എല്ലാ പ്രദേശത്തും വ്യാപകമായതോടെ ഇതിൻ്റെ വ്യാജ പതിപ്പുകൾ ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു എന്ന പരാതിയും വ്യാപകമാണ്. കേരളത്തിൽ തന്നെ നിരവധി വ്യാജ പതിപ്പുകൾ വിപണിയിലുണ്ട്.

തെർമ്മൽ സ്ക്കാനറുകളുടെ വ്യത്യസ്ഥ രൂപങ്ങൾ വിപണി കീഴടക്കി കഴിഞ്ഞു. എല്ലാ വീടുകളുടെ മുന്നിലും സ്ഥാപിച്ച് പനിയുള്ളവരെ വീട്ടിൽ നിന്ന് അകറ്റാം എന്ന പരസ്യംമായി പുതിയ അവതാരമുണ്ട്. തെർമ്മൽ സ്ക്കാനിൻ്റെ ഡ്രോൺ പതിപ്പും ലഭ്യം. വരും ദിവസങ്ങളിൽ എത്ര തരം വരുമെന്ന് കണ്ടു തന്നെ അറിയണം.

ഒരു പൊതു സ്ഥലത്ത് കടന്ന് ചെന്നാലും, റെസിഡൻഷ്യൽ കോംപ്ലക്സിൽ ചെന്നാലും നമുക്ക് നേരെ നീട്ടുന്ന തെർമ്മൽ മീറ്റർ ഒരു ചടങ്ങു മാത്രമാകുന്നു എന്നത് തിരിച്ചറിയണ്. കരുതലാണ് വേണ്ടത് എന്ന് പറയുന്ന നമ്മൾ യാഥാർത്ഥ കരുതൽ കാണിക്കേണ്ടത് തെർമ്മൽ സ്ക്കാനർ രംഗത്ത് തന്നെയാണ്‌.

തെർമൽ സ്ക്കാനർ പോലെ മാസ്കുകൾക്ക് വൻ വിൽപ്പനയാണ്. മാസ്കണിയാതെ ജനങ്ങൾ പുറത്തിറങ്ങുന്നില്ല. വിപണിയിൽ വ്യാജ പതിപ്പുകളുടെ പ്രളയമാണ് ഉള്ളത്. തിരുപ്പൂരിൽ റെഡിമേഡ് വസ്ത്ര നിർമ്മാണ യൂണിറ്റിൽ നിന്ന് വ്യത്യസ്ഥ നിറങ്ങളിൽ മാസ്കുകൾ നിർമ്മിക്കപ്പെടുന്നു. എന്തിനാണ് മാസ്ക് ധരിക്കേണ്ടത് എന്ന് പോലും ആരും ആലോചിക്കുന്നില്ല.

ജനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന സർജിക്കൽ മാസ്കുകൾ കൊണ്ട് നിലവിലെ കോവിഡ് പ്രതിരോധം നടക്കില്ലെന്ന് അനിൽ കുമാർ തറപ്പിച്ച് പറയുന്നു. തൂവാലയോ, ഷോളോ ഉപയോഗിക്കുന്നതാണ് അതിനേക്കാൾ സുരക്ഷിതം. എൻ 95 എന്ന മുദ്രണവുമായി മാർക്കറ്റുകളിൽ വരുന്നതിൽ ഒട്ടേറെ വ്യാജ പതിപ്പുണ്ട്. അഞ്ച് ലെയർ ഉള്ള 3 എം കമ്പനിയുടേതാണ് യഥാർത്ഥ എൻ 95 മാസ്ക്കുകൾ എന്ന് അനിൽ കുമാർ ചൂണ്ടി കാട്ടി.

വെറും തുണി മാസ്ക്ക് രൂപത്തിൽ തയ്ച്ചുണ്ടാക്കി വിപണിയിൽ ധാരാളമായി കാണുന്നുണ്ട്‌. പ്രധാനമന്ത്രി മോദി പരസ്യമായി ഷോളുപയോഗിച്ച് മൂക്കും വായും മറയ്ക്കുന്നത് പിന്തുടരുന്നതാണ് വിപണിയിലെ തട്ടിപ്പിൽ നിന്ന് രക്ഷപെടാൻ നല്ലത്.