കോവിഡ് പിടിയിലെ ഇന്ത്യ

കോവിഡ് പിടിയിലെ ഇന്ത്യ
സുധീര്‍ നാഥ്
2020 മാര്‍ച്ച് 20

ലോകം വ്യക്തികളിലേയ്ക്ക് ചുരുങ്ങുന്ന കാഴ്ച്ചയാണ് നമ്മള്‍ ഇപ്പോള്‍ കോറോണ വൈറസിന്‍റെ കാലത്ത് കാണുന്നത്. കൊറോണ 19 വൈറസിന് ജാതിയോ, മതമോ, രാഷ്ട്രീയമോ, പ്രവാസിയോ, സ്വദേശിയോ, അഭയാര്‍ത്ഥിയോ എന്ന വ്യത്യാസമില്ലാതെ ലോകം മുഴുവന്‍ ഭയാനകമായ സ്ഥിതി വിശേഷം ഉണ്ടാക്കിയിരിക്കുന്നു. കോവിട് 19 വൈറസിനെ പിടിച്ചു കെട്ടാന്‍ മറുമരുന്ന് ലോകത്ത് ഇന്ന് വരെ കണ്ടെത്തിയിട്ടില്ല. അതിനുള്ള പരീക്ഷണം ലോകത്തെ വ്യത്യസ്ഥ വയറോളജി ലാബുകളില്‍ നടക്കുന്നുണ്ട്. കൊറോണ വൈറസ് എത്ര മനുഷ്യ ജീവനുകള്‍ എടുക്കും എന്ന കാര്യത്തില്‍ ആരോഗ്യ മേഖലയിലുള്ളവര്‍ക്ക് വ്യക്തമായ ധാരണയുമില്ല.

ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥ തകര്‍ന്ന് തരിപ്പണമായികൊണ്ടിരിക്കുന്നതിനിടയിലാണ് കൊറോണ വൈറസ് അക്രമണം. ഇപ്പോള്‍ ലോക സമ്പദ് വ്യവസ്ഥ തന്നെ കൊറോണ വൈറസിന്‍റെ വരവോടെ വലിയ പ്രതിസന്ധിയിലേക്ക് പോകുന്ന കാഴ്ച്ചയാണ് കാണുന്നത്. ലോകത്തെ പ്രധാന കമ്പനികള്‍ ഉത്പാദനം വെട്ടിക്കുറക്കുന്നു. അത് തന്നെയാണ് ഇന്ത്യയിലും ആവര്‍ത്തിക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ ലോക രാഷ്ട്രങ്ങള്‍ തലപുകഞ്ഞ് ആലോചിക്കുകയാണ്. ലോകത്തെ മറ്റ് രാജ്യങ്ങള്‍ അവിടുത്തെ ജനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ച് ആശ്വസിപ്പിക്കുന്ന കാഴ്ച്ച നമ്മള്‍ കണ്ടു.

കേരളം ആരോഖ്യ മേഖലയില്‍ രാജ്യത്തിന് മാത്രമല്ല, ലോകത്തിന് തന്നെ മാത്യകയാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമായ അമേരിക്കയില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടയ്ക്ക് 16,000 ജനങ്ങള്‍ മരിച്ച വാര്‍ത്ത ഈ അവസരത്തില്‍ ചേര്‍ത്ത് വായിക്കണം. അമേരിക്കയില്‍ പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളില്ല. സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ മാത്രമേ അവിടെ ഉള്ളൂ. അമേരിക്കന്‍ ഫ്ളൂ എന്ന പേരാണ് അവര്‍ മരണത്തിന് കാരണമായ രോഗത്തിന് നല്‍കിയ പേര്. കൊറോണ വൈറസ് മൂലം മരണപ്പെടുന്ന അതേ ലക്ഷണങ്ങള്‍ തന്നെയാണ് അമേരിക്കന്‍ ഫ്ളൂവിന് ഉണ്ടായത് എന്നാണ് പറയുന്നത്.

ഇതിന്‍റെ വെളിച്ചത്തിലാകണം കൊറോണ വൈറസ് അമേരിക്കയില്‍ നിന്ന് വന്നതാണെന്ന് ചൈനയിലെ ആരോഗ്യ രംഗത്തെ ഉദ്യോഗസ്ഥന്‍ കൊറോണ, വുഹാനിലുണ്ടായതല്ലെന്നും, മറ്റൊരു രാജ്യത്ത്  നിന്ന് ചൈനയില്‍ എത്തിയതാണെന്നും ട്വിറ്ററില്‍ കുറിക്കുന്നത്. തങ്ങള്‍ക്കെതിരെ ഈ ചതിപ്രയോഗം നടത്തിയത് അമേരിക്കയാണെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2019 ഒക്ടോബര്‍ മാസം അമേരിക്കന്‍ സൈന്യം പരിശീലനത്തിനായി ചൈനയില്‍ വന്നിരുന്നതായി വാര്‍ത്തയുണ്ട്. അന്ന് അമേരിക്കന്‍ സൈനികരില്‍ നിന്ന് ചൈനയില്‍ പടര്‍ന്ന് കയറിയതാണ് ഇപ്പോള്‍ ലോകത്തെ വിറപ്പിക്കുന്ന കൊറോണ എന്ന കാര്യത്തില്‍ സംശയം തോന്നിയാല്‍ കുറ്റം പറയാന്‍ സാധിയ്ക്കില്ല.

ഇന്ത്യയില്‍ പ്രധാനമന്ത്രി ഞായറാഴ്ച്ച ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കയാണ്. ജനതാ കര്‍ഫ്യൂ എന്ന വാക്കാണ് കഴിഞ്ഞ ദിവസം ലോകം ഏറ്റവും കൂടുതല്‍ തിരഞ്ഞത്. കേരളം വളരെ മുന്നേ പ്രഖ്യാപിച്ച ബ്രൈക്ക് ദി ചെയിന്‍ തന്നെയാണ് ജനതാ കര്‍ഫ്യൂ. പൊതു സമൂഹത്തില്‍ നിന്ന് അകന്ന് നിന്ന് കൊറോണ പടരുന്നത് തടയുക എന്നത് തന്നെയാണ് ജനതാ കര്‍ഫ്യൂ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് രണ്ട് തരത്തിലാണ് വ്യാഖ്യാനിക്കുന്നത്. ജനങ്ങളെ ബോധവത്ക്കരിക്കാന്‍ വേണ്ടിയായിരിക്കും ഞായറാഴ്ച്ച ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. വരും ദിവസങ്ങളില്‍ കൊറോണയുടെ വ്യാപനം കൂടിയാല്‍ ഒരു ദിവസം എന്നത് ഒരാഴ്ച്ചയുടെ കര്‍ഫ്യൂ ആയി പ്രഖ്യാപിക്കുന്നതിന്‍റെ പരീക്ഷണമാകാം. ഇന്ത്യയില്‍ കൊറോണയുടെ വ്യാപനം വരും ദിവസങ്ങളില്‍ ചിലപ്പോള്‍ കടുത്തതായിരിക്കുമെന്ന് പല വിദഗ്ദരും അഭിപ്രായപ്പെട്ടു കഴിഞ്ഞു.

പ്രധാനമന്ത്രി രാജ്യത്തോട് അഭ്യര്‍ത്ഥിച്ച പ്രകാരം, വ്യക്തികള്‍ തമ്മിലുള്ള സാമൂഹിക അകലം നടപ്പാക്കാനുള്ള നിര്‍ണായക നടപടികള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതിനിടെ, ആളുകള്‍ അടുത്തടുത്തിരിക്കുന്ന പാര്‍ലമെന്‍റ് ഇപ്പോഴും സമ്മേളിച്ചു കൊണ്ടിരിക്കുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് വരുന്നത്. 543 ലോക്സഭാ അംഗങ്ങളും, 245 രാജ്യസഭാ അംഗങ്ങളും ഉണ്ട്. ഇതില്‍ ഓരോ അംഗത്തിന്‍റെ കൂടെ രണ്ട് സഹായികള്‍ വരുന്നു എന്ന് കരുതുക. മന്ത്രിമാര്‍ക്ക് 10 സഹായികള്‍. സുരക്ഷയ്ക്ക് എല്ലാ സേനകളിലും കൂടി 1500 പേര്‍. പാര്‍ലമെന്‍റ് മന്ദിരത്തിലെ ജീവനക്കാര്‍ 1500. മാധ്യമപ്രവര്‍ത്തകര്‍ 500. അങ്ങനെ എത്ര കുറച്ച് കണക്കാക്കിയാലും 5000 ജനങ്ങള്‍ പാര്‍ലമെന്‍റ് സമ്മേളന സമയത്ത് ഒത്തു കൂടുന്നു. 50 പേരുടെ ചടങ്ങുകള്‍ക്ക് വിലക്കുള്ള ഡല്‍ഹിയിലാണ് ഈ ആക്രമണം നടക്കുന്നത്. ഇതിന്‍റെ ഫലമെന്താണെന്നത് കൂടി നോക്കാം. വരും ദിവസങ്ങളില്‍ ഇതിനേക്കാള്‍ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ വന്നുകൂടായ്കയില്ല.

കേന്ദ്ര മന്ത്രി മുരളീധരന്‍ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ഒരു യോഗത്തില്‍ പങ്കെടുത്തിരുന്നു. തൊട്ടു പിന്നാലെ ശ്രീചിത്രയിലെ ഡോക്ടറുടെ കൊറോണ പോസിറ്റീവ് ഫലം വന്നതോടെ മന്ത്രി ഡല്‍ഹിയിലെ  വീട്ടില്‍ ഒതുങ്ങി ഇരിക്കുകയാണ്. കൊറോണ ബാധിതയായ ഗായിക കനിക കപൂര്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്ത വസുന്ധരരാജെ സിന്ധ്യയുടെ മകന്‍ ദുഷ്യന്ത് സിങ് പിന്നീട് പാര്‍ലമെന്‍റ് സമ്മേളനത്തിലും പങ്കെടുത്തെന്നാണ് വിവരം. കനികയ്ക്ക് കൊറോണബാധയുണ്ട് എന്ന വാര്‍ത്ത പുറത്തായതോടെ ദുഷ്യന്ത് പാര്‍ലമെന്‍റില്‍ സെട്രല്‍ ഹോളിലും, മറ്റ് അംഗങ്ങളോടൊപ്പവും ചിലവഴിച്ചത് ആശങ്കയ്ക്ക് ഇടനല്‍കിയിരിക്കയാണ്.  പാര്‍ലമെന്‍റില്‍ ദുഷ്യന്തിന്‍റെ അടുത്തിരുന്നത് സുരേന്ദ്ര നഗര്‍ നിഷികാന്തും മനോജ് തിവാരിയുമായിരുന്നു. കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ സിങ് ഹൂദയുമൊത്താണ് ദുഷ്യന്ത് അന്ന് ഉച്ചഭക്ഷണം കഴിച്ചത്. ദേരേക് ഒബ്രിയാനും, വരുണ്‍ ഗാന്ധിയും ഇദ്ദേഹത്തോട് അടുത്തിടപഴകിയിട്ടുണ്ട്. രാജസ്ഥാനിലേയും, ഉത്തര്‍പ്രദേശിലേയും പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കായി രാഷ്ട്രപതി ഒരുക്കിയ വിരുന്നില്‍ ഈ പറയുന്ന എംപിമാര്‍ പങ്കെടുത്തിരുന്നു എന്നത് ഗൗരവകരമാണ്. കൊറോണ വാഹകരായ ആരെങ്കിലും മറ്റേതെങ്കിലും പാര്‍ലമെന്‍റ് അംഗത്തെ കണ്ടിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയുമില്ല.

ഡോക്ടര്‍ ശശി തരൂര്‍ കുടുംബത്തിന്‍റെ സുരക്ഷയോ, സ്വന്തം സുരക്ഷയോ വകവെയ്ക്കാതെ പാര്‍ലമെന്‍റിലെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതായി അദ്ദേഹത്തിന്‍റെ മകന്‍ ഇഷാന്‍ തരൂര്‍ ട്വിറ്ററില്‍ പരിഭവം രേഖപ്പെടുത്തിയത് കൗതുകമായി. തരൂരിന്‍റെ മകന്‍റെ അഭിപ്രായത്തില്‍ വീട്ടിലെ മുത്തശ്ശി പോലും കൊറോണയുടെ അപകട ഭീതിയിലാണ്. പിതാവ് തരൂര്‍ ജനപ്രതിനിധി എന്ന പേരില്‍ പാര്‍ലമെന്‍റില്‍ പോകുന്നത് തടയണമെന്നും മകന്‍ അഭ്യര്‍ത്ഥിക്കുന്നു. തരൂരിന്‍റെ മകന്‍റെ ട്വിറ്റിലൂടെ വിഷയം വ്യാപക ചര്‍ച്ചയായിരിക്കുകയാണ്.

കേന്ദ്ര ആരോഗ്യ സഹമന്ത്രി പറയുന്നത് രാവിലെ 11 മണിമുതലുള്ള വെയില്‍ കൊണ്ടാല്‍ കൊറോണ വൈറസ് പമ്പ കടക്കും എന്നാണ്. ചില നേതാക്കള്‍ കൊറോണ വൈയറസിനെ ഓടിക്കാന്‍ ഗോ ഗോ കൊറോണ, കൊറോണ ഗോ ഗോ... എന്ന് മുദ്രാവാക്യം വിളിച്ച് നടക്കുന്നുണ്ട്. ഹിന്ദു മഹാ സഭ പറയുന്നത് ഗോമൂത്രം കൊറോണയെ അകറ്റാന്‍ കഴിവുള്ള ഒന്നാണ് എന്നാണ്. ഡല്‍ഹിയില്‍ ഹിന്ദു മഹാസഭാ നേതാവ് ചക്രപാണി മഹാരാജ് ഗോമൂത്ര പാര്‍ട്ടി തന്നെ നടത്തി. ഗോമൂത്ര പാര്‍ട്ടിയില്‍ കേരളത്തില്‍ നിന്നുള്ള ഒരു സ്വാമിയും എത്തിയിരുന്നു എന്നതാണ് കഷ്ടം. കേരളത്തിന് പ്രളയ സമയത്ത് സഹായം ചെയ്യരുതെന്ന് പറഞ്ഞ വ്യക്തിയാണ് ചക്രപാണി. കേരളീയര്‍ ബീഫ് കഴിക്കുന്നത് കൊണ്ടാണ് പ്രളയം ഉണ്ടായത് എന്നാണ് ചക്രപാണി പറയുന്നത്. മറ്റൊരു കൂട്ടര്‍ കൊറോണയെ മന്ത്രം ചൊല്ലി മുളയില്‍ ആവാഹിച്ച് അഗ്നിക്കിരയാക്കി അതിന്‍റെ ചാരം നദിയില്‍ നിഭജനം ചെയ്തു. മറ്റു ചിലര്‍ കൊറോണയെ തുരത്താന്‍ ഹോമങ്ങള്‍ നടത്തി.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തികളെ തറുങ്കിലടയ്ക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ ഔദ്യോഗികമായി ഇറക്കുന്ന നിര്‍ദ്ദേശങ്ങളെ മതവും, ജാതിയും, രാഷ്ട്രീയവും, വിദേശിയും, പ്രവാസിയും, അഭയാര്‍ത്ഥിയും, സ്വദേശിയും എന്ന വ്യത്യാസമില്ലാതെ അനുസരിക്കണം. കൊറോണയെ നമുക്ക് ഒറ്റ കെട്ടായി തടുക്കാം.